സമാധാനത്തിനും സഭയ്ക്കുള്ളിലും സഭകൾ തമ്മിലും മറ്റു മതസ്ഥരുമായും ഐക്യത്തിനും ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വിശുദ്ധിയിലേക്കുള്ള വിളിയോർമ്മിപ്പിച്ചും, സമാധാനം പ്രോത്സാഹിപ്പക്കാൻ ആഹ്വാനം ചെയ്തും, സഭയ്ക്കുള്ളിലും മറ്റു മതസ്ഥരുമായും ഐക്യം പ്രോത്സാഹിപ്പിക്കാൻ ആഹ്വാനം ചെയ്തും ലിയോ പതിനാലാമൻ പാപ്പാ. നവംബർ 30 ഞായറാഴ്ച ലത്തീൻ സഭയിൽ ആഗമനകാലത്തിന്റെ ആരംഭം കുറിക്കുന്നതിന്റെയും, എക്യൂമെനിക്കൽ പാത്രിയർക്കേറ്റിന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്റെ തിരുനാളിന്റെയും, നിഖ്യ സൂനഹദോസിന്റെ 1700-മത് വാർഷികം ആചരിക്കപ്പെടുന്നതിന്റെയും പശ്ചാത്തലത്തിൽ, ഇസ്താൻബുളിലുള്ള ഫോക്സ്‌വാഗൻ അറീനയിൽ കത്തോലിക്കാസഭയിലും മറ്റു ക്രൈസ്തവസഭകളിലും നിന്നുള്ള നിരവധി മെത്രാന്മാരുടെയും ആയിരക്കണക്കിന് ആളുകളുടെയും സാന്നിദ്ധ്യത്തിൽ നവംബർ 29 ശനിയാഴ്ച വൈകുന്നേരം അർപ്പിച്ച വിശുദ്ധ ബലിമധ്യേ നടത്തിയ പ്രഭാഷണത്തിലാണ് അദ്ധ്യാത്മികജീവിതത്തിലും, സഭാത്മകസമൂഹത്തിലും ഉണ്ടാകേണ്ട മാറ്റങ്ങളെയും വളർച്ചയെയും കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.
വിശുദ്ധ കുർബാനയിലെ വായനകൾ ആധാരമാക്കി തന്റെ പ്രഭാഷണം ആരംഭിച്ച പാപ്പാ, ഏശയ്യാ പ്രവാചകൻ (2, 1-5), യൂദായെയും ജെറുസലേമിനെയും കുറിച്ച് പറയുന്ന വാക്കുകൾ പരാമർശിച്ചുകൊണ്ട്, കർത്താവിന്റെ ആലയം നിലനിൽക്കുന്ന പർവതത്തിലേക്ക് എല്ലാ ജനതകളും ഒഴുകുന്നതിനെക്കുറിച്ച് അനുസ്മരിപ്പിച്ചു. വിശുദ്ധിയിലേക്കും, വിശ്വാസസാക്ഷ്യത്തിലേക്കുമുള്ള വിളിയെക്കുറിച്ചാണ് ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. മറ്റുള്ളവരെ സഹായിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, സുവിശേഷം ഓർമ്മിപ്പിക്കുന്നതുപോലെ (മത്തായി 24, 37-44), പ്രാർത്ഥനയിലൂടെയും കൂദാശകളിലൂടെയും വിശ്വാസം വളർത്തി ജീവിക്കേണ്ടതുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. അന്ധകാരത്തിന്റെ പ്രവൃത്തികൾ വെടിഞ്ഞ്, പ്രകാശത്തിന്റെ ആയുധം ധരിക്കാൻ വിശുദ്ധ പൗലോസ് റോമാക്കാരെ ഓർമ്മിപ്പിച്ചതും (റോമാ 13, 11-14a) പാപ്പാ അനുസ്മരിച്ചു.
സമാധാനം വിരിയുന്ന ഒരു ലോകത്തെക്കുറിച്ചാണ് ഏശയ്യാ പ്രവാചകൻ ഓർമ്മിപ്പിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, ഇന്നത്തെ ലോകത്ത് ഈ ഉദ്ബോധനങ്ങൾക്ക് ഏറെ മൂല്യമുണ്ടെന്ന് പ്രസ്താവിച്ചു. സമാധാനവും ഐക്യവും അനുരഞ്ജനവും സാധ്യമാക്കാനുള്ള എല്ലാവരുടെയും വിളിയെക്കുറിച്ചും പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.
