തിരയുക

പാപ്പാ: മരിയൻ ആത്മീയതയുടെ കേന്ദ്രം യേശു!

മരിയൻ ആദ്ധ്യാത്മികതയുടെ ജൂബിലിയാചരണ ദിവ്യബലി മദ്ധ്യേ പാപ്പാ നടത്തിയ സുവിശേഷ പ്രഭാഷണം. വിശ്വാസം കരുവാക്കപ്പെടുന്നതിനെതിരെ ജാഗ്രത പാലിക്കുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഒക്ടോബർ 11,12 തീയതികളിൽ വത്തിക്കാനിൽ മരിയൻ ആദ്ധ്യാത്മികതയുടെ ജൂബിലിയാചരിക്കപ്പെട്ടു. ഈ ജൂബിലിയാചരണത്തിൻറെ സമാപനദിനമായിരുന്ന ഞായറാഴ്ച രാവിലെ പ്രാദേശികസമയം 10.30-ന് ലിയൊ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മിത്വത്തിൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സാഘോഷമായ ദിവ്യബലി അർപ്പിക്കപ്പെട്ടു. ഭാരതീയരുൾപ്പടെ വിവിധരാജ്യക്കാരായിരുന്ന അമ്പതിനായിരത്തോളം പേർ ഈ തിരുക്കർമ്മത്തിൽ പങ്കുകൊണ്ടു. ആമുഖപ്രാർത്ഥനകൾക്കും വിശുദ്ധഗ്രന്ഥഭാഗ വായനകൾക്കുശേഷം പാപ്പാ സുവിശേഷസന്ദേശം നല്കി. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

മരിയൻ ആദ്ധ്യാത്മികത നമ്മുടെ വിശ്വാസ പരിപോഷണത്തിന്              

ഏറ്റവും വത്സല സഹോദരീ സഹോദരന്മാരേ,

തിമോത്തിയോസിനോടു ചെയ്തതുപോലെ, ഇന്ന് പൗലോസ് അപ്പോസ്തലൻ നമ്മെ ഓരോരുത്തരെയും സംബോധന ചെയ്യുന്നു: "ദാവീദിൻറെ വംശജനും മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ സ്മരിക്കുക" (2 തിമോത്തിയോസ് 2:8). നമ്മുടെ വിശ്വാസത്തെ പോഷിപ്പിക്കുന്ന മരിയൻ ആത്മീയതയുടെ കേന്ദ്രം യേശുവാണ്. അത് മരിച്ചവരിൽ നിന്നുള്ള അവിടത്തെ പുനരുത്ഥാനത്തിൻറെ ചക്രവാളത്തിൽ ഓരോ പുതിയ ആഴ്ചയുടെയും ആരംഭം കുറിക്കുന്ന  ഞായറാഴ്ച എന്ന പോലെയാണ്. "യേശുക്രിസ്തുവിനെ ഓർക്കുക": ഇത് മാത്രമാണ് പ്രധാനം, ഇതുതന്നെയാണ് മാനവ ആത്മീയതകളും ദൈവത്തിൻറെ വഴിയും തമ്മിലുള്ള വ്യത്യാസം. "ഒരു കുറ്റവാളിയെപ്പോലെ ബന്ധിക്കപ്പെട്ട" (2 തിമോത്തെയോസ് 2:9), പൗലോസ്, നാം നമ്മുടെ കേന്ദ്രബിന്ദു നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും യേശുവിൻറെ ചരിത്രത്തിൽ നിന്നും കുരിശിൽ നിന്നും അവൻറെ നാമം ഉരിഞ്ഞുമാറ്റരുതെന്നും ശിപാർശചെയ്യുന്നു. നാം അമിതമായി കണക്കാക്കുന്നതും ക്രൂശിക്കുന്നതും ദൈവം ഉയിർപ്പിക്കുന്നു, എന്തെന്നാൽ "അവന് തന്നെത്തന്നെ നിഷേധിക്കാൻ കഴിയില്ല" (2 തിമോത്തെയോസ് 2:13). യേശു ദൈവത്തിൻറെ വിശ്വസ്തതയാണ്, ദൈവത്തിന് തന്നോടു തന്നെയുള്ള വിശ്വസ്തതയാണ്. ആകയാൽ ഞായറാഴ്ച നമ്മെ ക്രിസ്ത്യാനികളാക്കണം, അതായത്, നമ്മുടെ ഒരുമിച്ചുള്ള ജീവിതത്തെയും ഭൂ വാസത്തെയും രൂപാന്തരപ്പെടുത്തിക്കൊണ്ട് നമ്മുടെ വികാരങ്ങളെയും ചിന്തകളെയും യേശുവിൻറെ ജ്വലിക്കുന്ന ഓർമ്മകളാൽ നിറയ്ക്കണം. എല്ലാ ക്രിസ്തീയ ആത്മീയതയും ഈ അഗ്നിയിൽ നിന്ന് പടരുകയും അതിനെ കൂടുതൽ സജീവമാക്കുന്നതിന് സംഭാവന ചെയ്യുകയും ചെയ്യുന്നു.

