ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിൽ: ഒന്നും രണ്ടും ദിവസങ്ങളിലെ യാത്രാവിവരണസംഗ്രഹം
മോൺസിഞ്ഞോർ ജോജി വടകര, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാന്‍ ന്യൂസ്
നവംബർ 27 വ്യാഴാഴ്ച രാവിലെ 7.00-ന്, ഇന്ത്യയിൽ ഉച്ചയ്ക്ക് 11.30-ന് വത്തിക്കാനിൽനിന്ന് പുറപ്പെട്ട് റോം ഫ്യുമിച്ചീനോയിലുള്ള ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയ പാപ്പാ, അവിടെനിന്ന് 7.58-ന് യാത്രയാരംഭിച്ച് 1.930 കിലോമീറ്ററുകൾ ഏതാണ്ട് മൂന്ന് മണിക്കൂറുകൾ കൊണ്ട് താണ്ടി, ഉച്ചയ്ക്ക് പ്രാദേശികസമയം പന്ത്രണ്ടരയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ തുർക്കിയിലെ അങ്കാറയിലുള്ള എസെൻബോഗ (Esenboğa) അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഈ യാത്രയിൽ, ഇറ്റലി, ക്രോയേഷ്യ, ബോസ്നിയ-എർസെഗോവ്‌ന, മോന്തേനേഗ്രോ, സെർബിയ, ബൾഗേറിയ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെയാണ്, പാപ്പാ സഞ്ചരിച്ച ഇറ്റലിയുടെ ഈറ്റാ എയർവെയ്‌സ് യാത്ര ചെയ്തത്. യാത്രയിൽ താൻ കടന്നുപോകുന്ന രാജ്യങ്ങളുടെ തലവന്മാർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് പാപ്പാ സന്ദേശങ്ങളയച്ചിരുന്നു.
കടൽനിരപ്പിൽ നിന്ന് 850 മീറ്റർ ഉയരത്തിലുള്ള അങ്കാറ നഗരം, ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം, ഓട്ടോമൻ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾക്ക് മേൽ, മുസ്തഫ കെമാൽ അതാത്യുർക്ക് (Mustafa Kemal “Atatürk") 1923-ൽ സ്ഥാപിച്ച തുർക്കിയുടെ രാഷ്ട്രീയ തലസ്ഥാനമാണ്.
പാപ്പാ തുർക്കിയിൽ
എസെൻബോഗ വിമാനത്താവളത്തിലെത്തിയ പാപ്പായെ അവിടേക്കുള്ള അപ്പസ്തോലിക പ്രതിനിധി ആർച്ച്ബിഷപ് മാരെക് സോൾചിൻസ്‌കിയും (H.E. Msgr. Marek Solczyński) രാജ്യത്തെ പ്രോട്ടോക്കോൾ മേധാവിയും വിമാനത്തിൽ കയറി അഭിവാദ്യം ചെയ്‌തു. തുടർന്ന് വിമാനത്തിൽനിന്ന് ഇറങ്ങിയ പാപ്പായെ സർക്കാരിനെ പ്രതിനിധീകരിച്ച് ഒരു മന്ത്രിയെത്തി സ്വീകരിച്ചു. പാരമ്പര്യവേഷം ധരിച്ച രണ്ടു കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ സമ്മാനിച്ചു. തുടർന്ന് പാപ്പായ്ക്ക് സൈനികബഹുമതി നൽകപ്പെട്ടു. വിമാനത്താവളത്തിൽ വച്ച് പാപ്പായും മന്ത്രിയുമായി ചെറിയ ഒരു സ്വകാര്യ കൂടിക്കാഴ്ചയും ഉണ്ടായിരുന്നു.
മുസ്തഫ കെമാൽ അതാത്യുർക്കിന്റെ ശവകുടീരത്തിലേക്ക്
മന്ത്രിയുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, പാപ്പാ വിമാനത്താവളത്തിൽനിന്ന് 28 കിലോമീറ്ററിലോളം അകലെ, രാഷ്ട്രനിർമ്മാതാവും പ്രഥമ പ്രസിഡന്റുമായ മുസ്തഫ കെമാൽ അതാത്യുർക്കിന്റെ (Mustafa Kemal “Atatürk") ശവകുടീരം സ്ഥിതിചെയ്യുന്ന ഇടത്തേക്ക് കാറിൽ യാത്രയായി.
1944-നും 1953 -നും ഇടയിൽ പണിയപ്പെട്ട ഈ മന്ദിരം ഗ്രീക്ക് ദേവാലയങ്ങളുടെ മാതൃകയിലുള്ളതാണ്. ഓട്ടോമൻ ഭരണത്തിന് കീഴിലുണ്ടായിരുന്ന ഖുർആൻ നിയമസംഹിതയ്ക്ക് പകരം ഒരു സിവിൽ കോഡ് കൊണ്ടുവന്നതും, ഇസ്ലാം മതവിശ്വാസം രാജ്യത്തിന്റെ മതമായിരുന്ന സ്ഥിതിയിൽനിന്ന് മാറി, മതേതരസ്വഭാവമുള്ള ഒരു രാജ്യമാക്കി അതിനെ മാറ്റിയതും അതാത്യുർക്കാണ്. ഇസ്ലാം വിധിപ്രകാരമുള്ള വിദ്യഭ്യാസ, വിധിന്യായ വ്യവസ്ഥകൾ മാറ്റിയതും, വെള്ളിയാഴ്ചയിൽനിന്ന് അവധിദിവസം ഞായറാഴ്ചയിലേക്ക് മാറ്റിയതും, ബഹുഭാര്യത്വം നിരോധിച്ചതും, സ്ത്രീകൾക്ക് വോട്ട് നൽകിയതും, പുരുഷന്മാർക്ക് തൊപ്പിയും, സ്ത്രീകൾക്ക് ബുർക്കയും നിരോധിച്ചതും, അറബ് അക്ഷരങ്ങൾക്ക് പകരം ലാറ്റിൻ അക്ഷരങ്ങൾ ഉപയോഗിച്ച് ടർക്കിഷ് ഭാഷ എഴുതാൻ തീരുമാനിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്.
