സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററി പാപ്പാ സന്ദർശിച്ചു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ദാരിദ്ര്യം, സാമ്പത്തിക അസമത്വം, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസപ്രതിസന്ധി, കുടിയേറ്റം, ഇല്ലാതാക്കപ്പെടേണ്ട അനീതി തുടങ്ങി നിരവധി വിഷയങ്ങൾ എടുത്തു പറയുന്ന, "ദിലേക്സി തേ" എന്ന, ഫ്രാൻസിസ് പാപ്പാ തുടങ്ങിവച്ച്, ലിയോ പതിനാലാമൻ പാപ്പാ പൂർത്തിയാക്കിയ അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ച ഒക്ടോബർ മാസം ഒൻപതാം തീയതി, റോമിലെ ത്രസ്തേവരെയിലുള്ള, സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയിൽ ലിയോ പതിനാലാമൻ പാപ്പാ സന്ദർശനം നടത്തി, അംഗങ്ങളെ അഭിസംബോധന ചെയ്തു.
"ഡികാസ്റ്ററിയിലേക്കുള്ള എന്റെ സന്ദർശന വേളയിൽ, സഭയുടെ ദൗത്യത്തിന്റെ മൂർത്തമായ ഭാവം വെളിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക്, നിങ്ങൾക്കെല്ലാവർക്കും ഞാൻ നന്ദി പറയുന്നു." ഡിക്കസ്റ്ററിയുടെ ഉപചാരക പുസ്തകത്തിൽ പാപ്പാ കുറിച്ച വാക്കുകളാണിവ.
സമഗ്ര മനുഷ്യ വികസന പ്രവർത്തനങ്ങൾക്ക് നൽകിയ പ്രോത്സാഹനത്തിനും, സേവനങ്ങൾക്കും ഡികസ്റ്ററി കുടുംബത്തിന് മുഴുവനുമായി, പാപ്പാ നന്ദിയർപ്പിച്ചു. സമർപ്പിതർക്കുവേണ്ടിയുള്ള ജൂബിലി വിശുദ്ധ കുർബാനയ്ക്കും, തന്റെ പ്രഥമ അപ്പസ്തോലിക പ്രബോധന പ്രസിദ്ധീകരണത്തിനും ശേഷം, പ്രാദേശിക സമയം ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയാണ്, പാപ്പാ, സന്ദർശനത്തിനായി എത്തിയത്.
കുടിയേറ്റം, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നിങ്ങനെ നിരവധി മേഖലകളിൽ പരിശുദ്ധ സിംഹാസനത്തിനു വേണ്ടി സേവനങ്ങൾ നടത്തുന്ന ഡിക്കസ്റ്ററിയാണ് ഇത്.
ഏകദേശം രണ്ടുമണിക്കൂർ നീണ്ട സന്ദർശന വേളയിൽ, പ്രീഫെക്ട്, സെക്രട്ടറി, ഉപ-സെക്രട്ടറിമാർ എന്നിവരുമായി സ്വകാര്യ കൂടിക്കാഴ്‌ചയും നടത്തി. സന്നിഹിതരായവരെ വ്യക്തിഗതമായി അഭിവാദ്യം ചെയ്യുകയും, സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു. ലിയോ പതിനാലാമൻ പാപ്പാ ഒരു ഡിക്കസ്റ്ററി സന്ദർശിക്കുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യത്തേത് മെയ് 20 ന്, പത്രോസിന്റെ സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ, മെത്രാന്മാർക്ക് വേണ്ടിയുള്ള ഡിക്കസ്റ്ററിയിലേക്കുള്ളതായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
