പരിശുദ്ധ സിംഹാസനത്തിന്റെ ആശയവിനിമയ സംവിധാനം , പ്രാർത്ഥനയുടെ അകമ്പടി സേവിക്കണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഒക്ടോബർ മാസം പതിനൊന്നാം തീയതി, വത്തിക്കാൻ ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന ലിയോ പതിമൂന്നാമൻ കൊട്ടാരത്തിനു മുൻപിൽ വച്ച് നടന്ന, വത്തിക്കാനിലെ ആശയവിനിമയത്തിനുള്ള ഡിക്കസ്റ്ററിയിലെ അംഗങ്ങളുടെ കുടുംബസംഗമത്തിൽ, ലിയോ പതിനാലാമൻ പാപ്പാ പങ്കെടുക്കുകയും, അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയും ചെയ്തു. സന്ദേശത്തിൽ, പരിശുദ്ധ സിംഹാസനത്തിന്റെ ആശയവിനിമയ സംവിധാനത്തിന്റെ പ്രത്യേകതയും, വ്യതിരിക്തതയും പാപ്പാ ചൂണ്ടിക്കാട്ടി.
"സഭ കുടുംബമാണ്, കുടുംബങ്ങളുടെ കുടുംബമായതിനാൽ " ആശയവിനിമയത്തിനുള്ള ഡിക്കസ്റ്ററിയിലെ അംഗങ്ങളുടെ കുടുംബസംഗമത്തിൽ പങ്കെടുക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ അറിയിച്ചു. സാമൂഹിക ആശയവിനിമയ മാർഗങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്ന ലിയോ പതിമൂന്നാമൻ പാപ്പായുടെ ഓർമ്മകളെ ഓർമ്മിപ്പിക്കുന്ന ഈ സ്ഥലത്ത്, കണ്ടുമുട്ടുവാൻ കഴിഞ്ഞതിലുള്ള സന്തോഷവും പാപ്പാ പ്രകടിപ്പിച്ചു.
പല രാജ്യങ്ങളിൽ നിന്നുള്ളവരും, പല ഭാഷകൾ സംസാരിക്കുന്നവരും, വ്യത്യസ്തമായ ജോലികൾ ചെയ്യുന്നവരും എന്ന നിലയിൽ ഡിക്കസ്റ്ററിയിലെ അംഗങ്ങൾ വൈവിധ്യമാർന്നവരാണെങ്കിലും, ലോകമെമ്പാടും സദ്വാർത്ത പ്രചരിപ്പിക്കാൻ പാപ്പായെയും, പരിശുദ്ധ സിംഹാസനത്തെയും സഹായിക്കുക എന്ന ഒറ്റ ഉദ്ദേശ്യമാണ് ഏവർക്കും ഉള്ളതെന്നു, പൗലോസ് ശ്ലീഹായുടെ വാക്കുകൾ എടുത്തുപറഞ്ഞുകൊണ്ട് പാപ്പാ പറഞ്ഞു.
സമീപ വർഷങ്ങളിൽ, പരിശുദ്ധ സിംഹാസനത്തിനും, ലോകത്തിന്റെ അതിർത്തികൾക്കും ഇടയിൽ വലിയ ഒരു ശൃംഖല പണിതുയർത്തുവാൻ നടത്തിയ ഡിക്കസ്റ്ററിയുടെ പരിശ്രമങ്ങളെ പാപ്പാ അഭിനന്ദിച്ചു. സത്യം പങ്കിടാനും, കാണാനും, മനസ്സിലാക്കാനും സഹായിക്കുന്നതാണ് ഈ ശൃംഖലയെന്നും പാപ്പാ കൂട്ടിച്ചേർത്തു. വ്യത്യസ്തമായ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നുവെങ്കിലും, ആരും മറ്റൊരാളേക്കാൾ പ്രധാനപ്പെട്ടവരല്ല എന്നുള്ളത് ഓർക്കണമെന്നും പാപ്പാ അടിവരയിട്ടു.
ജോലിക്ക് പുറമേ ഒഴിവുസമയത്തിന്റെയും പ്രാർത്ഥനയുടെയും നിമിഷങ്ങൾ ഉണ്ടായിരിക്കുന്നത് നല്ലതാണെന്നു പറഞ്ഞ പാപ്പാ, നമ്മുടെ ആശയവിനിമയത്തോടൊപ്പം പ്രാർത്ഥന ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണെന്നു ചൂണ്ടിക്കാട്ടി. ലോകം അത് അറിയുന്നില്ലായിരിക്കാം, അത് മനസ്സിലാക്കുന്നില്ലായിരിക്കാം, പക്ഷെ നാം അത് അറിയുകയും, ചെയ്യുവാൻ പരിശ്രമിക്കുകയും വേണമെന്നും പാപ്പാ എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
