തിരയുക

  ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകുന്നു ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകുന്നു   (@Vatican Media)

സഭയിൽ ദൈവമക്കളുടെ കുടുംബം എന്നുള്ള അനുഭവം സംലഭ്യമാകണം: പാപ്പാ

ഇറ്റലിയിലെ തൊസ്ക്കാന പ്രവിശ്യയിലെ രൂപതകളിൽ നിന്നും, കാമരീനോ-സാൻ സെവെറിനോ മാർക്കെ, ഫാബ്രിയാനോ-മതേലീക്ക, ലഞ്ചാനോ -ഓർത്തോണ, സാൻ സെവെറോ രൂപതകളിൽ നിന്നുമുള്ള തീർത്ഥാടകരെ, ഒക്ടോബർ മാസം പതിനൊന്നാം തീയതി,വത്തിക്കാനിലെ, വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ സ്വീകരിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വടക്കേ ഇറ്റലിയിലെ വിവിധ രൂപതകളിൽ നിന്നും, ജൂബിലി തീർത്ഥാടനത്തിനായി റോമിൽ എത്തിയവരെ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം, പതിനൊന്നാം തീയതി, വത്തിക്കാൻ ചത്വരത്തിൽ, സദസിൽ സ്വീകരിച്ചു. തൊസ്ക്കാന പ്രവിശ്യയിലെ രൂപതകളിൽ നിന്നും, കാമരീനോ-സാൻ സെവെറിനോ മാർക്കെ, ഫാബ്രിയാനോ-മതേലീക്ക, ലഞ്ചാനോ -ഓർത്തോണ, സാൻ സെവെറോ രൂപതകളിൽ നിന്നുമുള്ളവരായിരുന്നു തീർത്ഥാടകർ.

ക്രൈസ്തവ ശിഷ്യത്വത്തിന്റെയും, കൂട്ടായ്മയുടെയും മാനം പ്രകടമാക്കികൊണ്ട്, ഏവരും ചേർന്ന് വിശ്വാസം പ്രഘോഷിക്കുവാനുള്ള അവസരമാണ്, ജൂബിലി തീർത്ഥാടനമെന്നു പാപ്പാ എടുത്തുപറഞ്ഞു. ക്രിസ്തുവിന്റെ  സഭ രൂപതകൾ പോലുള്ള യാഥാർത്ഥ്യങ്ങളിലാണ് വെളിപ്പെടുന്നതെന്നും, എന്നാൽ സ്ഥാപിതമായ അതിരുകൾക്കപ്പുറം ദൈവത്തിന്റെ മക്കളുടെ ഏക കുടുംബമാണ് നമ്മൾ എന്നുള്ള അനുഭവമാണ്, കത്തോലിക്കാ സഭ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

രൂപതകളുടെ അസ്തിത്വപരവും സാമൂഹികവും സഭാംഗവുമായ അനുഭവം വ്യത്യസ്തമാണെന്നതും, ചരിത്രം വൈവിധ്യമാണെന്നതും, സുവിശേഷവത്കരണത്തിന്റെ വെല്ലുവിളിയാണെങ്കിലും, സുവിശേഷം പ്രഘോഷിക്കുന്നതിനു, പുതിയ അജപാലന വഴികൾ  തേടേണ്ടത് ആവശ്യമാണെന്നും പാപ്പാ എടുത്തുപറഞ്ഞു.

ഇറ്റലിയിൽ ദൈവവിളികൾ കുറയുന്നതും മറ്റും രൂപതകളുടെ ഏകീകരണ പ്രക്രിയകൾക്ക് വഴി തെളിച്ചിട്ടുള്ളതും പാപ്പാ ചൂണ്ടിക്കാട്ടി. സെമിനാരികളിലെ പ്രാരംഭരൂപീകരണതിൽ പ്രത്യേകമായ ശ്രദ്ധ പുലർത്തുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. ഇവിടെ ഒരു സിനഡൽ ചിന്താഗതിയോടുകൂടി മുൻപോട്ടു പോകണമെന്നും പാപ്പാ പറഞ്ഞു.

സമൂഹത്തിലും സഭയിലും ഏറെ സംഭാവനകൾ നൽകിയ ഒരു പ്രദേശം എന്ന നിലയിൽ, തീർത്ഥാടകർ വരുന്ന ദേശങ്ങളിലെ പഴയ ചരിത്രം മറന്നുപോകരുതെന്നും, ഈ പൈതൃകത്തിന്റെ സമൃദ്ധി, ക്രിസ്തീയ രൂപീകരണത്തിനും, സുവിശേഷവത്ക്കരണത്തിനും പ്രചോദനം നല്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

കരകൗശല നൈപുണ്യത്തിന്റെയും ചെറുകിട, ഇടത്തരം വ്യവസായത്തിന്റെയും കേന്ദ്രമെന്ന നിലയിൽ ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ഈ ദേശങ്ങളിൽ, എന്നാൽ ഇന്ന്, സാമ്പത്തിക പ്രതിസന്ധി നിരവധി തൊഴിലാളികളെ പിരിച്ചുവിടാൻ നിർബന്ധിക്കുന്ന അവസ്ഥ ഏറെ വേദനാജനകമാണെന്നു പാപ്പാ പറഞ്ഞു. ഇവിടെ, നിശ്ചലമായി തുടരരുതെന്നും ആളുകളുടെ, പ്രത്യേകിച്ച് ദരിദ്രരുടെ ജീവിതത്തെക്കുറിച്ച് ശ്രദ്ധാലുവായ ഒരു സഭയുടെ മുഖം രൂപപ്പെടുത്താൻ സഭാ അംഗങ്ങൾക്ക് സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഒക്‌ടോബർ 2025, 11:44