തിരയുക

എക്യൂമെനിക്കൽ പ്രാർത്ഥനയിൽനിന്നുള്ള ഒരു ദൃശ്യം എക്യൂമെനിക്കൽ പ്രാർത്ഥനയിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

സഭാചരിത്രമുറങ്ങുന്ന തുർക്കിയിൽ ലിയോ പതിനാലാമൻ പാപ്പാ: ക്രൈസ്തവ, ഇസ്ലാം മത സംഗമങ്ങൾ

2025 നവംബർ 27 വ്യാഴാഴ്ച മുതൽ ഡിസംബർ 2 ചൊവ്വാഴ്ച വരെ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിലേക്കും ലെബനനിലേക്കും നടത്തുന്ന തന്റെ പ്രഥമ അപ്പസ്തോലിക യാത്രയുടെ, നവംബർ 28 വെള്ളിയാഴ്ച്ച ഉച്ചമുതൽ 20 ശനിയാഴ്ച ഉച്ചവരെയുള്ള പരിപാടികളെക്കുറിച്ചുള്ള വിവരണം.
ശബ്ദരേഖ - സഭാചരിത്രമുറങ്ങുന്ന തുർക്കിയിൽ ലിയോ പതിനാലാമൻ പാപ്പാ: ക്രൈസ്തവ, ഇസ്ലാം മത സംഗമങ്ങൾ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തുർക്കിയിലേക്കും (Türkiye) ലെബനനിലേക്കും (Lebanon) നടത്തുന്ന തന്റെ പ്രഥമ അപ്പസ്തോലിക യാത്രയെക്കുറിച്ചുള്ള വിവരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നാം വത്തിക്കാൻ ന്യൂസിലൂടെയും വത്തിക്കാൻ റേഡിയോയിലൂടെയും പങ്കുവച്ചത്.

കഴിഞ്ഞ ദിവസങ്ങളിലെ പരിപാടികൾ

നവംബർ 27 വ്യാഴാഴ്ച രാവിലെ 7.00-ന്, വത്തിക്കാനിൽനിന്ന് പുറപ്പെട്ട പാപ്പാ, റോം ഫ്യുമിച്ചീനോയിലുള്ള ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെട്ട്, പ്രാദേശികസമയം പന്ത്രണ്ടരയോടെ തുർക്കിയിലെ അങ്കാറയിലുള്ള എസെൻബോഗ (Esenboğa) അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇന്ത്യയിലെ സമയമത്തെ അപേക്ഷിച്ച് തുർക്കി രണ്ടര മണിക്കൂറും, ഇറ്റാലി നാലര മണിക്കൂറും പിന്നിലാണ്. അങ്കാറയിലെത്തിയ പാപ്പാ, ആദ്യം, തുർക്കിയുടെ രാഷ്ട്രനിർമ്മാതാവും പ്രഥമ പ്രസിഡന്റുമായിരുന്ന മുസ്തഫ കെമാൽ അതാത്യുർക്കിന്റെ (Mustafa Kemal “Atatürk") ഖബറിടം സന്ദർശിക്കുകയും, പിന്നീട് രാജ്യത്തെ നിലവിലെ പ്രസിഡന്റ് റെജപ് തയ്യിപ്‌ എർദൊഗാന്റെ (Recep Tayyip Erdoğan) കൊട്ടാരത്തിലെത്തി അദ്ദേഹവുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടർന്ന്, പ്രസിഡന്റിനൊപ്പം രാജ്യത്തെ ഔദ്യോഗിക നേതൃത്വവും, പൊതുസമൂഹവും, തുർക്കിയിലേക്കുള്ള നയതന്ത്രജ്ഞരും ഉൾക്കൊള്ളുന്ന സമൂഹവുമായി പരിശുദ്ധ പിതാവ് കൂടിക്കാഴ്ച നടത്തുകയും തുർക്കിയിലെ തന്റെ പ്രഥമ പ്രഭാഷണം നടത്തുകയും ചെയ്തു. ഈ സമ്മേളനത്തിന് ശേഷം പാപ്പാ, ദിയനെറ്റ് (Diyanet) എന്ന "മത കാര്യങ്ങൾക്കായുള്ള" കേന്ദ്രത്തിലെത്തുകയും അതിന്റെ പ്രസിഡന്റ് സാഫി അർപാഗൂഷുമായി (Safi Arpaguş)  സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടർന്ന് പാപ്പാ അപ്പസ്തോലിക നൂൺഷിയേച്ചർ സന്ദർശിച്ചു.

