പ്രത്യാശ പകർന്നുകൊണ്ട് ജീവിക്കാൻ പൗളിൻ സന്ന്യാസിനീസഭാംഗങ്ങളോട് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മനുഷ്യരുടെ ഇടയിലായിരുന്നുകൊണ്ട് അവരുടെ ആവശ്യങ്ങളും സാമൂഹികയാഥാർത്ഥ്യങ്ങളും തിരിച്ചറിഞ്ഞും, പരിശുദ്ധാത്മാവ് കാണിച്ചുതരുന്ന മാർഗ്ഗത്തിൽ നടന്നും പ്രത്യാശ പകർന്നും മുന്നോട്ട് പോകാൻ പൗളിൻ സന്ന്യാസിനീസഭാംഗങ്ങളോട് (ഡോട്ടേഴ്സ് ഓഫ് സെന്റ് പോൾ) ലിയോ പതിനാലാമൻ പാപ്പാ. തങ്ങളുടെ സന്ന്യസ്തസഭയുടെ നൂറ്റിപ്പത്താം സ്ഥാപനവർഷികത്തിന്റെ പശ്ചാത്തലത്തിൽ, പന്ത്രണ്ടാമത് ജനറൽ ചാപ്റ്ററിനായി ഈ സന്ന്യാസിനീസഭാനേതൃത്വം ഒരുമിച്ച് കൂടിയ അവസരത്തിൽ ഒക്ടോബർ 2 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ അവർക്ക് സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചപ്പോഴാണ് ഇങ്ങനെയൊരു ആഹ്വാനം പാപ്പാ നൽകിയത്.
വടക്കൻ ഇറ്റലിയിലെ ആൽബയിൽ വാഴ്ത്തപ്പെട്ട ജ്യാക്കൊമോ അൽബെറിയോണെയുടെയും (Bl. Fr. Giacomo Alberione) വന്ദ്യയായ സി. തെക്ല മേർലോയുടെയും (Maria Teresa Merlo – Sr. Tecla) കീഴിൽ വളർന്ന്, അഞ്ച് ഭൂഖണ്ഡങ്ങളിലായി സേവനമനുഷ്ഠിക്കുന്ന പൗളിൻ സന്ന്യാസിനീസമൂഹം വിവിധ പ്രസിദ്ധീകരണങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും തിരുവചനം പരത്താൻ നടത്തുന്ന ശ്രമങ്ങൾക്ക് പാപ്പാ നന്ദി പറഞ്ഞു.
ഉപരിപ്ലവമോ, അമൂർത്തമോ ആയ രീതിയിലല്ല, മാനവികതയുടെ പ്രതിസന്ധികളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് വ്യത്യസ്തങ്ങളായ മാർഗ്ഗങ്ങളിലൂടെ ക്രിയാത്മകമായി സുവിശേഷമറിയിക്കാനുള്ള നിയോഗമാണ് നിങ്ങൾക്കുള്ളതെന്ന് പാപ്പാ സമൂഹാംഗങ്ങളോട് പറഞ്ഞു. ഈയൊരു നിയോഗം, പരിശുദ്ധാത്മാവിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചും, യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞും സ്വർഗ്ഗോന്മുഖരായി ജീവിച്ചും വേണം നിറവേറ്റേണ്ടതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, സമൂഹത്തിൽ പ്രത്യാശ പകരാനുള്ള ചുമതലയെക്കുറിച്ചും സമൂഹാംഗങ്ങളെ അനുസ്മരിപ്പിച്ചു.
സമൂഹജീവിതവും തങ്ങളുടെ സമർപ്പിതനിയോഗവും ഒരുമിച്ച് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, സാമൂഹിക, സഭാ തലങ്ങളിൽ നിലനിൽക്കുന്ന ശീതാവസ്ഥയുടെ മുന്നിൽ വിശുദ്ധ പൗലോസിന്റെ തീക്ഷണതയോടെ സുവിശേഷത്തിന്റെ ആനന്ദം ഏവർക്കും, പ്രത്യേകിച്ച് കൂടുതൽ ദുർബലരായ മനുഷ്യർക്ക് പകരാൻ സമൂഹാംഗങ്ങളെ പാപ്പാ ആഹ്വാനം ചെയ്തു.
1915-ലാണ് പൗളിൻ സന്ന്യസ്തസഭ സ്ഥാപിക്കപ്പെട്ടത്. സെപ്റ്റംബർ ഏഴിന് റോമിന് അടുത്തുള്ള അറീച്യയിൽ ആരംഭിച്ച ജനറൽ ചാപ്റ്ററിന്റെ അവസാനം ഒക്ടോബർ ഒന്നാം തീയതി കൊറിയയിൽനിന്നുള്ള സി. മരീ ലൂസിയ കിം പുതിയ സുപ്പീരിയർ ജനറലായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
