സമാധാന ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഒക്ടോബർ മാസം പത്തൊൻപതാം തീയതി, കത്തോലിക്കാ സഭയിൽ പുതിയതായി ഏഴു പേരെ കൂടി അൾത്താരവണക്കത്തതിനായി വിശുദ്ധരായി പ്രഖ്യാപിച്ച ചടങ്ങിന് ശേഷം, ത്രികാലജപത്തിനു മുൻപായി ലിയോ പതിനാലാമൻ പാപ്പാ, വിവിധ പ്രാർത്ഥനാഭ്യർത്ഥനകൾ നടത്തി. ആഗോള പ്രേഷിതദിനത്തിന്റെ മംഗളങ്ങൾ നേർന്നതോടൊപ്പം, സുവിശേഷം ഈ ലോകത്തിൽ അറിയിക്കുന്നതിനായി എല്ലാം ഉപേക്ഷിച്ചുകൊണ്ട്, മിഷനറിമാരായി സേവനം അനുഷ്ഠിക്കുന്ന ഏവരെയും പ്രത്യേകമായി അനുസ്മരിക്കുകയും, അവർക്കു പ്രാർത്ഥനകൾ ആശംസിക്കുകയും ചെയ്തു. പ്രത്യാശയുടെ മിഷനറിമാരാകുവാനുള്ള ക്രൈസ്തവരുടെ വിളിയെയും പാപ്പാ എടുത്തു പറഞ്ഞു.
തുടർന്ന്, കഴിഞ്ഞദിവസങ്ങളിൽ, ആഭ്യന്തരയുദ്ധം ഏറെ മുറിവുകൾ ഏൽപ്പിച്ച മ്യാന്മാർ രാഷ്ട്രത്തെ പാപ്പാ പ്രത്യേകം പരാമർശിച്ചു. അവിടെനിന്നും എത്തുന്ന വാർത്തകൾ ഏറെ വേദനാജനകമാണെന്നു പറഞ്ഞ പാപ്പാ, ഏറ്റുമുട്ടലുകളും, വ്യോമാക്രമണങ്ങളും അരക്ഷിതമായ ഒരു അവസ്ഥ ഉടലെടുക്കുവാൻ കാരണമായി എന്നത് ചൂണ്ടിക്കാണിക്കുകയും ചെയ്തു. തന്റെ സാമീപ്യവും പാപ്പാ, വാഗ്ദാനം ചെയ്തു. അടിയന്തിരവും ഫലപ്രദവുമായ വെടിനിർത്തലിനുള്ള ആഹ്വാനവും പാപ്പാ പുതുക്കി.
ഏവരെയും ഉൾക്കൊള്ളുന്നതും, ക്രിയാത്മകവുമായ ചർച്ചകളിലൂടെ മാത്രമേ യുദ്ധത്തിൽ നിന്നും സമാധാനത്തിലേക്കുള്ള വഴിയൊരുക്കപ്പെടുകയുള്ളുവെന്നും, ലിയോ പതിനാലാമൻ പാപ്പാ ചൂണ്ടിക്കാട്ടി. വിശുദ്ധ നാടിനെയും, ഉക്രൈയ്‌നെയും പാപ്പാ ഒരിക്കൽ കൂടി പരാമർശിക്കുകയും, സമാധാനത്തിനായി പ്രാർത്ഥിക്കുവാൻ ഏവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
