കർദ്ദിനാൾ എദ്വാർദോ മെനിക്കെല്ലിയുടേത് സമർപ്പണത്തിന്റെ ജീവിതം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഒക്ടോബർ 20 തിങ്കളാഴ്ച മരണമടഞ്ഞ കർദ്ദിനാൾ എദ്വാർദോ മെനിക്കെല്ലിയുടേത് (Card.Edoardo Menichelli) സമർപ്പണത്തിന്റെ ജീവിതമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയും, അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയും ലിയോ പതിനാലാമൻ പാപ്പാ. അങ്കോണ-ഒസീമോ (Ancona-Osimo) അതിരൂപതാ മെത്രാപ്പോലീത്ത ആർച്ച്ബിഷപ് ആഞ്ചെലോ സ്പീനയ്ക്കയച്ച (H.G. Angelo Spina) ടെലെഗ്രാം സന്ദേശത്തിലാണ്, ദീർഘകാലം വത്തിക്കാനിലും ഇറ്റലിയിലെ കിയേത്തി-വാസ്തൊ (Chieti-Vasto) അതിരൂപത, അങ്കോണ-ഓസിമൊ അതിരൂപത എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ച കർദ്ദിനാൾ മെനിക്കെല്ലിയുടെ ജീവിതത്തെക്കുറിച്ച് പാപ്പാ എഴുതിയത്.
അങ്കോണ-ഒസീമോ, കിയേത്തി-വാസ്തൊ അതിരൂപതകളിൽ കർദ്ദിനാൾ മെനിക്കെല്ലി ചെയ്ത സേവനങ്ങളെ പരാമർശിച്ച പാപ്പാ, അദ്ദേഹം "തീക്ഷണതയുളള" ഒരു ഇടയനും, അദ്ദേഹത്തിന്റെ മാതൃ അതിരൂപതയായ കമെരീനോ-സാൻ സെവെരീനോ മാർക്കെ (Camerino-San Severino Marche) യുടെ ഉദാരമതിയായ ഒരു പുരോഹിതനുമായിരുന്നുവെന്ന് തന്റെ സന്ദേശത്തിൽ എഴുതി.
സഭയെയും പരിശുദ്ധ സിംഹാസനത്തെയും സമർപ്പണമനോഭാവത്തോടെ ശുശ്രൂഷിച്ച ഈ പ്രിയ സഹോദരന് പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥ്യത്താൽ സ്വർഗ്ഗീയജെറുസലേമിലേക്കെത്താൻ സാധിക്കട്ടെയെന്ന് പാപ്പാ എഴുതി. കഴിഞ്ഞ ഏതാനും വർഷങ്ങളായി കർദ്ദിനാൾ മെനിക്കെല്ലി രോഗബാധിതനായിരുന്നുവെന്നതിന്റെ കൂടി പശ്ചാത്തലത്തിൽ, അദ്ദേഹത്തെ സ്നേഹപൂർവ്വം സഹായിച്ച ഏവർക്കും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും, മൃതസംസ്കാരത്തിൽ പങ്കെടുക്കുന്നവർക്കും തന്റെ ആശീർവാദവും പാപ്പാ വാഗ്ദാനം ചെയ്തു.
കമെരീനോ-സാൻ സെവെരീനോ മാർക്കെ അതിരൂപതയുടെ കീഴിലുള്ള സെറീപൊളയിൽ 1939 ഒക്ടോബർ 14-ന് ജനിച്ച കർദ്ദിനാൾ മെനിക്കെല്ലി, 1965 ജൂലൈ 3-നാണ് ഇതേ അതിരൂപതയിൽ വൈദികനായി അഭിഷിക്തനായത്. അദ്ദേഹത്തിന്റെ മൃതസംസ്കാരം ഒക്ടോബർ 22 ബുധനാഴ്ച തന്റെ മാതൃരൂപതയിൽ നടക്കും.
കർദ്ദിനാൾ മെനിക്കേല്ലിയുടെ നിര്യാണത്തോടെ കത്തോലിക്കാസഭയിലെ കർദ്ദിനാൾമാരുടെ എണ്ണം 246 ആയി കുറഞ്ഞു. ഇവരിൽ വോട്ടവകാശമുള്ളവർ 127 പേരാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
