കനേഡിയൻ സഭയ്ക്ക് പുരാവസ്തുക്കൾ സമ്മാനിച്ച് ലിയോ പതിനാലാമൻ പാപ്പാ
വത്തിക്കാൻ ന്യൂസ്
നവംബർ മാസം പതിനഞ്ചാം തീയതി, കാനഡയിൽ നിന്നുമുള്ള മെത്രാൻ സമിതിയുടെ പ്രതിനിധി സംഘത്തെ ലിയോ പതിനാലാമൻ പാപ്പാ സ്വീകരിക്കുകയും, സ്വകാര്യ സദസ്സിനു ശേഷം, വത്തിക്കാൻ മ്യൂസിയത്തിലെ ചരിത്രപരമായ 62 പുരാവസ്തുക്കൾ, സംഭാവനയായി നല്കുകയുംചെയ്തു. സംവാദത്തിന്റെയും ബഹുമാനത്തിന്റെയും സാഹോദര്യത്തിന്റെയും മൂർത്തമായ അടയാളമാണ് ഈ സമ്മാനങ്ങളെന്ന് വത്തിക്കാൻ വാർത്താകാര്യാലയം പ്രസിദ്ധീകരിച്ച മാധ്യമകുറിപ്പിൽ പറയുന്നു. മെത്രാൻ സമിതിയുടെ പ്രസിഡന്റ് മോൺസിഞ്ഞോർ പിയർ ഗൗഡ്രോൾട്ട്, മോൺസിഞ്ഞോർ റിച്ചാർഡ് സ്മിത്ത്, സെക്രട്ടറി ജനറൽ ഫാദർ ജീൻ വെസീന എന്നിവരാണ് പാപ്പായെ സന്ദർശിച്ച് കൂടിക്കാഴ്ച്ച നടത്തിയത്.
കനേഡിയൻ സഭയ്ക്ക് നൽകിയ സംഭാവനകൾ, സഭാപരമായ പങ്കുവയ്ക്കലിന്റെ ഒരു അടയാളമാണെന്നും, ഇത് തദ്ദേശീയ ജനതയുടെ വിശ്വാസവും സംസ്കാരങ്ങളും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതാണെന്നും കുറിപ്പിൽ അടിവരയിടുന്നു. വിവിധ സമൂഹങ്ങളിൽ നിന്നുള്ള അറുപത്തിരണ്ട് പുരാവസ്തുക്കൾ, 1925-ലെ വത്തിക്കാൻ മിഷനറി പ്രദർശനത്തിന്റെ വേളയിൽ ലഭിച്ച പൈതൃകത്തിന്റെ ഭാഗമാണ്. 1923 നും 1925 നും ഇടയിൽ കത്തോലിക്കാ മിഷനറിമാർ റോമിലേക്ക് അയച്ച ഈ പുരാവസ്തുക്കൾ പിന്നീട് ലാറ്ററൻ മിഷനറി എത്‌നോളജിക്കൽ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരുന്നത്. തുടർന്ന് അത്, വത്തിക്കാൻ മ്യൂസിയങ്ങളുടെ ഭാഗമായി മാറി.
2025 ലെ ജൂബിലിയുടെയും വത്തിക്കാൻ മിഷനറി പ്രദർശനത്തിന്റെ ശതാബ്ദിയുടെയും ഭാഗമാണ് പാപ്പയുടെ ഈ സംഭാവനകൾ. അവ ഉചിതമായി സംരക്ഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ കനേഡിയൻ മെത്രാൻ സമിതിക്കു കൈമാറുന്നുവെന്നും പത്രക്കുറിപ്പിൽ എടുത്തു പറയുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
