തിരയുക

എസ്തോണിയയിൽ നിന്നുമുള്ള തീർത്ഥാടകർക്കൊപ്പം പാപ്പാ എസ്തോണിയയിൽ നിന്നുമുള്ള തീർത്ഥാടകർക്കൊപ്പം പാപ്പാ   (@VATICAN MEDIA)

ജൂബിലി തീർത്ഥാടനം, പ്രത്യാശയിൽ നമ്മെ ബലപ്പെടുത്തണം: പാപ്പാ

യൂറോപ്പിലെ എസ്തോണിയായിൽ നിന്നുള്ള ജൂബിലി തീർത്ഥാടക സംഘത്തിന്, ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിക്കുകയും, അവർക്കു ഹ്രസ്വ സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ ഏവരെയും ക്ഷണിക്കുന്ന ജൂബിലി വർഷത്തിൽ, വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുവാനും, അപ്പസ്തോലന്മാരുടെ കബറിടങ്ങളിൽ പ്രാർത്ഥിക്കുവാനും, നിത്യനഗരമായ റോമിൽ എത്തിച്ചേർന്ന, യൂറോപ്പിലെ എസ്തോണിയ ദേശത്തു നിന്നും എത്തിയ വിശ്വാസികളുമായി, ഒക്ടോബർ മാസം ഇരുപത്തിനാലാം തീയതി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി.

ഏവരെയും സ്വാഗതം ചെയ്യുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ എടുത്തു പറഞ്ഞു. വിവിധ വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ, കർത്താവിന്റെ വാഗ്ദാനങ്ങളിലുള്ള ഏവരുടെയും  പ്രത്യാശ ശക്തിപ്പെടട്ടെയെന്നും, അപ്രകാരം സന്തോഷം നിറഞ്ഞ മനസോടെ തിരികെ വീടുകളിലേക്ക് മടങ്ങുവാൻ ഇടവരട്ടെയെന്നും പാപ്പാ ആശംസിച്ചു.

 എല്ലാ ദിവസവും ലളിതമായ രീതിയിൽ സുവിശേഷം പ്രഘോഷിച്ചുകൊണ്ട്,  കണ്ടുമുട്ടുന്ന ആളുകളുമായി നിങ്ങളുടെ വിശ്വാസം പങ്കിടാൻ തയ്യാറാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നു പറഞ്ഞ പാപ്പാ, അടുത്തയിടെ  അഭിഷിക്തരായ രണ്ടു നവവൈദികരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

സുവിശേഷത്തിന്റെ നിയുക്ത ശുശ്രൂഷകരായി തന്നെ സേവിക്കാനുള്ള കർത്താവിന്റെ ആഹ്വാനത്തോട് "അതെ" എന്ന് പറയുന്ന അവരുടെ മാതൃക എസ്തോണിയയിലെ ക്രിസ്തീയ സമൂഹത്തിന് പ്രത്യാശയുടെ അടയാളമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു.

പരസ്പരം പ്രാർത്ഥിക്കാൻ ഏവരെയും പ്രോത്സാഹിപ്പിക്കുകയും, നിങ്ങളുടെ ഐക്യം എല്ലായ്പ്പോഴും കർത്താവ് പരിപോഷിപ്പിക്കുകയും ചെയ്യട്ടെയെന്നു ആശംസിക്കുകയും ചെയ്തു. വിശ്വാസികളുടെ കൂട്ടത്തിൽ എസ്റ്റോണിയൻ ലൂഥറൻ സഭയിലെ ചില അംഗങ്ങളും മറ്റ് കത്തോലിക്കാ ഇതരരും ഉണ്ടെന്നു പറഞ്ഞ പാപ്പാ, ഒരുമിച്ച് ഒരു തീർത്ഥാടനം നടത്തുന്നതിലൂടെ മാത്രമേ ഐക്യത്തിൽ വളരാൻ കഴിയൂവെന്നു ഓർമ്മപ്പെടുത്തി.

യൂറോപ്പിലെ യുദ്ധത്തിന്റെ ഭീകരതയെ ഓർമ്മപ്പെടുത്തിക്കൊണ്ട്, സമാധാനത്തിനായി തീക്ഷ്ണമായി പ്രാർത്ഥിക്കാൻ പാപ്പാ അഭ്യർത്ഥിച്ചു. തീർത്ഥാടനത്തിൽ സംബന്ധിക്കുവാൻ സാധിക്കാത്തവർക്കും പാപ്പാ തന്റെ ആശംസകൾ അറിയിച്ചു. "പാപ്പാ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് അറിയിക്കുവാനും" അംഗങ്ങളോട് ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ഒക്‌ടോബർ 2025, 13:47