ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

മ്യാന്മാർ ഉൾപ്പെടെ സംഘർഷഭരിതമേഖലകൾക്കായി പ്രാർത്ഥിക്കാനും വിശുദ്ധിയിൽ ജീവിക്കാനും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർക്ക് വേണ്ടിയുള്ള തന്റെ പ്രാർത്ഥനയിൽ പങ്കുചേരാനും, മ്യാന്മറിന് സഹായമെത്തിക്കാനും ആഹ്വാനം ചെയ്തും, വിശുദ്ധിയിലേക്കുള്ള പൊതുവായ വിളിയിൽ പങ്കുചേരാൻ ക്ഷണിച്ചും ലിയോ പതിനാലാമൻ പാപ്പാ. നവംബർ അഞ്ച് ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് പാപ്പാ ഈ ആഹ്വാനങ്ങൾ നടത്തിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സായുധസംഘർഷങ്ങൾ മൂലം കഷ്ടപ്പെടുന്ന മനുഷ്യർക്കുവേണ്ടിയുള്ള തന്റെ പ്രാർത്ഥനയിൽ പങ്കുചേരാൻ ഏവരെയും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. നവംബർ അഞ്ച് ബുധനാഴ്ച രാവിലെ, പതിവുപോലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനം വിവിധ ഭാഷകളിൽ ആളുകളെ അഭിസംബോധന ചെയ്യവെയാണ്, യുദ്ധങ്ങളും സംഘർഷങ്ങളും മൂലം ബുദ്ധിമുട്ടുന്ന ജനങ്ങളെ പാപ്പാ അനുസ്മരിച്ചത്.

മ്യാന്മറിൽ നടക്കുന്ന സംഘർഷങ്ങളെ പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു. അവിടുത്തെ ജനങ്ങളെ വിസ്മരിക്കരുതെന്ന് അന്തരാഷ്ടസമൂഹത്തെ ഓർമ്മിപ്പിച്ച പാപ്പാ, അവർക്കുവേണ്ട മാനവികസഹായങ്ങൾ എത്തിക്കാൻ തയ്യാറാകണമെന്നും അഭ്യർത്ഥിച്ചു.

യുവജനങ്ങളെയും രോഗികളെയും നവ വധൂവരന്മാരെയും പ്രത്യേകമായി അഭിസംബോധന ചെയ്ത പാപ്പാ, നവംബർ ഒന്നാം തീയതി ആഘോഷിക്കപ്പെട്ട സകല വിശുദ്ധരുടെയും തിരുനാളിനെക്കുറിച്ച് പരാമർശിക്കുകയും, വിശുദ്ധിയിലേക്ക് എവർക്കുമുള്ള വിളിയെക്കുറിച്ച് എടുത്തുപറയുകയും ചെയ്‌തു. ക്രിസ്തുവിനെ കൂടുതലായി ജീവിതത്തിൽ സ്വീകരിക്കാനും, അതിനായി വിശുദ്ധർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പിൻചെന്ന് മുന്നേറാനും പാപ്പാ ആഹ്വാനം ചെയ്തു.

നവംബർ അഞ്ചാം തീയതി ആചരിക്കപ്പെടുന്ന കാർഷിക പരിസ്ഥിതി ജൂബിലി ദിനത്തിൽ പങ്കെടുക്കാനെത്തിയവരെയും പാപ്പാ പ്രത്യേകമായി അഭിസംബോധന ചെയ്ത പാപ്പാ, സൃഷ്ടലോകത്തിന്റെ പരിപാലനത്തിന് നൽകേണ്ട ശ്രദ്ധ ഇപ്പോഴും ഉണ്ടാകണമെന്ന് ഓർമ്മിപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 നവംബർ 2025, 15:06