തിരയുക

ലിയോ പതിനാലാമൻ പാപ്പായും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റും സെക്രെട്ടറിയും ലിയോ പതിനാലാമൻ പാപ്പായും പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റും സെക്രെട്ടറിയും  (ANSA)

സഭയിൽ കുട്ടികൾക്കും പ്രായപൂർത്തിയാകാത്തവർക്കുമെതിരെ യാതൊരുവിധ ചൂഷണങ്ങളും ഉണ്ടാകരുത്: പാപ്പാ

ഒക്ടോബർ 20 മുതൽ 23 വരെ ഫിലിപ്പീൻസിലെ ക്ലാർക്ക്-ഏഞ്ചൽസിൽ നടന്ന, പ്രായപൂർത്തിയാകാത്തവരുടെയും ദുർബലരുടെയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട സമ്മേളനത്തിലേക്ക് ലിയോ പതിനാലാമൻ പാപ്പാ സന്ദേശമയച്ചു. സഭ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും, മറ്റുള്ളവരെ, പ്രത്യേകിച്ച് കുട്ടികളെയും ദുർബലരെയും പരിപാലിക്കുന്നതിനുമുള്ള ഇടമായിരിക്കണമെന്നും, സഭയിൽ ഒരു തരത്തിലുമുള്ള ദുരുപയോഗങ്ങളും ഉണ്ടാകരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സഭയിൽ കുട്ടികൾക്കും പ്രായപൂർത്തിയാകാത്തവർക്കും ദുർബലർക്കുമെതിരെ യാതൊരുവിധ ദുരുപയോഗങ്ങളൂം ചൂഷണങ്ങളും ഉണ്ടാകരുതെന്നോർമ്മപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഫിലിപ്പീൻസിലെ ക്ലാർക്ക്-ഏഞ്ചൽസിൽ (Clark-Angeles) ഒക്ടോബർ 20 മുതൽ 23 വരെ തീയതികളിലായി കുട്ടികളുടെയും ദുർബലരുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട്, "നമ്മുടെ സംരക്ഷണ നിയോഗം: പ്രത്യാശയുടെയും സഹാനുഭൂതിയുടെയും ഒരു യാത്ര" (Our Mission of Safeguarding: A Journey of Hope and Compassion) എന്ന പേരിൽ ഒരുക്കപ്പെട്ട സമ്മേളനത്തിലേക്കയച്ച സന്ദേശത്തിലാണ് കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച സഭയുടെ നിലപാട് പാപ്പാ ആവർത്തിച്ചത്.

സഭ നമ്മുടെ ആത്മീയഭവനമാണെന്നും, അതുകൊണ്ടുതന്നെ, ഓരോ ഇടവകകളും അജപാലനപ്രവർത്തനങ്ങളും ദൈവത്തെ മഹത്വപ്പെടുത്താനും, മറ്റുള്ളവരെ, പ്രത്യേകിച്ച് കുട്ടികളെയും ദുർബലരെയും പരിപാലിക്കുന്നതിനുമുള്ള ഇടമായിരിക്കണമെന്നും പാപ്പാ തന്റെ സന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചു. ഇക്കാരണത്താൽത്തന്നെ സഭയിൽ യാതൊരു വിധത്തിലുമുള്ള ദുരുപയോഗങ്ങളും അനുവദിക്കരുതെന്ന തന്റെ അഭ്യർത്ഥന താൻ പുതുക്കുവെന്ന് പാപ്പാ എഴുതി.

ഫിലിപ്പീൻസിലെ സഭയിൽ ഇപ്പോൾ നടക്കുന്ന ഈ സമ്മേളനത്തിൽ എടുക്കുന്ന നയങ്ങളും തീരുമാനങ്ങളും, ദുരുപയോഗങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനും, പ്രതിരോധത്തിന്റെയും സുരക്ഷിതത്വത്തിന്റേതുമായ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്നതായിരിക്കുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. ഇപ്രകാരമുള്ള പ്രവർത്തനങ്ങൾ വഴി, തന്റെ അജഗണത്തെ എല്ലായ്‌പ്പോഴും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന, ക്രിസ്തുവെന്ന നല്ലിടയന്റെ ആധികാരിക സാക്ഷികളായി മാറാൻ ഫിലിപ്പീൻസിലെയും മറ്റിടങ്ങളിലുമുള്ള സഭയ്ക്ക് സാധിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഇതാദ്യമായാണ് കുട്ടികളുടെയും പ്രായപൂർത്തിയാകാത്തവരുടെയും സുരക്ഷിതത്വം സംബന്ധിച്ച ദേശീയ കോൺഫറൻസ് ഫിലിപ്പീൻസിൽ നടക്കുന്നത്. സമ്മേളനത്തിൽ സംബന്ധിച്ച വത്തിക്കാനിലെ, "പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ" സെക്രെട്ടറി ബിഷപ് ലൂയിസ് മാനുവൽ അലീ ഹെറേറ (H.E. Msgr. Luis Manuel Alí Herrera), ദുരുപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടുപിടിക്കുന്നതിന്റെ പ്രാധാന്യം, സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സിനഡാത്മകതയുടെ പങ്ക്, ചരിത്ര, ദൈവശാസ്ത്ര പശ്ചാത്തലവും ചോദ്യങ്ങളും, കൂട്ടുത്തരവാദിത്വം, സഭയുടെ നിയോഗവും പ്രത്യാശയും തുടങ്ങിയ വിവിധ വിഷയങ്ങളെ ആധാരമാക്കി സംസാരിച്ചു.

ഫിലിപ്പീൻസ് മെത്രാൻസമിതിയിലെ, പ്രായപൂർത്തിയാകാത്തവർക്കും ദുർബലർക്കും വേണ്ടിയുള്ള വിഭാഗം, പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ, കത്തോലിക്കാ സുരക്ഷാസ്ഥാപനം, ഫിലിപ്പീൻസിലെ മേജർ സുപ്പീരിയർമാരുടെ കോൺഫറൻസ് തുടങ്ങി വിവിധ സമിതികൾ ചേർന്നാണ്, ഇത്തരമൊരു ദേശീയ സമ്മേളനം ഒരുക്കിയത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഒക്‌ടോബർ 2025, 14:01