കുഷ്ഠരോഗിയായ നാമാൻ

രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലെ (5:14-17) വായന സിറിയക്കാരനായ നാമാൻറെ രോഗശാന്തിയെക്കുറിച്ച് നമ്മെ അനുസ്മരിപ്പിച്ചു. നസറെത്തിലെ സിനഗോഗിൽ യേശു തന്നെ ഈ ഭാഗം വ്യാഖ്യാനിക്കുന്നു (ലൂക്കാ 4:27 കാണുക), അവൻറെ വ്യാഖ്യാനത്തിൻറെ ഫലം അന്നാട്ടിലെ ജനങ്ങൾക്ക് അസ്വസ്ഥജനകമായിരുന്നു. ഇസ്രായേലിലുണ്ടായിരുന്ന കുഷ്ഠരോഗികളെക്കാൾ പരദേശിയായിരുന്ന ആ  കുഷ്ഠരോഗിയെ ദൈവം രക്ഷിച്ചു എന്ന് പറഞ്ഞത് ഒരു പൊതു പ്രതികരണത്തിന് കാരണമായി: "സിനഗോഗിൽ ഉണ്ടായിരുന്ന എല്ലാവരും കോപാകുലരായി. അവർ അവനെ പട്ടണത്തിൽ നിന്ന് പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ ശൃംഗത്തിൽ നിന്നു താഴേക്കു തള്ളിയിടാനായി കൊണ്ടുപോകുകയും ചെയ്തു" (ലൂക്കാ 4:28-29). അവിടെ മറിയത്തിൻറെ സാന്നിധ്യത്തെക്കുറിച്ച് സുവിശേഷകൻ സൂചിപ്പിക്കുന്നില്ല. നവജാതനായ യേശു  ദേവാലയത്തിലേക്ക് കൊണ്ടുവരപ്പെട്ട വേളയിൽ വൃദ്ധനായ ശിമയോൻ പ്രവചിച്ച കാര്യങ്ങൾ അനുഭവിക്കാൻ അവൾ അവിടെ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടായിരുന്നു: "ഇതാ, ഈ ശിശു ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. നിൻറെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും" (ലൂക്കാ 2:34-35).