അതാത്യുർക്കിന്റെ ശവകുടീരത്തിനരികിലെത്തിയ പാപ്പായെ, അങ്കാറയുടെ ഉപ ഗവർണറും, മറ്റ് പ്രാദേശിക നേതൃത്വങ്ങളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പാപ്പാ അവിടെ ഒരു പൂമാല ഉപചാരമായി ചാർത്തി. അവിടെയുള്ള മിസാക്-ഇ-മില്ലി (Misak-ı Millî) ടവറിൽ പ്രമുഖ സന്ദർശകർക്കായുള്ള ഡയറിയിൽ ഒപ്പുവച്ച ശേഷം പാപ്പാ അവിടെനിന്ന് ഏഴ് കിലോമീറ്ററുകൾ അകലെയുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് കാറിൽ യാത്രയായി.
പാപ്പാ തുർക്കി പ്രസിഡന്റിന്റെ കൊട്ടാരത്തിൽ
ഉച്ചകഴിഞ്ഞ് 2.40-ന് തന്റെ കൊട്ടാരത്തിലെത്തിയ പാപ്പായെ, പ്രസിഡന്റ് റെജപ് തയ്യിപ് എർദൊഗാൻ (Recep Tayyip Erdoğan) വാതിൽക്കലെത്തി സ്വീകരിച്ചു. ഇരു രാജ്യങ്ങളുടെയും ദേശീയഗാനാലാപനത്തിനും, ബഹുമാനപുരസ്സരമുള്ള പീരങ്കിവെടികൾക്കും, മറ്റ് ആചാരമര്യാദകൾക്കും ശേഷം, ഇരു സംഘങ്ങളും പരസ്പരം പരിചയപ്പെടുത്തുകയും ഒരുമിച്ച് ഫോട്ടോയെടുക്കുകയും ചെയ്തു. തുടർന്ന് ലിഫ്റ്റുപയോഗിച്ച് രണ്ടാം നിലയിലെത്തിയ ശേഷം ഇരു പ്രതിനിധിസംഘങ്ങൾക്കുമൊപ്പം വീണ്ടും ഫോട്ടോ എടുക്കപ്പെട്ടു. അതിനുശേഷം ഇരുനേതാക്കളും പ്രസിഡന്റിന്റെ ഓഫീസിൽ സ്വകാര്യകൂടിക്കാഴ്ച നടത്തി.
2014-ൽ ഉദ്‌ഘാടനം ചെയ്യപ്പെട്ട പ്രസിഡന്റിന്റെ കൊട്ടാരം ഫ്രാൻസിസ് പാപ്പാ 2014 നവംബർ 28-ന് സന്ദർശിച്ചിരുന്നു. ഏതാണ്ട് മൂന്ന് ലക്ഷം ചതുരശ്രമീറ്റർ വലിപ്പമുള്ളതാണ് 1.150 മുറികളുള്ള ഈ കെട്ടിടം.
ഔദ്യോഗിക പ്രതിനിധികളുമൊത്തുള്ള സമ്മേളനം
പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മൂന്നരയോടെ കൊട്ടാരത്തിൽനിന്ന് ഒരു കിലോമീറ്ററിൽ താഴെ അകലെയുള്ള ദേശീയ ലൈബ്രറി എന്നറിയപ്പെടുന്ന് ഇടത്ത്, രാജ്യത്തെ ഔദ്യോഗിക നേതൃത്വവും, പൊതുസമൂഹവും, തുർക്കിയിലേക്കുള്ള നയതന്ത്രജ്ഞരും ഉൾക്കൊള്ളുന്ന സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്കായി പാപ്പാ കാറിൽ യാത്രയായി.
ദേശീയ ലൈബ്രറിക്കടുത്തുള്ള സ്റ്റേജിലെത്തിയ ശേഷം പ്രസിഡന്റ് എർദൊഗാൻ പാപ്പായെ ഊഷ്മളമായി സ്വാഗതം ചെയ്തുകൊണ്ട് പ്രഭാഷണം നടത്തി. പ്രസിഡന്റിന്റെ പ്രസംഗം അവസാനിച്ചതിനെത്തുടർന്ന് ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിലെ തന്റെ പ്രഥമ പ്രഭാഷണം നടത്തി.
തന്റെ അപ്പസ്തോലിക യാത്രകളുടെ തുടക്കം തുർക്കിയെയിൽ നിന്നും ആരംഭിക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് പാപ്പാ, തന്റെ സന്ദേശം ആരംഭിച്ചത്. നാടിന്റെ സൗന്ദര്യം, ദൈവസൃഷ്ടിയെ പരിപാലിക്കുന്നതിനു നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും, സ്ഥലങ്ങളുടെ സാംസ്കാരികവും കലാപരവും ആത്മീയവുമായ സമൃദ്ധി, വിവിധ തലമുറകളും പാരമ്പര്യങ്ങളും ആശയങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചകളിലൂടെ മഹത്തായ നാഗരികതകൾ രൂപപ്പെടുമെന്നും അതിൽ വികസനവും, ജ്ഞാനവും ഐക്യപ്പെടുന്നുവെന്നും നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നു പാപ്പാ ചൂണ്ടിക്കാട്ടി.
