പാപ്പാ: പ്രേഷിതദൗത്യാതിർത്തികൾ മേലിൽ ഭൂമിശാസ്ത്രപരങ്ങളല്ല!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഒക്ടോബർ 4,5 തീയതികളിൽ വത്തിക്കാനിൽ പ്രേഷിതരുടെയും കുടിയേറ്റക്കാരുടെയും ജൂബിലിയാചരണം നടന്നു. ഈ ജൂബിലിയാചരണത്തിൻറെ സമാപനദിനമായിരുന്ന ഞായറാഴ്ച ലിയൊ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മിത്വത്തിൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സാഘോഷമായ ദിവ്യബലി അർപ്പിക്കപ്പെട്ടു. ഭാരതീയരുൾപ്പടെ വിവിധരാജ്യക്കാരായിരുന്ന പ്രേഷിതരും കുടിയേറ്റക്കാരും ഇതര തീർത്ഥാടകരും ഉൾപ്പടെ നാല്പതിനായിരത്തോളംപേർ ഈ തിരുക്കർമ്മത്തിൽ പങ്കുകൊണ്ടു. ആമുഖപ്രാർത്ഥനകൾക്കും വിശുദ്ധഗ്രന്ഥഭാഗ വായനകൾക്കുശേഷം പാപ്പാ സുവിശേഷസന്ദേശം നല്കി. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ സുവിശേഷ പരിചിന്തനം ഇപ്രകാരം വിവർത്തനം ചെയ്യാം:
സുവിശേഷാനന്ദവും സാന്ത്വനവും പകരുന്ന പ്രേഷിതത്വം
പ്രിയ സഹോദരീ സഹോദരന്മാരേ,
ഇന്ന് നാം പ്രേഷിത ലോകത്തിൻറെയും കുടിയേറ്റക്കാരുടെയും ജൂബിലി ആചരിക്കുകയാണ്. സുവിശേഷത്തിൻറെ സന്തോഷവും സമാശ്വാസവും എല്ലാവർക്കും, വിശിഷ്യ, ദുഷ്‌കരവും വ്രണിതവുമായ അവസ്ഥകൾ ജീവിക്കുന്നവർക്ക് എത്തിക്കാനുള്ള ആഗ്രഹത്തിൽ നിന്ന് പിറവിയെടുക്കുന്ന പ്രേഷിതവിളിയെക്കുറിച്ചുള്ള നമ്മുടെ അവബോധം പുനരുജ്ജീവിപ്പിക്കാനുള്ള മനോഹരമായ അവസരമാണിത്. പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരെ ഉപേക്ഷിച്ച്, ഭയത്തിൻറെയും ഏകാന്തതയുടെയും രാത്രികളിലുടെ കടന്നും വിവേചനവും അക്രമവും നേരിട്ട് അനുഭവിച്ചും സ്വന്തം നാട് ഉപേക്ഷിച്ചുപോരേണ്ടിവന്ന നമ്മുടെ കുടിയേറ്റക്കാരായ സഹോദരീസഹോദരന്മാരെക്കുറിച്ച് ഞാൻ പ്രത്യേകം ചിന്തിക്കുന്നു.
സഭ പ്രേഷിത
നാം ഇവിടെ, പത്രോസപ്പസ്തോലൻറെ കബറിടത്തിങ്കൽ, ആയിരിക്കുന്നത് നമുക്കോരോരുത്തർക്കും സന്തോഷത്തോടെ ഇങ്ങനെ പറയാൻ കഴിയേണ്ടതിനാണ്: ആകമാന സഭ പ്രേഷിതയാണ്, ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതുപോലെ, അവൾ "എല്ലാവരോടും, സർവ്വത്ര, എല്ലാ അവസരങ്ങളിലും, മടികൂടാതെ, എതിർപ്പില്ലാതെ, ഭയരഹിതമായി സുവിശേഷം പ്രഘോഷിക്കാൻ പുറപ്പെടുന്നു" (അപ്പോസ്തോലിക പ്രബോധനം എവഞ്ചേലി ഗൗദിയും, 23).
