തിരയുക

  ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ കുർബാനയുടെ ആശീർവാദം നൽകുന്നു ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ കുർബാനയുടെ ആശീർവാദം നൽകുന്നു   (@Vatican Media)

പരിശുദ്ധ മറിയം നമ്മെ പ്രവാചകദൗത്യത്തിനു ക്ഷണിക്കുന്നു: പാപ്പാ

മരിയൻ ജൂബിലി തീർത്ഥാടനത്തോടനുബന്ധിച്ചു, ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ 11 ന് വൈകുന്നേരം, വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന സമാധാനത്തിനായുള്ള ജപമാലപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ആയിരക്കണക്കിന് ആളുകൾ പ്രാർത്ഥനയിൽ പങ്കുകൊണ്ടു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

എല്ലാവരും ഒരുമിച്ച്, സ്ഥിരോത്സാഹത്തോടെയും യോജിപ്പോടെയും സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നും, അതിൽ മടുപ്പു തോന്നരുതെന്നും എടുത്തു പറഞ്ഞുകൊണ്ട്, മരിയൻ ജൂബിലി തീർത്ഥാടനത്തോടനുബന്ധിച്ചു, ലിയോ പതിനാലാമൻ പാപ്പാ,  ഒക്ടോബർ 11 ന് വൈകുന്നേരം, വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന സമാധാനത്തിനായുള്ള ജപമാലപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പ്രത്യാശയുടെ ജൂബിലി തീർത്ഥാടന വേളയിൽ, നമ്മുടെ ദൃഷ്ടികൾ, മാനുഷികവും, സുവിശേഷാത്മകവുമായ പരിശുദ്ധ മറിയത്തിന്റെ പ്രത്യേകതകളിൽ ഉറപ്പിക്കുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.  പരിശുദ്ധ അമ്മ വഴിയായി സകലർക്കും, കരുണ ലഭിക്കുന്നതിനായി  പ്രാർത്ഥിക്കുവാനും പാപ്പാ ക്ഷണിച്ചു.

യേശുവിന്റെ കുരിശിന്റെ ചുവട്ടിൽ നിലയുറപ്പിച്ച ധീരരായ പരിശുദ്ധ അമ്മയെയും, മറ്റു സ്ത്രീകളെയും പോലെ, ലോകത്തിന്റെ കുരിശിന്റെ സഹനങ്ങളിൽ കൂടെ നിൽക്കുവാൻ സാധിക്കണമെന്നു പറഞ്ഞ പാപ്പാ, മാനവകുലത്തിനൊപ്പം, അവർക്ക് ആശ്വാസം നൽകുവാനും, കൂട്ടായ്മയിൽ സഹായിക്കുവാനും  ഇന്ന് കർത്താവും ക്രൂശിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.  "അവൻ നിങ്ങളോടു പറയുന്നതെന്തും ചെയ്യുക" (യോഹന്നാൻ 2:5) എന്ന് കാനായിലെ കല്യാണവിരുന്നിന്റെ അവസരത്തിൽ മറിയം പറഞ്ഞ വാക്കുകൾ, അവളുടെ ഇച്ഛാശക്തിയെ വെളിപ്പെടുത്തുന്നുവെന്നും, താൻ ആവശ്യപ്പെടുന്നത് പുത്രൻ നിറവേറ്റും എന്ന വിശ്വാസം പരിശുദ്ധ അമ്മയ്ക്ക് ഉണ്ടായിരുന്നുവെന്നതും പാപ്പാ അനുസ്മരിച്ചു.

ഒരു വാക്ക് പോലും പാഴാകാൻ അനുവദിക്കാതെ, പ്രവാചകധീരത ജീവിതത്തിൽ പുലർത്തുവാൻ മറിയം നമ്മോട് ആവശ്യപ്പെടുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു. സമാധാനം നമ്മെ നിരായുധരാക്കുന്നുവെന്നും, എന്നാൽ ഇത് പ്രതിരോധമല്ല സാഹോദര്യമാണെന്നും, അന്ത്യശാസനമല്ല, സംഭാഷണമാണെന്നും, ഇത് ശത്രുവിന്റെ മേൽ വിജയങ്ങളുടെ ഫലമായല്ല, മറിച്ച് നീതിയുടെയും ധൈര്യപൂർവകമായ ക്ഷമയുടെയും ഫലമായിട്ടാണെന്നും പാപ്പാ എടുത്തുപറഞ്ഞു.

തുടർന്ന്, എളിമയുടെ ജീവിതപാഠവും പാപ്പാ മറിയത്തിന്റെ മാതൃക ചൂണ്ടിക്കാട്ടി വിവരിച്ചു. മറിയത്തിന്റെ സ്തോത്രഗീതം വിവരിക്കുന്നതുപോലെ, ശക്തരുടെ വീക്ഷണകോണിൽ നിന്നല്ല, വിധവ, അനാഥ, അപരിചിതൻ, മുറിവേറ്റ കുട്ടി, നാടുകടത്തപ്പെട്ടവൻ, ഒളിച്ചോടിയവൻ എന്നിവരുടെ വീക്ഷണകോണിൽ ചരിത്രത്തിലെ സംഭവങ്ങളെ വിലയിരുത്തണമെന്നും, അവിടെയാണ് നീതിയുടെയും സമാധാനത്തിന്റെയും ഒരു രാജ്യം കെട്ടിപ്പടുക്കുവാൻ സാധിക്കുന്നതെന്നും  പാപ്പാ പറഞ്ഞു. കർത്താവിന്റെ കരങ്ങളിൽ സമാധാനത്തിന്റെ ഉപകരണങ്ങൾ ആയിത്തീരുവാനും പാപ്പാ ഏവരെയും ആഹ്വാനം  ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 ഒക്‌ടോബർ 2025, 11:39