തിരയുക

ലിയൊ പതിനാലാമൻ പാപ്പാ അഗസ്റ്റീനിയൻ സഭാംഗവുമൊത്ത് ലിയൊ പതിനാലാമൻ പാപ്പാ അഗസ്റ്റീനിയൻ സഭാംഗവുമൊത്ത്  (ANSA)

പാപ്പാ: ആന്തരികതയെന്നാൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോട്ടമല്ല!

ലിയൊ പതിനാലാമാൻ പാപ്പാ, അഗസ്തീനിയൻ സന്ന്യാസസമൂഹത്തിൻറെ പൊതുസംഘത്തിൽ അഥവാ, ജനറൽ ചാപ്റ്ററിൽ, സംബന്ധിക്കുന്നവരെ വത്തിക്കാൻ നഗരത്തിൻറെ അതിർത്തിക്കടുത്തു സ്ഥിതിചെയ്യുന്ന അഗസ്റ്റീനിയൻ സഭയുടെ ഭവനത്തിൽ വച്ച് സെപ്റ്റംബർ 15-ന് തിങ്കളാഴ്ച സംബോധന ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആന്തരികത എന്നത് നമ്മുടെ വ്യക്തിപരവും സമൂഹപരവുമായ ഉത്തരവാദിത്വങ്ങളിൽ നിന്നും സഭയിലും ലോകത്തിലും കർത്താവ് നമ്മെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യത്തിൽ നിന്നും അടിയന്തിര പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടലല്ല എന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

താൻ അംഗമായുള്ള അഗസ്തീനിയൻ സന്ന്യാസസമൂഹത്തിൻറെ പൊതുസംഘത്തിൽ അഥവാ, ജനറൽ ചാപ്റ്ററിൽ, സംബന്ധിക്കുന്നവരെ വത്തിക്കാൻ നഗരത്തിൻറെ അതിർത്തിക്കടുത്തു സ്ഥിതിചെയ്യുന്ന അഗസ്റ്റീനിയൻ സഭയുടെ ഭവനത്തിൽ വച്ച് സെപ്റ്റംബർ 15-ന് തിങ്കളാഴ്ച സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമാൻ പാപ്പാ.

ഒത്തൊരുമിച്ചു പ്രാർത്ഥിക്കാനും ലഭിച്ച ദാനങ്ങളെയും ആനുകാലികപ്രശ്നങ്ങളെയും കുറിച്ചു ധ്യാനിക്കാനുമുള്ള അമൂല്യാവസരമാണ് പൊതുസംഘം എന്ന് പറഞ്ഞ പാപ്പാ വിശുദ്ധ അഗസ്റ്റിൻ വിശ്വാസ യാത്രയിൽ ആന്തരികതയ്ക്ക് നല്കിയിട്ടുള്ള പ്രാധാന്യം എടുത്തുകാട്ടി.

“നിന്നിൽ നിന്ന് പുറത്തുകടക്കരുത്, നന്നിലേക്കുതന്നെ മടങ്ങുക: സത്യം ആന്തരികമനുഷ്യനിൽ കുടികൊള്ളുന്നു” എന്ന വിശുദ്ധ അഗസ്റ്റിൻറെ വാക്കുകൾ ഉദ്ധരിച്ച പാപ്പാ അവനവനിലേക്കു തന്നെ തിരികെ പ്രവേശിക്കുന്നത് നവവീര്യം ആർജ്ജിച്ച് ഉപരിയുത്സാഹത്തോടെ ദൗത്യത്തിനായി പുറത്തേക്കിറങ്ങുന്നതിനു വേണ്ടിയാണെന്ന് വിശദീകരിച്ചു.

നമ്മിലേക്ക് തന്നെ മടങ്ങുന്നത് ആത്മീയവും അജപാലനപരവുമായ നവീകൃത പ്രചോദനം പകരുന്നുവെന്നും കർത്താവ് നമ്മുടെ വഴിയിലേക്കു കൊണ്ടുവരുന്നവർക്ക് വെളിച്ചം പകരാൻ കഴിയുന്നതിനായി നാം സന്ന്യസ്തജീവിതത്തിൻറെ, സമർപ്പണ ജീവിതത്തിൻറെ ഉറവിടത്തിലേക്ക് മടങ്ങുകയാണെന്നും പാപ്പാ പറഞ്ഞു.

കർത്താവിനോടും നമ്മുടെ സന്ന്യസ്ത കുടുംബത്തിലെ സഹോദരീസഹോദരന്മാരോടും ഉള്ള നമ്മുടെ ബന്ധം നാം വീണ്ടും കണ്ടെത്തെന്നുവെന്നും കാരണം, ഈ സ്നേഹ കൂട്ടായ്മയിൽ നിന്ന് നമുക്ക് പ്രചോദനം ഉൾക്കൊള്ളാനും സമൂഹജീവിതത്തിലെ പ്രശ്നങ്ങളും അപ്പോസ്തലിക വെല്ലുവിളികളും നന്നായി നേരിടാനും കഴിയുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സകലത്തിൻറെയം കേന്ദ്രസ്ഥാനത്തു വരുന്നത് സ്നേഹമാണ് എന്ന് ഉദ്ബോധിപ്പിച്ച പാപ്പാ ക്രിസ്തീയ വിളി, പ്രത്യേകിച്ച് സന്ന്യസ്ത വിളി ജന്മംകൊള്ളുന്നത്, മഹത്തായ ഒന്നിനോടുള്ള ആകർഷണം നമുക്ക് അനുഭവപ്പെടുമ്പോൾ മാത്രമാണെന്നും അത് ഹൃദയത്തെ പോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും കഴിയുന്ന സ്നേഹമാണെന്നും പറഞ്ഞു.

വിശുദ്ധ അഗസ്റ്റിൻ തൻറെ ആത്മീയാന്വേഷണത്തിൻറെ കേന്ദ്രത്തിൽ വച്ച സ്നേഹം, ദൈവശാസ്ത്ര പഠനത്തിനും ബൗദ്ധിക രൂപീകരണത്തിനും മൗലിക മാനദണ്ഡമാണെന്ന് പാപ്പാ പ്രസ്താവിച്ചു. അഗസ്റ്റീനിയൻ സമൂഹം അതിൻറെ പ്രേഷിത വിളി മറക്കരുതെന്ന് ഓർമ്മിപ്പിച്ച പാപ്പാ ഈ പ്രേഷിത ചൈതന്യം ഇന്ന് ഏറെ ആവശ്യമാണെന്ന് പറഞ്ഞു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 സെപ്റ്റംബർ 2025, 12:47