തിരയുക

ലിയൊ പതിനാലാമൻ പാപ്പാ വിദ്യഭ്യാസ ലോകത്തിൻറെ ജൂബിലിയിൽ പങ്കെടുക്കുന്നവരുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കെത്തുന്നു, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ ലിയൊ പതിനാലാമൻ പാപ്പാ വിദ്യഭ്യാസ ലോകത്തിൻറെ ജൂബിലിയിൽ പങ്കെടുക്കുന്നവരുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കെത്തുന്നു, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ  (AFP or licensors)

പാപ്പാ:ക്രിസ്തീയ വിദ്യഭാസത്തിൻറെ അടിസ്ഥാനങ്ങൾ: ആന്തരികത, ഐക്യം, സ്നേഹം, സന്തോഷം!

ലിയൊ പതിനാലാമൻ പാപ്പാ വിദ്യഭാസ ലോകത്തിൻറെ ജൂബിലിയിൽ പങ്കെടുക്കുന്നവരുമൊത്തു കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണമായിരുന്നു വേദി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആന്തരികതയും ഐക്യവും സ്നേഹവും സന്തോഷവുമാണ് ക്രിസ്തീയവിദ്യഭ്യാസത്തിൻറെ അടിസ്ഥാനങ്ങൾ എന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

വിദ്യഭ്യാസലോകത്തിൻറെ ജൂബിലിയാചരണത്തോടനുബന്ധിച്ച് ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്ന് വത്തിക്കാനിലെത്തിയ വിദ്യാദായകരും വിദ്യഭാസരംഗത്ത് ഭിന്ന തലങ്ങളിൽ സേവനമനുഷ്ഠിക്കുന്നവരുമടങ്ങിയ ഇരുപതിനായിരത്തിലേറേപ്പേരെ ഒക്ടോബർ 31-ന് വെള്ളിയാഴ്ച (31/10/25) വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ വച്ച് സംബോധനചെയ്യവെയാണ് ലിയൊ പതിനാലാമൻ പാപ്പാ, വിശുദ്ധ അഗസ്റ്റിൻ അവതരിപ്പിക്കുന്ന വിദ്യഭാസത്തിൻറെ ഈ ചതുർമാനങ്ങൾ വിശകലനം ചെയ്തത്.

താനും അഗസ്തീനിയൻ സമൂഹത്തിൻറെ കീഴിലുള്ള വിദ്യഭ്യാസസ്ഥാപനത്തിൽ അദ്ധ്യാപകനായിരുന്നതിനാൽ തൻറെ അദ്ധ്യാപനാനുഭവങ്ങൾ പാപ്പാ അനുസ്മരിച്ചു.  

"നമ്മുടെ വാക്കുകളുടെ ശബ്ദം കാതുകളിൽ മുഴങ്ങുന്നു, എന്നാൽ യഥാർത്ഥ ഗുരു ഉള്ളിലാണ്" എന്നാണ് ആന്തരികതയെക്കുറിച്ചു പരാമർശിച്ചുകൊണ്ട് വിശുദ്ധ അഗസ്റ്റിൻ പറയുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു.

സത്യം സഞ്ചരിക്കുന്നത് ശബ്ദങ്ങളിലൂടെയും ചുവരുകളിലൂടെയും ഇടനാഴികളിലൂടെയുമല്ല മറിച്ച് വ്യക്തികളുടെ അഗാധമായ കൂടിക്കാഴ്ചയിലൂടെയാണെന്നും ഈ സമാഗമത്തിൻറെ അഭാവത്തിൽ ഏതൊരു വിദ്യാഭ്യാസ പദ്ധതിയും പരാജയപ്പെടുമെന്നും പാപ്പാ വിശദീകരിച്ചു.

ക്രിസ്തീയവിദ്യാസത്തിൻറെ രണ്ടാമത്തെ മൗലികമാനമായ ഐക്യത്തെക്കുറിച്ചു വിശകലനം ചെയ്ത പാപ്പാ യഥാർത്ഥ ഐക്യം നാം കണ്ടെത്തുക ക്രിസ്തുവിൽ മാത്രമാണെന്ന് ഉദ്ബോധിപ്പിച്ചു. കൂടെ ആയിരിക്കുക എന്ന മാനം വിശുദ്ധ അഗസ്റ്റിൻറെ രചനകളിൽ നിരന്തരം പ്രകടമാണെന്നും പാപ്പാ പറഞ്ഞു.

