തിരയുക

ലിയോ പാപ്പാ യൂറോപ്പിലെ മെത്രാൻസമിതി, യൂറോപ്പിലെ വിവിധ സഭകളുടെ കോൺഫറൻസ് എന്നീ സമിതികൾക്കൊപ്പം ലിയോ പാപ്പാ യൂറോപ്പിലെ മെത്രാൻസമിതി, യൂറോപ്പിലെ വിവിധ സഭകളുടെ കോൺഫറൻസ് എന്നീ സമിതികൾക്കൊപ്പം  (@Vatican Media)

യേശുവിനെ പ്രഘോഷിക്കുന്നതിൽ യൂറോപ്പിലെ സഭകൾക്കുണ്ടാകേണ്ട ഐക്യം ഉയർത്തിക്കാട്ടി ലിയോ പതിനാലാമൻ പാപ്പാ

നവീകരിച്ച എക്യൂമെനിക്കൽ ചാർട്ടറിൽ ഒപ്പുവച്ച യൂറോപ്പിലെ മെത്രാൻസമിതി, യൂറോപ്പിലെ വിവിധ സഭകളുടെ കോൺഫറൻസ് എന്നിവയുടെ സംയുക്ത കമ്മിറ്റിക്ക് ലിയോ പതിനാലാമൻ പാപ്പാ നവംബർ ആറാം തീയതി വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. ഒരുമിച്ച്, ഫലപ്രദമായി സുവിശേഷപ്രഘോഷണം നടത്തേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് ക്രൈസ്തവസഭാനേതൃത്വങ്ങളെ ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പുതുക്കിയ എക്യൂമെനിക്കൽ ചാർട്ടറിൽ ഒപ്പുവച്ച യൂറോപ്പിലെ മെത്രാൻസമിതി (Council of European Bishops’ Conferences - CCEE), യൂറോപ്പിലെ വിവിധ സഭകളുടെ കോൺഫറൻസ് (Conference of European Churches - CEC) എന്നിവരുടെ സംയുക്ത കമ്മറ്റി അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ നവംബർ ആറാം തീയതി വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. പൊതുവായ ക്രൈസ്തവ വിശ്വാസയാത്രയിൽ ഫലപ്രദമായ വിധത്തിൽ യേശുവിനെ പ്രഘോഷിക്കേണ്ടതിന്റെ പ്രാധാന്യം അനുസ്മരിച്ച പാപ്പാ, തന്റെ തുർക്കി-ലെബനൻ അപ്പസ്തോലികയാത്രയെക്കുറിച്ചും സംസാരിച്ചു.

എക്യൂമെനിക്കൽ യാത്രയിൽ ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികൾ അനുദിനം മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ പാപ്പാ, ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് തയ്യാറാക്കി ഒപ്പിട്ട ആദ്യ എക്യുമെനിക്കൽ ചാർട്ടർ നവീകരിക്കേണ്ടിവന്നതും ഇതേ സാഹചര്യം മുന്നിൽ കണ്ടാണെന്ന് ഓർമ്മിപ്പിച്ചു. "നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് ജ്ഞാനസ്നാനം നൽകുവിൻ" എന്ന വലിയ നിയോഗം നിറവേറ്റാൻ തുടർച്ചയായതും ശ്രദ്ധാപൂർവ്വവുമായ വിവേചനം നടത്തേണ്ടതുണ്ടെന്ന് പാപ്പാ പറഞ്ഞു.

യൂറോപ്പിന്റെ ചിലയിടങ്ങളിൽ ക്രൈസ്ഥവസഭ വളർന്നുവരുമ്പോൾ, മറ്റിടങ്ങളിൽ ക്രൈസ്തവസമൂഹങ്ങൾ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിവിധയിടങ്ങളിലുള്ള സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും പ്രതിഫലനം സമൂഹത്തിൽ ഉയർന്നുവരുന്നതും, പുതിയ തലമുറകളും പുതുതായെത്തുന്ന വ്യത്യസ്ത ചരിത്ര, സാംസ്‌കാരിക പശ്ചാത്തലമുള്ള ജനവിഭാഗങ്ങളും കൂടുതൽ സംവാദങ്ങളുടെയും സാഹോദര്യത്തിന്റെയും ആവശ്യമാണ് എടുത്തുകാട്ടുന്നതെന്നും പാപ്പാ പ്രസ്താവിച്ചു. ഇത്തരുണത്തിൽ, ദൈവകൃപയും, കരുണയും സമാധാനവും നമുക്ക് ഏറെ ആവശ്യമാണെന്നും, ദൈവസഹായമാണ് കൂടുതൽ വിശ്വസനീയമായ വിധത്തിൽ ക്രിസ്തുവിനെ പ്രഘോഷിക്കാൻ നമ്മെ പ്രാപ്തരാക്കുകയെന്നും പാപ്പാ ഓർമ്മപ്പിച്ചു.

