നമുക്ക് പൊതുവായ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തിൽ ഉണ്ടാകാവുന്ന പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ച് എടുത്തു പറഞ്ഞുകൊണ്ട്, നവംബർ 17 മുതൽ 21 വരെ റോമിൽ വച്ച്, ജീവന് വേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന ആരോഗ്യ സംരക്ഷണ മേഖലയിലെ ധാർമ്മികതയെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുത്തവരെ പാപ്പാ സ്വകാര്യ സദസ്സിൽ സ്വീകരിച്ചു, സന്ദേശം നൽകി.
ഇത്തവണത്തെ അംഗങ്ങളുടെ കൂട്ടായ്മ, പരിശീലനം മാത്രമല്ല, മറിച്ച് ജൂബിലിയുടെ തീർത്ഥാടനം കൂടിയാണെന്നു പാപ്പാ ആമുഖമായി പറഞ്ഞു. അപ്രകാരം, ഒരു സമൂഹവും, സഭയുമെന്ന നിലയിൽ, ധാർമ്മികമൂല്യങ്ങളിൽ അധിഷ്ഠിതമായ യാത്രയിലെ ഒരു മനോഹരമായ ഘട്ടമായി ഇത് മാറുന്നുവെന്നും പാപ്പാ പറഞ്ഞു.
രോഗികളെ പരിചരിക്കുക എന്ന പൊതു ദൗത്യത്തിൽ, ജീവിതത്തിന്റെയും, പ്രവർത്തനങ്ങളുടെയും പരസ്പരമുള്ള സംഭാഷണം ഊട്ടിയുറപ്പിക്കുന്നവരെന്ന നിലയിൽ, പ്രത്യാശയുടെ തീർത്ഥാടകരായി ഇന്ന് സഭ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു. ആരോഗ്യപരിരക്ഷണ മേഖലയിൽ മുൻവിധികൾ കാതലായ വെല്ലുവിളികളിൽ ഒന്നാണെന്ന് പറഞ്ഞ പാപ്പാ, അതുണ്ടാക്കുന്ന അനീതിപരമായ പെരുമാറ്റങ്ങളെക്കുറിച്ചും അടിവരയിട്ടു.
വ്യക്തികളെന്ന നിലയിലും ഒരു സമൂഹമെന്ന നിലയിലും ഓരോ മനുഷ്യന്റെയും അന്തസ്സിനെ സജീവമായി സംരക്ഷിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെങ്കിലും, നിർഭാഗ്യവശാൽ, നിർമ്മിതബുദ്ധിപോലെയുള്ള സാങ്കേതിക പുരോഗതികൾ, കാര്യങ്ങൾ എളുപ്പമാക്കുന്നുവെങ്കിലും, ഒരു വികലമായ കൃത്രിമത്വത്തിലേക്ക് ആരോഗ്യരംഗം വഴുതിവീഴുവാനുള്ള അപകടസാധ്യതയും പാപ്പാ ചൂണ്ടിക്കാട്ടി.
നന്മയുടെ മൂല്യം വിശാലമായ കാഴ്ചപ്പാടോടെ മനസ്സിലാക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. ലാഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, മറിച്ച് എല്ലാവർക്കും ഏറ്റവും മികച്ചത് നൽകുവാൻ ഉതകുംവണ്ണം, ഒരു കൂട്ടായ്മയിൽ പ്രവർത്തിക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. മറ്റൊരാളുടെ ഹൃദയത്തിലേക്ക് എത്തുകയും, നമ്മുടേത് വിപുലീകരിക്കുകയും ചെയ്യുന്ന ഒരു ദർശനമാണ് ആരോഗ്യമേഖലയിൽ ഉണ്ടാകേണ്ടതെന്നും പാപ്പാ എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
