ക്രിസ്തുവിന്റെ ഏകസഭയിൽ വിശ്വസനീയ സാക്ഷികളാകാൻ ക്രൈസ്തവ ഐക്യചിന്തകൾ സഹായിക്കട്ടെ: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നവംബർ 30 ഞായറാഴ്ച രാവിലെ ഇസ്താൻബുളിലുള്ള അർമേനിയൻ അപ്പസ്തോലിക പാത്രിയർക്കെറ്റിന്റെ കത്തീഡ്രൽ ദേവാലയത്തിൽ (Armenian Apostolic Cathedral) നടന്ന പ്രാർത്ഥനാസമ്മേളനത്തിൽ സംസാരിച്ച പാപ്പാ, തന്റെ മുൻഗാമികളെ പാത്രിയർക്കീസുമാരായിരുന്ന ഷെനോർക്ക് ഒന്നാമനും (Shenork I) മെസ്രോബ് രണ്ടാമനും (Mesrob II) ഇതേ ദേവാലയത്തിൽ സ്വീകരിച്ചത് അനുസ്മരിക്കുകയും, പാത്രിയർക്കീസ് സഹാക് രണ്ടാമനെ (Sahak II) സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം അറിയിക്കുകയും ചെയ്തു. അതേസമയം എല്ലാ അർമേനിയക്കാരുടെയും കാതോലിക്കോസും, അത്യുന്നത പാത്രിയർക്കീസുമായ പരിശുദ്ധ കരേക്കിൻ രണ്ടാമനെയും (Karekin II), എല്ലാ മെത്രാന്മാരെയും, അർമേനിയൻ അപ്പസ്തോലികസമൂഹാംഗങ്ങളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.
ദുരിതപൂർണ്ണമായ അവസരങ്ങളിലും അർമേനിയയിലെ ക്രൈസ്തവർ നൽകിയ സാക്ഷ്യത്തിനും, അർമേനിയൻ അപ്പസ്തോലിക സഭയും കത്തോലിക്കാസഭയും തമ്മിലുള്ള സഹോദര്യബന്ധത്തിനും പാപ്പാ നന്ദി പറഞ്ഞു. രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം 1967 മെയ് മാസത്തിൽ, പരിശുദ്ധ കാതോലിക്കോസ് ഖോറെൻ ഒന്നാമൻ (Khoren I) റോമിന്റെ മെത്രാനുമായി സമാധാനം കൈമാറിയതും പാപ്പാ അനുസ്മരിച്ചു. കാതോലിക്കോസ് വാസ്‌ക്കൻ ഒന്നാമനും (Vasken I) പോൾ ആറാമൻ പാപ്പായും തമ്മിൽ, ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിച്ചുകൊണ്ട് ആദ്യമായി ഒരു പ്രഖ്യാപനം ഒപ്പിട്ടതും ലിയോ പതിനാലാമൻ പാപ്പാ അനുസ്മരിച്ചു.
നിഖ്യ കൗൺസിലിന്റെ 1700-മത് വാർഷികത്തിൽ താൻ ഇവിടെയെത്തിയത് നിഖ്യ വിശ്വാസം ആഘോഷിക്കാനുള്ള ഒരു അവസരം കൂടിയായി കണക്കിലെടുത്താണെന്ന് പാപ്പാ പ്രസ്താവിച്ചു. ഈ വിശ്വാസത്തിൽ അധിഷ്ഠിതമായാണ്, റോമിലെ സഭയും പഴയ പൗരസ്ത്യസഭകളും തമ്മിലുണ്ടായിരുന്ന ഐക്യം നാം വീണ്ടെടുക്കേണ്ടതെന്ന് പാപ്പാ പറഞ്ഞു. ഒരു സഭയുടേമേൽ മറ്റൊരു സഭയുടെ അധിപത്യമോ, ഒരു സഭയുടെയും ഇല്ലാതാകലോ അല്ല, മറിച്ച് പരിശുദ്ധാത്മാവിൽനിന്നും, സഭാഗാത്രത്തിന്റെ വളർച്ചയ്ക്കായി ലഭിച്ച അനുഗ്രഹങ്ങൾ പങ്കുവയ്ക്കാനുള്ളതാണ് ഈയൊരു ഐക്യമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ജോൺ പോൾ രണ്ടാമൻ പാപ്പാ, ഉത് ഊനും സിന്തിൽ ആശംസിച്ചതുപോലെ, ഒരുമിച്ച് പൂർണ്ണമായ ഐക്യത്തിലേക്കെത്താൻ, കത്തോലിക്കാസഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്രസംവാദങ്ങൾക്കായുള്ള അന്താരാഷ്ട്ര കമ്മീഷൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാധിക്കട്ടെയെന്ന് പാപ്പാ ആഗ്രഹം പ്രകടിപ്പിച്ചു.
അടുത്തിടെ 850-മത് മരണവാർഷികം അനുസ്മരിക്കപ്പെട്ട നേർസെസ് നാലാമൻ ഷ്നോർഹാലി (Nerses IV Shnorhali) കാതോലിക്കോസിനെ പരാമർശിച്ച പാപ്പാ, പൂർണ്ണമായ ഐക്യത്തിലേക്കുള്ള നമ്മുടെ യാത്രയിൽ അദ്ദേഹം പ്രചോദനമാകട്ടെയെന്ന് ആശംസിച്ചു.
ക്രൈസ്തവ ഐക്യത്തിനായുള്ള തന്റെ പൂർണ്ണമായ സമർപ്പണം ഉറപ്പുനൽകിയ പാപ്പാ, സുവിശേഷസത്യത്തിന്റെ വിശ്വസനീയരായ സാക്ഷികളാകാനും, ക്രിസ്തുവിന്റെ ഏക സഭയുടെ നിയോഗത്തിനായി പ്രവർത്തിക്കാനും വേണ്ടി ക്രൈസ്തവ ഐക്യമെന്ന ദാനം തുറന്ന മനസ്സോടെ സ്വീകരിക്കാൻ നമുക്കാകട്ടെയെന്നും ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
