തിരയുക

ലിയോ പതിനാലാമൻ പാപ്പായും സന്ന്യസ്‌തരും ലിയോ പതിനാലാമൻ പാപ്പായും സന്ന്യസ്‌തരും  (@Vatican Media)

ദുരിതമനുഭവിക്കുന്ന മനുഷ്യരെ സഹായിക്കുന്നവർ കർത്താവിനായി കാതോർക്കണം: പാപ്പാ

തങ്ങളുടെ കോൺഗ്രിഗേഷനുകളുടെ ജനറൽ ചാപ്റ്ററിന്റെ ഭാഗമായി റോമിലെത്തിയ ജീസസ് ആൻഡ് മേരി കോൺഗ്രിഗേഷൻ സന്ന്യാസിനികൾക്കും സ്കലബ്രീനിയൻ സന്ന്യാസിനികൾക്കും ലിയോ പതിനാലാമൻ പാപ്പാ നവംബർ 6 വ്യാഴാഴ്ച സ്വകാര്യകൂടിക്കാഴ്ച്ച അനുവദിച്ചു. പാവപ്പെട്ടവരോടുള്ള സ്നേഹത്താലാണ് ഇരു സമൂഹങ്ങളും സ്ഥാപിക്കപ്പെട്ടതെന്ന് പാപ്പാ അനുസ്മരിച്ചു. കർത്താവിന്റെ സ്വരം ശ്രവിക്കുന്നത്, എളിയവർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നമ്മെ സഹായിക്കുമെന്ന് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നവർക്കും, കുടിയേറ്റക്കാർക്കും സേവനം ചെയ്യുന്നവർ, പ്രാർത്ഥനയുടെ പിൻബലത്തിൽ, ദൈവസ്വരം ശ്രവിച്ച് വേണം മുന്നോട്ടുപോകേണ്ടതെന്ന് ലിയോ പതിനാലാമൻ പാപ്പാ. ജീസസ് ആൻഡ് മേരി, സ്കലബ്രീനിയൻ സന്ന്യാസിനീസമൂഹങ്ങളുടെ ജനറൽ ചാപ്റ്ററിൽ പങ്കെടുക്കാനെത്തിയവർക്ക് നവംബർ 6 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, പാവപ്പെട്ടവർക്കും ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പ്രാർത്ഥനയുടെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്.

ഫ്രാൻസിൽനിന്നുള്ള വിശുദ്ധ ക്ലവ്ദീൻ തേവെനെ (Claudine Thévenet) സ്ഥാപിച്ച ജീസസ് ആൻഡ് മേരി കോൺഗ്രിഗേഷൻ, വിശുദ്ധ ജ്യോവന്നി ബത്തിസ്ത സ്കലബ്രീനി (Giovanni Battista Scalabrini), വാഴ്ത്തപ്പെട്ട അസുന്ത മർക്കെത്തി (Assunta Marchetti), ധന്യൻ ജ്യുസേപ്പെ മർക്കെത്തി (Giuseppe Marchetti) എന്നിവരുടെ കീഴിൽ സ്ഥാപിക്കപ്പെട്ട സ്കലബ്രീനിയൻ സന്ന്യാസിനികൾ എന്ന പേരിൽ അറിയപ്പെടുന്ന വിശുദ്ധ കാർലോ ബൊറൊമേയോയുടെ മിഷനറി സന്ന്യാസിനികൾ എന്നീ രണ്ടു സന്ന്യാസിനീസമൂഹങ്ങളും പാവപ്പെട്ടവരോടുള്ള സ്നേഹത്താൽ സ്ഥാപിക്കപ്പെട്ടവയാണെന്ന് പാപ്പാ അനുസ്മരിച്ചു. ഇവരിൽ ജീസസ് ആൻഡ് മേരി കോൺഗ്രിഗേഷനിലെ സന്ന്യാസിനിമാർ ബുദ്ധിമുട്ടനുഭവിക്കുന്ന യുവജനങ്ങൾക്കും, സ്കലബ്രീനിയൻ സന്ന്യാസിനികൾ കുടിയേറ്റക്കാർക്കും വേണ്ടിയുമാണ് പ്രത്യേകമായി സേവനങ്ങൾ നൽകുന്നത്.

തങ്ങളുടെ ചാപ്റ്ററിനായി ഇരുസമൂഹങ്ങളും തിരഞ്ഞെടുത്ത, ക്രമപ്രകാരം, എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാർക്കടുത്തേക്കെത്തുന്ന യേശുവിനെക്കുറിച്ചുള്ള "യേശു അവർക്കരികിലേക്കെത്തി" (ലൂക്ക 24, 15), റൂത്ത് തന്റെ അമ്മായിയമ്മയായ നവോമിയെ അനുഗമിക്കാൻ തീരുമാനിച്ച് പറയുന്ന "നീ പോകുന്നിടത്ത് ഞാനും വരും" (റൂത്ത് 1, 16) എന്നീ പ്രമേയങ്ങളെക്കുറിച്ച് പരാമർശിച്ച പാപ്പാ, അവ രണ്ടും, ദൈവം മുൻകൈയ്യെടുക്കുന്നതിനെയും, അതിനോടുള്ള മനുഷ്യന്റെ പ്രതികരണത്തെയുമാണ് സൂചിപ്പിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.

