തിരയുക

മധ്യാഹ്ന പ്രാർത്ഥനാവേളയിൽ പാപ്പാ അഭിവാദ്യം ചെയ്യുന്നു മധ്യാഹ്ന പ്രാർത്ഥനാവേളയിൽ പാപ്പാ അഭിവാദ്യം ചെയ്യുന്നു   (ANSA)

ക്രൈസ്തവർ സത്യത്തിനു സാക്ഷ്യം വഹിക്കുന്നവരാകണം: പാപ്പാ

നവംബർ മാസം പതിനാറാം തീയതി ഞായറാഴ്ച്ച, വത്തിക്കാൻ ചത്വരത്തിൽ വച്ച് ലിയോ പതിനാലാമൻ പാപ്പാ നയിച്ച മധ്യാഹ്‌ന പ്രാർത്ഥനാവേളയിൽ നൽകിയ സന്ദേശത്തിന്റെ മലയാള പരിഭാഷ.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രിയ സഹോദരീ സഹോദരന്മാര, ശുഭകരമായ ഞായറാഴ്ച്ച

ആരാധനാക്രമ  വർഷം അവസാനിക്കുമ്പോൾ, ഇന്നത്തെ സുവിശേഷം (ലൂക്കാ 21: 5-19) ചരിത്രത്തിൽ സംഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും, കാര്യങ്ങളുടെ അന്ത്യത്തെപ്പറ്റിയും നമ്മെ ചിന്തിപ്പിക്കുന്നു. നമ്മുടെ ഹൃദയങ്ങളെ അറിയുന്നവനായതിനാൽ,  യേശു, ഈ സംഭവങ്ങൾ കാണുമ്പോൾ,  നാം  ഭയത്താൽ കീഴടക്കപ്പെടാതിരിക്കുവാൻ  നമ്മെ ക്ഷണിക്കുന്നു: "യുദ്ധങ്ങളെയും വിപ്ലവങ്ങളെയും കുറിച്ച് കേൾക്കുമ്പോൾ, "ഭയപ്പെടരുത്".

അദ്ദേഹത്തിന്റെ അഭ്യർത്ഥന വളരെ സമയോചിതമാണ്: നിർഭാഗ്യവശാൽ, ദശലക്ഷക്കണക്കിന് പുരുഷന്മാരെയും സ്ത്രീകളെയും പീഡിപ്പിക്കുന്ന സംഘർഷങ്ങൾ, ദുരന്തങ്ങൾ, പീഡനങ്ങൾ എന്നിവയുടെ ദൈനംദിന വാർത്തകളാണ് നമുക്ക് ലഭിക്കുന്നത്. ഈ കഷ്ടതകളെ അഭിമുഖീകരിക്കുമ്പോഴും അവയെ അവഗണിക്കാൻ ആഗ്രഹിക്കുന്ന നിസ്സംഗതയുടെ മുമ്പിലും, തിന്മയുടെ ആക്രമണത്തിന്, തന്നിൽ ആശ്രയിക്കുന്നവരുടെ പ്രത്യാശയെ നശിപ്പിക്കാൻ കഴിയില്ലയെന്നുള്ളതാണ്,  യേശുവിന്റെ വചനങ്ങൾ പ്രഘോഷിക്കുന്നത്. രാത്രി പോലെ മണിക്കൂറുകൾ എത്രയും ഇരുണ്ടതാകുന്നുവോ, അത്രയും കൂടുതൽ, വിശ്വാസം സൂര്യനെപ്പോലെ പ്രഭയുള്ളതാകും.