വേദനയുടെ രോദനം ഇന്നും ദൈവത്തിങ്കലേക്കുയരുന്നു
ലോകത്തിൻറെ പ്രാന്തപ്രദേശങ്ങളിൽ, ചിലപ്പോൾ യുദ്ധം, അനീതി, കഷ്ടപ്പാടുകൾ എന്നിവയാൽ മുദ്രിതമായ ഇടങ്ങളിൽ, ക്രിസ്തുവിൻറെ പ്രവർത്തനം തുടരാൻ പരിശുദ്ധാത്മാവ് നമ്മെ അയയ്ക്കുന്നു. ഈ ഇരുണ്ട രംഗങ്ങൾക്കുമുന്നിൽ, ചരിത്രത്തിലുടനീളം നിരവധി തവണ ദൈവത്തോട് ഉയർന്നിട്ടുള്ള നിലവിളി വീണ്ടും ഉയരുന്നു: കർത്താവേ, നീ ഇടപെടാത്തതെന്ത്? നിൻറെ സാന്നിധ്യം ഇല്ലാത്തതായി തോന്നുന്നത് എന്തുകൊണ്ട്? വേദനയുടെ ഈ രോദനം തിരുവെഴുത്തുകളിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒരു പ്രാർത്ഥനാരൂപമാണ്, ഇന്ന് രാവിലെ നാം പ്രവാചകനായ ഹബക്കൂക്കിൽ നിന്ന് അത് കേട്ടു: "കർത്താവേ, എത്രനാൾ ഞാൻ സഹായത്തിനായി വിളിച്ചപേക്ഷിക്കുകയും നീ അതു കേൾക്കാതിരിക്കുകയും ചെയ്യും [...]. തിന്മകളും ദുരിതങ്ങളും കാണാൻ എനിക്കങ്ങ് ഇടയാക്കുന്നത് എന്തുകൊണ്ട്?" (ഹബക്കൂക്ക് 1:2-3).
ഓഷ്വിറ്റ്സിലേക്കുള്ള തൻറെ ചരിത്രപരമായ സന്ദർശന വേളയിൽ ഈ ചോദ്യങ്ങളെക്കുറിച്ച് ചിന്തിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പാ, ഒരു പ്രബോധനത്തിൽ വിഷയം വീണ്ടും പരാമർശിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിച്ചു: "ദൈവം മൗനംപാലിക്കുന്നു, ഈ നിശബ്ദത, നിരന്തരം വിളിച്ചിട്ടും ഉത്തരം കിട്ടാത്ത, അർത്ഥികൻറെ ആത്മാവിനെ കീറിമുറിക്കുന്നു […] ദൈവം വളരെ വിദൂരസ്ഥനും വളരെ മറവിയുള്ളവനും ഏറെ അസന്നിഹിതനുമായി തോന്നുന്നു” (പ്രബോധനം, സെപ്റ്റംബർ 14, 2011).
കർത്താവിൻറെ പ്രത്യാശാദായക പ്രത്യുത്തരം
എന്നിരുന്നാലും, കർത്താവിൻറെ പ്രത്യുത്തരം നമുക്ക് പ്രത്യാശ പ്രദാനംചെയ്യുന്നതാണ്. പ്രബലമാകുന്നുവെന്ന് പ്രതീതമാകുന്ന തിന്മയുടെ അനിവാര്യമായ ശക്തിയെ പ്രവാചകൻ അപലപിക്കുകയാണെങ്കിൽ, ഇതിനെല്ലാം ഒരു അവസാനം, ഒരു സമയപരിധി ഉണ്ടായിരിക്കുമെന്ന് കർത്താവ് പ്രഖ്യാപിക്കുന്നു, കാരണം രക്ഷ വരും, അതിന് കാലവിളംബം ഉണ്ടാകില്ല: “ഇതാ, ഹൃദയപരമാർത്ഥത ഇല്ലാത്തവൻ പരാജയപ്പെടും, നീതിമാൻ തൻറെ വിശ്വസ്തതമൂലം ജീവിക്കും” (ഹബക്കൂക്ക് 2:4).
കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ...
ആകയാൽ, ഒരു ജീവിതം, വിശ്വാസത്തിൽ നിന്ന് വരുന്ന ഒരു ജീവിതത്തിൻറെയും രക്ഷയുടെയും പുതിയൊരു സാധ്യത ഉണ്ട്, കാരണം അത് നന്മയിൽ ഉറച്ചുനിന്നുകൊണ്ട് തിന്മയെ ചെറുക്കാൻ നമ്മെ സഹായിക്കുക മാത്രമല്ല, ദൈവം ഇന്നും ലോകത്തിൽ പ്രവർത്തനനിരതമാക്കാൻ ആഗ്രഹിക്കുന്ന പരിത്രാണത്തിൻറെ ഒരു ഉപകരണമാക്കി മാറ്റുന്ന തരത്തിൽ നമ്മുടെ അസ്തിത്വത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. സുവിശേഷത്തിൽ യേശു നമ്മോട് പറയുന്നതുപോലെ, അത് ഒരു മൃദുല ശക്തിയാണ്: വിശ്വാസം ശക്തി മാർഗ്ഗങ്ങളിലൂടെയും അസാധാരണ രീതികളിലൂടെയും സ്വയം അടിച്ചേൽപ്പിക്കുന്നില്ല; അചിന്തനീയമായത് നിറവേറ്റാൻ അത് ഒരു കടുക് മണിയോളം മാത്രം മതി ( ലൂക്കാ 17:6 കാണുക), കാരണം അത് രക്ഷയിലേക്കുള്ള വഴി തുറക്കുന്ന ദൈവസ്നേഹത്തിൻറെ ശക്തി സംവഹിക്കുന്നു.
