ലിയോ പതിനാലാമൻ പാപ്പായും ബർത്തലോമിയോ ഒന്നാമൻ പാത്രിയർക്കീസും ലിയോ പതിനാലാമൻ പാപ്പായും ബർത്തലോമിയോ ഒന്നാമൻ പാത്രിയർക്കീസും  (@Vatican Media)

ലോകസമാധാനവും പ്രകൃതിസംരക്ഷണവും പുതുസാങ്കേതികവിദ്യകളുടെ ഉത്തരവാദിത്വപരമായ ഉപയോഗവും ഉറപ്പാക്കാൻ ക്രൈസ്തവർ ഒരുമിച്ച് നിൽക്കണം: ലിയോ പതിനാലാമൻ പാപ്പാ

നവംബർ 30 ഞായറാഴ്ച, ഇസ്താൻബുൾ വിശുദ്ധ ജോർജിന്റെ നാമധേയത്തിലുള്ള പാത്രിയാർക്കൽ ദേവാലയത്തിൽ നടന്ന ബലിയർപ്പണത്തിന് ശേഷം ലിയോ പതിനാലാമൻ പാപ്പാ പ്രഭാഷണം നടത്തി. രക്തരൂക്ഷിതമായ ഈ ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കാനും, പ്രകൃതിയുടെ സംരക്ഷണം ഉറപ്പാക്കാനും, ആധുനിക സാങ്കേതികവിദ്യകൾ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തുന്നത് ഉറപ്പാക്കാനും ക്രൈസ്തവർ ഒരുമിച്ച് നിൽക്കണമെന്നും, പഴയ വീഴ്ചകൾ മറക്കണമെന്നും പാപ്പാ.
ശബ്ദരേഖ - ലോകസമാധാനവും പ്രകൃതിസംരക്ഷണവും പുതുസാങ്കേതികവിദ്യകളുടെ ഉത്തരവാദിത്വപരമായ ഉപയോഗവും ഉറപ്പാക്കി ക്രൈസ്തവർ ഒരുമിച്ച് നിൽക്കണം: ലിയോ പതിനാലാമൻ പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വിവിധ ക്രൈസ്തവസഭകൾക്കിടയിൽ ഉണ്ടായിരുന്നതും ഇപ്പോഴും നിലനിൽക്കുന്നതുമായ തെറ്റുകുറ്റങ്ങളും വീഴ്ചകളും മറന്നു കളയണമെന്നും, ഐക്യം വളർത്തണമെന്നും, മെച്ചപ്പെട്ട ഒരു ലോകത്തിനായി ഒരുമിച്ച് നിൽക്കണമെന്നും ലിയോ പതിനാലാമൻ പാപ്പാ. ഇസ്താൻബുളിലെ സെന്റ് ജോർജ് പാത്രിയാർക്കൽ ദേവാലയത്തിൽ (Patriarchal Church of Saint George) ജനുവരി 29 വൈകുന്നേരം ബർത്തലോമിയോ ഒന്നാമൻ (Patriarch Bartholomew I) പാത്രിയർക്കീസിന്റെ കാർമ്മികത്വത്തിൽ നടന്ന  ഡോക്സോളജി പ്രാർത്ഥനയിൽ സംബന്ധിച്ച പാപ്പാ, പാത്രിയർക്കെറ്റിന്റെ സ്വർഗ്ഗീയമാധ്യസ്ഥൻ കൂടിയായ വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്റെ തിരുനാൾ ദിനമായ നവംബർ 30 ഞായറാഴ്ച ഇതേ ദേവലയത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ ബലിയുടെ അവസാനം ഏവരെയും അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഇത്തരമൊരു സന്ദേശം മുന്നോട്ട് വച്ചത്.

ആദ്യ എക്യൂമെനിക്കൽ കൗൺസിൽ നടന്നയിടത്ത് ആരംഭിച്ച ഈ തീർത്ഥാടനം ഈ വിശുദ്ധ ബലിയോടെ അവസാനിക്കുകയാണെന്ന് പറഞ്ഞ പാപ്പാ, എക്യൂമെനിക്കൽ സൂനഹദോസുകൾ പ്രഖ്യാപിച്ച അതെ വിശ്വാസമാണ് അന്ത്രയോസും ഈ നാട്ടിലേക്ക് കൊണ്ടുവന്നതെന്ന് ഓർമ്മിപ്പിച്ചു. വിവിധ ക്രൈസ്തവസഭകൾക്കിടയിൽ ചരിത്രത്തിൽ ഉണ്ടായിട്ടുള്ള ഭിന്നതകൾ പരാമർശിച്ച പാപ്പാ, എന്നാൽ, പരസ്പരം ഭ്രഷ്ട് കൽപ്പിക്കുന്ന തലത്തിലേക്ക് വരെ നീണ്ട അത്തരം ഓർമ്മകളും തീരുമാനങ്ങളും സഭയുടെ ഓർമ്മയിൽനിന്ന് മായ്ച്ചുകളയണമെന്ന് പോൾ ആറാമൻ പാപ്പായും അതേനഗോറസ് പാത്രിയർക്കീസും (Patriarch Athenagoras) അറുപത് വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചത് അനുസ്മരിച്ചു.

