തിരയുക

അംഗങ്ങൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ അംഗങ്ങൾക്കൊപ്പം ലിയോ പതിനാലാമൻ പാപ്പാ   (@Vatican Media)

സമർപ്പിതർക്കിടയിൽ ഒരു ഗാർഹിക അന്തരീക്ഷം വളർത്തിയെടുക്കണം: പാപ്പാ

ഒക്ടോബർ മാസം ഇരുപതാം തീയതി തിങ്കളാഴ്ച്ച, റോമിലെ പൊന്തിഫിക്കൽ പോർച്ചുഗീസ് കോളജിലെ അംഗങ്ങളുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും, സിനഡാത്മകതയുടെയും, കൂട്ടായ്‍മയുടെയും പ്രാധാന്യം എടുത്തു പറയുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പോർച്ചുഗലിലെ വിവിധ രൂപതകളിൽ  നിന്നുള്ള വൈദികർക്ക്, റോമിൽ ഉപരിപഠനം നടത്തുവാനുള്ള സൗകര്യാർത്ഥം 125 വർഷങ്ങൾക്കു മുൻപ് ലിയോ പതിമൂന്നാമൻ പാപ്പാ സ്ഥാപിച്ച, പൊന്തിഫിക്കൽ പോർച്ചുഗീസ് കോളജിലെ അംഗങ്ങളുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി. തദവസരത്തിൽ, ഈ കോളജിന്റെ സ്ഥാപന ഉദ്ദേശ്യം ഒന്ന് മാത്രമാണെന്നും, അത് സുവിശേഷം പ്രസംഗിക്കുക എന്നതാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

മനുഷ്യന്റെ പുരോഗതിക്കും,  ദൈവത്തിന്റെ മഹത്വത്തിനും വേണ്ടി, സിനഡാത്മക കൂട്ടായ്മ വളർത്തുന്നതിനാണ് ഇന്ന് സഭാസമൂഹം വിളിക്കപ്പെട്ടിരിക്കുന്നതെന്നും, അതിനാൽ പരസ്പരം ശ്രവിക്കുന്നതിനും, മറ്റുളവരിലുള്ള പരിശുദ്ധാത്മപ്രചോദനത്തെ ബഹുമാനിക്കുന്നതിനും, കാലത്തിന്റെ അടയാളങ്ങളെ തിരിച്ചറിയുന്നതിനും, അപ്രകാരം ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിനായി പരസ്പരം കൂട്ടായ്മയിൽ വർത്തിക്കുന്നതിനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

സഭയുടെ സാർവത്രികതയും, ദൈവീക കരുണയും മനസിലാക്കുന്നതിനാണ്, 1900 ജൂബിലി വർഷത്തിൽ ഈ കോളജ് സ്ഥാപിച്ചതെന്നും പാപ്പാ എടുത്തു പറഞ്ഞു.  സംസ്കാരങ്ങളുടെ സൗന്ദര്യം പങ്കുവെക്കുന്നതിലൂടെയും , പ്രാദേശിക സഭകളുടെ സമൃദ്ധിക്കും, അജപാലന അനുഭവത്തിനും സാക്ഷ്യം വഹിക്കുന്നതിലൂടെയും, റോമിൽ സഭയുടെ സാർവത്രികതയെക്കുറിച്ചുള്ള ഏവരുടെയും ധാരണ വർധിക്കുന്നുവെന്നു  പാപ്പാ സന്ദേശത്തിൽ ചൂണ്ടിക്കാണിച്ചു.

ക്രിസ്തുവിന്റെ ഹൃദയത്തിൽ നിന്ന് ഒഴുകുന്ന കരുണയുടെ ദാനത്തെക്കുറിച്ച് കൂടുതൽ തീവ്രമായ അവബോധം നേടാനുള്ള അവസരമാണ് ജൂബിലി വർഷങ്ങൾ എന്ന് ഓർമ്മപെടുത്തിയ പാപ്പാ, കർത്താവിന്റെ കരുണയാർന്ന ഹൃദയത്തിൽ ഏവരെയും പ്രതിഷ്ഠിക്കുവാനും ആഹ്വാനം ചെയ്തു. യേശുവിന്റെ തിരുഹൃദയത്തിനു സമർപ്പിക്കപ്പെട്ട ഒരു ഭവനം എന്ന നിലയിൽ, യേശുവിനെപ്പോലെ ഒരു ഹൃദയത്തിന്റെ ആവശ്യകത ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. 

സമർപ്പിതർക്കിടയിൽ, ഒരു ഗാർഹികമായ അനുഭവം വളർത്തിയെടുക്കണമെന്നും, രണ്ടാം ലോകമഹായുദ്ധകാലത്ത് യഹൂദന്മാർക്ക് അഭയം കൊടുക്കുവാനും ഈ കോളജിനു സാധിച്ചിട്ടുള്ളതിനാൽ, ദൈനംദിന സാഹോദര്യം കെട്ടിപ്പടുക്കുക എന്നത് അംഗങ്ങളുടെ പാരമ്പര്യവും ഉത്തരവാദിത്തവുമാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ഒക്‌ടോബർ 2025, 12:23