പ്രേഷിതത്വവും സഹോദരങ്ങളോടുള്ള കാരുണ്യാധിഷ്ഠിത കരുതലും
യാതനകളനുഭവിക്കുന്ന അയൽക്കാരൻറെ കാര്യത്തിൽ നാം നേരിട്ട് സുവിശേഷത്തിൻറെ കാരുണ്യത്തോടെ, കരുതൽ കാട്ടുമ്പോൾ ഉണ്ടാകുന്ന ഒരു രക്ഷയാണിത്. യേശു പറഞ്ഞ ചെറിയ വിത്ത് പോലെയായി മാറുന്ന നമ്മുടെ ദൈനംദിന പ്രവൃത്തികളിലും വാക്കുകളിലും നിശബ്ദമായും പ്രത്യക്ഷത്തിൽ കാര്യക്ഷമമല്ലാത്തതായും മുന്നേറുന്ന ഒരു രക്ഷയാണിത്. നാം നമ്മെത്തന്നെ "പ്രയോജനമില്ലാത്ത ദാസന്മാരാക്കുമ്പോൾ", അതായത്, നാം നമ്മുടെ സ്വന്തം താൽപ്പര്യങ്ങൾ അന്വേഷിക്കാതെ, കർത്താവിൻറെ സ്നേഹം ലോകത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി മാത്രം, സുവിശേഷത്തിൻറെയും നമ്മുടെ സഹോദരീസഹോദരന്മാരുടെയും സേവനത്തിനായി സ്വയം സമർപ്പിക്കുമ്പോൾ, സാവധാനം വളരുന്ന ഒരു രക്ഷയാണിത്.
പ്രേഷിതവിളിയുടെ അഗ്നി നവീകരിക്കുക
ഈ വിശ്വാസത്തോടെ, നമ്മുടെ പ്രേഷിത വിളിയുടെ അഗ്നി നമ്മിൽ നവീകരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ പോൾ ആറാമൻ പറഞ്ഞതുപോലെ, "മാനവചരിത്രത്തിലെ ഈ അസാധാരണ കാലഘട്ടത്തിൽ, മുമ്പൊരിക്കലും എത്തിച്ചേരാത്തവിധമുള്ള പുരോഗതിയുടെ പരകോടികളോട് ആശയക്കുഴപ്പത്തിൻറെയും നിരാശയുടെയും ഗർത്തങ്ങൾ ചേർന്നുവരുന്ന, യാഥാർത്ഥമായും അഭൂതപൂർവ്വമായ ഒരു സമയത്ത്, സുവിശേഷം പ്രഖ്യാപിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്" (ലോക പ്രേഷിതദിന സന്ദേശം, ജൂൺ 25, 1971).
പ്രേഷതത്വത്തിൻറെ പുതുയൂഗം
സഹോദരീ സഹോദരന്മാരേ, ഇന്ന് സഭാ ചരിത്രത്തിൽ ഒരു പുതിയ പ്രേഷിത യുഗം തുറക്കുകയാണ്. വളരെക്കാലമായി നമ്മൾ പ്രേഷിതദൗത്യത്തെ "പുറപ്പെടലുമായി" ബന്ധപ്പെടുത്തിയിരുന്നുവെങ്കിൽ, സുവിശേഷം അറിയാത്തതോ ദാരിദ്ര്യത്തിലായിരുന്നതോ ആയ വിദൂര ദേശങ്ങളിലേക്ക് പോകുന്നതായിരുന്നുവെങ്കിൽ, ഇന്ന് പ്രേഷിതദൗത്യത്തിൻറെ അതിരുകൾ ഭൂമിശാസ്ത്രപരമല്ല, കാരണം ദാരിദ്ര്യം, കഷ്ടപ്പാട്, കൂടുതൽ വലിയ പ്രത്യാശയ്ക്കായുള്ള ആഗ്രഹം എന്നിവ ഇന്ന് നമ്മുടെ പക്കലേക്കു വരുകയാണ്. നമ്മുടെ നിരവധി കുടിയേറ്റ സഹോദരീസഹോദരന്മാരുടെ ചരിത്രം ഇതിന് സാക്ഷ്യം വഹിക്കുന്നു: അക്രമത്തിൽ നിന്നുള്ള അവരുടെ പലായന നാടകീയാവസ്ഥ, അവരനുഭവിക്കുന്ന കഷ്ടപ്പാടുകൾ, പരാജയഭീതി, കടൽയാത്രയുടെ അപകടസാധ്യതകൾ, അവരുടെ വേദനയുടെയും നിരാശയുടെയും നിലവിളികൾ. സഹോദരീസഹോദരന്മാരേ, സുരക്ഷിതമായി ഒരു തുറമുഖത്തെത്താൻ കഴിയുമെന്ന് പ്രത്യാശിക്കുന്ന ആ യാനങ്ങൾക്കും, കര തേടുന്ന വേദനയും പ്രത്യാശയും നിറഞ്ഞ ആ കണ്ണുകൾക്കും നിസ്സംഗതയുടെ ശൈത്യമോ വിവേചനത്തിൻറെ അടയാളമോ നേരിടാൻ കഴിയില്ല, നേരിടേണ്ടി വരരുത്!
