രാഷ്ട്രഭരണകർത്താക്കൾ പാവപ്പെട്ടവരുടെ നിലവിളികൾക്ക് കാതോർക്കണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ദരിദ്രരായവരുടെ ആഗോള ദിനമായ നവംബർ മാസം പതിനാറാം തീയതി, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ, ലിയോ പതിനാലാമൻ പാപ്പായുടെ കാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പിച്ചു. ബസിലിക്കക്കുള്ളിലും, ചത്വരത്തിലുമായി ഏകദേശം ഇരുപത്തിയാറായിരത്തിനു മുകളിൽ ആളുകൾ, വിശുദ്ധ ബലിയിൽ പങ്കെടുത്തു. വായിച്ചുകേട്ട വചനഭാഗങ്ങളുടെ അടിസ്ഥാനത്തിൽ, യുഗാന്തത്തിലേക്ക് പ്രത്യാശയോടെ നോക്കുവാനും, നീതിസൂര്യനായ യേശുക്രിസ്തുവിൽ ശരണം വയ്ക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. യേശുവിന്റെ വാഗ്ദാനം എപ്പോഴും ജീവനുള്ളതും വിശ്വസ്തവുമാണെന്നും, അതിനാൽ ഭയമില്ലാതെ ജീവിതസാക്ഷ്യം നൽകണമെന്നും പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തു.
നമ്മുടെ വ്യക്തിജീവിതത്തിലും സമൂഹത്തിലും പീഡനം, കഷ്ടപ്പാടുകൾ, പോരാട്ടങ്ങൾ, അടിച്ചമർത്തൽ എന്നിവയുടെ നടുവിൽ ദൈവം നമ്മെ കൈവിടുന്നില്ലയെന്നും, അവൻ നമുക്ക് തുണയായി അരികിൽ എപ്പോഴുമുണ്ടെന്നും പറഞ്ഞ പാപ്പാ, ഇതിനു വലിയ തെളിവാണ്, യേശുവിലൂടെ പ്രകടമാക്കുന്ന ദൈവത്തിന്റെ സ്നേഹമെന്നും അടിവരയിട്ടു. ദരിദ്രരുടെ ജൂബിലി ആഘോഷത്തിൽ, സഭ മുഴുവനും ആഹ്ലാദിക്കുകയും ചെയ്യുമ്പോൾ, ഞാൻ നിന്നെ സ്നേഹിച്ചു എന്ന കർത്താവിന്റെ വാക്കുകൾ ആവർത്തിക്കുവാൻ പാപ്പാ ഏവരെയും ക്ഷണിച്ചു.
ദാരിദ്ര്യത്തിന്റെ പല രൂപങ്ങളും നമ്മുടെ ലോകത്തെ അടിച്ചമർത്തുന്നുവെന്നും, അവ ഭൗതീകവും, ധാർമ്മികവും, ആത്മീയവുമായ നിലയിൽ നമ്മെ ബാധിക്കുന്നുണ്ടെന്നത് യാഥാർഥ്യമാണെന്നും പാപ്പാ പറഞ്ഞു. ഇതിന്റെയെല്ലാം ദുരന്തമെന്നത് ഏകാന്തതയാണെന്നും, അതിനാൽ ഏകാന്തതയുടെ മതിലുകൾ തകർക്കുന്നതിന് ശ്രദ്ധയുടെ ഒരു സംസ്കാരം വളർത്തിയെടുക്കുവാൻ ഏവരും പരിശ്രമിക്കണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി. പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്ക് എത്തിച്ചേർന്നുകൊണ്ട്, ദൈവത്തിന്റെ ആർദ്രതയുടെ സാക്ഷികളാകുവാൻ ഏവർക്കും സാധിക്കണമെന്നും പാപ്പാ പറഞ്ഞു. യുദ്ധത്തിന്റെ സാഹചര്യങ്ങൾ നമ്മെ നിസഹായാവസ്ഥയിൽ ആക്കുന്നുണ്ടെങ്കിലും, ഇവിടെ രക്ഷയുമായി കർത്താവ് വരുമെന്നും, അതിനാൽ ദരിദ്രരോടൊപ്പം നാം ഈ രക്ഷയുടെ ജീവിക്കുന്ന അടയാളമായി മാറണമെന്നും പാപ്പാ പറഞ്ഞു.
ദാരിദ്ര്യം ക്രിസ്ത്യാനികളെ വെല്ലുവിളിക്കുന്നുവെന്നും, അതുപോലെ ഉത്തരവാദിത്തപരമായ സ്ഥാനങ്ങളുള്ള എല്ലാവരെയും അത് വെല്ലുവിളിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, ദരിദ്രരുടെ നിലവിളി കേൾക്കാൻ രാഷ്ട്രത്തലവന്മാരോടും രാഷ്ട്രനേതാക്കളോടും അഭ്യർത്ഥിക്കുകയും ചെയ്തു. നീതിയില്ലാതെ സമാധാനം ഉണ്ടാകില്ല എന്നത്, പല ദരിദ്രമായ അവസ്ഥകൾ നമുക്ക് മനസിലാക്കി തരുന്നുവെന്നും പാപ്പാ പറഞ്ഞു. അതുപോലെ സമൂഹത്തിൽ ദരിദ്രരായവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എല്ലാവര്ക്കും പാപ്പാ നന്ദിയർപ്പിച്ചു. ദരിദ്രരായ ആളുകൾ നമ്മുടെ സഭയുടെ ഭാഗമാണെന്നും, അതുകൊണ്ടാണ്, സഭ ഒരു അമ്മയെപ്പോലെ, അവരെ അനുഗമിക്കുകയും, ഭീഷണികൾക്കപ്പുറം അവരെ മക്കളായി ചേർത്ത് നിർത്തുന്നതും, മതിലുകൾക്ക് പകരം പാലങ്ങൾ നിർമ്മിക്കുന്നതെന്നും പാപ്പാ പറഞ്ഞു.
മനുഷ്യന്റെ സഹവർത്തിത്വത്തെ എല്ലാവർക്കും സാഹോദര്യത്തിന്റെയും അന്തസ്സിന്റെയും ഇടമാക്കി മാറ്റാനുള്ള ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നതെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. അതിനാൽ, ദരിദ്രരുടെ ഈ ജൂബിലി ആഘോഷത്തിൽ, ഏറ്റവും ആവശ്യക്കാരിൽ ക്രിസ്തുവിനെ സേവിക്കുകയും വിനയത്തിന്റെയുംനിസ്വാർത്ഥതയുടെയും പാതയിൽ യേശുവിനെ പിന്തുടരുകയും ചെയ്ത വിശുദ്ധരുടെ സാക്ഷ്യത്തിൽ നിന്ന് നമുക്ക് പ്രചോദനം ഉൾക്കൊള്ളാമെന്നു പറഞ്ഞ പാപ്പാ, വിശുദ്ധ ബെനഡിക്ട് ജോസഫ് ലാബ്രെയുടെ ജീവിതസാക്ഷ്യത്തെ പരാമർശിച്ചു സംസാരിച്ചു. അതുപോലെ പരിശുദ്ധ കന്യകാമറിയവും, തന്റെ സ്തോത്രഗീതത്തിലൂടെ, ദൈവത്തിന്റെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയും ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുവാനുള്ള ദൗത്യം നമുക്ക് പറഞ്ഞുതരികയും ചെയ്യുന്നുവെന്ന് പാപ്പാ അടിവരയിട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