"നിങ്ങളുടെ ആത്മാവ് ഇനി നിങ്ങളുടേതല്ല, മറിച്ച് നിങ്ങളുടെ എല്ലാ സഹോദരന്മാർക്കും അവകാശപ്പെട്ടതാണ്" എന്ന വിശുദ്ധ അഗസ്റ്റിൻറെ വാക്കുകൾ ഉദ്ധരിച്ച പാപ്പാ, പൊതുവായ അർത്ഥത്തിൽ ഇത് ശരിയാണെങ്കിൽ, വിദ്യാഭ്യാസ പ്രക്രിയകളുടെ പാരസ്പര്യത്തിൻറെ കാര്യത്തിൽ ഇത് കൂടുതൽ സത്യമാണെന്നും വിദ്യഭാസ പ്രക്രിയയിൽ അറിവ് പങ്കിടുന്നത് മഹത്തായൊരു സ്നേഹപ്രവൃത്തിയായി മാത്രമേ കാണാൻ കഴിയൂ എന്നും പ്രസ്താവിച്ചു.

സ്നേഹം എന്ന മൂന്നാമത്തെ മാനത്തെക്കുറിച്ചു വിശദീകരിച്ച പാപ്പാ അദ്ധ്യാപനത്തെ ഒരിക്കലും സ്നേഹത്തിൽ നിന്ന് വേറിട്ടുനിറുത്തനാവില്ലെന്ന് ഉദ്ബോധിപ്പിച്ചു.

അദ്ധ്യാപകരുൾപ്പടെയുള്ള വിദ്യാഭ്യാസ പ്രവർത്തകർ സമൂഹത്തിന് നൽകുന്ന മഹത്തായ സംഭാവനകളെ നാം വേണ്ടത്ര വിലമതിക്കുന്നില്ല എന്നത് ഇന്നിൻറെ ഒരു പ്രശ്നമാണെന്ന് അനുസ്മരിച്ച പാപ്പാ അദ്ധ്യാപകരുടെ സാമൂഹികവും സാംസ്കാരികവുമായ പങ്കിനെ തകർക്കുന്നത് നമ്മുടെ സ്വന്തം ഭാവിയെ പണയപ്പെടുത്തുകയാണെന്നും വിജ്ഞാനവിനിമയ പ്രതിസന്ധി പ്രത്യാശയുടെ പ്രതിസന്ധിയും പേറുന്നുവെന്നും പാപ്പാ മുന്നറിയിപ്പേകി.

ക്രിസ്തീയവിദ്യാഭ്യാസത്തിൻറെ നാല് അടിസ്ഥാനങ്ങളിൽ അവസാനത്തെതായ സന്തോഷത്തെക്കുറിച്ച് പരാമർശിക്കവെ പാപ്പാ യഥാർത്ഥ അദ്ധ്യാപകർ പുഞ്ചിരിയോടെയായിരിക്കും വിദ്യ പ്രദാനം ചെയ്യുകയെന്നും അവരുടെ ലക്ഷ്യം തങ്ങളുടെ ശിഷ്യരുടെ ആത്മാവിൻറെ ആഴങ്ങളിൽ പുഞ്ചിരി ഉളവാക്കുക എന്നതാണെന്നും പറഞ്ഞു.

അദ്ധ്യാപകരുടെ പങ്ക് ഒരു മാനുഷിക പ്രതിബദ്ധതയാണെന്നും വിദ്യാഭ്യാസ പ്രക്രിയയുടെ സന്തോഷം തന്നെ പൂർണ്ണമായും മാനുഷികമാണെന്നും, അത്, വിശുദ്ധ അഗസ്റ്റിൻറെ വാക്കുകളിൽ, “ആത്മാവുകളെ ഒന്നിപ്പിക്കുകയും അനേകരെ ഒന്നാക്കുകയും ചെയ്യുന്ന ഒരു ജ്വാല" ആണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 ഒക്‌ടോബർ 2025, 12:15