തുടർന്ന്, ലോകം ഈ കാലഘട്ടത്തിൽ അനുഭവിക്കുന്ന വിവിധ ദുരിതങ്ങളും പാപ്പാ വിവരിച്ചു. സ്വാർത്ഥപരമായ തീരുമാനങ്ങളിൽ ചവിട്ടിമെതിക്കപ്പെടുന്ന നീതിയും സമാധാനവും, ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളികളാണെന്നും, അവയ്ക്കു നേരെ ഉത്തരവാദിത്വമുള്ളവരായി നിലകൊള്ളണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
തന്റെ സന്ദർശനത്തിന്റെ അടയാളമായി ഉപയോഗിച്ചിരിക്കുന്ന ദർദാനെല്ലി പാലം, തുർക്കിയെ രാജ്യത്തിന്റെ പ്രത്യേക ദൗത്യം എടുത്തു കാണിക്കുന്നുവെന്നും, ഏഷ്യയെയും യൂറോപ്പിനെയും, പൗരസ്ത്യലോകത്തെയും, പാശ്ചാത്യ ലോകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതിലുപരി, ഈ അടയാളം തുർക്കിയെ അതിൽ തന്നെ പരസ്പരം ബന്ധിപ്പിക്കുന്നതാണെന്നും പാപ്പാ പ്രത്യേകം പറഞ്ഞു.
രാജ്യത്തിന്റെ ഐക്യത്തിന് ക്രിസ്ത്യാനികൾക്കും സംഭാവനകൾ നൽകുവാൻ സാധിക്കുമെന്നതിനു താൻ ഉറപ്പു നൽകുന്നതായും പാപ്പാ പറഞ്ഞു. അവരും തുർക്കിയുടെ സ്വത്വത്തിന്റെ ഭാഗമെന്നും പാപ്പാ കൂട്ടിച്ചേർത്തു. വിശാലമായ ലോകത്തിന്റെ ഉപരിതലത്തിൽ ജീവിച്ചുകൊണ്ട്, ബാഹ്യ ബന്ധങ്ങൾ മാത്രം കാത്തുസൂക്ഷിക്കുന്നത്, സുവിശേഷത്തിന്റെയും കത്തോലിക്കാ തത്ത്വത്തിന്റെയും വെളിച്ചത്തിൽ തെറ്റായ യുക്തിയാണെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു. "നിസ്സംഗതയുടെ ആഗോളവൽക്കരണത്തെ"എന്നും എതിർത്ത ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനവും പാപ്പാ അനുസ്മരിച്ചു. മറിച്ച് ഏവർക്കും ആവശ്യം, സ്നേഹത്തിന്റെ പാലങ്ങൾ പണിയുക എന്നതാണെന്നും, മതത്തിനു ഏറെ പ്രാധാന്യം കൽപ്പിക്കുന്ന തുർക്കിയേയിൽ, എല്ലാ ദൈവമക്കളുടെയും അന്തസ്സിനെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കേണ്ടത് അത്യാവശ്യമാണെന്നും പാപ്പാ പറഞ്ഞു.
പൊതുനന്മയും എല്ലാവരോടുള്ള ആദരവും പ്രോത്സാഹിപ്പിച്ചുകൊണ്ട്, പ്രാദേശിക രാഷ്ട്രീയത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും പുനർനിർമ്മിക്കുവാനും, മനുഷ്യ കുടുംബത്തിന്റെ ഐക്യത്തിന് ഇതിനകം വരുത്തിയ നാശനഷ്ടങ്ങൾ പരിഹരിക്കാനും പാപ്പാ ഏവരെയും ക്ഷണിച്ചു. തുടർന്ന്, സമൂഹത്തിൽ കുടുംബങ്ങളുടെ പ്രാധാന്യവും പാപ്പാ ഓർമ്മപ്പെടുത്തി.
തുർക്കി സംസ്കാരത്തിൽ കുടുംബത്തിന് വലിയ പ്രാധാന്യം നിലനിൽക്കുന്നുവെന്നും, കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിൽ രാഷ്ട്രം ഏറെ സംരംഭങ്ങൾ നടത്തുന്നുവെന്നും പറഞ്ഞ പാപ്പാ, പരസ്പരം അടുപ്പിക്കുന്നതിനും, ശത്രുത വളർത്തുന്ന മനോഭാവങ്ങൾ ഒഴിവാക്കുവാനും കുടുംബങ്ങൾ വഹിക്കുന്ന പങ്കും അടിവരയിട്ടു പറഞ്ഞു.
സ്വാർത്ഥപരമായ, ഉപഭോക്തൃ സമ്പദ് വ്യവസ്ഥയുടെ മധ്യത്തിൽ, വാത്സല്യങ്ങളെയും ബന്ധങ്ങളെയും വിലമതിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. കൂട്ടായ്മയിൽ മാത്രമാണ് ആധികാരികമായ ബന്ധം സൃഷ്ടിക്കപ്പെടുന്നതെന്നും, സ്നേഹത്തിൽ മാത്രമാണ് ആന്തരികത ആഴത്തിലുള്ളതാകുന്നതെന്നും പറഞ്ഞ പാപ്പാ, കുടുംബജീവിതത്തിൽ, വാസ്തവത്തിൽ, ദാമ്പത്യ സ്നേഹത്തിന്റെയും സ്ത്രീ സംഭാവനയുടെയും മൂല്യം ഉയർത്തിക്കൊണ്ടുവരണമെന്നും, അതിനുള്ള ശ്രമങ്ങൾ അഭിനന്ദനാർഹമെന്നും കൂട്ടിച്ചേർത്തു.
കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പാലമായി മാറുന്ന ഈ രാജ്യത്തിന്റെ സംഭാവനയോടെ മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാൻ പാപ്പാമാരുടെ സന്ദർശനങ്ങൾക്കു സാധിക്കട്ടെയെന്നു പാപ്പാ എടുത്തു പറഞ്ഞു. എന്നത്തേക്കാളും ഇന്ന് സംഭാഷണം വളർത്തുകയും ഉറച്ച ഇച്ഛാശക്തിയോടും ക്ഷമയോടും കൂടി അത് പരിശീലിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളുടെ ആവശ്യമുണ്ടെന്നും, വിനാശകരമായ ചലനാത്മകത ആഗിരണം ചെയ്യുന്ന യുദ്ധങ്ങളുടെ വെല്ലുവിളികളിൽ നിന്നും, ലോകത്തെ ആത്മീയവും ധാർമ്മികവുമായ ശക്തി ഉപയോഗിച്ച് സംരക്ഷിക്കുവാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളുമായി സഹകരിക്കാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ആഗ്രഹവും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.
