രക്തസാക്ഷികളുടെ അസാധാരണ ധൈര്യം നമുക്ക് പ്രചോദനമാകണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
രക്തസാക്ഷികളുൾപ്പെടെ ഏഴുപേരെ കൂടി അൾത്താര വണക്കത്തിനായി, വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ അടുത്ത നാൾ, ചടങ്ങിനായി എത്തിയ തീർത്ഥാടകർക്ക്, ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ സദസ് അനുവദിച്ചു. തദവസരത്തിൽ നൽകിയ സന്ദേശത്തിൽ, ക്രിസ്തുവിനും, സഹോദരങ്ങൾക്കും വേണ്ടി തങ്ങളുടെ ജീവൻ ത്യാഗം ചെയ്ത ഈ വിശുദ്ധർ നമുക്ക് പ്രത്യാശയുടെ അടയാളങ്ങൾ ആണെന്നു അടിവരയിട്ടു പറഞ്ഞു.
അർമേനിയൻ വംശജനായ, വിശുദ്ധ ഇഗ്‌നേഷ്യസ് മാലോയനെ പറ്റി പരാമർശിച്ച പാപ്പാ, പ്രയാസകരമായ ഘട്ടങ്ങളിൽ പോലും, തന്റെ അജഗണത്തെ ഉപേക്ഷിക്കാതെ, അവരുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനായി അവരെ പ്രോത്സാഹിപ്പിച്ചുവെന്നു അനുസ്മരിച്ചു. സ്വാതന്ത്ര്യത്തിന് പകരമായി തന്റെ വിശ്വാസം ഉപേക്ഷിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോൾ, ദൈവത്തിനായി സ്വന്തം രക്തം ചൊരിയുവാൻ സ്വയം സമർപ്പിച്ച അദ്ദേഹത്തിന്റെ ധീരത ഇന്നും വിശ്വാസത്തിന്റെ അടയാളമായി അർമേനിയൻ ജനത ജീവിതത്തിൽ പിന്തുടരുന്നുവെന്നത്, സ്നേഹപൂർവ്വം താൻ ഓർക്കുന്നുവെന്നു പാപ്പാ പറഞ്ഞു.
ബുദ്ധിമുട്ടുകളും, വെല്ലുവിളികളും, നമ്മുടെ ജീവന് ഭീഷണിയും നേരിടുമ്പോൾ സുവിശേഷത്തിന്റെ സത്യങ്ങൾ പ്രസംഗിക്കുന്നതിൽ സ്ഥിരതയുടെയും ധൈര്യത്തിന്റെയും പ്രചോദനാത്മകമായ ഉദാഹരണം നൽകുന്നതാണ്, പാപ്പുവ ന്യൂ ഗിനിയകാരനായ വിശുദ്ധ പീറ്റർ ടു റോട്ടിന്റെ ജീവിതമെന്നു പാപ്പാ അനുസ്മരിച്ചു.
അധികാരികൾ ബഹുഭാര്യത്വം അനുമതി നൽകിയപ്പോൾ, വിവാഹത്തിന്റെ പവിത്രതയെ ശക്തമായി പ്രതിരോധിച്ച അദ്ദേഹത്തിന്റെ ജീവിതം ഇന്നും സ്വദേശികൾ ജീവിത മാതൃകയായി തുടരുന്നുവെന്നത് അടിവരയിട്ട പാപ്പാ, വിശ്വാസത്തിന്റെ സത്യങ്ങളെ പ്രതിരോധിക്കാനും നമ്മുടെ പരീക്ഷണങ്ങളിൽ എപ്പോഴും ദൈവത്തിൽ ആശ്രയിക്കാനും ഇത് നമ്മെ പ്രോത്സാഹിപ്പിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്തു.
എല്ലാ വിശുദ്ധരുടെയും, വിശ്വാസതീക്ഷ്ണതയേയും, ത്യാഗമനോഭാവത്തെയും എടുത്തു പറഞ്ഞ പാപ്പാ, വിശുദ്ധരെ അനുകരിക്കാനുള്ള തീക്ഷ്ണമായ ആഗ്രഹത്തോടെ തിരികെ സ്വദേശങ്ങളിലേക്ക് മടങ്ങുവാൻ തീർത്ഥാടകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
