സമാധാനത്തിനായുള്ള പ്രതീക്ഷകൾ ഫലസമൃദ്ധമാകട്ടെ: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി ഞായറാഴ്ച, മരിയൻ ആത്മീയതയുടെ ജൂബിലി ആഘോഷ ദിവ്യബലിക്കുശേഷം, ലിയോ പതിനാലാമൻ പാപ്പാ, ത്രികാലപ്രാർത്ഥന നയിച്ചു. തദവസരത്തിൽ വിവിധ പ്രാർത്ഥനാ അഭ്യർത്ഥനകളും പാപ്പാ നടത്തി. അവയിൽ മധ്യ പൂർവേഷ്യയിൽ സമാധാനചർച്ചകളിൽ ഉൾപ്പെട്ടിരിക്കുന്നവരെ പാപ്പാ പ്രോത്സാഹിപ്പിക്കുകയും, പ്രാർത്ഥനകൾ നേരുകയും ചെയ്തു. വിശുദ്ധ നാട് ഉൾപ്പെടുന്ന പ്രദേശത്തു, വർഷങ്ങളായി തുടരുന്ന യുദ്ധഭീകരതയ്ക്ക് അറുതിവരുത്തുവാനുള്ള സമാധാന പ്രക്രിയ ആരംഭിക്കുന്നതിനുള്ള കരാർ ഏറെ പ്രത്യാശാജനകമാണെന്നു പാപ്പാ പറഞ്ഞു.
ഇസ്രായേൽ ജനതയുടെയും പലസ്തീൻ ജനതയുടെയും ന്യായമായ അഭിലാഷങ്ങളെ മാനിക്കുന്ന നീതിപൂർവകവും, ശാശ്വതവുമായ സമാധാനത്തിലേക്കുള്ള പാതയിൽ ധൈര്യപൂർവ്വം മുന്നോട്ട് പോകാൻ, പാപ്പാ ഏവരെയും പ്രോത്സാഹിപ്പിച്ചു. രണ്ട് വർഷത്തെ സംഘർഷം, എല്ലായിടത്തും മരണവും, അവശിഷ്ടങ്ങളും അവശേഷിപ്പിച്ചുവെന്നത് ഏറെ വേദനയുളവാക്കുന്നതാണെന്നും, മക്കളെയും മാതാപിതാക്കളെയും സുഹൃത്തുക്കളെയും നഷ്ട്ടപ്പെട്ടവരുടെ ഹൃദയവേദന വളരെ വലുതാണെന്നും പാപ്പാ പറഞ്ഞു.
ഏവരുടെയും വേദനയിൽ താനും പങ്കുചേരുന്നുവെന്നും, കൂരിരുട്ടിൽ പോലും, കർത്താവ് എപ്പോഴും നമ്മോടൊപ്പമുണ്ട് എന്നുള്ളത് നമ്മെ ആശ്വസിപ്പിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. എല്ലാ മുറിവുകളും ഉണക്കാനും, മനുഷ്യർക്ക് ഇപ്പോൾ അസാധ്യമെന്ന് തോന്നുന്നത് നിറവേറ്റാനും, മനുഷ്യരാശിയുടെ ഏക സമാധാനമായ ദൈവത്തോട് അവന്റെ കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു. ഉക്രൈനിലെ ആക്രമണങ്ങളെയും പാപ്പാ അപലപിക്കുകയും, കുട്ടികൾ ഉൾപ്പെടെ നിരപരാധികളുടെ മരണത്തിന് കാരണമായ ആക്രമണങ്ങൾ നിർത്താൻ അഭ്യർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