പരിശുദ്ധ പിതാവിന്റെ പ്രഭാഷണവും, പൊതുസമ്മേളനവും അവസാനിച്ച ശേഷം, വൈകുന്നേരം നാലുമണിയോടെ ഇരുവരും, അവിടെ നിന്ന് എട്ട് കിലോമീറ്ററുകൾ അകലെ, ദിയനെറ്റ് (Diyanet) എന്ന "മത കാര്യങ്ങൾക്കായുള്ള" കേന്ദ്രത്തിലേക്ക് യാത്രയായി.
മത കാര്യങ്ങൾക്കായുള്ള കേന്ദ്രം
വൈകുന്നേരം 4.10-ന് "മത കാര്യങ്ങൾക്കായുള്ള" കേന്ദ്രത്തിലെത്തിയ പാപ്പായെ, അവിടുത്തെ പ്രസിഡന്റ് സാഫി അർപാഗൂഷ് (Safi Arpaguş) സ്വാഗതം ചെയ്തു. തുടർന്ന് ഇരുവരും പ്രസിഡന്റിന്റെ ഓഫീസിൽ സ്വകാര്യ സംഭാഷണത്തിലേർപ്പെട്ടു. 2021 മുതൽ 2025 ഇസ്താൻബുൾ മുഫ്‌തി ആയിരുന്ന സാഫി, 2025 സെപ്റ്റംബർ 18-നാണ് പുതിയ ഈ ചുമതല ഏറ്റെടുത്തത്.
ഓട്ടോമൻ ഭരണത്തിന് ശേഷം, 1924-ൽ സ്ഥാപിക്കപ്പെട്ട ഈ കേന്ദ്രം, പ്രസിഡന്റിന്റെ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്നതും, സുന്നി ഇസ്ലാം വിഭാഗമനുസരിച്ചുള്ള ഉദ്ബോധനങ്ങൾ നൽകുന്നതിന് വേണ്ടിയുള്ളതുമാണ്. ഭരണഘടനയനുസരിച്ച് തുർക്കി ഒരു മതേത്വര രാജ്യമാണ്. ഏവർക്കും മതസ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യവും ഈ രേഖ നൽകുന്നുണ്ട്. എന്നാൽ 1923-ലെ ലോസെന്ന (Losanna) കരാർ അനുസരിച്ച് അർമേനിയൻ അപ്പസ്തോലിക സഭ, ഗ്രീക്ക് ഓർത്തഡോക്സ് സഭ, യഹൂദർ, എന്നീ മത ന്യൂനപക്ഷങ്ങൾക്ക് മാത്രമാണ്, തുർക്കിയിൽ നിയമസാധുതയുള്ളത്.
പാപ്പാ അപ്പസ്തോലിക നൂൺഷിയേച്ചറിൽ
മത കാര്യങ്ങൾക്കായുള്ള കേന്ദ്രത്തിന്റെ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈകുന്നേരം 4.40-ന് പാപ്പാ അപ്പസ്തോലിക നൂൺഷിയേച്ചറിലേക്ക് യാത്രയായി. വൈകുന്നേരം അഞ്ചുമണിയോടെ അവിടെയെത്തിയ പാപ്പായെ അപ്പസ്തോലിക നൂൺഷിയേച്ചറിലെ പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു.
പാപ്പാ ഇസ്താൻബുളിലേക്ക്
നൂൺഷിയേച്ചറിൽ നിന്ന് ഇസ്താൻബുളിലേക്ക് പോകാനായി, വൈകുന്നേരം അഞ്ചരയോടെ അങ്കാറയിലുള്ള എസെൻബോഗ അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് പാപ്പാ യാത്ര തിരിച്ചു. ഏകദേശം മുപ്പത്തിനാല് കിലോമീറ്ററുകൾ അകലെയാണ് ഈ വിമാനത്താവളം. അവിടെയെത്തിയ പാപ്പാ, വൈകുന്നേരം 6.20-ന് ഈറ്റാ എയർവെയ്‌സിൽ അങ്കാറയിൽനിന്ന് 435 കിലോമീറ്ററുകൾ അകലെയുള്ള ഇസ്താൻബുളിലേക്ക് യാത്ര തിരിച്ചു.
വൈകിട്ട് ഏഴേകാലോടെ ഇസ്താൻബുൾ അതാത്യുർക്ക് (Istanbul-Atatürk) വിമാനത്താവളത്തിലെത്തിയ പാപ്പായെ അവിടെയുള്ള പ്രാദേശികനേതൃത്വം സ്വീകരിച്ചു.
ഏഷ്യയ്ക്കും യൂറോപ്പിനും ഇടയ്ക്കുള്ള ഏറ്റവും വലിയ നഗരമായ ഇസ്താൻബുൾ പഴയ ഓട്ടോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനം കൂടിയായിരുന്നു. ബൈസന്റൈന്റെയും, കോൺസ്റ്റാന്റിനോപ്പിളിന്റെയും ചരിത്രവുമായി ബന്ധപ്പെട്ട ഈ നഗരത്തിൽ ഏതാണ്ട് ഒന്നരക്കോടിയിലധികം ആളുകൾ (1.60.00.000) അധിവസിക്കുന്നുണ്ട്. കോൺസ്റ്റാന്റിനോപ്പിൾ എക്യൂമെനിക്കൽ പാത്രിയർക്കീസിന്റെ സ്ഥാനികനഗരം കൂടിയാണിത്. ഏറെ ഭൂമികുലുക്കങ്ങൾ ഉള്ള ഈ നഗരത്തിൽ 2023-ൽ ഉണ്ടായ ഒരു വൻ ഭൂമികുലുക്കത്തിൽ 53.000 പേരെങ്കിലും മരിച്ചതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.
