നവംബർ മാസം നിത്യജീവനിലേക്ക് പ്രേരണ നൽകുന്ന സമയം: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നവംബർ മാസം നിത്യജീവനെക്കുറിച്ചുള്ള ചിന്തകളും പ്രതീക്ഷകളും നമ്മിൽ ഉയർത്തുന്ന ഒരു സമയമാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. ബുധനാഴ്ചകളിൽ പതിവുള്ള പൊതുകൂടിക്കാഴ്ചയുടെ തുടർച്ചയായി, നവംബർ 12 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച പാപ്പാ, കൂടിക്കാഴ്ചയുടെ അവസാനഭാഗത്ത്, വിവിധ ഭാഷകളിൽ ആളുകളെ പ്രത്യേകമായി അഭിസംബോധന ചെയ്‌ത് സംസാരിച്ച വേളയിലാണ്, നവംബർ മാസം വിശ്വാസികളിൽ ഉയർത്തുന്ന നിത്യജീവിതത്തെക്കുറിച്ചുള്ള ചിന്തകളെക്കുറിച്ച് പരാമർശിച്ചത്.
മരണമടഞ്ഞ വിശ്വാസികൾക്ക് ദൈവം നിത്യശ്വാസം നൽകട്ടെയെന്ന് പ്രാർത്ഥിച്ച പാപ്പാ, വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും ജീവിച്ച്, നമുക്ക് മുൻപേ കടന്നുപോയ നമ്മുടെ സഹോദരന്മാരായ വിശുദ്ധ ആത്മാക്കൾക്കായി സമർപ്പിക്കപ്പെട്ട ഈ മാസത്തിൽ, യേശുവിന്റെ സ്നേഹത്തിന്റെ കല്പന ജീവിക്കാനുള്ള നമ്മുടെ തീരുമാനത്തിൽ ശക്തിപ്പെടാൻ വേണ്ട കൃപയ്ക്കായി ദൈവത്തിന്റെ സഹായം അപേക്ഷിക്കാമെന്ന് ആഹ്വാനം ചെയ്തു.
കർത്താവിന്റെ സ്നേഹത്തിന്റെ കല്പന ജീവിക്കുന്നതുവഴി നമ്മുടെ കർത്താവിനും, വിശുദ്ധർക്കുമൊപ്പം നമുക്ക് നിത്യജീവൻ ആസ്വദിക്കാൻ സാധിക്കുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
"ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം" (യോഹ. 15, 12) എന്ന തിരുവചനത്തെ ആധാരമാക്കിയായിരുന്നു 2025 നവംബർ 12 ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പ്രഭാഷണം നടത്തിയത്.
ജൂബിലിയുടെ കൂടി പശ്ചാത്തലത്തിൽ, തീർത്ഥാടകരും വിശ്വാസികളും സന്ദർശകരുമടക്കം ഏതാണ്ട് നാൽപ്പത്തിനായിരത്തോളം ആളുകളാണ് പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