അങ്കാറയിലെ ഔദ്യോഗിക ചടങ്ങുകൾ അവസാനിച്ചതിന് ശേഷം, വിമാനമാർഗ്ഗം പാപ്പാ, 435 കിലോമീറ്ററുകൾ അകലെയുള്ള ഇസ്താൻബുൾ അതാത്യുർക്ക് (Istanbul-Atatürk) വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. അതിനടുത്തുള്ള അപ്പസ്തോലിക പ്രതിനിധി മന്ദിരത്തിലാണ് പാപ്പാ ഇരുപത്തിയേഴാം തീയതി വൈകിട്ട് വിശ്രമിച്ചത്.

നവംബർ 28 വെള്ളിയാഴ്ച രാവിലെ വിശുദ്ധ ബലിയർപ്പിച്ച പാപ്പാ, തുടർന്ന്, മെത്രാന്മാരും, വൈദികരും, ഡീക്കന്മാരും, സമർപ്പിതരും, അജപാലനമേഖലയിൽ സേവനമനുഷ്ഠിക്കുന്നവരുമൊത്തുള്ള സംഗമത്തിനായി, അതിനടുത്തുള്ള പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലെത്തുകയും, അവർക്കൊപ്പം പ്രാർത്ഥന നടത്തുകയും സന്ദേശം നൽകുകയും ചെയ്തു. ഈ സമ്മേളനത്തെത്തുടർന്ന് പാപ്പാ, അവിടെനിന്ന് രണ്ടര കിലോമീറ്ററുകൾ അകലെ വയോധികർക്കുവേണ്ടി, "പാവപ്പെട്ടവരുടെ ചെറുസഹോദരിമാർ" എന്ന സന്ന്യസ്തസമൂഹം നടത്തുന്ന കേന്ദ്രം സന്ദർശിക്കുകയും, അവിടെ ഒരുമിച്ച് കൂടിയ ഇരുനൂറോളം ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്‌തു. ഈ സമ്മേളനത്തിന് ശേഷം തിരികെ അപ്പസ്തോലിക പ്രതിനിധി മന്ദിരത്തിലെത്തിയ പാപ്പാ, അവിടെയെത്തിയ, തുർക്കിയിലെ റബ്ബികളുടെ തലവനുമായി സ്വകാര്യ കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തത് വരെയുള്ള വിശേഷങ്ങളാണ് നാം ഇതുവരെ പങ്കുവച്ചത്.

പാപ്പാ നിഖ്യയിലേക്ക്

നവംബർ 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് അപ്പസ്തോലിക പ്രതിനിധി മന്ദിരത്തിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം, രണ്ടേകാലോടെ, മുൻപ് നിഖ്യ എന്ന പേരിൽ അറിയപ്പെട്ടിരുന്നതും, സഭാചരിത്രത്തിന് ഏറെ പ്രധാനപ്പെട്ടതും, ഇന്ന് ഇസ്‌നിക് (İznik) എന്ന പേരിൽ അറിയപ്പെടുന്നതുമായ നഗരത്തിൽ എക്യൂമെനിക്കൽ പ്രാർത്ഥനാസമ്മേളനത്തിൽ സംബന്ധിക്കാനായി പാപ്പാ പുറപ്പെട്ടു. ഇതിനായി ഇരുപത്തിയൊന്ന് കിലോമീറ്ററുകൾ അകലെയുള്ള ഇസ്താൻബുളിലെ അതാത്യുക്ക് വിമാനത്താവളത്തിലെത്തിയ പാപ്പാ, രണ്ടേമുക്കാലോടെ അവിടെനിന്ന് ഹെലികോപ്റ്ററിൽ ഇസ്‌നിക് വരെയുള്ള 150 കിലോമീറ്ററുകൾ താണ്ടി. ഇസ്‌നികിലെ ഹേലിപാഡിലെത്തിയ പാപ്പായെ കോൺസ്റ്റാന്റിനോപോളിയിലെ എക്യൂമെനിക്കൽ പാത്രിയർക്കീസ് പരിശുദ്ധ ബർത്തലോമിയോ ഒന്നാമൻ (Bartolomeo I) സാഗതം ചെയ്യാനെത്തിയിരുന്നു.