ദൈവം തന്റെ ജനത്തോടും ജനത്തിലൂടെയും സംസാരിക്കുന്നുണ്ടെന്നാണ് നമ്മൾ വിശ്വസിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, അവരെ സ്നേഹിക്കുന്ന ദൈവം, അവർ വളരാനും ദൈവത്തിന്റെ പൂർണ്ണത നേടാനും വേണ്ടി ദൈവികമായ ദാനങ്ങൾ അവർക്ക് നല്കുന്നുണ്ടണെന്നും പ്രസ്താവിച്ചു. ക്രിസ്തുവിന്റെ കണ്ണുകളിലൂടെ ചരിത്രത്തെ നോക്കിക്കാണാനുള്ള സഭയുടെ താത്പര്യമാണ് പുതിയ എക്യൂമെനിക്കൽ ചാർട്ടറിൽ നാം കാണുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നമ്മുടെ വിജയപരാജയങ്ങൾ പരിശുദ്ധാത്മാവ് മനസ്സിലാക്കിത്തരുമെന്നും,  നാം വീണ്ടും സുവിശേഷപ്രഘോഷണം നടത്തേണ്ടയിടങ്ങൾ അവൻ കാണിച്ചുതരുമെന്നും പറഞ്ഞ പാപ്പാ, പുതിയ ചാർട്ടർ ചട്ടങ്ങൾ മാത്രമല്ല, മുന്നോട്ട് നീങ്ങാനുള്ള വഴികളെയും കൂടെയുണ്ടാകേണ്ട സഹചാരികളെയും കുറിച്ചും നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. ഇതിനായി പരിശുദ്ധാത്മാവിന്റെ പ്രേരണകൾക്കായി തുറന്ന മനസ്സോടെ നമുക്ക് ആയിരിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

സിനഡാത്മക യാത്ര എക്യൂമെനിക്കൽ ആണെന്ന് പറഞ്ഞ പാപ്പാ എക്യൂമെനിക്കൽ യാത്രയും സിനഡാത്മകമാണെന്ന് ഫ്രാൻസിസ് പാപ്പായെ ഉദ്ധരിച്ച് പ്രസ്താവിച്ചു. സുവിശേഷം കൂടുതൽ ഫലപ്രദമായ വിധത്തിൽ പ്രഘോഷിക്കാൻവേണ്ടി പരസ്പരം ശ്രവിച്ചും, വിവേചനങ്ങൾ നടത്തിയും മുന്നോട്ട് പോകാൻ വേണ്ടി യൂറോപ്പിലെ വിവിധ പാരമ്പര്യങ്ങളിൽനിന്നുള്ള ക്രൈസ്തവർ എടുത്തിരിക്കുന്ന പൊതുവായ യാത്രയെയാണ് എക്യൂമെനിക്കൽ ചാർട്ടർ എടുത്തുകാട്ടുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സുവിശേഷത്തിന്റെ പ്രാധാന്യം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ, നവകാലീന വെല്ലുവിളികളെ ഒരുമിച്ച് നോക്കിക്കാണാനും, യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ ഭാവിയെ മുന്നിൽ കണ്ട് എടുക്കേണ്ട മുൻഗണനകൾ തിരിച്ചറിയാനും വേണ്ടിയുള്ള കഴിവാണ് ചാർട്ടർ നവീകരണത്തിലൂടെ നാം നേടിയതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇതിനെ നമുക്ക് സിനാഡാത്മകമായ യാത്രയുടെ ഫലമെന്ന് വിശേഷിപ്പിക്കാമെന്ന് പറഞ്ഞു.

നിഖ്യ കൗൺസിൽ നടന്നയിടത്തേക്കുള്ള തന്റെ യാത്രയെക്കുറിച്ച് പരാമർശിച്ച പാപ്പാ, സഭാതലവന്മാരുമായും ക്രൈസ്തവസമൂഹങ്ങളുടെ നേതൃത്വങ്ങളുമായും ഒത്തുചേരാനും പ്രാർത്ഥിക്കാനും, നമ്മുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിനെ ആഘോഷിക്കാനുമാണ് താൻ ഈ യാത്ര നടത്തുന്നതെന്ന് പ്രസ്താവിച്ചു. യേശുക്രിസ്തുവാണ് നമ്മുടെ പ്രത്യാശയെന്ന് യൂറോപ്പിലെ എല്ലാ ജനതകളോടും പ്രഖ്യാപിക്കുകയെന്നതാണ് ജൂബിലി വർഷത്തിൽ താൻ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, അവൻ തന്നെയാണ് നാം പിന്തുടരേണ്ട പാതയും, നമ്മുടെ ആദ്ധ്യാത്മിക യാത്രയുടെ അന്ത്യ ലക്ഷ്യവുമെന്ന് ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 നവംബർ 2025, 14:30