തിരയുക

അംഗങ്ങൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ അംഗങ്ങൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ   (@Vatican Media)

കാരുണ്യപ്രവർത്തനങ്ങൾക്ക് “കൊളംബസിന്‍റെ യോദ്ധാക്കള്‍” അത്മായ സംഘടന നൽകിയ സഹായങ്ങൾക്ക് പാപ്പാ നന്ദിയർപ്പിച്ചു

“കൊളംബസിന്‍റെ യോദ്ധാക്കള്‍” നൈറ്റ്സ് ഓഫ് കൊളംബസ് എന്ന അല്മായ കത്തോലിക്കാ പ്രസ്ഥാനത്തിന്റെ നേതാക്കൾക്ക്, ഒക്ടോബർ മാസം ആറാം തീയതി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിക്കുകയും, ഹ്രസ്വമായ സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സാർവത്രിക സഭയെയും, ലോകം  മുഴുവനെയും  പ്രോത്സാഹിപ്പിക്കുന്ന പ്രത്യാശയുടെ ജൂബിലി വർഷത്തിൽ, “കൊളംബസിന്‍റെ യോദ്ധാക്കള്‍” (നൈറ്റ്സ് ഓഫ് കൊളംബസ്) എന്ന അല്മായ കത്തോലിക്കാ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ള അംഗങ്ങളുമായി ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം ആറാം തീയതി, കൂടിക്കാഴ്ച്ച നടത്തി.  ലക്ഷക്കണക്കിന് തീർത്ഥാടകർ ഇതിനോടകം ജൂബിലി തീർത്ഥാടനത്തിനായി, റോമിൽ എത്തിച്ചേർന്നു, അപ്പസ്തോലന്മാരുടെ കബറിടങ്ങൾ സന്ദർശിച്ചും, വിശുദ്ധ വാതിലിലൂടെ പ്രവേശിച്ചുകൊണ്ടും, വിശ്വാസത്തിൽ ബലം പ്രാപിച്ചതിലുള്ള സന്തോഷം പാപ്പാ അംഗങ്ങളുമായി പങ്കുവച്ചു. 

വത്തിക്കാൻ ബസിലിക്കയുടെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ബെർണിനിയുടെ കലാരൂപങ്ങളിൽ പ്രധാനപ്പെട്ട ബാൽതക്കിനോ, എന്ന സൃഷ്ടിയും, വിശുദ്ധ പത്രോസിന്റെ ഇരിപ്പിടം  സംരക്ഷിക്കുന്ന വെങ്കല സ്മാരകവും, അതിന്റെ യഥാർത്ഥ സൗന്ദര്യത്തിൽ പുനഃസ്ഥാപിക്കുവാൻ, അകമഴിഞ്ഞു സഹായം നൽകിയ നൈറ്റ്സ് ഓഫ് കൊളംബസ് സംഘടനയ്ക്ക് പാപ്പാ നന്ദിയർപ്പിച്ചു. വിശ്വാസത്തിന്റെ രണ്ടു നെടുംതൂണുകളാണ് ഇവയെന്നും പാപ്പാ എടുത്തുപറഞ്ഞു.

ക്രിസ്തുവിന്റെ വികാരിയോടുള്ള സംഘടനയുടെ പ്രത്യേകമായ കരുതലും, സ്നേഹവും മുൻനിർത്തി, ലോകമെമ്പാടുമുള്ള ദരിദ്രരോടും ദുർബലരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള പാപ്പായുടെ,  'ക്രിസ്തുവിന്റെ വികാരി' എന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഘടന നൽകുന്ന പിന്തുണയും പാപ്പാ എടുത്തു പറഞ്ഞു.

ഓരോ ഘട്ടത്തിലും മനുഷ്യജീവിതത്തിന്റെ പവിത്രത ഉയർത്തിപ്പിടിക്കുന്നതിനും, യുദ്ധത്തിന്റെയും, പ്രകൃതി ദുരന്തങ്ങളുടെയും ഇരകളെ സഹായിക്കുന്നതിനും, പൗരോഹിത്യ ദൈവവിളികളെ  പിന്തുണയ്ക്കുന്നതിനുമുള്ള സംഘടനയുടെ സഹായങ്ങൾക്കും, പ്രാർത്ഥനകൾക്കും, ത്യാഗങ്ങൾക്കും പാപ്പാ നന്ദിയർപ്പിച്ചു.

ഈ ജൂബിലി തീർത്ഥാടനം  അംഗങ്ങളുടെ  വിശ്വാസത്തെ പരിപോഷിപ്പിക്കുകയും,  പ്രത്യാശയിൽ  ഉറപ്പിക്കുകയും സഭയോടുള്ള  സ്നേഹം കൂടുതൽ  ആഴത്തിലാക്കുകയും ചെയ്യുവാൻ സഹായകരമാകട്ടെയെന്നു പാപ്പാ ആശംസിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ഒക്‌ടോബർ 2025, 13:46