"ദിലേക്സി തേ": വിശ്വാസവും പരസ്പര സ്നേഹവും സംബന്ധിച്ച ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ അപ്പസ്തോലിക പ്രബോധനം
സാൽവത്തോറെ ചെർനൂസ്സിയോ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ക്രിസ്തുവിന്റെ സ്നേഹം ജീവി ക്കുന്നതിൽ പാവപ്പെട്ടവരോടുള്ള സ്നേഹത്തിന് മുഖ്യമായ ഒരു സ്ഥാനമുണ്ടെന്ന ഉദ്ബോധനവുമായി, "ഞാൻ നിന്നെ സ്നേഹിച്ചു" എന്നർത്ഥം വരുന്ന "ദിലേക്സി തേ" (Dilexi te) എന്ന ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ അപ്പസ്തോലിക പ്രബോധനം പുറത്തിറങ്ങി. നൂറ്റിയിരുപത്തിയൊന്ന് ഖണ്ഡികകളിലായി, പാവപ്പെട്ടവർക്കും രോഗികൾക്കും നൽകുന്ന പരിചരണം, അടിമത്തത്തിനെതിരെയുള്ള പോരാട്ടം, അക്രമങ്ങൾക്കിരകളാകുന്ന സ്ത്രീകളുടെ സംരക്ഷണം, വിദ്യാഭ്യാസത്തിനുള്ള അവകാശം, കുടിയേറ്റക്കാർക്ക് നൽകേണ്ട പിന്തുണ, കാരുണ്യപ്രവർത്തികൾ, സമത്വം തുടങ്ങി വിവിധ വിഷയങ്ങളാണ്, ഫ്രാൻസിസ് പാപ്പാ തുടങ്ങി വച്ച്, ലിയോ പതിനാലാമൻ പാപ്പാ പൂർത്തിയാക്കിയ ഈ പ്രധാനപ്പെട്ട ഉദ്‌ബോധനം ചിന്താവിഷയമാക്കുന്നത്. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾ ദിനമായ ഒക്ടോബർ 4-ന് ലിയോ പതിനാലാമൻ പാപ്പാ ഒപ്പിട്ട ഈ അപ്പസ്തോലികപ്രബോധനം ഒക്ടോബർ 9 വ്യാഴാഴ്ചയാണ് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഏവർക്കും മുന്നിൽ അവതരിപ്പിച്ചത്.
പിൻഗാമിയുടെ പിന്തുടർച്ച
ബെനഡിക്ട് പാപ്പാ തുടങ്ങിവച്ച് ഫ്രാൻസിസ് പാപ്പാ പൂർത്തിയാക്കിയ "ലുമെൻ ഫീദെയി" (Lumen Fidei) എന്ന അപ്പസ്തോലിക പ്രബോധനം പോലെ, "ദിലേക്സിത് നോസ്" (Dilexit Nos) എന്ന യേശുവിൻറെ സ്നേഹിക്കുന്ന ഹൃദയത്തെക്കുറിച്ചുള്ള തന്റെ ചാക്രികലേഖനത്തിന്റെ തുടർച്ചയെന്നോണം ഫ്രാൻസിസ് പാപ്പാ ആരംഭിച്ച "ദിലേക്സി തേ", അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരനായ ലിയോ പതിനാലാമൻ പാപ്പായാണ് പൂർത്തിയാക്കിയത്. ദൈവസ്നേഹവും, പാവപ്പെട്ടവരോടുള്ള സ്നേഹവും തമ്മിൽ വലിയ തോതിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ രേഖയിലൂടെ പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിക്കുന്നു. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായുടെ "മാത്തർ എത് മജിസ്ത്ര" (Mater et Magistra), പോൾ ആറാമൻ പാപ്പായുടെ "പോപ്പുളോറും പ്രൊഗ്രേസിയോ" (Populorum progressio), ജോൺ പോൾ രണ്ടാമൻ പാപ്പായുടെ പാവപ്പെട്ടവരോടുള്ള സഭയുടെ പ്രത്യേക പരിഗണന, ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ "കാരിത്താത്തിസ് ഇൻ വേരിത്താത്തെ" (Caritas in Veritate) തുടങ്ങി, പാവപ്പെട്ടവരെക്കുറിച്ച് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളിൽ സഭ പഠിപ്പിച്ചുവന്നിരുന്ന ശൈലി തുടരുന്ന ഒന്നാണ് "ദിലേക്സി തേ" എന്ന ഈ അപ്പസ്തോലിക പ്രബോധനം.