ഇസ്താൻബൂളിന്റെ തെക്കു കിഴക്ക് 130 കിലോമീറ്ററുകൾ അകലെയുള്ള ബുർസ (Bursa) പ്രവിശ്യയിലെ ഇസ്‌നിക് ജില്ലയുടെ തലസ്ഥാനമാണ് ഇസ്‌നിക് നഗരം. 325-ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയും, 787-ൽ ഐറിൻ ചക്രവർത്തിനിയും വിളിച്ചുകൂട്ടിയ എക്യൂമെനിക്കൽ സൂനഹദോസുകളാൽ പ്രശസ്തമാണ് നിഖ്യ.

വിശുദ്ധ നിയോഫിത്തോയുടെ പേരിലുണ്ടായിരുന്ന ബസലിക്ക

ഡയക്‌ളീഷ്യൻ ചക്രവർത്തിയുടെ കീഴിൽ, 303-ൽ കൊല്ലപ്പെട്ട വിശുദ്ധ നിയോഫിത്തോയുടെ പേരിൽ ഏതാണ്ട് 1600 വർഷങ്ങൾക്ക് മുൻപ് നിഖ്യായിൽ ഒരു ദേവാലയം പണിയപ്പെട്ടിരുന്നു. എന്നാൽ 740-ൽ ഉണ്ടായ ഒരു ഭൂമികുലുക്കത്തിൽ തകർന്ന ഈ ദേവാലയം പിന്നീട് അവിടെയുണ്ടായിരുന്ന തടാകത്തിലെ ജലം കൊണ്ട് മൂടപ്പെടുകയായിരുന്നു. 2014-ൽ കണ്ടുപിടിക്കപ്പെട്ട ഈ ദേവാലയത്തിന്റെ അവശേഷിച്ച ഭാഗങ്ങൾ ഇന്ന് കരയിൽനിന്ന് കാണാവുന്നവയാണ്.

എക്യൂമെനിക്കൽ പ്രാർത്ഥനാസമ്മേളനം

ഇസ്‌നികിലെ ഹെലിപാഡിൽനിന്നും 6 കിലോമീറ്ററുകൾ അകലെ, വിശുദ്ധ നിയോഫിത്തോയുടെ പേരിലുണ്ടായിരുന്ന ബസലിക്കയുടെ അവശിഷ്ടങ്ങൾക്കടുത്തുള്ള പുരാവസ്തു ഗവേഷണയിടത്തോട് ചേർന്ന് നടക്കുന്ന എക്യൂമെനിക്കൽ പ്രാർത്ഥനാസമ്മേളനത്തിൽ പങ്കെടുക്കാനായി പാപ്പാ കാറിൽ യാത്രയായി. അവിടെയെത്തിയ പാപ്പായെയും എക്യൂമെനിക്കൽ പാത്രിയർക്കീസിനെയും രണ്ട് മെത്രാപ്പോലീത്തമാർ, സന്ദർശനകേന്ദ്രത്തിന്റെ വാതിൽക്കൽ എത്തി സ്വീകരിച്ചു. പരിശുദ്ധ പിതാവിനും പാത്രിയർക്കീസിനുമൊപ്പം മറ്റു സഭാ നേതൃത്വങ്ങളും ഗവേഷണയിടത്തിന് അടുത്തുള്ള സ്റ്റേജിലെ ക്രിസ്തുവിന്റെയും സൂനഹദോസിന്റെയും ഐക്കണുകൾക്കടുത്ത് നിലയുറപ്പിച്ചു.