തുർക്കിയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ ഔദ്യോഗിക ചിഹ്നത്തിലെ പാലത്തിന്റെ ചിത്രത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, പരസ്പരബന്ധങ്ങൾ വളർത്തേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പാപ്പാ, മൂന്ന് വിധത്തിലുള്ള ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചു. സമൂഹത്തിനുള്ളിലും, എക്യൂമെനിക്കൽ ബന്ധങ്ങളിലൂടെ മറ്റ് ക്രൈസ്തവസമൂഹങ്ങളുമായും, മറ്റ് മതസ്ഥരായ സഹോദരീസഹോദരങ്ങളുമായുള്ള കണ്ടുമുട്ടലിലൂടെ അവരുമായും ബന്ധങ്ങൾ വളർത്തേണ്ടതുണ്ടെന്ന് പാപ്പാ വിശദീകരിച്ചു.
കത്തോലിക്കാസഭയ്ക്കുള്ളിലുണ്ടാകേണ്ട ബന്ധത്തെക്കുറിച്ച് സംസാരിച്ച പാപ്പാ, തുർക്കിയിൽത്തന്നെ ലത്തീൻ, അർമേനിയൻ, കൽദായ, സിറിയൻ എന്നീ നാല് ആരാധനാക്രമപരമ്പര്യങ്ങൾ ഉള്ളത് എടുത്തുപറഞ്ഞു. മറ്റുള്ളവരുടെ പ്രത്യേകതകളെ അംഗീകരിക്കുന്നതിലൂടെ ഐക്യം പ്രോത്സാഹിപ്പിക്കുന്ന കാതോലികതയാണ് നാം വളർത്തുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
മറ്റ് ക്രൈസ്തവസമൂഹങ്ങളുമായി എക്യൂമെനിക്കൽ ബന്ധം വളർത്തിയെടുക്കുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച പാപ്പാ, ഈ വുശുദ്ധ കുർബാനയിൽപ്പോലും, മറ്റ് ക്രൈസ്തവസഭാസമൂഹങ്ങളുടെ സാന്നിദ്ധ്യമുള്ള കാര്യം പ്രത്യേകം എടുത്തുപറഞ്ഞു. നമ്മുടെ രക്ഷകനായ ക്രിസ്തുവിലുള്ള വിശ്വാസം നമ്മെ ഒരുമിപ്പിക്കുന്നതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തലേന്ന് ഇസ്‌നികിൽ (നിഖ്യ) നടന്ന എക്യൂമെനിക്കൽ പ്രാർത്ഥന പാപ്പാ ഇത്തരുണത്തിൽ പ്രത്യേകം അനുസ്മരിച്ചു.
യുദ്ധങ്ങളെയും അക്രമങ്ങളെയും പോലും ന്യായീകരിക്കാൻ മതം ഉപയോഗിക്കപ്പെടുന്ന ഇക്കാലത്ത്, അക്രൈസ്തവരുമായി ഐക്യം സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിയുന്നില്ലെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ ഓർമ്മിപ്പിക്കുന്നത് പരാമർശിച്ച പാപ്പാ, ഒരുമിച്ച് സഞ്ചരിക്കാനും, നമ്മെ ഐക്യത്തിന് പ്രേരിപ്പിക്കുന്ന കാരണങ്ങളെ വിലമതിക്കാനും ഏവരെയും ആഹ്വാനം ചെയ്തു.
മുൻവിധികളുടെയും വിശ്വാസവുമില്ലായ്മയുടെയും മതിലുകൾ തകർക്കാൻ ആഹ്വാനം ചെയ്ത പാപ്പാ, അങ്ങനെ പ്രത്യാശയുടെ സന്ദേശവാഹകരും സമാധാനസ്ഥാപകരുമാകാൻ നമുക്ക് സാധിക്കണമെന്ന് ഓർമ്മിപ്പിച്ചു. ആഗമനകാലത്തിലേക്ക് പ്രവേശിക്കുന്ന ഇക്കാലത്ത്, ഇത്തരം മൂല്യങ്ങൾ ലക്ഷ്യങ്ങളാക്കാൻ പാപ്പാ ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