ദാരിദ്ര്യവും പാവപ്പെട്ടവരും സ്നേഹവും
ദാരിദ്ര്യത്തിന്റെ വിവിധ മുഖങ്ങൾ ലിയോ പാപ്പാ തന്റെ പ്രബോധനത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. ജീവിക്കാൻ വകയില്ലാത്ത, സാമൂഹികമായി ഒറ്റപ്പെട്ട മനുഷ്യർ; ധാർമ്മിക, ആദ്ധ്യാത്മിക, സാംസ്‌കാരിക പാപ്പരത്തം (9); ധനികത വർദ്ധിപ്പിക്കുകയും എന്നാൽ സമത്വം കുറയ്ക്കുകയും ചെയ്യുന്ന തെറ്റായ സാമ്പത്തികനയങ്ങളുടെ കൂടി ഭാഗമായ, ആധുനിക ലോകത്തിലെ കൂടുതൽ "സൂക്ഷ്മവും അപകടകരവുമായ" ദാരിദ്ര്യങ്ങൾ (10) തുടങ്ങിയ ചിന്തകളാണ് പാപ്പാ മുന്നോട്ടുവയ്ക്കുന്നത്. ദരിദ്രരുടെ മുറിവേറ്റ മുഖങ്ങളിൽ നിഷ്കളങ്കരുടെ സഹനങ്ങൾ പതിഞ്ഞിരിക്കുന്നത് നമുക്ക് കാണാമെന്ന് (9) പാപ്പാ ഓർമ്മിപ്പിക്കുന്നു.
സാമൂഹികതിന്മയിലേക്ക് നയിക്കുന്ന അസമത്വങ്ങൾ
പാവപ്പെട്ടവരുടെ ജീവിതങ്ങളെ തകർക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന സാമ്പത്തികവ്യവസ്ഥിതി, അവഗണനയുടെ സംസ്കാരം തുടങ്ങി, സാമൂഹികജീവിതത്തെ ദുരിതപൂർണ്ണമാക്കുന്ന അസമത്വങ്ങളെക്കുറിച്ച് (94) പാപ്പാ ഈ പ്രബോധനത്തിലൂടെ ഉദ്ബോധിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്, "ഐക്യരാഷ്ട്രസഭ ദാരിദ്ര്യനിർമ്മാർജ്ജനത്തെ സഹസ്രാബ്ദത്തിന്റെ ഒരു ലക്ഷ്യമായി മുന്നോട്ടുവച്ചതിനെ" പാപ്പാ അനുഭാവപൂർവ്വം പരാമർശിക്കുന്നുണ്ട്. എന്നാൽ, "കൊല്ലുന്ന ഒരു സാമ്പത്തികവ്യവസ്ഥയുടെ സ്വേച്ഛാധിപത്യവും" (92), ദശലക്ഷക്കണക്കിന് ആളുകളുടെ പട്ടിണിമരണത്തിനും, മനുഷ്യാന്തസ്സിന് ചേരാത്തത്ര അവസ്ഥകളിലുള്ള ജീവിതത്തിനും കാരണമാകുന്ന നിസംഗത പ്രോത്സാഹിപ്പിക്കുന്ന (11) "വലിച്ചെറിയൽ സംസ്കാരവും" നിലനിൽക്കുന്നതിനാൽ, ഈയൊരു ശ്രമം എളുപ്പമായേക്കില്ലെന്ന് പാപ്പാ സന്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. "മനുഷ്യാവകാശങ്ങൾ എല്ലാവർക്കും ഒരുപോലെയല്ല" (94) എന്ന് അപലപിക്കുന്ന പാപ്പാ, എല്ലാ മനുഷ്യരുടെയും അന്തസ്സ് മാനിക്കപ്പെടുന്ന ഒരു "മനോഭാവത്തിലേക്കുള്ള" മാറ്റം ഇവിടെ, ഇന്ന്, ഇപ്പോൾ ഉണ്ടാകേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.
കുടിയേറ്റക്കാർക്ക് ലഭിക്കേണ്ട സ്വീകാര്യത
തന്റെ പ്രഥമ അപ്പസ്തോലിക പ്രബോധനത്തിൽ, കുടിയേറ്റക്കാരെ പാപ്പാ പ്രത്യേകം പരിഗണിക്കുന്നുണ്ട്. കുടിയേറ്റശ്രമത്തിനിടയിൽ മരണമടഞ്ഞ്, ലോകം മുഴുവൻ പങ്കുവയ്ക്കപ്പെട്ട അലൻ കുർദി എന്ന കൊച്ചുകുട്ടിയുടെ കഥ അനുസ്മരിക്കുന്ന പാപ്പാ, ഇത്തരം സംഭവങ്ങൾ നാമമാത്രവാർത്തകളായി, അപ്രസക്തമായികൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി (11). അതേസമയം സഭ, ഒരു അമ്മയെപ്പലെ, കുടിയേറ്റക്കാർക്കുവേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളെ പാപ്പാ പ്രത്യേകം എടുത്തുപറയുന്നുണ്ട്. ലോകം കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ഒരു "ഭീഷണിയായി" കാണുമ്പോൾ, സഭ അവരെ മക്കളെപ്പോലെ കാണുന്നു; ലോകം മതിലുകൾ പണിയുന്നിടത്ത് സഭ പാലങ്ങൾ പണിയുന്നു, കാരണം, സമൂഹത്തിന്റെ വാതിലിൽ മുട്ടി നിരസിക്കപ്പെടുന്ന ഓരോ കുടിയേറ്റക്കാരനിലും ക്രിസ്തുവിനെ അവൾ കാണുന്നു (75). പാവപ്പെട്ടവരെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ ഉപയോഗിച്ചിരുന്ന "സ്വീകരിക്കുക, സംരക്ഷിക്കുക, പിന്തുണ നൽകുക, സമൂഹജീവിതത്തിൽ പങ്കുചേർക്കുക" തുടങ്ങിയ നാല് പ്രയോഗങ്ങൾ ലിയോ പാപ്പാ തന്റെ പ്രബോധനത്തിൽ ആവർത്തിക്കുന്നുണ്ട്.