വൈകുന്നേരം മൂന്നരയോടെയാരംഭിച്ച സമ്മേളനത്തിന്റെ ആരംഭത്തിൽ ഒരു പ്രാർത്ഥനാഗാനമായിരുന്നു. തുടർന്ന് എക്യൂമെനിക്കൽ പാത്രിയർക്കീസ് പരിശുദ്ധ ബർത്തലോമിയോ ഒന്നാമൻ സഹോദരങ്ങൾ ഒരുമിച്ചായിരിക്കുന്നതിന്റെ സന്തോഷം പരാമർശിച്ചും, നിഖ്യ സൂനഹദോസിന്റെ പ്രാധാന്യം എടുത്തുപറഞ്ഞും സംസാരിക്കുകയും പാപ്പായ്ക്കും മറ്റേവർക്കും സ്വാഗതമേകുകയും ചെയ്തു.

എക്യൂമെനിക്കൽ പാത്രിയർക്കീസിന്റെ സ്വാഗതപ്രസംഗത്തെത്തുടർന്ന് നടന്ന പ്രാർത്ഥനയ്ക്കും സുവിശേഷവായനയ്ക്കും ശേഷം, പാപ്പാ തന്റെ പ്രഭാഷണം നടത്തി.

പാപ്പായുടെ പ്രഭാഷണത്തിനും, തുടർന്ന് നടന്ന ഗാനാലാപനത്തിനും ശേഷം ഏവരും നിഖ്യ-കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം ചൊല്ലുകയും ഗാനരൂപത്തിൽ ആലപിക്കപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് ചില മധ്യസ്ഥ പ്രാർത്ഥനകൾ ഉണ്ടായിരുന്നു.

പ്രാർത്ഥനകൾക്ക് ശേഷം സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഏവരും ഒരുമിച്ച് ചൊല്ലുകയും പാപ്പായും പാത്രിയർക്കീസും ചേർന്ന് ആശീർവാദം നൽകുകയും ചെയ്തു.

എക്യൂമെനിക്കൽ പ്രാർത്ഥനയിൽനിന്നുള്ള ഒരു ദൃശ്യം
എക്യൂമെനിക്കൽ പ്രാർത്ഥനയിൽനിന്നുള്ള ഒരു ദൃശ്യം   (ANSA)

പാപ്പാ തിരികെ ഇസ്താൻബൂളിലേക്ക്

എക്യൂമെനിക്കൽ സമ്മേളനത്തിന് ശേഷം, കാറിൽ ഇസ്‌നിക്കിലെ ഹെലിപാഡിലേക്ക് എത്തിയ പാപ്പാ, അവിടെനിന്ന് 150 കിലോമീറ്ററുകൾ അകലെയുള്ള അതാത്യുക്ക് വിമാനത്താവളത്തിലേക്ക് വൈകുന്നേരം നാലരയോടെ ഹെലികോപ്റ്ററിൽ യാത്രയായി. അവിടെനിന്ന് കാറിൽ വൈകുന്നേരം അഞ്ചരയോടെ അപ്പസ്തോലിക പ്രതിനിധി മന്ദിരത്തിലെത്തിയ പാപ്പാ, തുർക്കിയിലുള്ള മെത്രാന്മാരുമായി വൈകുന്നേരം ആറരയ്ക്ക് ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും, ഏഴുമണിയോടെ അവർക്കൊപ്പം അത്താഴം കഴിക്കുകയും ചെയ്തു.

