തിരയുക

ലിയോ  പതിനാലാമൻ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ലിയോ പതിനാലാമൻ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ   (@Vatican Media)

ഉയിർത്തെഴുന്നേൽക്കുക എന്നതിനർത്ഥം ആഴത്തിലുള്ള സ്നേഹത്തിന്റെ കൂട്ടായ്മയിലേക്ക് പ്രവേശിക്കുക എന്നതാണ്: പാപ്പാ

ലിയൊ പതിനാലാമൻ പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: പ്രത്യാശയില്ലാതെ, നിരാശയിലും, പാപങ്ങളിലും മാത്രം അടയാളപ്പെടുത്തപ്പെട്ട ഒരു ചരിത്രവും ഉണ്ടായിട്ടില്ല എന്നത് ക്രിസ്തുവിന്റെ പുനരുത്ഥാനം നമ്മെ പഠിപ്പിക്കുന്നു. ഒരു വീഴ്ചയും നിർണ്ണായകമല്ല, ഒരു രാത്രിയും ശാശ്വതമല്ല, ഒരു മുറിവും എന്നെന്നേക്കുമായി തുറന്നിരിക്കാൻ വിധിക്കപ്പെട്ടിട്ടുമില്ല. നമ്മൾ എത്ര വിദൂരരോ, നഷ്ടപ്പെട്ടവരോ, അയോഗ്യരോ ആയി തോന്നിയാലും ദൈവസ് നേഹത്തിന്റെ അചഞ്ചലമായ ശക്തിയെ ഇല്ലാതാക്കാൻ കഴിയുന്ന ഒരു ദൂരവുമില്ല.
പൊതുകൂടിക്കാഴ്ച്ച: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രിയ സഹോദരീ സഹോദരങ്ങളെ, സുപ്രഭാതം

യേശുവിന്റെ ഉത്ഥാനത്തിലെ അതിശയകര ഭാവമായ എളിമയെ പറ്റി ധ്യാനിക്കുവാൻ ഞാൻ ഇന്ന് നിങ്ങളെ ക്ഷണിക്കുവാൻ ആഗ്രഹിക്കുന്നു. സുവിശേഷ വിവരണങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ, ഉയിർത്തെഴുന്നേറ്റ കർത്താവ് തന്റെ ശിഷ്യന്മാരുടെ വിശ്വാസത്തിൽ സ്വയം അടിച്ചേൽപ്പിക്കാൻ തക്കവണ്ണം  അതിശയകരമായ ഒന്നും ചെയ്യുന്നില്ലെന്ന് നാം മനസ്സിലാക്കുന്നു. അവൻ മാലാഖമാരാൽ ചുറ്റപ്പെട്ടതായി കാണപ്പെടുന്നില്ല, അവൻ സംവേദനാത്മകമായ ആംഗ്യങ്ങൾ നടത്തുന്നില്ല, പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ഗൗരവമേറിയ പ്രസംഗങ്ങൾ നടത്തുന്നില്ല. നേരെ മറിച്ച്, മറ്റേതൊരു വഴിപോക്കനെയും പോലെ, അല്പം അപ്പം പങ്കിടാൻ ആവശ്യപ്പെടുന്ന വിശക്കുന്നവനായി അണയുന്നു ( ലൂക്കാ 24:15, 41).

മഗ്ദലന മറിയം അവനെ ഒരു തോട്ടക്കാരനാണെന്ന് തെറ്റിദ്ധരിക്കുന്നു  യോഹന്നാൻ 20:15). എമ്മാവൂസിലേക്ക് യാത്രയാകുന്ന ശിഷ്യന്മാർ അവൻ  ഒരു അപരിചിതനാണെന്ന് വിശ്വസിക്കുന്നു (ലൂക്കാ 24:18). പത്രോസും മറ്റു മത്സ്യത്തൊഴിലാളികളും  വിചാരിക്കുന്നത് അവന് ഒരു സാധാരണ വഴിപോക്കനാണെന്നായിരുന്നു. അസാധാരണമായ പ്രതിഭാസങ്ങൾ, അധികാരത്തിന്റെ അടയാളങ്ങൾ, പ്രബലമായ തെളിവുകൾ എന്നിവയാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും, കർത്താവ് ഇവയൊന്നും അന്വേഷിക്കുന്നില്ല മറിച്ച്, അവൻ ആഗ്രഹിച്ചത് സാമീപ്യത്തിന്റെ ഭാഷയും, സാധാരണത്വം  പങ്കുവയ്ക്കുന്ന മേശയുമായിരുന്നു.  