ജീവസുറ്റ ദൈവവചനം

അതെ, ഏറ്റവും പ്രിയമുള്ളവരേ, "ദൈവത്തിൻറെ വചനം സജീവവും ഊർജ്ജസ്വലവുമാണ്; ഇരുതലവാളിനേക്കാൻ  മൂർച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിൻറെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്" (എബ്രായർ 4:12). അങ്ങനെ, ഫ്രാൻസിസ് മാർപാപ്പായാകട്ടെ, സിറിയക്കാരനായ നാമാൻറെ സംഭവത്തെ സഭയുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളും തുളച്ചുകയറുന്നതും കാലികവുമായ ഒരു സന്ദേശമായി കണ്ടു. റോമൻ കൂരിയായെ സംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു: "ഈ മനുഷ്യൻ ഒരു ഭീകരമായ ദുരന്തവുമായി സഹവസിക്കാൻ നിർബന്ധിതനാകുന്നു: അവൻ ഒരു കുഷ്ഠരോഗിയാണ്. അവൻറെ പടച്ചട്ട, അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുക്കുന്ന അതേ കവചം, യഥാർത്ഥത്തിൽ ദുർബ്ബലവും വ്രണിതവും രോഗഗ്രസ്തവുമായ ഒരു മാനവികതയെ മൂടുന്നു. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഈ വൈരുദ്ധ്യം നാം കാണുന്നു: ചിലപ്പോഴൊക്കെ വൻ ദാനങ്ങൾ വലിയ ബലഹീനതകൾ മറയ്ക്കുന്നതിനുള്ള കവചമാണ്. […] തൻറെ പടച്ചട്ടയിൽ അണിയാൻ നാമാൻ മുദ്രകൾ നേടാൻ ശ്രമിച്ചുകൊണ്ടിരുന്നെങ്കിൽ, ഒടുവിൽ അവൻ കുഷ്ഠരോഗത്താൽ വിഴുങ്ങപ്പെടുമായിരുന്നു: പ്രത്യക്ഷത്തിൽ ജീവിച്ചിരിക്കുന്നു, അതെ, എന്നാൽ രോഗത്തിൽ അടച്ചുപൂട്ടി ഒറ്റപ്പെട്ടിരിക്കുന്നു.

സൗജന്യ സ്നേഹമാകുന്ന യേശു

യേശു നമ്മെ ഈ അപകടത്തിൽ നിന്ന് മോചിപ്പിക്കുന്നു, അവന് പടച്ചട്ടകളില്ല, മറിച്ച്, നഗ്നനായി ജനിക്കുകയും മരിക്കുകയും ചെയ്യുന്നുവൻ; സൗഖ്യപ്പെടുത്തപ്പെട്ട കുഷ്ഠരോഗികളെ തന്നെ തിരിച്ചറിയാൻ നിർബന്ധിക്കാതെ തൻറെ ദാനം നൽകുന്നവൻ: താൻ രക്ഷിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുന്നത്, സുവിശേഷത്തിൽ, സമറിയക്കാരനായ ഒരുവൻ മാത്രമാണ് (ലൂക്കോസ് 17:11-19 കാണുക). ഒരുപക്ഷേ ഒരാൾക്ക് അഭിമാനിക്കാൻ കഴിയുന്ന സ്ഥാനപ്പേരുകൾ കുറവാണെങ്കിൽ, സ്നേഹം സൗജന്യമാണെന്ന് കൂടുതൽ വ്യക്തമാകും. ദൈവം ശുദ്ധമായ ദാനമാണ്, കൃപ മാത്രമാണ്, എന്നിരുന്നാലും ഈ നഗ്നവും സ്ഫോടനാത്മകവുമായ സത്യത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ കഴിയുന്ന ശബ്ദങ്ങളും ബോധ്യങ്ങളും എത്രമാത്രമാണ് ഇന്നും!