ലത്തീൻ സഭയിലെ ഒരു അതിരൂപതയും രണ്ട് വികാരിയത്തുകളും കൽദായ, അർമേനിയൻ, സഭകളിൽനിന്നുള്ള രണ്ട് അതിരൂപതകളും, ഗ്രീക്ക് കത്തോലിക്കാ, സിറിയൻ സഭകളിൽനിന്നുള്ള രണ്ട് എസാർക്കാത്തുകളുമാണ് തുർക്കിയിലുള്ളത്.

പാപ്പാ നീല മോസ്കിൽ

നവംബർ 29 ശനിയാഴ്ച രാവിലെ എട്ടേമുക്കാലോടെ ഇസ്താൻബുളിൽ "നീല മോസ്‌ക്" (Blue Mosque) എന്ന പേരിൽ അറിയപ്പെടുന്ന സുൽത്താൻ അഹ്‌മദ്‌ മോസ്‌ക്  (Mosque Sultan Ahmed) സന്ദർശിക്കാൻ പാപ്പാ കാറിൽ യാത്രയായി. ഒൻപത് മണിയോടെ മോസ്കിലെത്തിയ പാപ്പായെ "മത കാര്യങ്ങൾക്കായുള്ള" കേന്ദ്രത്തിന്റെ പ്രസിഡന്റ് സാഫി അർപാഗൂഷ് സ്വാഗതം ചെയ്തു. തുടർന്ന് മോസ്കിൽ മറ്റുളളവർക്കൊപ്പം ആദരവും അവിടെ പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്നവരുടെ വിശ്വാസത്തോടുള്ള ബഹുമാനവും പ്രകടിപ്പിച്ചുകൊണ്ട്, പാപ്പാ നിശ്ശബ്ദതയിൽ അല്പസമയം ചിലവഴിച്ചു.

അപ്പസ്തോലിക പ്രതിനിധി മന്ദിരത്തിൽനിന്ന് ഏതാണ്ട് ഒൻപത് കിലോമീറ്ററുകൾ അകലെയാണ്, 1609-നും 1617-നും ഇടയിൽ അഹ്‌മദ്‌ ഒന്നാമൻ സുൽത്താൻ പണി കഴിപ്പിച്ച ഈ മോസ്‌ക്. ഓട്ടോമൻ സാമ്രാജ്യത്തിലെ ആരാധനായിടങ്ങളിൽ ഏറെ പ്രധാനപ്പെട്ടതായിരുന്ന ഈ മോസ്‌ക്, കോൺസ്റ്റാന്റിനോപ്പിൾ കൊട്ടാരം നിലനിന്നിരുന്ന ഇടത്താണ് പണി കഴിപ്പിക്കപ്പെട്ടത്. സാധാരണയായി നാല് മിനാരങ്ങളുള്ള മോസ്കുകളിൽനിന്ന് വ്യത്യസ്തമായി നീല മോസ്കിന് ആറ് മിനാരങ്ങളുണ്ട്. മെക്കയിലെ (Mecca) കഅബ (Ka’ba) മോസ്‌കിന് മാത്രമാണ് ഇതിൽ കൂടുതൽ, അതായത് ഏഴ്, മിനാരങ്ങളുള്ളത്.

ലിയോ പാപ്പാ സുൽത്താൻ അഹ്‌മദ്‌ മോസ്‌കിന് മുന്നിൽ
ലിയോ പാപ്പാ സുൽത്താൻ അഹ്‌മദ്‌ മോസ്‌കിന് മുന്നിൽ   (ANSA)

പാപ്പാ സിറിയൻ ഓർത്തഡോക്സ് സഭയുടെ ദേവാലയത്തിൽ

സുൽത്താൻ അഹ്‌മദ്‌ മോസ്‌കിലെ സന്ദർശനത്തിന് ശേഷം ഒൻപതരയോടെ പാപ്പാ അവിടെനിന്ന് ഏതാണ്ട് പതിനാറ് കിലോമീറ്ററുകൾ അകലെ, യെഷിൽകോയിൽ (Yeşilköy) 2023-ൽ പണിയപ്പെട്ട മാർ എഫ്രേം സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിലേക്ക് യാത്രയായി.

