"നോസ്ത്ര എത്താത്തെ"യുടെ സന്ദേശത്തിന് ഇന്നും ഏറെ പ്രസക്തിയുണ്ട്: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
അക്രൈസ്തവമതങ്ങളുമായുള്ള സംവാദങ്ങൾ സംബന്ധിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമുഖ രേഖയായ "നോസ്ത്ര എത്താത്തെ"യ്ക്ക് ആധുനിക സമൂഹത്തിലും, മുൻപെന്നപോലെ പ്രാധാന്യമുണ്ടെന്ന് ഓർമ്മിപ്പിച്ചും, മതാന്തരസംവാദങ്ങളുടെയും സഹകരണത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിച്ചും ലിയോ പതിനാലാമൻ പാപ്പാ. നോസ്ത്ര എത്താത്തെ പുറത്തിറങ്ങിയതിന്റെ അറുപതാം വാർഷികവുമായി ബന്ധപ്പെട്ട് വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ സംസാരിക്കവെയാണ് മറ്റു മതങ്ങളുമായുള്ള സംവാദങ്ങൾക്കും സഹകരണത്തിനും ക്ഷണിക്കുന്ന ഈ രേഖയുടെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്.
മതാന്തരസംവാദങ്ങൾക്ക് പ്രത്യാശയുടെ വിത്തുപാകുകയാണ് നോസ്ത്ര എത്താത്തെ ചെയ്തതെന്ന് പറഞ്ഞ പാപ്പാ, ഇന്ന് മതങ്ങൾ തമ്മിലുള്ള സൗഹൃദവും, സഹകരണവും, സമാധാനവും തുടങ്ങി, അതിന്റെ വിവിധ ഫലങ്ങൾ അനുഭവിക്കാൻ നമുക്ക് സാധിക്കുന്നുണ്ടെന്നും, നിങ്ങളുടെ സാന്നിദ്ധ്യം ഇതാണ് വ്യക്തമാക്കുന്നതെന്നും, സമ്മേളനത്തിൽ സംബന്ധിച്ച വിവിധ മതനേതൃത്വങ്ങളും പ്രതിനിധികളും, വത്തിക്കാനിലേക്കുള്ള നയതന്ത്രപ്രതിനിധികളും അടങ്ങുന്ന രണ്ടായിരത്തിലധികം ആളുകളെ ചൂണ്ടിക്കാട്ടി പ്രസ്താവിച്ചു.
മതാന്തരസംവാദമെന്നാൽ വെറുമൊരു തത്വമോ മാർഗ്ഗമോ എന്നതിനേക്കാൾ, മറ്റുള്ളവരെ ശ്രവിച്ചുകൊണ്ടും മാറ്റങ്ങൾക്ക് പരസ്പരം സഹായിച്ചുകൊണ്ടും സഹകരണമനോഭാവത്തോടെ മുന്നോട്ടുപോകുന്ന ഒരു ജീവിതശൈലിയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
സമ്മേളനത്തിന്റെ "പ്രത്യാശയോടെ ഒരുമിച്ച് യാത്ര ചെയ്യുക" എന്ന തലക്കെട്ടുമായി ബന്ധപ്പെട്ട് സംസാരിക്കവെ, ഇത്തരമൊരു യാത്ര, തങ്ങളുടേതായ വിശ്വാസങ്ങൾ പണയം വച്ചുകൊണ്ടുള്ള ഒന്നല്ലെന്നും, മറിച്ച് സ്വന്തം വിശ്വാസങ്ങളോട് വിശ്വസ്തതപുലർത്തിക്കൊണ്ടും, തങ്ങളുടെ വേരുകൾ തിരിച്ചറിഞ്ഞതും ഉള്ള ഒന്നായിരിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. മറ്റുള്ളവരിലേക്ക് സ്നേഹത്തിലൂടെ എത്തിച്ചേരാൻ സാധിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
അക്രമങ്ങളെയും വെറുപ്പിനെയും എതിർത്ത്, മതാന്തരബന്ധങ്ങൾ വളർത്തിയെടുക്കാൻ വേണ്ടി തങ്ങളുടെ ജീവനും അദ്ധ്വാനവും സമർപ്പിച്ചവരെയും പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. ജൂബിലി വർഷം ആചരിക്കപ്പെടുന്നതിനെ പരാമർശിച്ച പാപ്പാ, മാനവികതയ്ക്ക് പ്രത്യാശ പകർന്നുകൊണ്ട് മുന്നോട്ടുപോകാൻ മതാന്തരസംവാദങ്ങൾ സഹായിക്കണമെന്ന് ഓർമ്മിപ്പിച്ചു.
ആയിരക്കണക്കിനാളുകൾ പങ്കെടുത്ത ഈ സമ്മേളനത്തിൽ, മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ജോർജ് കൂവക്കാട്, ക്രൈസ്തവ ഐക്യത്തിനായുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ കുർട്ട് കോഹ്, നിരവധി മതങ്ങളുടെയും രാജ്യങ്ങളുടെയും പ്രതിനിധികൾ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ആരംഭത്തിൽ ഇരു ഡികാസ്റ്ററികളുടെയും അധ്യക്ഷന്മാർ പ്രഭാഷണം നടത്തി.
ഇന്തോനേഷ്യയിൽനിന്നുള്ള സംഘം അവതരിപ്പിച്ച ,ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാമിക പാരമ്പര്യങ്ങളെ എടുത്തുകാട്ടുന്ന നൃത്തം, ആഫ്രിക്കയിലെ, ബുറുണ്ടി, ബുർക്കിനോ ഫാസോ, ഐവറി കോസ്റ്, ഘാന, ഗ്വിനെയാ ബിസാവ്, ഗ്വിനിയ കൊണാക്രി, കെനിയ, മാലി, നൈജീരിയ, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്, സാംബിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കലാകാരൻമാർ അവതരിപ്പിച്ച കവിതാലാപനം, വിവിധ കലാകാരൻമാർ അവതരിപ്പിച്ച ഹെബ്രായ സംഗീതം, ഡോ. സഞ്ജന ജോൺ, ഗായകരും കലാകാരന്മാരുമായ, ഇന്ത്യയിൽനിന്നുള്ള വിജയ് യേശുദാസ്, സ്റ്റീഫൻ ദേവസി, അമേരിക്കയിൽനിന്നുള്ള ജെയ്‌സൺ ബോയ്‌ഡ്, റുമേനിയയിൽനിന്നുള്ള യൂലിയ വാൻതൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട "വീ ആർ ദി ന്യൂ വേൾഡ്" എന്ന സംഗീതശില്പം തുടങ്ങിയവയും ചടങ്ങുകളുടെ ഭാഗമായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
