ജൂബിലി വർഷത്തിൽ ക്രൈസ്തവ പ്രത്യാശയുടെ രുചിയറിയണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ജൂബിലി വർഷം ഏവരെയും സംബന്ധിച്ചിടത്തോളം, ക്രൈസ്തവ പ്രത്യാശ നുകരുവാനുള്ള ഒരു അവസരമാണെന്നു ആമുഖമായി പറഞ്ഞുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ, സകല മരിച്ചവരുടെയും തിരുനാളിനോടനുബന്ധിച്ച്, കാലം ചെയ്ത, ഫ്രാൻസിസ് പാപ്പായുടെയും, കർദിനാൾമാരുടെയും, മെത്രാന്മാരുടെയും സ്മരണാർത്ഥം, നവംബർ മാസം മൂന്നാം തീയതി, ദിവ്യബലിമധ്യേ വചന സന്ദേശം നൽകി.
എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ ക്രിസ്തു അനുഭവം, പ്രത്യാശയുടെ തീർത്ഥാടനത്തിന്റെ, വ്യക്തമായ മാതൃകയാണെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. മരണത്തിന്റെ അനുഭവം, മനുഷ്യരിൽ ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണെന്നും, എന്നാൽ നിരപരാധികളെ കൊല്ലുകയും, നമ്മെ നിരുത്സാഹപ്പെടുത്തുകയും, നിരാശരാക്കുകയും ചെയ്യുന്ന അക്രമാസക്തമായ മരണങ്ങൾ, പിതാവായ ദൈവം ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും പാപ്പാ എടുത്തു പറഞ്ഞു.
തന്റെ പുത്രനെ ഈ ലോകത്തിലേക്കയച്ചതിനു ഒരേയൊരു കാരണം, നമ്മെ രക്ഷിക്കുന്നതിനും, നിത്യജീവൻ നൽകുന്നതിനും വേണ്ടിയായിരുന്നുവെന്നു പറഞ്ഞ പാപ്പാ, ഈ വാക്കുകൾ, നമ്മിൽ വിശ്വാസവും പ്രത്യാശയും ഉണർത്തുന്നുവെന്നും കൂട്ടിച്ചേർത്തു. തിരുമുറിവുകൾ നിറഞ്ഞ കൈകളിൽ അപ്പമെടുത്തു, വാഴ്ത്തി, വിഭജിച്ചു ശിഷ്യന്മാർക്ക് നൽകിയപ്പോൾ, അവർക്ക്, നഷ്ടപ്പെട്ടു പോയ പ്രത്യാശയല്ല, മറിച്ച് നവമായ ഉത്ഥാനത്തിന്റെ പ്രത്യാശയാണ് ലഭിച്ചതെന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു.
ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ജീവിതം നവമായ ഒരു ത്രിത്വയ്ക കൂട്ടായ്മയിൽ ആയിരിക്കുന്നതുപോലെ, ക്രൈസ്തവ പ്രത്യാശ മാനുഷികമല്ലെന്നും, മറിച്ച്, ഇരുട്ടിലും മരണത്തിന്റെ നിഴലിലും കഴിയുന്നവരെ പ്രകാശിപ്പിക്കാൻ വന്ന സൂര്യനായ, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ ആണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ക്രൂശിക്കപ്പെട്ടതും, ഉയിർത്തെഴുന്നേറ്റതുമായ ക്രിസ്തുവിന്റെ സ്നേഹം മരണത്തെ രൂപാന്തരപ്പെടുത്തിയിരിക്കുന്നുവെന്നും, അതിനാൽ, മരണമെന്ന യാഥാർഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ, പ്രത്യാശയില്ലാത്തവരെപ്പോലെ ദുഖിക്കരുതെന്നും, കാരണം ഏറ്റവും ദാരുണമായ മരണത്തിൽ പോലും നമ്മുടെ ആത്മാക്കളെ, തന്റെ മഹത്തായ ശരീരത്തിന്റെ പ്രതിച്ഛായയാക്കി മാറ്റുന്നവനാണ് കർത്താവെന്നും, വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഓർമ്മപ്പെടുത്തിക്കൊണ്ട് പാപ്പാ വിവരിച്ചു.
ഇക്കാരണത്താലാണ്, ക്രിസ്ത്യാനികൾ ശ്മശാനങ്ങളെ സെമിത്തേരികൾ അഥവാ പുനരുത്ഥാനത്തിനായി കാത്തിരിക്കുന്ന വിശ്രമസ്ഥലങ്ങൾ എന്ന് വിളിക്കുന്നതെന്നും പാപ്പാ എടുത്തുപറഞ്ഞു. ഫ്രാൻസിസ് പാപ്പായും, കർദിനാൾമാരും, മെത്രാന്മാരും നൽകിയ പുനരുത്ഥാന പ്രത്യാശയുടെ സാക്ഷ്യങ്ങൾ പാപ്പാ അനുസ്മരിച്ചു. അവരുടെ ആത്മാക്കൾ, എല്ലാ കറകളിൽ നിന്നും കഴുകി ശുദ്ധമാക്കപ്പെട്ട് സ്വർഗ്ഗത്തിലെ നക്ഷത്രങ്ങളെപ്പോലെ പ്രകാശിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