കത്തോലിക്കാ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള ദൈവശാസ്ത്രസംവാദങ്ങൾക്കായുള്ള അന്താരാഷ്ട്ര കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് പാത്രിയർക്കേറ്റ് നൽകുന്ന പിന്തുണ അനുസ്മരിച്ച പാപ്പാ, എല്ലാ ഓർത്തഡോക്സ് സഭകളും ഈയൊരു പദ്ധതിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ശ്രമിക്കേണ്ടതിന്റെ പ്രധാന്യവും എടുത്തുപറഞ്ഞു. റോമിന്റെ മെത്രാനെന്ന നിലയിൽ, എല്ലാവരുടെയും ശുശ്രൂഷയ്ക്കും, ഒരുമയ്ക്കും ഐക്യത്തിനും വേണ്ടി പ്രവർത്തിക്കാനുള്ള തന്റെ സന്നദ്ധതയും പാപ്പാ ഉറപ്പു നൽകി.

രക്തരൂക്ഷിത സംഘർഷങ്ങളും അതിക്രമങ്ങളും എല്ലായിടങ്ങളിലും നടക്കുന്ന ഇക്കാലത്ത് കത്തോലിക്കരും ഓർത്തഡോക്സ് വിശ്വാസികളും സമാധാനസ്ഥാപകരാകാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സമാധാനം മനുഷ്യന്റെ ശ്രമങ്ങളുടെ മാത്രം ഫലമല്ല, അത് ദൈവികമായ ഒരു ദാനം കൂടിയാണെന്ന് പാപ്പാ പ്രസ്താവിച്ചു.

നമ്മുടെ പരിപാലനത്തിനായി നൽകപ്പെട്ട ഭൂമിയുടെയും സൃഷ്ടിയുടെയും മേൽ നമുക്കുള്ള ഉത്തരവാദിത്വം തിരിച്ചറിയേണ്ടതും, ഇന്ന് സഭകൾ ഉൾപ്പെടെ ഏവരും അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിക്ക് മുന്നിൽ നമുക്കുണ്ടാകേണ്ട, ആദ്ധ്യാത്മികവും വ്യക്തിപരവും സാമൂഹികവുമായ പരിവർത്തനത്തിന്റെ ആവശ്യവും പാപ്പാ പരാമർശിച്ചു.

ആശയവിനിമയമുൾപ്പെടെയുള്ള മേഖലകളിൽ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം സംബന്ധിച്ചുണ്ടാകേണ്ട ശ്രദ്ധയും ഉത്തരവാദിത്വവും പാപ്പാ ഓർമ്മിപ്പിച്ചു. മനുഷ്യരുടെ സമഗ്രവികസനവും, എല്ലാവർക്കുമുണ്ടാകേണ്ട സംലഭ്യതയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. ഇതിലേക്കും, പൊതുനന്മയ്ക്കുവേണ്ടിയും ക്രൈസ്തവർ മാത്രമല്ല, വിവിധ മതവിഭാഗങ്ങളിലുള്ളവരും, സന്മനസ്സുള്ള എല്ലാ മനുഷ്യരും ഒരുമിച്ച് നിൽക്കുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാത്രിയർക്കീസ് തനിക്ക് നൽകിയ സാഹോദര്യം നിറഞ്ഞ സ്വീകരണത്തിന് നന്ദി പറഞ്ഞ പാപ്പാ, എല്ലാവരെയും വിശുദ്ധ അന്ത്രയോസിന്റെയും സഹോദരൻ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ ജോർജിന്റെയും നിഖ്യ കൗൺസിൽ പിതാക്കന്മാരുടെയും, പുരാതനവും മഹത്വപൂർണ്ണവുമായ കോൺസ്റ്റാന്റിനോപ്പിൾ സഭയിലെ മറ്റ് ഇടയന്മാരുടെയും പ്രാർത്ഥനകൾക്ക് സമർപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 നവംബർ 2025, 16:18