"ലൗദാത്തോ സി" നമ്മുടെ പൊതുഭവനത്തെക്കുറിച്ചുള്ള "പ്രതീക്ഷകൾ ഉയർത്തി": ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകളും പ്രതീക്ഷകളും ഉയർത്താൻ ഫ്രാൻസിസ് പാപ്പായുടെ "ലൗദാത്തോ സി" എന്ന ചാക്രികലേഖനത്തിനായിട്ടുണ്ടെന്ന് ലിയോ പതിനാലാമൻ പാപ്പാ. ലൗദാത്തോ സി, ആഗോള തലത്തിലുള്ള സമ്മേളനങ്ങളിലും, മതാന്തരസംവാദസദസ്സുകളിലും, സാമ്പത്തിക, വ്യാവസായിക മേഖലകളിലും ദൈവ, ജൈവ, ധാർമ്മിക ശാസ്ത്രമേഖലകളിലും പോലും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു. ഈ ചാക്രികലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പത്താം വാർഷികവുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒന്നാം തീയതി വൈകുന്നേരം, കസ്തേൽ ഗാന്തോൾഫോയിലെ "മരിയാപ്പൊളി കേന്ദ്രത്തിൽ" നടന്ന "പ്രതീക്ഷകൾ ഉയർത്തി" (Raising Hope) എന്ന പ്രത്യേക പരിപാടിയിൽ സംസാരിക്കവെ, ഭൂമിയുടെ പരിപാലനത്തിൽ ഏവർക്കുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.
"നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിപാലനം" എന്ന ചിന്ത ഇന്ന് സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് ആഴത്തിൽ കടന്നുചെന്നിട്ടുണ്ടെന്ന് അനുസ്മരിച്ച പാപ്പാ, പത്ത് വർഷങ്ങൾക്ക് മുൻപ് ലൗദാത്തോ സി എഴുതപ്പെട്ട സാഹചര്യത്തിൽനിന്ന് നാം ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും, അവയ്ക്ക് ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ പ്രാധാന്യമേറിവരികയാണെന്നും, ഈ ചാക്രികലേഖനം മുന്നോട്ടുവയ്ക്കുന്ന ചിന്തകൾ കൂടുതൽ പ്രവർത്തികമാകേണ്ടതുണ്ടെന്നും പ്രസ്താവിച്ചു. ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചതുപോലെ ഹൃദയങ്ങളുടെ “പരിസ്ഥിതിപരമായ പരിവർത്തനം” ഇന്നും ആവശ്യമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
പ്രകൃതിയുടെയും ലോകത്തിന്റെയും പരിപാലനവുമായി ബന്ധപ്പെട്ട് ഒരിക്കൽ നാം ദൈവത്തിന് മുന്നിൽ കണക്കുകൊടുക്കേണ്ടവരാണെന്ന് പ്രസ്താവിച്ച പാപ്പാ, ഇതോടൊപ്പം നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള കരുതലും പ്രധാനപ്പെട്ടതാണെന്ന് ഓർമ്മിപ്പിച്ചു. പാരിസ്ഥിതികമായ ശ്രദ്ധയ്‌ക്കൊപ്പം പാവപ്പെട്ടവർക്ക് നീതി ഉറപ്പാക്കുന്നതും, സാമൂഹികപ്രതിബദ്ധതയോടെ ജീവിക്കുന്നതും, സമാധാനവുമായി ബന്ധപ്പെട്ടതാണെന്ന് കൂട്ടിച്ചേർത്തു.
കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ നടത്തുന്ന "കോപ്30" (COP30) എന്ന മുപ്പതാമത് കോൺഫറൻസ്, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാനിധി (FAO) നടത്തുന്ന സമ്മേളനങ്ങൾ, ഐക്യരാഷ്ട്രസഭയുടെ തന്നെ "2026 ജല കോൺഫറൻസ്" (2026 Water Conference), തുടങ്ങിയ അന്താരാഷ്ട്രപ്രാധാന്യമുള്ള സമ്മേളനങ്ങളുടെ കൂടി പശ്ചാത്തലത്തിൽ, ഭൂമിയുടെയും, പാവപ്പെട്ടവരുടെയും, തദ്ദേശീയജനതയുടെയും, കുടിയേറ്റക്കാരുടെയും വിലാപസ്വരത്തിന് ചെവികൊടുക്കാൻ പാപ്പാ ആഗോളനേതൃത്വങ്ങളെ ആഹ്വാനം ചെയ്തു.
ലൗദാത്തോ സി പ്രസ്ഥാനമാണ് "പ്രതീക്ഷകൾ ഉണർത്തുക" എന്ന പേരിൽ കസ്തേൽ ഗാന്തോൾഫോയിൽ നടന്ന അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രകൃതിസംരക്ഷണ സംഘടനകളുടെ സ്ഥാപകരും പ്രതിനിധികളും സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
