തിരയുക

മെത്രാഭിഷേകശുശ്രൂഷയിൽ നിന്നും മെത്രാഭിഷേകശുശ്രൂഷയിൽ നിന്നും   (ANSA)

അപ്പസ്തോലിക നൂൺഷ്യോ നയതന്ത്രജ്ഞൻ മാത്രമല്ല, പാലങ്ങൾ പണിയുന്ന സഭയുടെ മുഖമാണ്: പാപ്പാ

ഇറാഖിലേക്ക് അപ്പസ്തോലിക നൂൺഷ്യോയായി തിരഞ്ഞെടുക്കപ്പെട്ട, മോൺസിഞ്ഞോർ മിറോസ്ലാവ് സ്റ്റാനിസ്ലാവ് വാഹോവ്സ്കിയുടെ മെത്രാഭിഷേകം, ഒക്ടോബർ മാസം ഇരുപത്തിയാറാം തീയതി ലിയോ പതിനാലാമൻ പാപ്പായുടെ, മുഖ്യകാർമികത്വത്തിൽ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വച്ച് നടന്നു. തന്റെ സന്ദേശത്തിൽ, സഭയിൽ മെത്രാന്മാരുടെ ആത്മീയ സാന്നിധ്യത്തെക്കുറിച്ച് അടിവരയിട്ടു പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഒക്ടോബർ 26-ന്, വത്തിക്കാൻ ബസിലിക്കയിൽ, ബാഗ്ദാദിലെ പുതിയ പാപ്പൽ പ്രതിനിധിയായ മോൺസിഞ്ഞോർ മിറോസ്ലാവ് സ്റ്റാനിസ്ലാവ് വഹോവ്സ്കിയുടെ മെത്രാഭിഷേക ചടങ്ങിൽ ലിയോ പതിനാലാമൻ പാപ്പാ അധ്യക്ഷത വഹിച്ചു. സമാധാനപരമായ സഹവർത്തിത്വത്തെ പ്രോത്സാഹിപ്പിക്കാനും,  മറ്റ് മതങ്ങളുമായി സഹകരണത്തിൽ മുൻപോട്ടുപോകുവാനും പാപ്പാ പുതിയ ഇടയനെ ആഹ്വാനം  ചെയ്തു.

"അത്യുന്നതങ്ങളിൽ  ദൈവത്തിന് മഹത്വം, അവൻ സ്നേഹിക്കുന്ന മനുഷ്യർക്ക് ഭൂമിയിൽ സമാധാനം" എന്ന വചനത്തെ അടിസ്ഥാനമാക്കിയ  മോൺസിഞ്ഞോർ മിറോസ്ലാവ് സ്റ്റാനിസ്ലാവ് വഹോവ്സ്കിയുടെ മുദ്രാവാക്യം ഓരോ ക്രൈസ്തവ വിളിയുടെയും, പ്രത്യേകിച്ച്, മെത്രാനടുത്ത  വിളിയുടെ അഗാധമായ അർത്ഥം വെളിപ്പെടുത്തുന്നുവെന്നു പാപ്പാ പറഞ്ഞു.

"തന്നെത്തന്നെ പൂർണ്ണമായും  സമർപ്പിക്കുന്നവരുടെ പ്രാർത്ഥന ദൈവം കേൾക്കുന്നു", എന്ന വചനം ഓർമ്മപ്പെടുത്തിയ പാപ്പാ, ഓരോ ഇടയനും എളിമയാർന്ന ഹൃദയത്തോടെ  ജീവിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുപറഞ്ഞു. എന്നാൽ ഇത് വാക്കുകളുടെ വിനയമല്ല, മറിച്ച് തങ്ങൾ യജമാനന്മാരല്ല, ദാസന്മാരാണെന്ന് അറിയുന്നവരുടെ ഹൃദയത്തിൽ വസിക്കുന്ന വിനയമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

 ക്ഷമയോടെ വിതയ്ക്കാനും ബഹുമാനത്തോടെ കൃഷി ചെയ്യാനും പ്രത്യാശയോടെ കാത്തിരിക്കാനും മെത്രാൻ ശുശ്രൂഷ വിളിക്കുന്നുവെന്നും, അദ്ദേഹം ഉടമസ്ഥനല്ല, മറിച്ച് സൂക്ഷിപ്പുകാരനാണെന്നും പാപ്പാ പറഞ്ഞു. സുവിശേഷത്തിന്റെ സത്യത്തോടുള്ള അനുസരണമായി, വിവേചനാധികാരത്തോടും കഴിവോടും കൂടി, സമൂഹത്തിന്റെ വിവിധ മേഖലകളിൽ മോൺസിഞ്ഞോർ മിറോസ്ലാവ് ചെയ്ത വിവിധ സേവനങ്ങളെ പാപ്പാ നന്ദിയോടെ സ്മരിച്ചു.

എല്ലാ സഭകളോടും പത്രോസിന്റെ പിൻഗാമിയുടെ കരുതലിന്റെ അടയാളമാണ് പാപ്പായുടെ  പ്രതിനിധി എന്ന പോൾ ആറാമൻ  പാപ്പായുടെ വാക്കുകളും പരിശുദ്ധ പിതാവ്  ഉദ്ധരിച്ചു. സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും സഭയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ജനങ്ങളുടെ നന്മ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് ഓരോ പ്രതിനിധിയും നിയോഗിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനതയെ അനുഗമിക്കുകയും ആശ്വസിപ്പിക്കുകയും പാലങ്ങൾ പണിയുകയും ചെയ്യുന്ന ഒരു സഭയുടെ മുഖമാണ് അദ്ദേഹമെന്നും, പക്ഷപാതപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയല്ല, മറിച്ച് കുർബാനയെ സേവിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യമെന്നും ലിയോ പതിനാലാമൻ പാപ്പാ അടിവരയിട്ടു പറഞ്ഞു. പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്രം സുവിശേഷത്തിൽ നിന്ന് പിറന്നതാണെന്നും പ്രാർത്ഥനയാൽ പോഷിപ്പിക്കപ്പെടുന്നുവെന്നും പ്രകടമാക്കുവാൻ, സമാധാനപരമായ സഹവർത്തിത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രത്യാശയുടെ മുകുളങ്ങൾ കാത്തുസൂക്ഷിക്കാനും പുതിയ ഇടയനെ സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

"ഇറാഖിലെ ജനങ്ങൾ നിങ്ങളെ തിരിച്ചറിയുന്നത് നിങ്ങൾ പറയുന്നതിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് നിങ്ങൾ എങ്ങനെ സ്നേഹിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്", പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഒക്‌ടോബർ 2025, 13:16