സുവിശേഷത്തെ സേവിക്കുന്ന മരിയൻ ആദ്ധ്യാത്മികത

സഹോദരീസഹോദരന്മാരേ, മരിയൻ ആത്മീയത സുവിശേഷത്തിന് സേവനം ചെയ്യുന്നു: അത് അതിൻറെ ലാളിത്യം വെളിപ്പെടുത്തുന്നു. നസറത്തിലെ മറിയത്തോടുള്ള വാത്സല്യം അവളോടൊപ്പം നമ്മെയും യേശുവിൻറെ ശിഷ്യരാക്കുന്നു, അവനിലേക്ക് മടങ്ങാനും, ഉയിർത്തെഴുന്നേറ്റവൻ ഇപ്പോഴും നമ്മെ സന്ദർശിക്കുകയും വിളിക്കുകയും ചെയ്യുന്ന ജീവിത സംഭവങ്ങളെ ധ്യാനിക്കാനും ബന്ധിപ്പിക്കാനും നമ്മെ പഠിപ്പിക്കുന്നു. സ്വർഗ്ഗം തുറന്നിരിക്കുന്ന ചരിത്രത്തിൽ മരിയൻ ആത്മീയത നമ്മെ ആമഗ്നമാക്കുന്നു, തങ്ങളുടെ ഹൃദയങ്ങളിലെ ചിന്തകളിൽ ചിതറപ്പെട്ടവരായ അഹങ്കാരികളെ, തങ്ങളുടെ സിംഹാസനങ്ങളിൽ നിന്ന് മറിച്ചിടപ്പെട്ട ശക്തരെ, വെറുംകൈയ്യോടെ തിരിച്ചയക്കപ്പെട്ട സമ്പന്നരെ കാണാൻ മരിയൻ ആദ്ധ്യാത്മികത നമ്മെ സഹായിക്കുന്നു. വിശക്കുന്നവരെ നല്ല കാര്യങ്ങൾ കൊണ്ട് നിറയ്ക്കാനും, എളിയവരെ ഉയർത്താനും, ദൈവത്തിൻറെ കരുണ്യം ഓർമ്മിക്കാനും, അവൻറെ കരബലത്തിൽ ആശ്രയിക്കാനും ഇത് നമ്മെ പ്രേരിപ്പിക്കുന്നു (ലൂക്കാ 1:51-54 കാണുക). വാസ്തവത്തിൽ, അവൻറെ രാജ്യം നമ്മെ അതിൻറെ ഭാഗമാക്കുന്നു, ഒരിക്കൽ "അതെ" എന്ന് പറയാൻ അവൻ മറിയത്തോട് ആവശ്യപ്പെട്ടതുപോലെയാണത്. ഒരിക്കൽ അരുളിയ സമ്മതം അനുദിനം നവീകരിക്കപ്പെടുന്നു.

ദൈവത്തിൻറെ കൃപ നമ്മിൽ എത്തിച്ചേരുകയും എന്നാൽ പ്രത്യുത്തരം ഇല്ലാതിരിക്കുകയും ചെയ്യാമെന്നും അതിന് നമ്മെ സുഖപ്പെടുത്താനാകും എന്നിരുന്നാലും അതുൾക്കൊള്ളുന്നതിൽ നാം പരാജയപ്പെടാമെന്നും നന്ദി പറയാൻ മടങ്ങിയെത്താത്ത സുവിശേഷത്തിലെ കുഷ്ഠരോഗികൾ നമ്മെ ഓർമ്മിപ്പിക്കുന്നു. അതിനാൽ, യേശുവിനെ അനുഗമിക്കുന്നതിലേക്കു നയിക്കാത്ത തരത്തിലുള്ളതായ ആ ദേവാലയപ്രവേശം നടത്താതിരിക്കാൻ നമുക്ക് ജാഗ്രത പാലിക്കാം. മറ്റുള്ളവരുമായി നമ്മെ ബന്ധിപ്പിക്കാത്തതും നമ്മുടെ ഹൃദയങ്ങളെ മരവിപ്പിക്കുന്നതുമായ ആരാധനാരീതികളുണ്ട്. അപ്പോൾ ദൈവം നമ്മുടെ പാതയിൽ എത്തിക്കുന്നവരുമായുള്ള യഥാർത്ഥ കൂടിക്കാഴ്ചകൾ നടത്തുന്നതിൽ നാം പരാജയപ്പെടുന്നു; മാറിക്കൊണ്ടിരിക്കുന്ന ലോകത്തിലും മറിയത്തിൻറെ സ്തോത്രഗീതത്തിൻറെ സന്തോഷത്തിലും അവളെപ്പോലെ പങ്കുകൊള്ളുന്നതിൽ നാം പരാജിതരാകുന്നു. വിശ്വാസത്തെ പലതരത്തിൽ കരുവാക്കുന്ന പ്രവണതയെക്കുറിച്ച് നമുക്ക് ജാഗ്രതയുള്ളവരായിരിക്കാം. കാരണം, വ്യത്യസ്തരായവരെ - പലപ്പോഴും ദരിദ്രരെ - ശത്രുക്കളായി, ഒഴിവാക്കപ്പെടേണ്ടവരും തിരസ്കരിക്കേണ്ടവരുമായ "കുഷ്ഠരോഗികളായി" മാറ്റുന്ന അപകടം അതിലുണ്ട്.