തുർക്കി റിപ്പബ്ലിക്കിന്റെ മേൽനോട്ടത്തിൽ പണിയപ്പെട്ട ഏക ദേവാലയമണിത്. വിവിധ കാരണങ്ങളാൽ നീണ്ടുപോയ ഈ ദേവാലയത്തിന്റെ നിർമ്മിതിക്ക് ഏതാണ്ട് പത്തു വർഷങ്ങളോളമെടുത്തു.

സിറിയയിൽ ആരംഭിച്ച സിറിയൻ ഓർത്തഡോക്സ് സഭയ്ക്ക് ലോകമെങ്ങും വിശ്വാസികളുണ്ട്. ഡമാസ്കസിലുള്ള അന്ത്യോക്യയിലെ സിറോ ഓർത്തഡോക്സ് പാത്രിയർക്കീസ് ഇഗ്‌നേഷ്യസ് എഫ്രേം രണ്ടാമനാണ് (Ignatius Aphrem II) ഈ സഭയുടെ തലവൻ. ഏതാണ്ട് ഇരുപത് ലക്ഷത്തോളം വിശ്വാസികളാണ് ഈ സഭയിലുള്ളത്. സഭകളുടെ എക്യൂമെനിക്കൽ കൗൺസിലിൽ അംഗമായ ഇദ്ദേഹം, 2007-ൽ ആരംഭിച്ച "ക്രൈസ്തവ സഭകൾ ഒരുമിച്ച്" എന്ന എക്യൂമെനിക്കൽ പ്രസ്ഥാനത്തിന്റെ ജന്മത്തിന് പിന്നിൽ കാര്യമായി പ്രവർത്തിച്ചിട്ടുണ്ട്.

മാർ എഫ്രേം സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന വട്ടമേശസമ്മേളനം
മാർ എഫ്രേം സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന വട്ടമേശസമ്മേളനം   (ANSA)

ദേവാലയത്തിലെത്തിയ പാപ്പായെ സിറോ ഓർത്തഡോക്സ് പാത്രിയർക്കീസും, അന്ത്യോക്യയിലെ സിറിയൻ ഓർത്തഡോക്സ് സഭയുടെ കീഴിൽ ഇസ്താൻബുളിലേക്കും, അങ്കാറയിലേക്കും ഇസ്മിറിലേക്കുമുള്ള മെത്രാപ്പോലീത്തയും ചേർന്ന് സ്വീകരിച്ചു. ദേവാലയത്തിലെത്തിയ മതനേതൃത്വങ്ങൾ, പരിശുദ്ധാത്മാവിനോടുള്ള ഒരു ഗാനം ആലപിക്കുകയും, ഒരു വട്ടമേശയ്ക്ക് ചുറ്റുമിരുന്ന് സംവാദത്തിലേർപ്പെടുകയും ചെയ്തു. തുടർന്ന് പാപ്പാ ചെറിയൊരു പ്രഭാഷണവും നടത്തി. അടച്ച വാതിലുകൾക്ക് പിന്നിൽ നടന്ന ഈ സമ്മേളനം അവസാനിക്കുന്നതിന് മുൻപായി, അന്ത്യോക്യയിലെ സിറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസിന്റെ വികാരി, സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന നയിച്ചു.

പാപ്പാ തിരികെ അപ്പസ്തോലിക പ്രതിനിധി മന്ദിരത്തിലേക്ക്

പ്രാർത്ഥന അവസാനിച്ചതിനെത്തുടർന്ന്, പതിനൊന്നേമുക്കാലോടെ പാപ്പാ അപ്പസ്തോലിക പ്രതിനിധി മന്ദിരത്തിലേക്ക് കാറിൽ യാത്രയായി. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ അവിടെയെത്തിയ പാപ്പാ, ഉച്ചഭക്ഷണം കഴിച്ച ശേഷം വിശ്രമിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 നവംബർ 2025, 13:33