തിരയുക

പാപ്പാ വചന സന്ദേശം നൽകുന്നു പാപ്പാ വചന സന്ദേശം നൽകുന്നു   (AFP or licensors)

അമൂർത്തമായ ബൗദ്ധിക വ്യായാമമല്ല, മറിച്ച് ഐക്യമാകണം വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം: പാപ്പാ

വിദ്യാഭ്യാസ മേഖലയിലുള്ളവരുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ചു, ഒക്ടോബർ മാസം ഇരുപത്തിയേഴാം തീയതി, പ്രാദേശിക സമയം വൈകുന്നേരം, പൊന്തിഫിക്കൽ സർവകലാശാലകളിലെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും വേണ്ടി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ബലിയർപ്പിക്കുകയും, വചന സന്ദേശം നൽകുകയും ചെയ്തു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജീവിതം അതിന്റെ അർത്ഥം കണ്ടെത്തുന്നത്, യാത്രയിലാണെന്നും, ജൂബിലി വർഷത്തെ തീർത്ഥാടനം ഇപ്രകാരം, ജീവിതത്തിന്റെ അർത്ഥം നമ്മെ ബോധ്യപ്പെടുത്തുന്നതാണെന്നും എടുത്തു പറഞ്ഞുകൊണ്ട്, ഒക്ടോബർ മാസം ഇരുപത്തിയേഴാം തീയതി, പ്രാദേശിക സമയം വൈകുന്നേരം, പൊന്തിഫിക്കൽ സർവകലാശാലകളിലെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും വേണ്ടി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ അർപ്പിച്ച വിശുദ്ധ ബലിമദ്ധ്യേ വചനസന്ദേശം നൽകി. ജൂബിലി കാലഘട്ടം നമുക്ക് മാനസാന്തരത്തിനുള്ള അവസരമാണെന്നും, അതിനാൽ യേശുവിനെ അനുഗമിക്കണമെന്നും, അവന്റെ പുനരുത്ഥാനത്തിൽ പങ്കാളികളാകുവാൻ, പ്രത്യാശയിൽ വളരണമെന്നും  പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

അതിർത്തികൾക്കപ്പുറം വീക്ഷണങ്ങൾ ഉറപ്പിച്ചുകൊണ്ട്, വിശാലമായ ദർശനത്തിന്റെ അരൂപിയാണ് ഓരോ സർവകലാശാല പഠിതാവിന്റെയും, ഗവേഷകന്റെയും ജീവിതശൈലിയെന്നും പാപ്പാ എടുത്തു പറഞ്ഞു. മനുഷ്യർ തങ്ങൾക്കപ്പുറം, സ്വന്തം അനുഭവങ്ങൾ, ആശയങ്ങൾ, ബോധ്യങ്ങൾ എന്നിവയ്ക്കപ്പുറം, സ്വന്തം പദ്ധതികൾക്കപ്പുറം, മറ്റുള്ളവയെ  കാണാൻ കഴിയാത്തപ്പോൾ, അവർ തടവിലാക്കപ്പെടുകയും അടിമകളായി തുടരുകയും പക്വതയുള്ള വിധിന്യായങ്ങൾ രൂപപ്പെടുത്താൻ കഴിവില്ലാത്തവരായി തുടരുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. അതിനാൽ സ്വാർത്ഥ കാഴ്ചപ്പാടിന്റെ തടവുകാരായി നാം തുടരരുതെന്നു പാപ്പാ പ്രത്യേകം ഓർമ്മിപ്പിച്ചു.

ജീവിതത്തിൽ പ്രാധാന്യമുള്ള പല കാര്യങ്ങളും നമ്മിൽ നിന്നല്ല, മറിച്ച്  മറ്റുള്ളവരിൽ നിന്നുമാണ് നാം പഠിക്കേണ്ടതെന്നും, അത് നമുക്ക് കൃപയുടെ ഒരു അനുഭവം പ്രദാനം ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

ജീവിതത്തിനും അതിന്റെ യാഥാർത്ഥ്യത്തിനും മുന്നിൽ നിവർന്നുനിൽക്കുവാനും, വിശാലമായ കാഴ്ചപ്പാടോടെ അവയെ നോക്കാനും  കർത്താവ് നൽകുന്ന രോഗശാന്തി വളരെ പ്രധാനമാണെന്നു, വചനത്തിന്റെ അടിസ്ഥാനത്തിൽ  പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇപ്രകാരം അപരോന്മുഖമായി വിശാലമായ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കുന്നവർ, ദൈവത്തിലേക്കും മറ്റുള്ളവരിലേക്കും ജീവിതത്തിന്റെ രഹസ്യത്തിലേക്കും കൂടുതൽ ഉയർത്തപ്പെടുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

ദൈവശാസ്ത്രം, തത്ത്വചിന്ത, മറ്റ് വിഷയങ്ങൾ എന്നിവയുടെ പഠനം ആത്‌മീയതയ്ക്ക് ആവശ്യമാണെന്നും, അവയിൽ വൈദഗ്ധ്യം നേടുമ്പോഴും, വിശാലമായ കാഴ്ചപ്പാടുകൾ  നമുക്ക് കൈമോശം വരുന്നുവെന്നത് യാഥാർഥ്യമാണെന്നു പാപ്പാ ചൂണ്ടികാണിച്ചു. സഭയ്ക്ക് എന്നാൽ ഈ കാഴ്ചപ്പാടുകളാണ് ഏറെ ആവശ്യമെന്നും പാപ്പാ കൂട്ടിച്ചേർത്തു. നമ്മുടെ ബൗദ്ധിക ശ്രമങ്ങളിലും സത്യത്തിനായുള്ള അന്വേഷണത്തിലും ജീവിതസ്പർശിയായ കൃപ നേടുവാനും, അമൂർത്ത  ബൗദ്ധിക വ്യായാമമായി പഠനങ്ങൾ മാറാതെ, അത് ജീവിതത്തെ പരിവർത്തനം ചെയ്യാൻ സഹായിക്കുന്നതും, ഐക്യം ഊട്ടിയുറപ്പിക്കുന്നതുമായി മാറട്ടെയെന്നും പാപ്പാ ആശംസിച്ചു.

സ്വയാവബോധത്തിനും, അറിവുള്ള മനഃസാക്ഷിക്കും, വിമർശനാത്മക ചിന്തക്കും ഉതകുമാറു ആളുകളെ ഉയർത്തുന്ന, വിദ്യാഭ്യാസം, യേശുവിന്റെ പ്രവൃത്തിയാണെന്നും, അത് തുടരുവാനും, തനിച്ചല്ലെന്നും നാം ആരുടെയെങ്കിലും സ്വന്തമാണെന്നുള്ള ബോധ്യത്തിൽ വളരുന്നതിനും ഏവർക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഒക്‌ടോബർ 2025, 12:42