പാപ്പാ അപ്പസ്തോലിക പ്രതിനിധി മന്ദിരത്തിൽ
വൈകുന്നേരം എട്ടേകാലോടെ അതാത്യുർക്ക് വിമാനത്താവളത്തിൽനിന്നും 24 കിലോമീറ്ററുകൾ അകലെയുള്ള അപ്പസ്തോലിക പ്രതിനിധി മന്ദിരത്തിലെത്തിയ പാപ്പാ, അത്താഴം കഴിച്ച് വിശ്രമിച്ചു.
നവംബർ 28 വെള്ളിയാഴ്ച രാവിലെ 7.30-ന് അപ്പസ്തോലിക പ്രതിനിധി മന്ദിരത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച പാപ്പാ, 9.20-ന് തൊട്ടടുത്തുള്ള പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലേക്ക് യാത്രയായി.
പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ
1846-ലാണ് ഈ ദേവാലയം ആരാധനയ്ക്കായി സമർപ്പിക്കപ്പെട്ടത്.ഇവിടുത്തെ അൾത്താരയ്ക്കരികിൽ പത്രോസിന്റെ പിൻഗാമിയും രക്തസാക്ഷിയുമായ വിശുദ്ധ ലീനുസ് പാപ്പായുടെ (67-69) തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുണ്ട്. ലിയോ പതിമൂന്നാമൻ പാപ്പായാണ് ഇത് സമ്മാനിച്ചത്. ഏതാണ്ട് 550 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ ദേവാലയത്തിൽ ബെനഡിക്ട് പതിനഞ്ചാമൻ പാപ്പാ ജീവിച്ചിരുന്ന കാലത്ത്, അദ്ദേഹം യുദ്ധകാലത്ത് തങ്ങൾക്ക് നൽകിയ സഹായത്തിന് നന്ദിസൂചകമായി തുർക്കി പണികഴിപ്പിച്ച ഒരു പ്രതിമയുണ്ട്. ഈ കാലയളവിൽ ഓട്ടോമൻ സാമ്രാജ്യത്തിൽ നിരവധി അർമേനിയൻ ക്രൈസ്തവർ കൊല്ലപ്പെട്ടിരുന്നു. വിശുദ്ധ പോൾ ആറാമൻ പാപ്പായും (1967) വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും (1979) ഫ്രാൻസിസ് പപ്പായയും (2014) ഈ ദേവാലയം സന്ദർശിച്ചിട്ടുണ്ട്.
സമർപ്പിത-ക്രൈസ്തവസംഗമം
മെത്രാന്മാരും, വൈദികരും, ഡീക്കന്മാരും, സമർപ്പിതരും, അജപാലനമേഖലയിൽ സേവനമനുഷ്ഠിക്കുന്നവരുമൊത്തുള്ള സംഗമത്തിനായാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലെത്തിയത്. ദേവാലയവാതിൽക്കൽ ഇൻസ്റ്റാമ്പുൾ അപ്പസ്തോലിക വികാരിയും ഇടവക വികാരിയും കുരിശും ഹന്നാൻ വെള്ളവും നൽകി പാപ്പായെ സ്വീകരിച്ചു. രണ്ട് കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ നൽകി.
തുടർന്ന് നടന്ന സമ്മേളനത്തിൽ, രാജ്യത്തെ മെത്രാൻസമിതി പ്രസിഡന്റും ഇസ്മിർ (Izmir) അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച്ബിഷപ് മാർട്ടിൻ ക്മെതെസ് (H.E. Msgr. Martin Kmetec) പാപ്പായ്ക്ക് സ്വാഗതമേകി. തുടർന്ന് റോമക്കാർക്കുള്ള ലേഖനം പത്താം അദ്ധ്യായത്തിൽനിന്നുള്ള ഒന്നാം വായനയും (Rm 10, 9-18), പത്താം സങ്കീർത്തനത്തിൽനിന്നുള്ള പ്രതിവചനസങ്കീർത്തനവും, വിശുദ്ധ മത്തായിയുടെ സുവിശേഷം നാലാം അദ്ധ്യായത്തിൽ (മത്തായി 4, 18-22) ശിമയോൻ പത്രോസിനെയും സഹോദരൻ അന്ത്രയോസിനെയും യേശു വിളിക്കുന്നതിനെക്കുറിച്ചുള്ള സുവിശേഷഭാഗം വായിക്കപ്പെട്ടു.
സുവിശേഷവയനായെത്തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി.
