തിരയുക

പാപ്പാ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു പാപ്പാ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു   (ANSA)

നൈജീരിയയിലും, കാമറൂണിലും തട്ടിക്കൊണ്ടുപോയ വൈദികരെയും, വിദ്യാർത്ഥികളെയും ഉടൻ മോചിപ്പിക്കണം: പാപ്പാ

നവംബർ 23-ന്, ക്രിസ്തുരാജ തിരുനാൾ ദിവ്യബലിയെ തുടർന്ന്, ലിയോ പതിനാലാമൻ പാപ്പാ, ആഫ്രിക്കൻ രാജ്യങ്ങളിൽ സമീപ ദിവസങ്ങളിൽ തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളെയും, വൈദികരെയും ഉടൻ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നവംബർ 23 ഞായറാഴ്ച, ക്രിസ്തുരാജ തിരുനാൾ ദിനത്തിൽ വിശുദ്ധ പത്രോസിന്റ് ചത്വരത്തിൽ നടന്ന വിശുദ്ധ ബലിയുടെ സമാപനത്തിൽ, മധ്യാഹ്ന പ്രാർത്ഥനയ്ക്ക് മുന്നോടിയായി, ലിയോ പതിനാലാമൻ പാപ്പാ വിവിധ അഭ്യർത്ഥനകൾ നടത്തി. വളരെ പ്രധാനമായി കഴിഞ്ഞ ദിവസങ്ങളിൽ, നൈജീരിയയിലും, കാമറൂണിലും, ഭീകരവാദികൾ  തട്ടിക്കൊണ്ടുപോയ വൈദികരെയും, വിദ്യാർത്ഥികളെയും മോചിപ്പിക്കണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു.

പാപ്പായുടെ വാക്കുകൾ ഇപ്രകാരമായിരുന്നു:

"നൈജീരിയയിലും കാമറൂണിലും വൈദികരെയും,  വിശ്വാസികളെയും, വിദ്യാർത്ഥികളെയും തട്ടിക്കൊണ്ടുപോയതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്.പ്രത്യേകിച്ച് തട്ടിക്കൊണ്ടുപോകപ്പെട്ട  നിരവധി ആൺകുട്ടികളെയും പെൺകുട്ടികളെയും അവരുടെ ദുഃഖിതരായ കുടുംബങ്ങളെയും ഓർത്ത് എനിക്ക് അഗാധമായ ദുഃഖം തോന്നുന്നു. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ഞാൻ ഹൃദയംഗമമായി അഭ്യർത്ഥിക്കുന്നു, കൂടാതെ അവരുടെ മോചനം ഉറപ്പാക്കാൻ ഉചിതമായതും, സമയബന്ധിതവുമായ തീരുമാനങ്ങൾ എടുക്കാൻ ബന്ധപ്പെട്ട  അധികാരികളോട് അഭ്യർത്ഥിക്കുന്നു."

നവംബർ 21-ന്, ഫെഡറൽ റിപ്പബ്ലിക് ഓഫ് നൈജീരിയയിലെ 36 അംഗരാജ്യങ്ങളിൽ ഒന്നായ നൈജറിന്റെ മധ്യ-പടിഞ്ഞാറൻ സംസ്ഥാനമായ പാപ്പിരിയിൽ, കാറുകളിലും മോട്ടോർ സൈക്കിളുകളിലുമായി ഏകദേശം 60 പേരടങ്ങുന്ന സായുധ ഭീകരരുടെ ഒരു സംഘം 12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള സ്കൂളായ സെന്റ് മേരീസ് സ്കൂളിൽ അതിക്രമിച്ചു കയറിയിരുന്നു. തുടർന്ന്, കുട്ടികളുടെ വിശ്രമമുറികൾ ആക്രമിക്കുകയും 303 വിദ്യാർത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോകുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, കാമറൂണിലെ എൻഗോ-കെറ്റുഞ്ചിയ ഡിവിഷനിലെ എൻഡോപ്പിൽ ബമെൻഡ അതിരൂപതയിൽ നിന്നുള്ള ആറ് കത്തോലിക്കാ പുരോഹിതന്മാരെയും ഭീകര സംഘം തട്ടിക്കൊണ്ടുപോയിരുന്നു.

 സ്കൂളുകൾ ഒരിക്കലും അക്രമപ്രവർത്തനങ്ങളുടെ ലക്ഷ്യങ്ങളാകരുതെന്നും, മറിച്ച് എല്ലായ്പ്പോഴും ഭാവി രൂപപ്പെടുത്തുന്ന  സ്ഥലങ്ങൾ ആകട്ടെയെന്നും ആശംസിച്ച പാപ്പാ, സഹോദരീസഹോദരന്മാർക്കുവേണ്ടിയും, പള്ളികളും സ്കൂളുകളും എപ്പോഴും എല്ലായിടത്തും സുരക്ഷിതത്വത്തിന്റെയും, പ്രത്യാശയുടെയും കേന്ദ്രങ്ങളായി നിലനിൽക്കുന്നതിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നു ആഹ്വാനം ചെയ്യുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 നവംബർ 2025, 11:39