തിരയുക

കൂടിക്കാഴ്ച്ച  വേളയിൽ ലിയോ  പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച വേളയിൽ ലിയോ പതിനാലാമൻ പാപ്പാ  (@Vatican Media)

വാർധക്യ സഹജമായ ബലഹീനതകൾ നാം ഏറ്റെടുക്കണം: ലിയോ പതിനാലാമൻ പാപ്പാ

പ്രായമായവരുടെ അജപാലന ശുശ്രൂഷയെ കുറിച്ചുള്ള രണ്ടാമത് അന്താരാഷ്‌ട്ര സമ്മേളനത്തിൽ സംബന്ധിക്കുന്നവരുമായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും, സന്ദേശം നൽകുകയും ചെയ്തു. ആധുനിക കാലത്ത്, പ്രായാധിക്യം മൂലം വിഷമത അനുഭവിക്കുന്ന സഹോദരങ്ങൾക്ക്, കൈത്താങ്ങായി ബാക്കിയുള്ളവർ മാറണമെന്നു പാപ്പാ ആഹ്വാനം ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

അത്മായർക്കും, കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന  പ്രായമായവരുടെ അജപാലന ശുശ്രൂഷയെ  കുറിച്ചുള്ള രണ്ടാമത് അന്താരാഷ്‌ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് ലിയോ പതിനാലാമൻ പാപ്പാ സംസാരിച്ചു. "നിങ്ങളുടെ വൃദ്ധന്മാർ സ്വപ്‌നങ്ങൾ കാണും", എന്ന ജോയേൽ പ്രവാചകന്റെ ഗ്രന്ഥത്തിലെ വചനമാണ് സമ്മേളനത്തിന്റെ പ്രമേയം. ഈ വചനം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

വയോജനങ്ങളുടെ "സ്വപ്നങ്ങളിൽ" നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടും, ജീവിതത്തിന്റെ മഹത്തായ സാഹസികത ആരംഭിക്കുന്നവരുടെ "ദർശനങ്ങളാൽ" സമ്പന്നവുമായ ഒരു കൂട്ടായ്മയാണ് പ്രവാചകൻ തന്റെ വചനങ്ങളിൽ എടുത്തു പറയുന്നതെന്നും, ഇത് തലമുറകൾക്കിടയിൽ ഐക്യം സൃഷ്ടിക്കുകയും ഓരോ വ്യക്തിക്കും വ്യത്യസ്ത ദാനങ്ങൾ നൽകുകയും ചെയ്യുന്ന, പരിശുദ്ധാത്മാവിന്റെ സാർവത്രിക പ്രവർത്തനത്തെ എടുത്തു കാണിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

വിഭജനങ്ങളും സംഘർഷങ്ങളും അടയാളപ്പെടുത്തുന്ന ഒരു കാലഘട്ടത്തിൽ, തലമുറകൾ തമ്മിലുള്ള ബന്ധങ്ങൾ ശിഥിലമാകുന്നുവെന്നത് സത്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ജീവിതത്തെക്കുറിച്ചുള്ള വളരെ അശുഭാപ്തിവിശ്വാസവും സംഘർഷപരവുമായ കാഴ്ചപ്പാടുകൾ വെളിപ്പെടുത്തുന്ന ചിന്താരീതികളാണിവയെന്നും, മറിച്ച് പ്രായമാവർ, സ്വാഗതം ചെയ്യപ്പെടേണ്ടുന്ന ഒരു അനുഗ്രഹമാണെന്നും, ഒരു സമ്മാനം എന്ന നിലയിൽ അവരെ ജീവിതത്തിൽ സ്വീകരിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

പ്രായമായവരുടെ വർദ്ധിച്ചുവരുന്ന എണ്ണം അഭൂതപൂർവമായ ഒരു ചരിത്ര പ്രതിഭാസവും, വെല്ലുവിളിയും ആണെന്നും എന്നാൽ ഈ യാഥാർഥ്യത്തെ പുതിയ രീതികളിൽ വിവേചിക്കാനും മനസ്സിലാക്കാനും നമുക്ക് സാധിക്കണമെന്നും പാപ്പാ പറഞ്ഞു. "വാർദ്ധക്യം എല്ലാറ്റിനുമുപരിയായി ജീവിതത്തിന്റെ സാർവത്രിക ചലനാത്മകതയുടെ പ്രയോജനകരമായ ഓർമ്മപ്പെടുത്തലാണ്",പാപ്പാ പറഞ്ഞു. ഉത്പാദന ക്ഷമതയെ മാത്രം അടിസ്ഥാനപ്പെടുത്തി, ജീവിതത്തിന്റെ മൂല്യം നിർണ്ണയിക്കുന്നത് ശരിയല്ലായെന്നും, മറിച്ച് മനുഷ്യൻ എപ്പോഴും, ആവശ്യങ്ങളുള്ള പരിമിതമായ ഒരു ജീവിയാണെന്നത് മറന്നു പോകരുതെന്നും പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു.

വാർദ്ധക്യം "സൃഷ്ടിയുടെ അത്ഭുതത്തിന്റെ ഭാഗമാണ് " എന്ന് തിരിച്ചറിയുവാനും, ആ അവസ്ഥയിലെ ദുർബലതയെ അംഗീകരിച്ചുകൊണ്ട്, അവരെ ആലിംഗനം ചെയ്യുവാൻ ഏവർക്കും സാധിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ജീവിതത്തിന്റെ എല്ലാ പ്രായത്തിലും, ഘട്ടത്തിലും ഓരോ പുരുഷനും സ്ത്രീക്കും രക്ഷകനായി യേശുക്രിസ്തുവിനെ പ്രഘോഷിക്കാൻ സഭ എല്ലായ്പ്പോഴും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, പ്രായമായവർക്ക് കർത്താവിന്റെ ആർദ്രത പ്രദാനം ചെയ്യുവാനും, അപ്രകാരം, ആരും ഉപേക്ഷിക്കപ്പെടാതിരിക്കട്ടെയെന്നും,  ആരും ഉപയോഗശൂന്യനായി തോന്നാതിരിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ഒക്‌ടോബർ 2025, 13:14