പഴയ നിയമ- പുതിയ നിയമ ചരിത്രങ്ങൾ തമ്മിൽ കൂടിക്കാഴ്ച്ച നടത്തുകയും, ഇസ്രായേൽ ജനതയുടെ ചരിത്രം ക്രൈസ്തവ മതത്തിന്റെ പിറവിയിൽ കണ്ടുമുട്ടുകയും ചെയ്ത പുണ്യഭൂമിയിൽ, സമർപ്പിതസമൂഹവുമായി കൂടിക്കാഴ്ച്ച നടത്തുവാൻ സാധിച്ചതിലെ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ദൈവത്തിന്റെ വിളി അനുസരിച്ച്, പിതാവായ അബ്രാഹം കല്ദയരുടെ ഊർ നഗരത്തിൽ നിന്ന് പുറപ്പെട്ടു, പിന്നീട് ഇന്നത്തെ തുർക്കിയുടെ തെക്ക് ഭാഗത്തുള്ള ഹാരാൻ പ്രദേശത്തുനിന്ന് വാഗ്ദത്ത ദേശത്തേക്കു പുറപ്പെട്ടു എന്ന ഉത്പത്തി പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുള്ള പഴയ നിയമ ചരിത്രം അനുസ്മരിച്ച പാപ്പാ, അതിനാൽ നമ്മെ ഒന്നിപ്പിക്കുന്ന വിശ്വാസത്തിന് ആഴത്തിലുള്ള വേരുകളുണ്ടെന്നു എടുത്തു പറഞ്ഞു. തുടർന്ന് പുതിയ നിയമത്തിലും തുർക്കിയുടെ പ്രാധാന്യത്തെ പാപ്പാ അടിവരയിട്ടു. യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം കാലത്തിന്റെ പൂർണ്ണതയിൽ അവന്റെ ശിഷ്യന്മാരും അനത്തോലിയയിലേക്കു വന്നുവെന്നും, വിശുദ്ധ ഇഗ്നേഷ്യസ് മെത്രാനായിരുന്ന അന്ത്യോഖ്യയിൽ, അവർ ആദ്യമായി "ക്രിസ്ത്യാനികൾ" എന്ന് വിളിക്കപ്പെട്ടുവെന്നും പാപ്പാ അനുസ്മരിച്ചു. വിശുദ്ധ പൗലോസ് തന്റെ ചില അപ്പസ്തോലിക യാത്രകൾ ആരംഭിച്ചതും, അത് നിരവധി സമൂഹങ്ങൾക്ക് രൂപം നൽകിയതും, ഈ തുർക്കിയിൽ നിന്നുള്ള യാത്രകളായിരുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു.
അർമേനിയക്കാർ, സിറിയക്കാർ, കൽദയക്കാർ എന്നിങ്ങനെ പൗരസ്ത്യ സഭകളിൽ പെട്ടവരും, ലത്തീൻ സഭാംഗങ്ങളും തുർക്കിയിൽ ഉണ്ടെന്നും, എക്യൂമെനിക്കൽ പാത്രിയർക്കീസ് ഗ്രീക്ക് വിശ്വാസികൾക്കും മറ്റ് ഓർത്തഡോക്സ് സഭകൾക്കും ആധികാരിക കേന്ദ്രമായി തുടരുന്നുവെന്നും പാപ്പാ സന്ദേശത്തിൽ അനുസ്മരിച്ചു. അബ്രാഹാമും, അപ്പസ്തോലന്മാരും, പിതാക്കന്മാരും നമുക്ക് കൈമാറിയ വിശ്വാസത്തിന്റെ വിത്തിനെ പരിപോഷിപ്പിക്കാൻ ഇന്ന് വിളിക്കപ്പെട്ടിരിക്കുന്നത് ക്രൈസ്തവർ ഏവരുമാണെന്നും പാപ്പാ ആഹ്വാനം ചെയ്തു.
കത്തോലിക്കാസഭ സംഖ്യാപരമായി ചെറുതാണെന്ന് നിരാശയോടെ നോക്കുന്നതിന് പകരം, പരിശുദ്ധാത്മാവിനാൽ പ്രബുദ്ധമായ ഒരു സുവിശേഷ ദർശനം സ്വീകരിക്കുവാൻ വേണ്ടിയാണ് ഏവരും ക്ഷണിക്കപ്പെടുന്നതെന്നു പാപ്പാ പറഞ്ഞു. ദൈവീക വീക്ഷണത്തിൽ, നമ്മുടെ ഇടയിലേക്ക് ഇറങ്ങി വന്ന ദൈവം നിസാരതയുടെ വഴിയാണ് തിരഞ്ഞെടുത്തതെന്നും, ഇതാണ് കർത്താവിന്റെ മാർഗമെന്നും, അതിനു സാക്ഷ്യം വഹിക്കാൻ വേണ്ടിയാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പാ അനുസ്മരിച്ചു. ദൈവരാജ്യം ശക്തിയുടെ പ്രകടനങ്ങളാൽ സ്വയം അടിച്ചേൽപ്പിക്കുന്നില്ല എന്നും, മറിച്ച്, ഭൂമിയിൽ നട്ടുപിടിപ്പിച്ച എല്ലാ വിത്തുകളിലും, ഏറ്റവും ചെറിയ വിത്തുകൾ പോലെ വളരുന്നുവെന്നും വചനഭാഗങ്ങളുടെ വെളിച്ചത്തിൽ പാപ്പാ വിശദീകരിച്ചു. നിസ്സാരതയുടെ ഈ യുക്തിയാണ് സഭയുടെ യഥാർത്ഥ ശക്തിയെന്നും, സഭാദൗത്യത്തിന്റെ ഫലങ്ങൾ സംഖ്യകളെയോ, സാമ്പത്തിക ശക്തിയെയോ, സാമൂഹിക സ്വാധീനത്തെയോ ആശ്രയിച്ചല്ല, മറിച്ച്, കുഞ്ഞാടിന്റെ വെളിച്ചത്താൽ ജീവിക്കുകയും, പരിശുദ്ധാത്മാവിനാൽ അയക്കപ്പെടുകയും, കർത്താവിന്റെ വാഗ്ദാനത്തിൽ ആശ്രയിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ ശക്തിയെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. എളിമയുടെ പാത പിന്തുടരാത്ത ഒരു ക്രിസ്തീയ സമൂഹത്തിന് ഭാവിയില്ലായെന്നും പാപ്പാ ഓർമ്മപ്പെടുത്തി.
ഈ രാജ്യത്ത് കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ഗണ്യമായ സാന്നിധ്യം ഏറ്റവും ദുർബലരായ ആളുകളെ സ്വാഗതം ചെയ്യാനും സേവിക്കാനുമുള്ള വെല്ലുവിളി സഭയ്ക്ക് നൽകുന്നുവെന്നും, തുർക്കിയെയിൽ ഉള്ള സമർപ്പിതർ വിദേശികൾ ആണെന്നതിനാൽ, രാജ്യത്തിന്റെ സംസ്കാരത്തോടുള്ള പ്രത്യേക പ്രതിബദ്ധതഅനിവാര്യമാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി.