വാസ്തവത്തിൽ, ക്രിസ്തു രണ്ടുതവണ, "തന്റെ നാമത്തിനുവേണ്ടി" അനേകർ അക്രമവും വഞ്ചനയും അനുഭവിക്കുമെന്ന് സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ കൃത്യമായി അപ്പോൾ അവർക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിക്കും. കുരിശിലെ തന്റെ സ്നേഹത്തിന്റെ അപാരത വെളിപ്പെടുത്തിയ ഗുരുവിന്റെ മാതൃക പിന്തുടർന്ന്, ഈ പ്രോത്സാഹനം നമ്മെയെല്ലാം നയിക്കുന്നു. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് ആയുധങ്ങളിലൂടെയും മോശമായി പെരുമാറുന്നതിലൂടെയും മാത്രമല്ല, വാക്കുകൾ  കൊണ്ടും, അതായത് നുണകളിലൂടെയും പ്രത്യയശാസ്ത്രപരമായ കൃത്രിമത്വത്തിലൂടെയും പീഡിപ്പിക്കുന്നു. പ്രത്യേകിച്ചും ഈ ശാരീരികവും ധാർമ്മികവുമായ തിന്മകളാൽ നാം അടിച്ചമർത്തപ്പെടുമ്പോൾ, ലോകത്തെ രക്ഷിക്കുന്ന സത്യത്തിലേക്കും, അടിച്ചമർത്തലിൽ നിന്ന് ജനങ്ങളെ വീണ്ടെടുക്കുന്ന നീതിയിലേക്കും, എല്ലാവർക്കും സമാധാനത്തിലേക്കുള്ള വഴി കാട്ടുന്ന പ്രത്യാശയിലേക്കും സാക്ഷ്യം വഹിക്കാൻ നാം വിളിക്കപ്പെടുന്നു.

ചരിത്രത്തിലെ ദുരന്തങ്ങൾക്കും ദുഃഖങ്ങൾക്കും അവസാനമുണ്ടെന്നുള്ള യേശുവിന്റെ വാക്കുകകളുടെ പ്രവാചകശൈലി സാക്ഷ്യപ്പെടുത്തുന്നു, അതേസമയം അവനെ രക്ഷകനായി അംഗീകരിക്കുന്നവരുടെ സന്തോഷം എന്നേക്കും നിലനിൽക്കുകയും ചെയ്യു."നിന്റെ സ്ഥിരോത്സാഹത്താൽ നീ നിന്റെ ജീവൻ രക്ഷിക്കും"കർത്താവിന്റെ ഈ വാഗ്ദാനം ചരിത്രത്തിലെ, ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളെയും എല്ലാ കുറ്റകൃത്യങ്ങളെയും ചെറുത്തുനിൽക്കാൻ നമുക്ക് ശക്തി നൽകുന്നു; വേദനയുടെ മുമ്പിൽ നാം ബലഹീനരായി തുടരരുത്, കാരണം അവൻ തന്നെ നമുക്ക് "വചനവും ജ്ഞാനവും" നൽകുന്നു. അങ്ങനെ നമുക്ക് എപ്പോഴും തീക്ഷ്ണമായ ഹൃദയത്തോടെ നന്മ ചെയ്യാൻ കഴിയും. 

പ്രിയ സുഹൃത്തുക്കളെ, സഭയുടെ ചരിത്രത്തിലുടനീളം, വീണ്ടെടുപ്പിന്റെ അടയാളമായി അക്രമത്തെപ്പോലും രൂപാന്തരപ്പെടുത്താൻ ദൈവകൃപയ്ക്ക് കഴിയുമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നത് എല്ലാറ്റിനുമുപരിയായി രക്തസാക്ഷികളാണ്. 

അതുകൊണ്ട് , യേശുവിന്റെ നാമത്തിനുവേണ്ടി കഷ്ടപ്പാടുകൾ സഹിക്കുന്ന  നമ്മുടെ സഹോദരീസഹോദരന്മാരോടൊപ്പം ചേരുമ്പോൾ, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ അർത്ഥന  നമുക്ക് ആത്മവിശ്വാസത്തോടെ തേടാം. എല്ലാ പരീക്ഷണങ്ങളിലും പ്രയാസങ്ങളിലും പരിശുദ്ധ കന്യാമറിയം നമ്മെ ആശ്വസിപ്പിക്കുകയും നിലനിർത്തുകയും ചെയ്യട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 നവംബർ 2025, 14:50