തിരയുക

ലിയോ പതിനാലാമൻ പാപ്പാ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു ലിയോ പതിനാലാമൻ പാപ്പാ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു 

പ്രശ്‌നപരിഹാരത്തിന് അക്രമത്തിന്റെ മാർഗ്ഗം സഹായിക്കില്ല: ലിയോ പതിനാലാമൻ പാപ്പാ

നവംബർ 4 ചൊവ്വാഴ്ച വൈകുന്നേരം കസ്തേൽ ഗാന്തോൾഫോയിൽനിന്ന് തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപായി ലിയോ പതിനാലാമൻ പാപ്പാ, അമേരിക്കയും വെനസ്വേലയുമായുള്ള ബന്ധം, മധ്യപൂർവ്വദേശങ്ങളിലെ പ്രശ്‍നങ്ങൾ, മുൻ ഈശോസഭാവൈദികനായിരുന്ന റൂപ്നികുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അമേരിക്കയും വെനെസ്വേലയും തമ്മിലുള്ള പ്രശ്‍നങ്ങൾക്ക് സംവാദങ്ങളിലൂടെ പരിഹാരം കണ്ടെത്താനും, ജനതകൾക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനായി ഒരുമിച്ച് പ്രവർത്തിക്കാനും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പാ. റോമിന് പുറത്തുള്ള കസ്തേൽ ഗാന്തോൾഫോയിലുള്ള വില്ല ബാർബരീനി എന്ന തന്റെ വേനൽക്കാല വസതിയിൽനിന്ന് നവംബർ 4 ചൊവ്വാഴ്ച വൈകുന്നേരം തിരികെ വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപായി, തന്നെ കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, മുൻ ഈശോസഭാ വൈദികൻ റൂപ്നികുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും പാപ്പാ മറുപടി നൽകി.

അമേരിക്കയും വെനിസ്വേലയും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവേ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിൽ പരിശുദ്ധ പിതാവ് ആശങ്ക പ്രകടിപ്പിച്ചു. മയക്കുമരുന്ന് കച്ചവടത്തിനെതിരായ പോരാട്ടവും, കരീബിയൻ പ്രദേശത്തെ അമേരിക്കൻ നാവികസേനയുടെ സാന്നിദ്ധ്യവും ഒരു ശീതയുദ്ധത്തിന്റെ പ്രതീതി ഉയർത്തുന്ന സാഹചര്യത്തിൽ, അക്രമം കൊണ്ട് വിജയം നേടാനാകില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വെനെസ്വേലയ്ക്കടുത്തേക്ക് അമേരിക്കൻ യുദ്ധക്കപ്പൽ കൂടുതൽ അടുത്തതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് സംവാദങ്ങളിലൂടെ പരിഹാരം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു.

ഇസ്രായേൽ-പാലസ്തീന പ്രശ്നവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ പാപ്പാ, ജനതകൾക്ക് നീതി ലഭിക്കാനായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. അടുത്ത ദിവസങ്ങളിൽ ഗാസാ മുനമ്പിൽ ഇസ്രായേൽ നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിലനിൽക്കുന്ന അരക്ഷിതാവസ്ഥയുടെ മുന്നിലും, ഇരു കക്ഷികളും തമ്മിൽ ഒക്ടോബർ 10-ന് നടത്തിയ സമാധാനകരാറിന്റെ ആദ്യഘട്ടത്തെക്കുറിച്ച് പാപ്പാ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. കരാർ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, എല്ലാ ജനതകളുടെയും അവകാശങ്ങൾ മാനിക്കപ്പെടുന്നതിന് വേണ്ട നടപടികൾ ആവശ്യമുണ്ടെന്നും ഓർമ്മിപ്പിച്ചു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും പരാമർശിക്കപ്പെട്ടു.

അമേരിക്കയിലെ ചിക്കാഗോയിലുള്ള ജയിലുകളിൽ കഴിയുന്ന കുടിയേറ്റക്കാർക്ക് ആദ്ധ്യാത്മികസേവനം നൽകുന്നതിൽനിന്ന് വൈദികരെ അധികാരികൾ വിലക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറഞ്ഞ പാപ്പാ, സുവിശേഷം പ്രസംഗിക്കുകയാണ് സഭയുടെ കടമയെന്ന് വ്യക്തമാക്കി. വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അദ്ധ്യായത്തിൽ, പരദേശിയെ നിങ്ങൾ എപ്രകാരമാണ് സ്വീകരിച്ചത്, എന്നതിനെക്കുറിച്ച് യേശു ചോദിക്കുന്ന വാക്കുകൾ പാപ്പാ ഉദ്ധരിച്ചു. നിരവധി വർഷങ്ങളായി പ്രശ്നങ്ങൾ സൃഷ്ടിക്കാതെ ആ രാജ്യത്ത് കഴിഞ്ഞ ആളുകളാണ് നിലവിൽ നിരവധിയായ ബുദ്ധിമുട്ടുകൾ നേരിടുന്നതെന്ന് പാപ്പാ അപലപിച്ചു. ജയിലുകളിൽ കഴിയുന്ന മനുഷ്യരുടെ ആദ്ധ്യാത്മിക ആവശ്യങ്ങളിൽ അവരെ സഹായിക്കാൻ പാപ്പാ അധികാരികളോട് ആഹ്വാനം ചെയ്തു.

തൊഴിലവസരങ്ങൾ ലഭിക്കാനുള്ള അവകാശത്തെപ്പറ്റിയും സംസാരിച്ച പാപ്പാ, തന്റെ കുടുംബത്തിന്റെ നന്മയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി, അന്തസ്സുള്ള ഒരു ജോലി ലഭിക്കുകയെന്നത് എല്ലാ മനുഷ്യരുടെയും അവകാശമാണെന്ന് ഓർമ്മിപ്പിച്ചു. "തൊഴിൽ മേഖലയുടെ ജൂബിലി" ആഘോഷത്തിന്റെ കൂടി പശ്ചാത്തലത്തിൽ സംസാരിച്ച പാപ്പാ, പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ മാത്രമല്ല, തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് പ്രത്യാശ പകരുന്നതിനുവേണ്ടിയും ഏവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.

മാർക്കോ ഈവാൻ റൂപ്നിക് എന്ന മുൻ ഈശോസഭാ വൈദികന്റെ കലാസൃഷ്ടികൾ ദേവാലയങ്ങളിൽ സൂക്ഷിക്കുന്നതിനെക്കുറിച്ചും, അത് അദ്ദേഹം ഉൾപ്പെട്ട കേസുകളിലെ ഇരകളെ വേദനിപ്പിക്കുന്നതിനെക്കുറിച്ചും, അദ്ദേഹത്തിന്റെ കേസിന്റെ പുരോഗതി സംബന്ധിച്ചും ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി പറയവേ, ആളുകളുടെ ഹിതം മാനിച്ച് പലയിടങ്ങളിലും അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ മറച്ചിട്ടുണ്ടെന്നും, അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുതിയൊരു കേസന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ച പാപ്പാ, എന്നാൽ എല്ലാവരുടെയും അവകാശങ്ങൾ ഉറപ്പാക്കാൻ സഭയ്ക്ക് കടമയുണ്ടെന്ന് ഓർമ്മിപ്പിച്ചു. "കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിഷ്കളങ്കത അനുമാനിക്കപ്പെടുക" എന്ന നയം സഭയിലും നിലനിൽക്കുന്നുണ്ടെന്ന് പാപ്പാ എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 നവംബർ 2025, 15:02