ആദ്യത്തെ എട്ട് എക്യൂമെനിക്കൽ കൗൺസിലുകൾ നടന്നത് ഈ മണ്ണിൽ ആണെന്നും, ഈ വർഷം നിഖ്യ സൂനഹദോസിന്റെ 1700-ാം വാർഷികം ആഘോഷിക്കുമ്പോൾ, അത്, സഭയുടെ ചരിത്രത്തിലെ മാത്രമല്ല മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ഒരു നാഴികക്കല്ലാണെന്നു പാപ്പാ പറഞ്ഞു. അതിനാൽ ഏതാനും ചില മാർഗനിർദേശങ്ങളും ജീവിതത്തിൽ പാലിക്കുന്നതിനായി പാപ്പാ നൽകി. ഒന്നാമത്തേത് വിശ്വാസത്തിന്റെ സത്ത ഗ്രഹിക്കുകയും ക്രിസ്ത്യാനിയായിരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയായിരുന്നു. വിശ്വാസം കേവലം ഒരു സൈദ്ധാന്തിക സൂത്രവാക്യമല്ല, മറിച്ച്, വ്യത്യസ്ത സംവേദനക്ഷമതകൾക്കും ആത്മീയതകൾക്കും സംസ്കാരങ്ങൾക്കുമിടയിൽ ക്രിസ്തുവിലും സഭയുടെ പാരമ്പര്യത്തിലും കേന്ദ്രീകരിച്ചുള്ള ക്രിസ്തീയ വിശ്വാസത്തിന്റെ ഐക്യവും, അനിവാര്യമായ കാതലും തേടാനുള്ള ക്ഷണമാണെന്ന് പാപ്പാ പറഞ്ഞു.
രണ്ടാമത്തെ വെല്ലുവിളി ക്രിസ്തുവിൽ, പിതാവായ ദൈവത്തിന്റെ മുഖം വീണ്ടും കണ്ടെത്തേണ്ടതിന്റെ അടിയന്തിരതയാണ്. യേശുവിന്റെ ദൈവികതയെയും പിതാവുമായുള്ള അവന്റെ സമത്വത്തെയും നിഖ്യ സൂനഹദോസ് പഠിപ്പിക്കുന്നതിനാൽ, യേശു വെളിപ്പെടുത്തിയതുമായി പൊരുത്തപ്പെടാത്ത ദൈവത്തെക്കുറിച്ചുള്ള നമ്മുടെ സ്വന്തം ആശയങ്ങൾ, തെറ്റാണെന്നു മനസിലാക്കുവാൻ ഏവർക്കും സാധിക്കണമെന്നു പാപ്പാ പറഞ്ഞു.
മൂന്നാമത്തെ വെല്ലുവിളി വിശ്വാസത്തിന്റെ മധ്യസ്ഥതയും, സിദ്ധാന്തത്തിന്റെ വികാസവുമാണ്. സങ്കീർണ്ണമായ ഒരു സാംസ്കാരിക പശ്ചാത്തലത്തിൽ, നിഖ്യ വിശ്വാസം അക്കാലത്തെ ദാർശനികവും സാംസ്കാരികവുമായ വിഭാഗങ്ങളിലൂടെ വിശ്വാസത്തിന്റെ അടിത്തറ ഉറപ്പിച്ചതുപോലെ, ക്രിസ്തീയ വിശ്വാസം എല്ലായ്പ്പോഴും നാം ജീവിക്കുന്ന സംസ്കാരത്തിന്റെ ഭാഷകളിലും വിഭാഗങ്ങളിലും പ്രകടിപ്പിക്കപ്പെടണമെന്നു പാപ്പാ ഓർമ്മപ്പെടുത്തി.
വിശ്വാസത്തിന്റെ സന്തോഷം നിലനിർത്തുന്നതിനും കർത്താവിന്റെ വഞ്ചിയിൽ ധീരരായ മീൻപിടുത്തക്കാരായി, അജപാലന സേവനം നടത്തുവാൻ പാപ്പാ സന്ദേശത്തിൽ ഏവരെയും ആഹ്വാനം ചെയ്യുകയും ആശംസിക്കുകയും ചെയ്തു.
പാപ്പായുടെ പ്രഭാഷണത്തിന് ശേഷം എല്ലാവരും വിശ്വാസപ്രമാണം ചൊല്ലുകയും പാപ്പാ ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു.
പാപ്പാ വയോധികമന്ദിരത്തിൽ
സമർപ്പിത-ക്രൈസ്തവ സംഗമത്തിന് ശേഷം അവിടെനിന്ന് ഏകദേശം രണ്ടര കിലോമീറ്ററുകൾ അകലെ, വയോധികർക്കുവേണ്ടി, "പാവപ്പെട്ടവരുടെ ചെറുസഹോദരിമാർ" എന്ന സന്ന്യസ്തസമൂഹം നടത്തുന്ന കേന്ദ്രത്തിലേക്ക് പാപ്പാ യാത്രയായി. 1839-ൽ ഫ്രഞ്ച് വിശുദ്ധയായ ഷാൻ ജൂഗാൻ (Jeanne Jugan) സ്ഥാപിച്ച ഈ സന്ന്യസ്തസഭയിൽനിന്നുള്ള സന്ന്യാസിനികൾ, കഴിഞ്ഞ 123 വർഷങ്ങളായി ഇവിടെ പാവപ്പെട്ട വയോധികർക്ക് സേവനങ്ങൾ ചെയ്യുന്നുണ്ട്.
