തിരയുക

ഇറ്റലിയുടെ രാഷ്ട്രപതിമന്ദിരമായ “പലാത്സൊ ദെൽ ക്വിരിനാലെ”യിൽ എത്തിയ ലിയൊ പതിനാലാമൻ പാപ്പായെ ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ല സ്വീകരിക്കുന്നു, 14/10/25 ഇറ്റലിയുടെ രാഷ്ട്രപതിമന്ദിരമായ “പലാത്സൊ ദെൽ ക്വിരിനാലെ”യിൽ എത്തിയ ലിയൊ പതിനാലാമൻ പാപ്പായെ ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ല സ്വീകരിക്കുന്നു, 14/10/25  (AFP or licensor)

പാപ്പാ: സങ്കീർണ്ണ വെല്ലുവിളികൾക്ക് പങ്കുവയ്ക്കപ്പെടുന്ന പരിഹാരങ്ങൾ തേടണം!

ലിയൊ പതിനാലാമൻ പാപ്പാ ഇറ്റലിയുടെ ഇറ്റലിയുടെ രാഷ്ട്രപതി മന്ദിരമായ “പലാത്സൊ ദെൽ ക്വിരിനാലെ”യിൽ എത്തി പ്രസിഡൻറ് സേർജൊ മത്തരേല്ലയെ സന്ദർശിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ കാലഘട്ടത്തിലെ സങ്കീർണ്ണമായ വെല്ലുവിളികൾ എല്ലാവരും പങ്കുവയ്ക്കുന്ന പരിഹാരങ്ങൾ തേടുന്നതും സ്വീകരിക്കുന്നതും പൂർവ്വോപരി അനിവാര്യമാക്കുന്നുമെന്ന് പാപ്പാ.

ഇറ്റലിയുടെ രാഷ്ട്രപതി മന്ദിരമായ “പലാത്സൊ ദെൽ ക്വിരിനാലെ”യിൽ ഒക്ടോബർ 14-ന്, ചൊവ്വാഴ്ച എത്തി അന്നാടിൻറെ പ്രസിഡൻറ് സേർജൊ മത്തരേല്ലയെ  സന്ദർശിച്ച വേളയിൽ നടത്തിയ പ്രഭാഷണത്തിലാണ് ലിയൊ പതിനാലാമൻ പാപ്പാ ഇറ്റലിയും പരിശുദ്ധസിംഹാസനവും ബഹുരാഷ്ട്രസഹകരണം എന്ന മൂല്യത്തിന് ഊന്നൽ നല്കുന്ന പ്രവർത്തനശൈലിയെപ്പറ്റി പരാമർശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്.

യുദ്ധം, ദുരിതങ്ങൾ, വിശിഷ്യ, ഗാസയിലെ കുട്ടികളുടെ കഷ്ടപ്പാടുകൾ തുടങ്ങിയ അവസ്ഥകളെ നേരിടാൻ ഇറ്റലി നടത്തുന്ന ശ്രമങ്ങളെ പാപ്പാ ശ്ലാഘിച്ചു. പ്രത്യാശയുടെ നിരവധി അടയാളങ്ങൾക്കൊപ്പം, ദൗർഭാഗ്യവശാൽ, ലോകമെമ്പാടും മനുഷ്യരാശിയെ മുറിവേൽപ്പിക്കുന്നതും അടിയന്തിരവും ദീർഘവീക്ഷണമുള്ളതുമായ പ്രതികരണങ്ങൾ ആവശ്യമുള്ളതുമായ നിരവധി അതിരൂക്ഷ ദുരിതാവസ്ഥകളുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്ന വസ്തുത പാപ്പാ അനുസ്മരിച്ചു.

ഈ പശ്ചാത്തലത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് സമാധാന പ്രവർത്തനമാണെന്ന് വ്യക്തമാക്കിയ പാപ്പാ ലോകമഖിലം സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുന്നത് തുടരാനും ജനങ്ങൾക്കിടയിൽ നീതി, സമത്വം, സഹകരണം എന്നിവയുടെ തത്വങ്ങൾ കൂടുതൽ വളർത്തിയെടുക്കാനും പരിപോഷിപ്പിക്കാനുമുള്ള തൻറെ  ഹൃദയംഗമമായ അഭ്യർത്ഥന നവീകരിച്ചു.

സമീപ ദശകങ്ങളിൽ യൂറോപ്പിൽ പൊതുവെ ജനനനിരക്കിൽ ഗണ്യമായ കുറവുണ്ടായിട്ടുള്ളതിനെക്കുറിച്ചും പാപ്പാ പരാമർശിച്ചു. കുടുംബത്തിൻറെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും കുടുംബമൂല്യങ്ങൾ പരിപോഷിപ്പിച്ചുകൊണ്ടും കുടുംബത്തിന് അനുകൂലമായി വിവിധ തലങ്ങളിൽ തിരഞ്ഞെടുപ്പുകൾ  നടത്തേണ്ടതിൻറെ പ്രാധാന്യം പാപ്പാ  ചൂണ്ടിക്കാട്ടി.

"അപ്പൻ," "അമ്മ," "മകൻ," "മകൾ," "മുത്തച്ഛൻ," "മുത്തശ്ശി" എന്നിവ ഇറ്റലിയുടെ പാരമ്പര്യത്തിൽ, സ്നേഹം, ബഹുമാനം, സമർപ്പണം എന്നിവയുടെ വികാരങ്ങൾ സ്വാഭാവികമായി പ്രകടിപ്പിക്കുകയും ഉണർത്തുകയും ചെയ്യുന്ന വാക്കുകളാണെന്ന് പാപ്പാ അനുസ്മരിച്ചു. എല്ലാ കുടുംബങ്ങൾക്കും മാന്യമായ തൊഴിൽ ഉറപ്പാക്കേണ്ടതിൻറെയും കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് യുവ കുടുംബങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതിന് സാധ്യമായതെല്ലാം ചെയ്യേണ്ടതിൻറെയും ആവശ്യകത പാപ്പാ ഊന്നിപ്പറഞ്ഞു.

തൻറെ പ്രഭാഷണത്തിൻറെ അവസാനം പാപ്പാ പ്രസിഡൻറ് സേർജൊ മത്തരേല്ലയ്ക്കും ഇറ്റലിയിലെ ജനങ്ങൾക്കും സർവ്വ നന്മകളും നേർന്നു. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 11 മുതൽ ഉച്ചയ്ക്ക് ഏതാണ്ട് 1 മണി വരെയായിരുന്നു പാപ്പായുടെ സന്ദർശന പരിപാടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ഒക്‌ടോബർ 2025, 12:39