സഹോദരീ സഹോദരന്മാരേ, ഇതിൽ വിലയേറിയ ഒരു സന്ദേശമുണ്ട്: പുനരുത്ഥാനം ഒരു നാടകീയ അട്ടിമറിയല്ല, അത് ഓരോ മനുഷ്യ പ്രവർത്തനത്തിലും  അർത്ഥം നിറയ്ക്കുന്ന ഒരു നിശബ്ദ പരിവർത്തനമാണ്. ഉയിർത്തെഴുന്നേറ്റ യേശു തന്റെ ശിഷ്യന്മാരുടെ മുൻപിൽ മത്സ്യത്തിന്റെ ഒരു ഭാഗം കഴിക്കുന്നു: ഇത് ഒരു നാമമാത്രമായ വിശദാംശമല്ല, നമ്മുടെ ശരീരം, നമ്മുടെ ചരിത്രം, നമ്മുടെ ബന്ധങ്ങൾ വലിച്ചെറിയപ്പെടേണ്ട ഒരു മൂടുപടമല്ല എന്നതിന്റെ സ്ഥിരീകരണമാണ്. ഇവ  ജീവിതത്തിന്റെ പൂർത്തീകരണത്തിലേക്ക് ലക്‌ഷ്യം വച്ചിരിക്കുന്നു. വീണ്ടും ഉയിർത്തെഴുനേൽക്കുക    എന്നതിനർത്ഥം ആത്മാക്കൾ  ആയിത്തീരുക എന്നല്ല, മറിച്ച് ദൈവവുമായും സഹോദരീസഹോദരന്മാരുമായും സ്നേഹത്താൽ രൂപാന്തരപ്പെട്ട ഒരു മാനവികതയുടെ  ആഴത്തിലുള്ള കൂട്ടായ്മയിലേക്ക് പ്രവേശിക്കുക എന്നതാണ്.

ക്രിസ്തുവിന്റെ പെസഹായിൽ, ഏറ്റവും സാധാരണമായ കാര്യങ്ങൾ പോലും: ഭക്ഷണം കഴിക്കുക, ജോലി ചെയ്യുക, കാത്തിരിക്കുക, വീട് പരിപാലിക്കുക, ഒരു സുഹൃത്തിനെ പിന്തുണയ്ക്കുക, എന്നിവയെല്ലാം ഒരു കൃപയായി മാറുന്നു. പുനരുത്ഥാനം ജീവിതത്തെ സമയത്തിൽ നിന്നും,  ക്ഷീണത്തിൽ നിന്നും അകറ്റുന്നില്ല, മറിച്ച് അതിന്റെ അർത്ഥവും "രുചിയും" മാറ്റുന്നു. കൃതജ്ഞതയിലും കൂട്ടായ്മയിലും നടത്തുന്ന ഓരോ ഭാവങ്ങളും  ദൈവരാജ്യത്തെക്കുറിച്ചുള്ള മുന്നാസ്വാദനം നൽകുന്നു.

എന്നിരുന്നാലും, നമ്മുടെ ദൈനംദിന ജീവിതത്തിൽ ക്രിസ്തുവിന്റെ ഈ സാന്നിധ്യം തിരിച്ചറിയുന്നതിൽ നിന്ന് പലപ്പോഴും നമ്മെ തടയുന്ന ഒരു തടസ്സമുണ്ട്: സന്തോഷം മുറിവുകളില്ലാത്തതായിരിക്കണം എന്ന മിഥ്യാപ്രതീക്ഷ. കുരിശിനെ പുണരാത്ത ഒരു മിശിഹായെ പ്രതീക്ഷിച്ചുകൊണ്ട്, വ്യത്യസ്തമായ ഒരു അന്ത്യം പ്രതീക്ഷിച്ചുകൊണ്ട്, എമ്മാവൂസിന്റെ ശിഷ്യന്മാർ ദുഃഖത്തോടെ നടക്കുന്നു. കല്ലറ ശൂന്യമാണെന്ന് അവർ കേട്ടിട്ടുണ്ടെങ്കിലും, അവർക്ക് പുഞ്ചിരിക്കാൻ സാധിക്കുന്നില്ല.