പുതിയ പ്രേഷിത മാനം "നിലകൊള്ളൽ"
"പുറപ്പെടുക" എന്നതല്ല, പ്രത്യുത, സ്വാഗതം, കാരുണ്യം, ഐക്യദാർഢ്യം എന്നിവയിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കാൻ "നിലകൊള്ളുക" എന്നതിനെ സംബന്ധിച്ചതാണ് പ്രേഷിതദൗത്യം: നമ്മുടെ വ്യക്തിപരമായ താല്പര്യങ്ങളുടെ സുഖസൗകര്യത്തിൽ അഭയം തേടാതെ, വിദൂരവും പീഡിതവുമായ ദേശങ്ങളിൽ നിന്ന് എത്തുന്നവരുടെ മുഖത്ത് നോക്കാനും അവരെ സഹോദരങ്ങളെന്ന പോലെ സ്വാഗതം ചെയ്യുന്നതിന് കരങ്ങളും ഹൃദയവും തുറക്കാനും, അവർക്ക് ആശ്വാസത്തിൻറെയും പ്രത്യാശയുടെയും സാന്നിധ്യമായിരിക്കാനുമായി നിലകൊള്ളുക.
സാഹോദര്യത്തിൻറെ പുത്തൻ സംസ്കാരം ഊട്ടിവളർത്തുക
കുടിയേറ്റക്കാരുടെ സേവനത്തിനും സ്ഥിരരൂപങ്ങൾക്കും മുൻവിധികൾക്കും അപ്പുറം കുടിയേറ്റ വിഷയത്തിൽ സാഹോദര്യത്തിൻറെ ഒരു പുത്തൻ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന ധാരാളം പ്രേഷിതകളും പ്രേഷിതരും മാത്രമല്ല, വിശ്വാസികളും സന്മനസ്സുള്ള ആളുകളുമുണ്ട്. എന്നാൽ ഈ അമൂല്യ സേവനം നമ്മിൽ ഓരോരുത്തരെയും നമ്മുടെ സാധ്യതകളുടെ ചെറുമയിലും വെല്ലുവിളിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതുപോലെ, "പ്രേഷിതത്വത്തിൻറെ സ്ഥിരമായ ഒരു അവസ്ഥയിൽ" നമ്മെത്തന്നെ പ്രതിഷ്ഠിക്കാനുള്ള സമയമാണിത് (എവഞ്ചേലി ഗൗദിയും, 25).
ഇതിനെല്ലാം കുറഞ്ഞത് രണ്ട് വലിയ പ്രേഷിത പ്രതിബദ്ധതകൾ ആവശ്യമാണ്: പ്രേഷിത സഹകരണവും പ്രേഷിത വിളിയും.
