തിരയുക

ലെബനൻ പ്രധാനമന്ത്രി നവാഫ് അബ്ദള്ള സലിമിനെ ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ ലെബനൻ പ്രധാനമന്ത്രി നവാഫ് അബ്ദള്ള സലിമിനെ ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  (ANSA)

ലെബനന്റെ മുറിവുകളുണക്കാൻ പാപ്പായുടെ പ്രാർത്ഥനയ്ക്കാകും: ലെബനൻ ഉപപ്രധാനമന്ത്രി മിത്രി

തങ്ങൾ കടന്നുപോകുന്ന കടുത്ത പ്രതിസന്ധികളിലും രാജ്യത്തെ അക്രമങ്ങളുടെ മുന്നിലും, സംവാദങ്ങളും സഹവാസവും ഇനിയും സാധ്യമാകുമെന്ന ഉറപ്പും, സമാധാനത്തെക്കുറിച്ചുള്ള വാക്കുകളുമാണ് ലെബനനിലെത്തുന്ന ലിയോ പതിനാലാമൻ പാപ്പായിൽനിന്ന് രാജ്യത്തെ ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് വത്തിക്കാൻ മീഡിയയ്ക്കനുവദിച്ച കൂടിക്കാഴ്ചയിൽ ഉപപ്രധാനമന്ത്രി താരേക് മിത്രി. നവംബർ മുപ്പത് മുതൽ ഡിസംബർ രണ്ടുവരെയാണ് പാപ്പാ ലെബനൻ സന്ദർശിക്കുക.

ഫ്രഞ്ചേസ്‌ക സബത്തിനെല്ലി,  മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലിയോ പതിനാലാമൻ പാപ്പാ ലെബനൻ സന്ദർശിക്കുന്നതിൽ സന്തോഷമറിയിച്ചും, പാപ്പായുടെ പ്രാർത്ഥനയും സാന്നിദ്ധ്യവും വാക്കുകളും രാജ്യത്തെ ജനങ്ങൾക്ക് സമാധാനത്തെയും സഹകരണത്തോടെയുള്ള ജീവിതത്തെയും കുറിച്ചുള്ള പ്രതീക്ഷകൾ ശക്തിപ്പെടുത്തുമെന്ന് പ്രസ്താവിച്ചും ലെബനൻ ഉപപ്രധാനമന്ത്രി താരേക് മിത്രി (Tarek Mitri). നവംബർ മുപ്പത് മുതൽ ഡിസംബർ രണ്ടുവരെ തീയതികളിലേക്കായി ലിയോ പതിനാലാമൻ പാപ്പാ രാജ്യത്തെത്തുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ വത്തിക്കാൻ മീഡിയയ്ക്കനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ് പാപ്പായുടെ വരവിനായി പ്രത്യാശയോടെയാണ് തങ്ങൾ കാത്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

പാപ്പായുടെ യാത്രയുടെ വിവിധ ഭാഗങ്ങളെക്കുറിച്ച് പ്രതിപാദിച്ച ഉപപ്രധാനമന്ത്രി, 2020-ൽ ബെയ്‌റൂട്ട് പോർട്ടിൽ 218 പേരുടെ മരണത്തിനും ഏഴായിരത്തോളം ആളുകൾക്ക് പരിക്കിനും കാരണമായ സ്ഫോടനം നടന്നയിടത്ത് പാപ്പായെത്തി പ്രാർത്ഥിക്കുന്നത്, തങ്ങളുടെ മുറിവുകൾ ഉണ്ടാക്കുന്നതിനും, സമാധാനപൂർണമായ സഹവാസം ഇനിയും സാധ്യമാണെന്ന പ്രത്യാശ വളർത്തുന്നതിനും ഉപകാരപ്രദമാകുമെന്ന് അഭിപ്രായപ്പെട്ടു. ഏതാണ്ട് അഞ്ചുവർഷങ്ങൾക്കിപ്പുറവും ബെയ്‌റൂട്ട് പോർട്ട് ദുരന്തത്തിന് കാരണമായവരെ കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം വത്തിക്കാൻ മീഡിയയോട് പറഞ്ഞു.

ലെബനനിലെ നിരവധി സംഘർഷങ്ങൾക്ക് ഇടമായ സ്ഥലത്താണ് പാപ്പാ എത്തുകയെന്ന് അറിയിച്ച ഉപപ്രധാനമന്ത്രി, അവിടെ ലെബാനൻ കടന്നുപോയ യുദ്ധങ്ങളുടെയും സംഘർഷങ്ങളുടേയും അനന്തരഫലങ്ങൾ അനുഭവിക്കുന്ന യുവജനങ്ങളെ പരിശുദ്ധ പിതാവ് കടന്നുമുട്ടുമെന്നും സമാധാനത്തെക്കുറിച്ചുള്ള ഒരു വാക്കാണ് അവർ പ്രതീക്ഷിക്കുന്നതെന്നും വിശദീകരിച്ചു.

വിവിധ മതവിഭാഗങ്ങളിലുള്ളവരെങ്കിലും, ഇപ്പോഴും ലബനനിലെ ജനങ്ങൾ സമാനാഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും സംവാദങ്ങളിൽ ഏർപ്പെടുന്നവരും സഹകരണമനോഭാവത്തിൽ ജീവിക്കുന്ന രുമാണെന്ന് മൈത്രി അഭിപ്രായപ്പെട്ടു.  എന്നാൽ ഇന്നത്തെ സമൂഹത്തിലും പ്രശ്നങ്ങളെ ഉപയോഗിച്ച് തങ്ങളുടെ മതചിന്തകളും ഉദ്ബോധനങ്ങളും വഴി സംഘർഷങ്ങളെ വളർത്തുന്ന ആളുകൾ ഉണ്ടെന്നും, അതുകൊണ്ടുതന്നെ പ്രശ്നങ്ങൾക്ക് രാഷ്ട്രീയപരമായ ഒരു പരിഹാരം ഉണ്ടാക്കുന്നത് മാത്രം മതിയാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നീതിയുമായി ബന്ധപ്പെട്ട അടിസ്ഥാനചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തുന്നതിലൂടെയേ സമാധാനം സുസ്ഥിരമാക്കാനാകൂ എന്ന് മിത്രി ഓർമ്മിപ്പിച്ചു. എന്നാൽ അതോടൊപ്പം നീതിയും സത്യവും പരസ്പസരം ബന്ധപ്പെട്ടതാണെന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ട്, സത്യം പറയപ്പെടുന്നിടത്താണ് ക്ഷമയ്ക്ക് സാധ്യതയുള്ളതെന്നും, ക്ഷമ നീതിക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലെബനനിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭംഗവും, സഭയുടെ എക്യൂമെനിക്കൽ കൗൺസിൽ അംഗവുമായ ഉപപ്രധാനമന്ത്രി താരേക് മിത്രിക്ക്, ഒക്ടോബർ 25-ന് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചിരുന്നു. നവംബർ ഇരുപത്തിയേഴ് മുതൽ മുപ്പതുവരെ നീളുന്ന, തുർക്കിയിലേക്കുള്ള യാത്രയ്ക്ക് ശേഷമാണ് പാപ്പാ ലെബനനിലെത്തുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ഒക്‌ടോബർ 2025, 13:35