യേശുവിനെ അനുഗമിക്കുന്ന മറിയം

മറിയത്തിൻറെ യാത്ര യേശുവിൻറെ പിന്നാലെയാണ്, യേശുവിൻറെ ഗമനം ഓരോ മനുഷ്യനിലേക്കും, പ്രത്യേകിച്ച്, ദരിദ്രരിലേക്കും, മുറിവേറ്റവരിലേക്കും, പാപികളിലേക്കും ആണ്. ഇക്കാരണത്താൽ, അധികൃത മരിയൻ ആത്മീയത ദൈവത്തിൻറെ കരുണയെ, അവളുടെ മാതൃത്വത്തെ, സഭയിൽ കാലികമാക്കിത്തീർക്കുന്നു. "കാരണം - അപ്പസ്തോലിക പ്രബോധനമായ എവഞ്ചേലി ഗൗദിയുമിൽ നാം വായിക്കുന്നതുപോലെ - മറിയത്തെ നോക്കുമ്പോഴെല്ലാം നാം ആർദ്രതയുടെയും വാത്സല്യത്തിൻറെയും വിപ്ലവകരമായ ശക്തിയിൽ വിശ്വസിക്കുന്നതിലേക്കു മടങ്ങുന്നു. എളിമയും ആർദ്രതയും ദുർബ്ബലരുടെ പുണ്യങ്ങളല്ല, മറിച്ച് ശക്തരുടെ പുണ്യങ്ങളാണെന്ന് അവളിൽ നമുക്ക് കാണാൻ കഴിയും. ഈ ശക്തർക്ക് തങ്ങൾ പ്രധാനപ്പെട്ടവരാണ് എന്ന് തോന്നാൻ  മറ്റുള്ളവരോട് മോശമായി പെരുമാറേണ്ട ആവശ്യമില്ല. "ശക്തരെ അവരുടെ സിംഹാസനങ്ങളിൽ നിന്ന് താഴെയിറക്കിയതിനും" "സമ്പന്നരെ വെറും കൈയ്യോടെ പറഞ്ഞയച്ചതിനും" (ലൂക്കാ 1:52-53) ദൈവത്തെ സ്തുതിച്ചവൾ തന്നെയാണ് നീതിക്കായുള്ള നമ്മുടെ അന്വേഷണത്തിന് ഗാർഹിക ഊഷ്മളത കൊണ്ടുവരുന്നത്" (288) എന്ന് അവളെ നോക്കുമ്പോൾ നമുക്ക് കണ്ടെത്താനാകും.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടുക

പ്രിയമുള്ളവരേ, നീതിക്കും സമാധാനത്തിനും വേണ്ടി ദാഹിക്കുന്ന ഈ ലോകത്ത്, ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടതും ഭൂമിയുടെ മുഖച്ഛായ എന്നെന്നേക്കുമായി മാറ്റിയതുമായ ആ സംഭവങ്ങളോടും ആ സ്ഥലങ്ങളോടുമുള്ള ജനകീയ ഭക്തി, ക്രിസ്തീയ ആത്മീയത, നമുക്ക് സജീവമായി നിലനിർത്താം. ജൂബിലി ആവശ്യപ്പെടുന്നതുപോലെ, നവീകരണത്തിൻറെയും പരിവർത്തനത്തിൻറെയും ഒരു പ്രേരകശക്തിയായി, മാനസാന്തരത്തിൻറെയും പ്രായശ്ചിത്തത്തിൻറെയും, പുനർവിചിന്തനത്തിൻറെയും വിമോചനത്തിൻറെയും ഒരു സമയമായി അതിനെ മാറ്റാം. ഞങ്ങളുടെ പ്രത്യാശയായ ഏറ്റവും പരിശുദ്ധയായ മറിയമേ ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുകയും ക്രൂശിതനായ കർത്താവിലേക്ക് ഞങ്ങളെ വീണ്ടും എന്നേക്കും നയിക്കുകയും ചെയ്യേണമേ. അവനിലാണ് എല്ലാവരുടെയും രക്ഷ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഒക്‌ടോബർ 2025, 09:49