ഫ്രഞ്ച് വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ വിശുദ്ധ ക്ലവ്ദീനും, കൂട്ട കുടിയേറ്റങ്ങളുടെ പശ്ചാത്തലത്തിൽ വിശുദ്ധ സ്കലബ്രീനിയും, വാഴ്ത്തപ്പെട്ട അസുന്തയും, ധന്യൻ ജ്യുസേപ്പെയും ഈ രണ്ട് സമൂഹങ്ങൾക്കും ജന്മം നൽകുമ്പോൾ, അത് എറെ എളുപ്പമുള്ള ഒന്നായിരുന്നില്ലെന്ന് പാപ്പാ അനുസ്മരിച്ചു. ഈ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് മുൻപും, അതിന് ശേഷവും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവരാരും പിന്നോക്കം പോയില്ലെന്നും, ഇതാണ് ഉത്ഥിതനായ യേശുവുമായുള്ള കണ്ടുമുട്ടലിൽ തേടേണ്ട വിശ്വസ്തതയെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ചാപ്റ്ററിനായി നിങ്ങൾ ഒരുമിച്ചുകൂടുമ്പോഴും, യേശു നിങ്ങൾക്കൊപ്പമുണ്ടെന്നും, തന്റെ പെസഹായുടെ വെളിച്ചത്തിൽ, നിങ്ങളുടെ ചരിത്രം വീണ്ടും വായിക്കാൻ നിങ്ങളെ സഹായിക്കുന്നുണ്ടെന്നും പറഞ്ഞ പാപ്പാ, പ്രാർത്ഥനയ്ക്കും നിശ്ശബ്ദതയ്ക്കും കൂടുതൽ സമയം നൽകിക്കൊണ്ട്, ക്രിസ്തുവിനെ തങ്ങളുടെ മധ്യത്തിൽ കാത്തുസൂക്ഷിക്കാൻ ആഹ്വാനം ചെയ്തു. ഒരു ചാപ്റ്ററിൽ ലഭിക്കുന്ന പ്രധാനപ്പെട്ട ഉൾക്കാഴ്ചകൾ, മുട്ടിന്മേൽ നിൽക്കുമ്പോഴാണ് മനസ്സിലാകുകയെന്ന്, പ്രാർത്ഥനയുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് പാപ്പാ ഓർമ്മിപ്പിച്ചു. അവിടെ എടുക്കപ്പെടുന്ന തീരുമാനങ്ങൾ അൾത്താരയ്ക്ക് മുന്നിൽ, കർത്താവിന്റെ വചനം ശ്രവിച്ചുകൊണ്ട് മനസ്സിലാക്കേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു. മറ്റുള്ളവരെ കേൾക്കാൻ പഠിക്കാനും കർത്താവിനെ ശ്രവിക്കുന്നത് പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.

റൂത്ത് നൽകുന്ന മാതൃക പോലെ, ബുദ്ധിമുട്ടുകളിലായിരിക്കുന്ന സഹോദരീസഹോദരങ്ങളിൽ ദൈവത്തിന്റെ മുഖം ദർശിക്കാൻ സാധിക്കാൻ, പ്രാർത്ഥനയുടെയും വചനം ശ്രവിക്കുന്നതിന്റെയും ആവശ്യമുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. തങ്ങളുടേതായ സുരക്ഷിതത്വങ്ങൾ വെടിഞ്ഞ്, സഹിക്കുന്ന മനുഷ്യരുടെ സാന്നിദ്ധ്യത്തിലായിരിക്കാൻ ആഹ്വാനം ചെയ്ത പാപ്പാ,, കർത്താവ് ആവശ്യപ്പെടുന്നെങ്കിൽ പുതിയ വഴികളിലൂടെ നടക്കാൻ കൂടുതൽ ധൈര്യം കാണിക്കണമെന്നും ഓർമ്മിപ്പിച്ചു.

എളിമയോടെ ദൈവത്തെ ശ്രവിച്ചും, മറ്റുള്ളവരുടെ സഹായം ആവശ്യമുള്ളവരോടുള്ള കരുതലിലും ജനറൽ ചാപ്റ്ററിന്റെ ദിനങ്ങൾ ചിലവഴിക്കാൻ ഇരുസമൂഹങ്ങളുടെയും പ്രതിനിധികളെ വീണ്ടും ആഹ്വാനം ചെയ്ത പാപ്പാ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ ചെയ്യുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 നവംബർ 2025, 14:35