എന്നാൽ യേശു അവരുടെ അരികിൽ സ്ഥാനമുറപ്പിച്ചുകൊണ്ട്, വേദന വാഗ്ദാന നിഷേധമല്ല, മറിച്ച് ദൈവം തന്റെ സ്നേഹത്തിന്റെ അളവ് പ്രകടമാക്കിയ പാതയാണെന്ന് മനസ്സിലാക്കാൻ ക്ഷമയോടെ അവരെ സഹായിക്കുന്നു. (ലൂക്ക 24:13-27).

ഒടുവിൽ അവർ അവനോടൊപ്പം മേശയ്ക്കരികിലിരിക്കുമ്പോൾ, അവൻ അപ്പം വിഭജിക്കുമ്പോൾ അവരുടെ കണ്ണുകൾ തുറക്കുന്നു. തങ്ങൾ  അറിഞ്ഞിരുന്നില്ലായെങ്കിലും,  തങ്ങളുടെ ഹൃദയങ്ങൾ  ജ്വലിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നു  അവർ തിരിച്ചറിയുന്നു.(ലൂക്കാ 24:28-32)

ഇത് ഏറ്റവും വലിയ ആശ്ചര്യമാണ്: നിരാശയുടെയും ക്ഷീണത്തിന്റെയും ചാമ്പലിനു താഴെ എല്ലായ്പ്പോഴും, നിന്നെ പുനരുജ്ജീവിപ്പിക്കുവാൻ കാത്തിരിക്കുന്ന  ജീവനുള്ള ഒരു അഗ്നി  കണ്ടെത്തുക.

സഹോദരീ സഹോരങ്ങളെ, പ്രത്യാശയില്ലാതെ, നിരാശയിലും, പാപങ്ങളിലും മാത്രം അടയാളപ്പെടുത്തപ്പെട്ട ഒരു ചരിത്രവും ഉണ്ടായിട്ടില്ല എന്നത് ക്രിസ്തുവിന്റെ പുനരുത്ഥാനം നമ്മെ പഠിപ്പിക്കുന്നു. ഒരു വീഴ്ചയും നിർണ്ണായകമല്ല, ഒരു രാത്രിയും ശാശ്വതമല്ല, ഒരു മുറിവും എന്നെന്നേക്കുമായി തുറന്നിരിക്കാൻ വിധിക്കപ്പെട്ടിട്ടുമില്ല. നമ്മൾ എത്ര വിദൂരരോ, നഷ്ടപ്പെട്ടവരോ, അയോഗ്യരോ ആയി തോന്നിയാലും ദൈവസ് നേഹത്തിന്റെ അചഞ്ചലമായ ശക്തിയെ ഇല്ലാതാക്കാൻ കഴിയുന്ന ഒരു ദൂരവുമില്ല.

ചിലപ്പോൾ നാം വിചാരിക്കുന്നത് കർത്താവ് നമ്മെ സന്ദർശിക്കാൻ വരുന്നത് ആത്മീയ നിമിഷങ്ങളിലോ, അല്ലെങ്കിൽ അവനെ പറ്റി ഓർക്കുന്ന സമയങ്ങളിലോ, നമ്മുടെ ജീവിതം ചിട്ടയുള്ളതും പ്രകാശമാനവുമായി കാണപ്പെടുമ്പോഴോ  ആണെന്നാണ്. എന്നാൽ ഉയിർത്തെഴുന്നേറ്റവൻ നമ്മുടെ പരാജയങ്ങളിൽ, തകർന്ന ബന്ധങ്ങളിൽ, നമ്മുടെ ചുമലിൽ ഭാരമുള്ള ദൈനംദിന പോരാട്ടങ്ങളിൽ, നമ്മെ നിരുത്സാഹപ്പെടുത്തുന്ന സംശയങ്ങളിൽ എന്നിങ്ങനെയുള്ള ഇരുണ്ട നിമിഷങ്ങളിൽ നമ്മുടെ ചാരത്ത് അണയുന്നു. നാം എന്താണെന്നതിന്റെയും, നമ്മുടെ അസ്തിത്വത്തിന്റെ ഒരു ശകലവും കർത്താവിനു അന്യമല്ല.

