തിരയുക

പാപ്പാ:ഭിന്നമതപാരമ്പര്യങ്ങൾ തമ്മിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനായി പ്രാർത്ഥിക്കുക!

പാപ്പായുടെ ഒക്ടോബർ മാസത്തെ പ്രാർത്ഥനാനിയോഗം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വ്യത്യസ്ത മതപാരമ്പര്യങ്ങളിൽ വിശ്വസിക്കുന്നവർക്ക്, സമാധാനം, നീതി, മാനവ സാഹോദര്യം എന്നിവ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി ഒരുമയോടെ പ്രവർത്തിക്കാൻ സാധിക്കുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ സഭാതനയരെ ക്ഷണിക്കുന്നു.

ഒക്ടോബർ മാസത്തെ പ്രാർത്ഥനാനിയോഗത്തിലാണ് ലിയൊ പതിനാലാമൻ പാപ്പായുടെ ഈ ക്ഷണം ഉള്ളത്. പാപ്പായുടെ പ്രാർത്ഥനാനിയോഗ വീഡിയൊ സെപറ്റംബർ 30-ന് ചൊവ്വാഴ്ച വൈകുന്നേരം പ്രകാശിതമായി.

ഈ വിഡിയോയിൽ പാപ്പാ ഇപ്രകാരം പ്രാർത്ഥിക്കുന്നു:

കർത്താവായ യേശുവേ,

വൈവിധ്യത്തിൽ ഒന്നായിരിക്കുകയും ഓരോ വ്യക്തിയെയും സ്നേഹത്തോടെ നോക്കുകയും ചെയ്യുന്ന നീ, ഒരുമിച്ച് ജീവിക്കാനും പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും സ്വപ്നം കാണാനും വിളിക്കപ്പെട്ടിരിക്കുന്ന ഞങ്ങളെ സഹോദരീസഹോദരന്മാരായി പരസ്പരം അംഗീകരിക്കാൻ സഹായിക്കേണമേ.

സൗന്ദര്യഭരിതവും എന്നാൽ ആഴമേറിയ ഭിന്നതകളാൽ വ്രണിതവുമായ ഒരു ലോകത്തിലാണ് ഞങ്ങൾ ജീവിക്കുന്നത്. ചിലപ്പോഴൊക്കെ മതങ്ങൾ, ഞങ്ങളെ ഒന്നിപ്പിക്കുന്നതിനുപകരം, സംഘർഷത്തിനു കാരണമായിത്തീരുന്നു.

ഞങ്ങളെ ഐക്യപ്പെടുത്തുന്നത് എന്താണെന്ന് തിരിച്ചറിയുകയും നാശം വിതയ്ക്കാതെ അതിൽനിന്ന് ശ്രവിക്കാനും സഹകരിക്കാനും  വീണ്ടും പഠിക്കുകയും ചെയ്യാൻ ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുന്നതിന് നിൻറെ ആത്മാവിനെ ഞങ്ങൾക്ക് പ്രദാനം ചെയ്യണമേ.

ഞങ്ങളുടെ വൈവിധ്യങ്ങൾക്കതീതമായി ഒരുമിച്ച് ജീവിക്കാനും പ്രവർത്തിക്കാനും കഴിയുമെന്ന് വിശ്വസിക്കാൻ മതങ്ങളിൽ പ്രകടമായ സമാധാനം, നീതി, സാഹോദര്യം എന്നിവയുടെ മൂർത്തമായ ഉദാഹരണങ്ങൾ  ഞങ്ങൾക്ക് പ്രചോദനമേകട്ടെ.

മതങ്ങൾ, ആയുധങ്ങളോ മതിലുകളോ ആയി ഉപയോഗിക്കപ്പെടരുത്, പ്രത്യുത, പാലങ്ങളായും പ്രവചനങ്ങളായും അവ ജ്വലിക്കട്ടെ: പൊതുനന്മയെന്ന സ്വപ്നത്തിൻറെ സാക്ഷാത്കാരം സാധ്യമാക്കിത്തീർക്കട്ടെ, ജീവിതത്തെ തുണയ്ക്കുകയും പ്രത്യാശയെ താങ്ങിനിറുത്തുകയും ഛിന്നഭിന്നമായ ഒരു ലോകത്ത് ഐക്യത്തിൻറെ പുളിമാവായിത്തീരുകയും ചെയ്യട്ടെ. ആമേൻ.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 സെപ്റ്റംബർ 2025, 16:00