അതീന്ദ്രീയപ്രതിഭാസങ്ങളിലല്ല വിശുദ്ധി അടങ്ങിയിരിക്കുന്നത്: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ആദ്ധ്യാത്മിക തലത്തിൽ ദൈവവുമായുള്ള ഐക്യത്തിനാണ് പ്രാധാന്യമെന്നും, അവിടെ അതീന്ദ്രീയ പ്രതിഭാസങ്ങൾക്ക് അമിത പ്രാധാന്യം കൊടുക്കരുതെന്നും ലിയോ പതിനാലാമൻ പാപ്പാ. തെറ്റിദ്ധരിപ്പിക്കുന്നതും അന്ധവിശ്വാസപരവുമായ പ്രതിഭാസങ്ങൾക്ക് വിശ്വാസികൾ ഇരകളാകരുതെന്നും, കഴിഞ്ഞ ദിവസങ്ങളിൽ, വിശുദ്ധരുടെ നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ മേൽനോട്ടത്തിൽ "അതീന്ദ്രീയതയും നിഗൂഢപ്രതിഭാസങ്ങളും വിശുദ്ധിയും" എന്ന പേരിൽ റോമിലെ ഉർബാനിയൻ യൂണിവേഴ്സിറ്റിയിൽ നടന്ന കോൺഫറൻസിൽ സംബന്ധിച്ചവർക്ക് നവംബർ 13 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിൽ പാപ്പാ ഓർമ്മിപ്പിച്ചു.
വിവേകപൂർവ്വം യഥാർത്ഥ ആദ്ധ്യാത്മിക അത്ഭുതപ്രതിഭാസങ്ങളെ, തെറ്റായ പ്രതിഭാസങ്ങളിൽനിന്ന് തിരിച്ചറിയാൻ പരിശ്രമിക്കണമെന്നും, സഭയുടെ ഔദ്യോഗിക ഉദ്ബോധനങ്ങൾക്കനുസരിച്ച് വേണം ഇത്തരം കാര്യങ്ങളിൽ നിഗമനങ്ങളിലേക്കെത്താണെന്നും ലിയോ പാപ്പാ ഓർമ്മിപ്പിച്ചു. വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് വേണ്ടിയുള്ള നടപടികളിൽ ശ്രദ്ധ വേണമെന്നും, ആദ്ധ്യാത്മികമായ അനുഭവത്തിന്റെ ഭാഗമായവയും കൃത്യമായി നിർവ്വചിക്കാനാകാത്തവയുമായ കാര്യങ്ങൾ, ഒരു വ്യക്തിയുടെ വിശുദ്ധി തിരിച്ചറിയാൻ വേണ്ടെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. എന്നാൽ അദ്ധ്യാത്മികതലത്തിലെ അതീന്ദ്രിയമായ കാര്യങ്ങളും വിശുദ്ധിയും തമ്മിലുള്ള ബന്ധം, വിശ്വാസാനുഭവത്തിലെ ഏറെ മനോഹരമായ ഒരു കാര്യമാണെന്ന് പാപ്പാ തന്റെ പ്രഭാഷണത്തിന്റെ ആരംഭത്തിൽ ഓർമ്മിപ്പിച്ചിരുന്നു.
സഭയുടെ ഔദ്യോഗിക ഉദ്ബോധനങ്ങളും, ദൈവശാസ്ത്രവും, ആദ്ധ്യാത്മികരചയിതാക്കളും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ എളിമയോടെ സ്വീകരിച്ചുകൊണ്ട് വേണം, ശരിയായതും തെറ്റായതുമായ ആദ്ധ്യാത്മിക പ്രതിഭാസങ്ങളെ വേർതിരിച്ചുകാണേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ആത്മീയ അതീന്ദ്രീയ അനുഭവങ്ങൾ അവനവനുതന്നെയുള്ള ഒരു ദാനമെന്നതിനേക്കാൾ ക്രിസ്തുവിന്റെ ശരീരമായ സഭയുടെ വളർച്ചയ്ക്കുവേണ്ടിയുള്ളവയാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു-
ആദ്ധ്യാത്മിക അതീന്ദ്രിയതയെന്നത് ദൈവികമായ ഒരു ദാനമായിരിക്കെത്തന്നെ, ദൈവവുമായുള്ള ഐക്യമായിരിക്കണം നമ്മുടെ യഥാർത്ഥ ലക്ഷ്യമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. മിസ്റ്റിക് അനുഭവങ്ങൾ ആത്മീയമായ ഒരു ദാനമാണെന്ന കാര്യം എടുത്തുപറഞ്ഞ പാപ്പാ, എന്നാൽ അവയല്ല പ്രധാനപ്പെട്ടതെന്നും, അവ ഒഴിവാക്കാനാകാത്തവയല്ലെന്നും അവ അടയാളങ്ങൾ മാത്രം ആകാമെന്നും വിശദീകരിച്ചു. ഒരു വിശ്വാസിയുടെ ജീവിതത്തെക്കുറിച്ചുള്ള വിലയിരുത്തൽ നടത്തുമ്പോൾ, അവരിലെ പ്രത്യേക പ്രതിഭാസങ്ങളല്ല, സഭാപരമായ ഒരുമയുടെയും, ദൈവവുമായുള്ള ഐക്യത്തിന്റെയും പ്രകടമായ അടയാളം കൂടിയായ, അവരിലെ വിശുദ്ധിയെക്കുറിച്ച് മറ്റുള്ളവർക്കുള്ള അഭിപ്രായവുമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
ഏക ദൈവജനമെന്ന രീതിയിൽ ജീവിക്കുന്ന സഭയുടെ മൗതികശരീരത്തിലെ അംഗങ്ങളായ വിശ്വാസികൾ മാമ്മോദീസയിൽ നമുക്ക് ലഭിച്ച നമ്മുടെ പൊതുവായ വിളിയിൽ വളരുകയും വിശുദ്ധരെ അനുകരിച്ച് ജീവിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