തെറ്റായ ആശയങ്ങളും സമൂഹത്തിലെ തിന്മകളും
സമൂഹത്തിൽ, "അവഗണിക്കപ്പെട്ടും, മോശം പെരുമാറ്റങ്ങൾ നേരിട്ടും, അക്രമങ്ങൾക്ക് ഇരകളായും" (12) സഹിക്കേണ്ടിവരുന്ന സ്ത്രീകളെക്കുറിച്ച് പാപ്പാ പ്രത്യേകം അനുസ്മരിക്കുന്നുണ്ട്. സമൂഹത്തിൽ പാവപ്പെട്ടവർ ഉണ്ടാകുന്നത് അവരുടെ വിധികൊണ്ടല്ലെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ, ഇത് ചില തെറ്റായ തിരഞ്ഞെടുപ്പുകളുടെ അനന്തരഫലമാണെന്ന് എഴുതുന്നു. ക്രൈസ്തവർ പോലും ചില ലൗകിക പ്രത്യയശാസ്ത്രങ്ങൾക്കും, രാഷ്ട്രീയ, സാമ്പത്തിക നിർദ്ദേശങ്ങൾക്കും വഴിപ്പെട്ട് അന്യായമായ സാമാന്യവത്കരണത്തിനും തെറ്റായ നിഗമനങ്ങളിലേക്കും നയിക്കപ്പെടുന്നുണ്ട്. സർക്കാരാണ് പാവപ്പെട്ടവരുടെ കാര്യം ഏറ്റെടുക്കേണ്ടതെന്നും, അവരെ അവരുടെ കഷ്ടപ്പാടിൽ ഇട്ടിട്ട് പോകുന്നതാണ് നല്ലതെന്നും എളുപ്പമെന്നും കരുതുന്നവരുണ്ട് (114). അതുകൊണ്ടുതന്നെ ക്രൈസ്തവരുൾപ്പെടെ പലരും മറ്റുള്ളവർക്ക് ദാനധർമ്മം നൽകുന്നത് പോലും കുറച്ചുകൊണ്ടുവരുന്ന അവസ്ഥയാണുള്ളതെന്ന് (115) അപലപിച്ച പാപ്പാ, പാവപ്പെട്ടവരുടെ വേദനിക്കുന്ന ജീവിതങ്ങളെ സ്പർശിക്കുന്നതിനായി നാം ദാനധർമ്മം നൽകേണ്ടതുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു (116).
ചില ക്രൈസ്തവ ഗ്രൂപ്പുകളിൽ, പാവപ്പെട്ടവർക്ക് വേണ്ടിയുള്ള അധ്വാനവും ശ്രമങ്ങളും അശേഷമില്ലെന്ന് (112) അപലപിച്ച പാപ്പാ, നമ്മുടെ വിശ്വാസവും പാവപ്പെട്ടവരോടുള്ള പരിഗണനയും തമ്മിൽ വേർപെടുത്താനാകാത്ത ഒരു ബന്ധമുണ്ടെന്ന് (36) ഓർമ്മിപ്പിക്കുന്നുണ്ട്.