ഈ വയോധികമന്ദിരത്തിലെത്തിയ പാപ്പായെ മദർ സുപ്പീരിയറും, മുൻ മദർ സുപ്പീരിയറും, പ്രൊവിൻഷ്യലും ചേർന്ന് സ്വീകരിക്കുകയും അവിടെയുള്ള ദേവാലയത്തിലേക്ക് ആനയിക്കുകയും ചെയ്‌തു. ദേവാലയത്തിൽ വച്ച് പാപ്പായ്ക്ക് വയോധികമന്ദിരത്തിന്റെ ഡയറക്ടർ സ്വാഗതമേകി. തുടർന്ന് പാപ്പാ അവിടെയുണ്ടായിരുന്ന ഇരുനൂറോളം വരുന്ന ആളുകളെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു.
തങ്ങളെ സ്വാഗതം ചെയ്തുകൊണ്ടുള്ള വാക്കുകൾക്കും, വരവേൽപ്പിനും നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ഈ ഭവനത്തിന്റെ വലിയ ദാനമെന്നത്, അവർ നൽകുന്ന ആതിഥ്യമര്യാദ തന്നെയാണെന്നും പാപ്പാ എടുത്തു പറഞ്ഞു. ഈ ആതിഥ്യമര്യാദ ദൈവത്തിൽനിന്നുള്ള ദാനമാണെന്നതും പാപ്പാ ഓർമ്മപ്പെടുത്തി. തുടർന്ന് ഹ്രസ്വമായ രണ്ടു ചിന്തകളും പാപ്പാ പങ്കുവച്ചു.
ആദ്യ ചിന്ത, "ദരിദ്രരുടെ കൊച്ചു സഹോദരിമാർ" എന്ന ഭവനത്തിൽ ശുശ്രൂഷ ചെയ്യുന്ന സമർപ്പിതരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണെന്നു പറഞ്ഞ പാപ്പാ, ഈ നാമം നമ്മെ ഏറെ ചിന്തിപ്പിക്കുന്നുവെന്നു അടിവരയിട്ടു. ദരിദ്രരെ സഹായിക്കാൻ മാത്രമല്ല, അവരുടെ "സഹോദരിമാർ" ആകാനും കർത്താവ് നിങ്ങളെ വിളിച്ചിരിക്കുന്നുവെന്നും, സഹായിക്കാനും സേവിക്കാനും മാത്രമല്ല, അപരന്റെ സഹോദരരാകാനുമുള്ള വിളിയാണ് നമുക്കുള്ളതെന്നും, അതിനാൽ യേശുവിനെ പോലെ നമ്മുടെ ജീവിതത്തെ പരുവപ്പെടുത്തണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
രണ്ടാമത്തെ ചിന്ത, ഭവനത്തിൽ ആയിരിക്കുന്നവർ നൽകുന്നതാണെന്നു പറഞ്ഞ പാപ്പാ, പ്രായമായവർ" എന്ന വാക്കിന് ഇന്ന് അതിന്റെ യഥാർഥ അർത്ഥം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി. കാര്യക്ഷമതയും ഭൗതികവാദവും മാത്രം ആധിപത്യം പുലർത്തുന്ന പല സാമൂഹിക സന്ദർഭങ്ങളിലും പ്രായമായവരോടുള്ള ബഹുമാനബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യം പാപ്പാ ഓർമ്മപ്പെടുത്തി. എന്നാൽ തിരുവെഴുത്തുകളും, പാരമ്പര്യങ്ങളും ഓർമ്മിപ്പിക്കുന്നതും, ഫ്രാൻസിസ് പാപ്പാ ആവർത്തിച്ചു പറയുന്നതും , പ്രായമായവർ ഒരു ജനതയുടെ ജ്ഞാനമാണെന്നും, കുടുംബങ്ങൾക്കും സമൂഹത്തിനും മൊത്തത്തിൽ ഒരു നിധിയാണെന്നുമാണെന്നത് പാപ്പാ അടിവരയിട്ടു.
സാഹോദര്യത്തിന്റെ ഊഷ്മളതയിൽ ആളുകളെ പ്രത്യേകിച്ചും പ്രായമായവരെ സ്വാഗതം ചെയ്യുന്ന ഭവനത്തിനു പാപ്പാ പ്രത്യേകം നന്ദിയർപ്പിക്കുകയും ചെയ്തു.
പാപ്പായുടെ പ്രഭാഷണത്തിന് ശേഷം നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ഏവരും ചേർന്ന് ചൊല്ലി. പ്രമുഖ അതിഥികൾക്കായുള്ള ഡയറിയിൽ ഒപ്പു വച്ചതിന് ശേഷം, പാപ്പാ ഏവർക്കും ആശീർവാദം നൽകി.
അപ്പസ്തോലിക പ്രതിനിധി മന്ദിരവും റബ്ബികളുടെ തലവനുമായുള്ള കൂടിക്കാഴ്ച
രാവിലെ പതിനൊന്നോടെ തിരികെ അപ്പസ്തോലിക പ്രതിനിധി മന്ദിരത്തിലേക്ക് യാത്രയായ പാപ്പാ പിന്നീട്, അവിടെയെത്തിയ, തുർക്കിയിലെ റബ്ബികളുടെ തലവനുമായി സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി. പതിനഞ്ചു മിനിറ്റോളം നീണ്ട ഈ കൂടിക്കാഴ്ചയിൽ, പാപ്പായുടെ സന്ദർശനം സമാധാനത്തിന്റെ അടയാളമാണെന്നും, എല്ലാ മതസമൂഹങ്ങൾക്കും പിന്തുണ നൽകുന്നതാണെന്നും അനുസ്മരിക്കപ്പെട്ടു.
ഉച്ചയ്ക്ക് 12 മണിക്ക് അപ്പസ്തോലിക പ്രതിനിധി മന്ദിരത്തിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം പാപ്പാ വിശ്രമിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