ഇന്ന്, ഉയിർത്തെഴുന്നേറ്റ കർത്താവ് നമ്മിൽ ഓരോരുത്തരുടെയും അരികിൽ നിൽക്കുന്നു, നാം നമ്മുടെ പാതകളിലൂടെ നടക്കുമ്പോൾ - ജോലിയുടെയും പ്രതിബദ്ധതയുടെയും മാത്രമല്ല, കഷ്ടപ്പാടിന്റെയും, ഏകാന്തതയുടെയും പാതകളിലും, അനന്തമായ സൂക്ഷ്മതയോടെ നമ്മുടെ ഹൃദയങ്ങളെ ഉദ്ദീപിപ്പിക്കുന്നതിന്   വിട്ടുകൊടുക്കുവാൻ  അവൻ നമ്മോട് ആവശ്യപ്പെടുന്നു.

എന്നാൽ ഇത് കാഹളത്തോടെയുള്ള അടിച്ചേല്പിക്കലോ, ഉടനടി അംഗീകരിക്കപ്പെടുമെന്ന് അവകാശവാദമോ ഉയർത്തുന്നില്ല. മറിച്ച്, നിരാശയെ വിശ്വാസ്യമായ പ്രതീക്ഷയായും,  വിഷാദം കൃതജ്ഞതയായും,  കീഴടങ്ങലിനെ പ്രത്യാശയായും മാറ്റാൻ കഴിവുള്ള കർത്താവിന്റെ  സൗഹൃദ മുഖം ദർശിക്കുവാൻ  നമ്മുടെ കണ്ണുകൾ തുറക്കുന്ന നിമിഷത്തിനായി അദ്ദേഹം ക്ഷമയോടെ കാത്തിരിക്കുന്നു.

ഉയിർത്തെഴുന്നേറ്റവൻ തന്റെ സാന്നിധ്യം പ്രകടമാക്കാനും,  വഴിയിൽ നമ്മുടെ സുഹൃത്താകുവാനും,  അവന്റെ ജീവൻ ഏതൊരു മരണത്തേക്കാളും ശക്തമാണെന്ന ഉറപ്പ് നമ്മിൽ ജ്വലിപ്പിക്കാനും മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.

അതിനാൽ അവന്റെ എളിമയാർന്നതും  ജാഗ്രതയാർന്നതുമായ  സാന്നിധ്യം തിരിച്ചറിയാനും,  പരീക്ഷണങ്ങളില്ലാത്ത ഒരു ജീവിതം പ്രതീക്ഷിക്കാതിരിക്കാനും,  എല്ലാ വേദനകളും സ്നേഹത്താൽ അധിവസിച്ചാൽ കൂട്ടായ്മയുടെ സ്ഥലമായി മാറുമെന്ന് കണ്ടെത്താനുമുള്ള കൃപയ്ക്കായി നമുക്ക്  പ്രാർത്ഥിക്കാം.

അതിനാൽ, എമ്മാവൂസിലെ  ശിഷ്യന്മാരെപ്പോലെ, നമുക്കും  സന്തോഷത്താൽ ജ്വലിക്കുന്ന ഹൃദയത്തോടെ നമ്മുടെ  വീടുകളിലേക്ക് മടങ്ങാം. മുറിവുകളെ മായ്ച്ചുകളയാതെ അവയെ പ്രകാശിപ്പിക്കുന്ന ലളിതമായ ഒരു ആനന്ദമാണിത്. കർത്താവ് ഇന്നും ജീവിക്കുന്നുവെന്നും, നമ്മോടൊപ്പം നടക്കുന്നുവെന്നും, ഓരോ നിമിഷവും നമുക്ക് നവമായ ഒരു തുടക്കം സാധ്യമാക്കുന്നുവെന്നുമുള്ള ഉറപ്പിൽ നിന്നും ജനിക്കുന്ന സന്തോഷമാണത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ഒക്‌ടോബർ 2025, 10:31