തിരയുക

ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ - പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

സഭയുടെ മിഷനറി നിയോഗത്തോട് ചേർന്ന് പ്രവർത്തിക്കാൻ ഏവരെയും ആഹ്വാനം ചെയ്‌ത്‌ പാപ്പാ

സഭയുടെ ദൗത്യത്തിൽ വിശ്വാസികളായ നമ്മുടെ സഹകരണം ഉറപ്പുവരുത്താൻ ഒക്ടോബർ മാസം നമ്മെ ആഹ്വാനം ചെയ്യുന്നുവെന്ന് ലിയോ പതിനാലാമൻ പാപ്പാ. ഒക്ടോബർ 22 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയിൽ സംസാരിക്കവെ, തങ്ങളുടെ ജീവിതം കൊണ്ട് സുവിശേഷത്തിന്റെ മിഷനറിമാരാകാൻ പാപ്പാ ഏവരെയും സ്വാഗതം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സഭയുടെ മിഷനറി ദൗത്യം പ്രത്യേകമായി അനുസ്മരിക്കുന്ന ഒക്ടോബർ മാസത്തിൽ, ഈ നിയോഗത്തോട് ചേർന്ന് പ്രവർത്തിക്കാൻ ഏവരെയും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ഒക്ടോബർ 22 ബുധനാഴ്ച രാവിലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസാനം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്യുന്നതിന്റെ ഭാഗമായി ഇറ്റാലിയൻ ഭാഷയിൽ സംസാരിച്ച വേളയിലാണ്, സഭാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ പാപ്പാ ഏവരെയും ക്ഷണിച്ചത്.

സഭയുടെ നിയോഗത്തോട് ചേർന്നുള്ള നമ്മുടെ സജീവമായ പ്രവർത്തനങ്ങൾ നവീകരിക്കാനാണ് ഒക്ടോബർ മാസം നമ്മെ ക്ഷണിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. പ്രാർത്ഥനയുടെ ശക്തിയും, വിവാഹജീവിതം മുന്നോട്ടുവയ്ക്കുന്ന സാധ്യതകളും, യുവത്വത്തിന്റെ പുത്തൻ ഊർജ്ജവും ഉപയോഗിച്ച് സുവിശേഷത്തിന്റെ മിഷനറിമാരാകാൻ നിങ്ങൾക്കാകണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഈയൊരു സന്നദ്ധത, തങ്ങളുടെ ജീവിതം ജനതകളുടെ സുവിശേഷവത്കരണത്തിനായി സമർപ്പിക്കുന്ന ആളുകൾക്കുള്ള സമൂർത്തമായ സഹായസഹകരണങ്ങൾ ഏകിക്കൊണ്ടാകണമെന്ന് പാപ്പാ വിശദീകരിച്ചു.

ഞായറാഴ്ചകളിൽ വിശുദ്ധബലിയിലുള്ള പങ്കാളിത്തം

ഹൃദയങ്ങളിൽ പ്രത്യാശയും ആനന്ദവും വീണ്ടും തെളിച്ചുകൊണ്ട് ഉത്ഥിതനായ ക്രിസ്തു നമുക്കരികിലേക്കെത്തുന്നത് തുടരുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ലോകത്തിന്റെ ജീവനായി മുറിക്കപ്പെട്ട തന്റെ അപ്പം ഇന്നത്തെ മാനവികതയുടെ വിശപ്പടക്കുന്നതിനായി, തന്നെത്തന്നെ അവൻ സ്വയം സമർപ്പിക്കുന്ന വിശുദ്ധ കുർബാനയിലെ പങ്കാളിത്തത്തോടെ, പ്രത്യേകിച്ച് ഞായറാഴ്ചകളിലെ ദിവ്യബലികളിലൂടെ, അവനെ കണ്ടുമുട്ടാനായി ഏവരും തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തു. പോർച്ചുഗീസ് ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത അവസരത്തിലാണ് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള ക്ഷണം പാപ്പാ പുതുക്കിയത്.

വത്തിക്കാൻ ന്യൂസിനായി ഗ്രേറ്റ് ബ്രിട്ടനിൽനിന്ന് സമ്മാനം

ഇംഗ്ലീഷ് ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്യവേ, ഗ്രേറ്റ് ബ്രിട്ടനിൽനിന്നുള്ള "പരിശുദ്ധ പിതാവിന്റെ സുഹൃത്തുക്കൾ" (Friends of the Holy Father ) എന്ന പേരിലുള്ള സമൂഹത്തെ പ്രത്യേകം പരാമർശിച്ച പാപ്പാ, അവർ, വത്തിക്കാൻ ന്യൂസിന്റെ ഉപയോഗത്തിനായി ഒരു "പോർട്ടബിൾ സ്റ്റുഡിയോ" സംഭാവന ചെയ്തതിന് നന്ദി പറഞ്ഞു. ജൂബിലി വർഷം ഏവർക്കും ആദ്ധ്യാത്മികനവീകരണത്തിന്റെയും സുവിശേഷമേകുന്ന ആനന്ദത്തിലുള്ള വളർച്ചയുടെയും സമയമായിരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

ജൂബിലി വർഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ, വിശുദ്ധ ലൂക്കായുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായത്തിൽ (ലൂക്ക 24,32-35), എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാർ ഉത്ഥിതനെ കണ്ടുമുട്ടുന്നതുമായി ബന്ധപ്പെട്ട്, ക്രിസ്തു നമ്മുടെ പ്രത്യാശ എന്ന വിഷയത്തെ ആധാരമാക്കിയായിരുന്നു പാപ്പാ ഈ ബുധനാഴ്ചത്തെ ഉദ്‌ബോധനം നടത്തിയത്. അൻപതിനായിരത്തോളം തീർത്ഥാടകരാണ് ഇത്തവണത്തെ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ പങ്കെടുത്തത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഒക്‌ടോബർ 2025, 14:07