വിശുദ്ധരുടെയും സമർപ്പിതസമൂഹങ്ങളുടെയും സാക്ഷ്യം
പാവപ്പെട്ടവരോടും ദുരിതങ്ങളിലൂടെ കടന്നുപോകുന്നവരോടുമുള്ള നിസംഗതയ്ക്ക് മറുപടി നൽകുന്ന വേറൊരു ലോകം നിലനിൽക്കുന്നുണ്ടെന്ന് പാപ്പാ കാണിച്ചുതരുന്നുണ്ട്. വിശുദ്ധരും, വാഴ്ത്തപ്പെട്ടവരും, മിഷനറിമാരുമുൾപ്പെടുന്ന ഒരു ലോകമാണത് എന്ന് വ്യക്തമാക്കുന്ന പാപ്പാ, ഫ്രാൻസിസ് അസ്സീസി, മദർ തെരേസ, അഗസ്റ്റിൻ, തുടങ്ങിയ വിശുദ്ധരുടെ ഉദാഹരണം എടുത്തുകാട്ടി. "ദൈവത്തെ സ്നേഹിക്കുന്നുവെന്ന് പറയുകയും, പാവപ്പെട്ടവരോട് സഹാനുഭൂതി ഇല്ലാതിരിക്കുകയും ചെയ്യുന്നവൻ നുണ പറയുകയാണ്" (45) എന്ന് വിശുദ്ധ അഗസ്റ്റിൻ പറയുന്നത് പാപ്പാ ഉദ്ധരിക്കുന്നുണ്ട്. രോഗികൾക്ക് ശുശ്രൂഷ നൽകുകയും, അനാഥരെയും, വിധവകളെയും, ഭിക്ഷക്കാരെയും സംരക്ഷിക്കുകയും അടിമകളായവരെ സ്വാതന്ത്രരാക്കാൻ വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന സമർപ്പിതസമൂഹങ്ങളെയും പാപ്പാ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
ഇന്നത്തെ ലോകത്ത് ഇത്തരം സമർപ്പിതസമൂഹങ്ങളുടെ പാരമ്പര്യം ഇല്ലാതാക്കുകയല്ല മറിച്ച്, ആധുനിക അടിമത്തങ്ങളായ "മനുഷ്യക്കടത്ത്, നിർബന്ധിത തൊഴിൽ, ലൈംഗിക ചൂഷണം, പല വിധങ്ങളിലുള്ള ആസക്തികളും അടിമത്തങ്ങളും തുടങ്ങിയവയിൽനിന്ന് ആളുകളെ മോചിപ്പിക്കുന്ന പുതിയ തരം പ്രവർത്തനമേഖലകളിലേക്ക് അവ നീങ്ങുകയാണെന്ന് പാപ്പാ എഴുതി (61).
ഉണർത്തുകയും പ്രതികരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം
പാവപ്പെട്ടവരെ കൈപിടിച്ചുയർത്തുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും പാപ്പാ തന്റെ അപ്പസ്തോലിക പ്രബോധനത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്. ഇത് മറ്റുളളവർക്ക് ചെയ്യുന്ന ഒരു ഉപകാരമല്ല, നമ്മുടെ കടമയാണെന്ന് പാപ്പാ എഴുതുന്നു. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, പലപ്പോഴും സംശയത്തിന്റെ നിഴലിൽ നിറുത്തപ്പെടുകയും, പീഡിപ്പിക്കപ്പെടുക പോലും ചെയ്യപ്പെട്ട വ്യക്തികളുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു (80). ഇത്തരം ചിന്തകളുടെ പശ്ചാത്തലത്തിൽ, ധൈര്യപൂർവ്വം, വ്യത്യസ്തങ്ങളായ രീതികളിലാണെങ്കിലും മറ്റുള്ളവർ നമ്മെ വിഡ്‌ഢികളെന്ന് വിളിക്കാൻ സാധ്യതയുള്ളപ്പോഴും, ആളുകളെ വിളിച്ചുണർത്തുകയും അവരെ ഉദ്ബോധിപ്പിക്കുകയും, സമൂഹത്തിലെ തെറ്റുകളെ ചൂണ്ടിക്കാട്ടുകയും ചെയ്‌തുകൊണ്ട് മുന്നേറാൻ തന്റെ പ്രബോധനത്തിലൂടെ പാപ്പാ മുഴുവൻ ദൈവജനത്തോടും ആവശ്യപ്പെടുന്നു.
അനീതിയുടെ ഘടനകൾ തിരിച്ചറിയപ്പെടുകയും അവയെ നന്മയുടെ ശക്തികൊണ്ട് നശിപ്പിക്കുകയും വേണമെന്ന് പരിശുദ്ധ പിതാവ് ഏവരെയും ഉദ്ബോധിപ്പിക്കുന്നു (97). "പാവപ്പെട്ടവരാൽ സുവിശേഷവത്കരിക്കപ്പെടാനായി നമ്മെത്തന്നെ വിട്ടുകൊടുക്കേണ്ടതിന്റെ" (102) ആവശ്യം എടുത്തുപറയുന്ന പാപ്പാ, പാവപ്പെട്ടവർ "സമൂഹത്തിലെ ഒരു പ്രശ്നമല്ല" മറിച്ച് "സഭയുടെ കേന്ദ്രം" (111) തന്നെയാണെന്ന് ഈ മനോഹരമായ അപ്പസ്തോലിക പ്രബോധനത്തിലൂടെ ഓർമ്മിപ്പിക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