പ്രേഷിത സഹകരണവും വിളിയും
സർവ്വോപരി, സഭകൾക്കിടയിൽ നവീകൃതമായ ഒരു പ്രേഷിത സഹകരണം പരിപോഷിപ്പിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ്. പാശ്ചാത്യലോകത്തെ പോലെ പുരാതന ക്രിസ്തീയ പാരമ്പര്യമുള്ള സമൂഹങ്ങളിൽ, ലോകത്തിൻറെ തെക്കുഭാഗത്തു നിന്നുള്ള നിരവധി സഹോദരീസഹോദരന്മാരുടെ സാന്നിധ്യം, സഭയുടെ വദനത്തെ നവീകരിക്കുകയും കൂടുതൽ തുറവുള്ളതും ഊർജ്ജസ്വലവും ചലനാത്മകവുമായ ഒരു ക്രിസ്തുമതത്തിന് പ്രചോദനം നൽകുകയും ചെയ്യുന്ന വിനിമയത്തിൻറെ ഒരു അവസരമായി സ്വാഗതംചെയ്യപ്പെടണം. അതേസമയം, മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഓരോ പ്രേഷിതനും നല്ലതും മഹത്തരവുമായി കാണുന്നവയെയെല്ലാം നന്മയിലേക്കു തിരിച്ചുവിടുകയും അവിടെ സുവിശേഷത്തിൻറെ പ്രവചനാത്മകത സംവഹിക്കുകയും ചെയ്തുകൊണ്ട്, താൻ കണ്ടുമുട്ടുന്ന സംസ്കാരങ്ങളിൽ പവിത്രമായ ആദരവോടെ ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു.
പ്രേഷിത വിളികളുടെ സൗന്ദര്യത്തെയും പ്രാധാന്യത്തെയുംകുറിച്ച് ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ യൂറോപ്പിലെ സഭയെ സവിശേഷമാം വിധം സംബോധന ചെയ്യുന്നു: ഇന്ന് പ്രേഷിത പ്രദേശങ്ങളിൽ സേവനം ചെയ്യുന്ന അൽമായർക്കും സമർപ്പിതർക്കും പുരോഹിതന്മാർക്കും, നവമായൊരു പ്രേഷിതാഭിനിവേശവും ഈ ആഗ്രഹം ഉണർത്താൻ കഴിവുറ്റ, വിശിഷ്യ യുവജനങ്ങളിൽ, നൂതന നിർദ്ദേശങ്ങളും ദൈവവിളി അനുഭവങ്ങളും ആവശ്യമുണ്ട്. അതേസമയം, പ്രേഷിതനൊ പ്രേഷിതയൊ ആകാൻ ആഗ്രഹിക്കുന്നയാളുടെ ദൈവവിളിപരമായ പ്രചോദനങ്ങൾ ശ്രദ്ധാപൂർവ്വം വിവേചിച്ചറിയാൻ ദക്ഷിണലോകത്തിലെ സമൂഹം വിളിക്കപ്പെട്ടിരിക്കുന്നു.
രക്ഷയുടെ ഇടങ്ങളായി പരിണമിക്കുന്ന യാതനാവേദികൾ
പ്രിയമുള്ളവരേ, വ്യക്തിഗത സഭകളിലെ വൈദികർക്കും പ്രേഷിതർക്കും പ്രേഷിതകൾക്കും, ദൈവവിളിപരമായ വിവേചനാധികാരമുള്ളവർക്കും ഞാൻ സ്നേഹപൂർവ്വം എൻറെ ആശീർവ്വാദമേകുന്നു. കുടിയേറ്റക്കാരോടാകട്ടെ, ഞാൻ പറയുന്നു: നിങ്ങൾക്ക് എപ്പോഴും സ്വാഗതം! നിങ്ങൾ കടന്നുപോയ കടലുകളും മരുഭൂമികളും തിരുവെഴുത്തുകളിൽ "രക്ഷയുടെ സ്ഥലങ്ങളാണ്", അവിടെ ദൈവം സ്വന്തം ജനത്തെ രക്ഷിക്കാൻ സ്വയം അവതരിച്ചു. നിങ്ങൾ കണ്ടുമുട്ടുന്ന പ്രേഷിതരിൽ ദൈവത്തിൻറെ ഈ വദനം നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു!
പ്രഥമ പ്രേഷിതയായ പരിശുദ്ധ അമ്മ
യേശുവിനെ ഉദരത്തിൽ വഹിച്ചുകൊണ്ട്, എലിസബത്തിനെ ശുശ്രൂഷിക്കാനുള്ള പ്രതിബദ്ധതയോടെ യഹൂദിയായിലെ കുന്നിൻമുകളിലേക്ക് തിടുക്കത്തിൽ യാത്ര ചെയ്തവളായ, തൻറെ പുത്രൻറെ ആദ്യ പ്രേഷിതയായ മറിയത്തിൻറെ മാദ്ധ്യസ്ഥ്യത്തിന് ഞാൻ നിങ്ങളെയെല്ലാം ഭരമേൽപ്പിക്കുന്നു. ക്രിസ്തുവിൻറെ രാജ്യത്തിൻറെ, സ്നേഹത്തിൻറെയും നീതിയുടെയും സമാധാനത്തിൻറെയും രാജ്യത്തിൻറെ സഹകാരികളാകുന്നതിന് അവൾ നമ്മെ തുണയ്ക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
