തിരയുക

സമാധാനത്തിനായുള്ള മതങ്ങളുടെ പ്രാർത്ഥനാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം സമാധാനത്തിനായുള്ള മതങ്ങളുടെ പ്രാർത്ഥനാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

അനുരഞ്ജനത്തിനും സംവാദങ്ങൾക്കും സാഹോദര്യത്തിനും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ

സാന്ത് എജീദിയോ സമൂഹത്തിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിക്കപ്പെട്ട്, ഒക്ടോബർ 28 ചൊവ്വാഴ്ച റോമിലുള്ള കൊളോസിയത്തിൽ വച്ച് നടന്ന "സമാധാനത്തിനായുള്ള പ്രാർത്ഥനാസമ്മേളന"ത്തിൽ പങ്കെടുക്കവെ, അനുരഞ്ജനത്തിനും സംവാദങ്ങൾക്കും സാഹോദര്യത്തിനും ഏവരെയും ആഹ്വാനം ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പാ. ക്രൈസ്തവ, യഹൂദ, ഇസ്ലാമിക, ബുദ്ധ, ഹൈന്ദവ മതങ്ങളുൾപ്പെടെ വിവിധ മതങ്ങളുടെ നേതൃത്വങ്ങളും പ്രതിനിധികളും പ്രാർത്ഥനാസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അനുരഞ്ജനത്തിന്റെ തുടർച്ചയായുള്ള യാത്രയാണ് സമാധാനമെന്ന് ലിയോ പതിനാലാമൻ പാപ്പാ. റോമിലെ കൊളോസിയത്തിൽ, ഒക്ടോബർ 28 ചൊവ്വാഴ്ച വൈകുന്നേരം നാലരയ്ക്ക്, സാന്ത് എജീദിയോ സമൂഹത്തിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിക്കപ്പെട്ട്, ക്രൈസ്തവ, യഹൂദ, ഇസ്ലാമിക, ബുദ്ധ, ഹൈന്ദവ മതങ്ങളുൾപ്പെടെ വിവിധ മതങ്ങളുടെ നേതൃത്വങ്ങളുടെയും പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ നടന്ന പ്രാർത്ഥനാസമ്മേളനത്തിൽ സംസാരിക്കവെയാണ് സമാധാനത്തിലേക്കുള്ള മാർഗ്ഗമായ അനുരഞ്ജനത്തിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്. ലോകത്ത് പലയിടങ്ങളിലും സംഘർഷങ്ങൾ ഉണ്ടെന്നും, എന്നാൽ യുദ്ധമല്ല അവയ്ക്കുള്ള പരിഹാരമെന്നും പാപ്പാ ഓർമ്മപ്പിച്ചു.

ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന യുദ്ധങ്ങളും കുടിയിറക്കങ്ങളുമായി ബന്ധപ്പെട്ട് തന്റെ പ്രഭാഷണം തുടർന്ന പാപ്പാ, അധികാരത്തിന്റെ അമിതമായ ഉപയോഗത്തെയും, ശക്തിപ്രകടനങ്ങളെയും, നിയമവാഴ്ചയോടുള്ള നിസംഗതയേയും അപലപിക്കുകയും സത്യസന്ധവും യഥാർത്ഥവുമായ അനുരഞ്ജനത്തിന്റെ ഒരു യുഗം ഉണ്ടാകേണ്ടതുണ്ടെന്ന് ഉദ്‌ബോധിപ്പിച്ചു. ചടങ്ങുകളുടെ ഭാഗമായി മതനേതാക്കൾ നടത്തിയ പ്രാർത്ഥനകളെ പരാമർശിച്ച പാപ്പാ, ഇവിടെ അനുരഞ്ജനത്തിന്റെ ഒരു സന്ദേശം പ്രഖ്യാപിക്കാനായാണ് നാം ഒരുമിച്ച് കൂടിയിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.

മതത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണതയ്‌ക്കെതിരെ ശബ്ദമുയർത്തിയ പാപ്പാ പ്രാർത്ഥനാപൂർവ്വമല്ലാത്ത മതജീവിതം ദുരുപയോഗങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും വരെ നയിച്ചേക്കുമെന്ന് ഓർമ്മപ്പടുത്തി. യഥാർത്ഥ പ്രാർത്ഥന എന്നാൽ ഹൃദയത്തെ തുറന്ന മനോഭാവമുള്ള ഒന്നാക്കുന്ന ഒരു അനുഭവമാണെന്നും, അത് ചരിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റാൻ കഴിവുള്ളതാണെന്നും, പ്രാർത്ഥനായിടങ്ങളെ പരസ്പരമുള്ള കണ്ടുമുട്ടലിന്റെ ഇടങ്ങളും, അനുരഞ്ജനത്തിന്റെ തീർത്ഥാടനകേന്ദ്രങ്ങളും, സമാധാനത്തിന്റെ മരുപ്പച്ചകളുമാക്കി മാറ്റാൻ സഹായിക്കുന്നതാണെന്നും പ്രസ്താവിച്ചു.

2024-ൽ അസ്സീസിയിൽ വച്ച് നടന്ന സമാധാനസമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തെ പരാമർശിച്ചുകൊണ്ട്, യുദ്ധം സംഘർഷങ്ങളെ വളർത്താൻ മാത്രമേ സഹായിക്കൂ എന്നും, ദൈവത്തെ യുദ്ധത്തിൽ തങ്ങളുടെ പക്ഷം ചേരാൻ വിളിക്കരുതെന്നും ഉദ്‌ബോധിപ്പിച്ചു. യുദ്ധം ഒരിക്കലും വിശുദ്ധമല്ലെന്ന് പാപ്പാ ഓർമ്മപ്പിച്ച പാപ്പാ, സമാധാനം മാത്രമാണ് വിശുദ്ധമെന്നും, കാരണം അതാണ് ദൈവം ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

യുദ്ധങ്ങളില്ലാത്ത ഒരു ലോകത്തിലേക്കുള്ള വളർച്ചയ്ക്കായി പ്രയത്നിക്കാൻ ഏവരെയും ആഹ്വാനം ചെയ്ത പാപ്പാ, സംവാദങ്ങളിലൂടെയും സഹകരണത്തിലൂടെയും പങ്കിട്ടുള്ള ഉത്തരവാദിത്വത്തിലൂടെയും ഒരുമിച്ച് വളരാനും, “ശക്തിഹീനതയുടെ ആഗോളവത്കരണപ്രവണത”യിൽനിന്ന് മോചിതരാകാൻ ഏവരോടും ആവശ്യപ്പെട്ടു.

സാന്ത് എജീദിയോ സമൂഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു വിവിധ മതനേതൃത്വങ്ങളുടെ സഹകരണത്തോടെയുള്ള "സമാധാനത്തിനായുള്ള അന്താരാഷ്ട്രസമ്മേളനം: മതങ്ങളും സംസ്കാരങ്ങളും സംവാദത്തിൽ" എന്നപേരിലുള്ള ഈ വർഷത്തെ പ്രാർത്ഥനാസമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ഒക്‌ടോബർ 2025, 13:59