കുട്ടികളുടെ ഒന്നാം ആഗോളദിനത്തിൽനിന്നുള്ള ഒരു ചിത്രം കുട്ടികളുടെ ഒന്നാം ആഗോളദിനത്തിൽനിന്നുള്ള ഒരു ചിത്രം  (VATICAN MEDIA Divisione Foto)

കുട്ടികളുടെ രണ്ടാം ആഗോളദിനം 2026 സെപ്റ്റംബറിൽ നടക്കും: ലിയോ പതിനാലാമൻ പാപ്പാ

സെപ്റ്റംബർ 25 മുതൽ 27 വരെ തീയതികളിൽ കുട്ടികളുടെ രണ്ടാം ആഗോളദിനാചരണങ്ങൾ റോമിൽ നടക്കുമെന്ന് ലിയോ പതിനാലാമൻ പാപ്പാ അറിയിച്ചു. നവംബർ 19 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച് പാപ്പാ സംസാരിച്ചത്. സഭ ഏവർക്കും സംരക്ഷണത്തിന്റെ ഇടമാണ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കുട്ടികളുടെ രണ്ടാമത് ആഗോളദിനത്തിന് റോം ആതിഥേയത്വം വഹിക്കും. നവംബർ 19 ബുധനാഴ്ച  വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് ഇതുസംബന്ധിച്ച വിവരം പാപ്പാ പുറത്തുവിട്ടത്. ഈ പൊതുകൂടിക്കാഴ്ചയുടെ അവസരത്തിൽ ഈ ആഗോളദിനത്തിലേക്കായി തയ്യാറാക്കിയ ഔദ്യോഗിക ചിഹ്നമുള്ള പതാക പാപ്പാ ആശീർവദിച്ചു.

കുട്ടികൾക്കായി സമർപ്പിക്കപ്പെട്ട ഈ ആഘോഷം 2026 സെപ്റ്റംബർ 25 മുതൽ 27 വരെ തീയതികളിലായിരിക്കും റോമിൽ നടക്കുക. ലോകമെമ്പാടും നിന്നുള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള കണ്ടുമുട്ടലിന്റെയും പ്രാർത്ഥനയുടെയും ദിനങ്ങളായിരിക്കും സെപ്റ്റംബറിൽ നടക്കുകയെന്ന് കുട്ടികൾക്കായുള്ള ആഗോളദിനത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മിറ്റി തങ്ങളുടെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

2024 മെയ് മാസത്തിൽ ഫ്രാൻസിസ് പാപ്പായുടെ സാന്നിദ്ധ്യത്തിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന കുട്ടികളുടെ പ്രഥമ ആഗോളദിനത്തിൽ 101 രാജ്യങ്ങളിൽനിന്നായി ഒരു ലക്ഷത്തിലധികം കുട്ടികൾ സംബന്ധിച്ചിരുന്നു. 2026-ൽ നടക്കുന്ന രണ്ടാം ആഗോളദിനത്തിലൂടെ, സമാധാനം ആഗ്രഹിക്കുന്ന ഒരു ലോകത്തിന്റെ വക്താക്കളാകാനുള്ള കുട്ടികളുടെ സ്വരം ശ്രവിക്കാനും വില മതിക്കാനുമുള്ള തങ്ങളുടെ ഉത്തരവാദിത്വം വ്യക്തമാക്കുകയാണ് സഭയെന്ന് പൊന്തിഫിക്കൽ കമ്മിറ്റി വിശദീകരിച്ചു.

കുട്ടികൾക്കായുള്ള ആഗോളദിനത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മിറ്റിയുടെ പ്രെസിഡന്റ് ഫാ. എൻസോ ഫോർത്തുനാത്തോ എന്ന കപ്പൂച്ചിൻ വൈദികനും, ഗാസായിൽനിന്നുള്ള മാജിദ് ബെർണാർഡ് എന്ന ഏഴുവയസ്സുകാരൻ കുട്ടിയും പാപ്പായ്ക്ക് മുന്നിൽ ഈ ഔദ്യോഗികദിനത്തിന്റെ പതാക സമർപ്പിച്ചു. കുരിശും, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മകുടത്തിന്റെ മാതൃകയിലുള്ള ചിത്രവും, ഏഴ് ഭൂഖണ്ഡങ്ങളെ പ്രതിനിധാനം ചെയ്‌ത്‌ ഏഴ് കാൽപ്പാടുകളും  ഔദ്യോഗിക പതാകയിലുണ്ട്. വിവിധ സംസ്കാരങ്ങളെ പ്രതിനിധാനം ചെയ്‌ത്‌ വിവിധ വർണ്ണങ്ങളും പതാകയിലുണ്ട്. ക്രിസ്തുവിന്റെ സഹനവും പുനരുത്ഥാനവുമാണ് കുരിശ് പ്രതിനിധാനം ചെയ്യുന്നതെന്നും, ബസലിക്കയുടെ മകുടം, ലോകത്തിന്റെ എല്ലായിടങ്ങളിലും നിന്നുള്ള കുട്ടികളെ സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന്റെയും,  കാൽപ്പാടുകൾ  കുട്ടികളുടെ നിഷ്‌കളങ്കതയും ആഗോളപരതയുമാണ് അനുസ്മരിപ്പിക്കുന്നതെന്നും, കമ്മിറ്റി വിശദീകരിച്ചു.

സമാധാനത്തിന്റെ ഭംഗി കുട്ടികൾക്ക് കാണിച്ചുകൊടുക്കാനുള്ള ഒരു അവസരമായിരിക്കും ഈ ആഗോളദിനമെന്ന് ആൽമായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ കെവിൻ ഫാറൽ പ്രസ്താവിച്ചു. മറ്റുള്ളവരെക്കാൾ കുട്ടികൾ, തങ്ങൾക്ക് ചുറ്റുമുള്ള സംഘർഷങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, സഭ കുട്ടികൾക്കൊപ്പമുണ്ടെന്ന് കാണിക്കാനുള്ള ഒരു അവസരമായിരിക്കും ഈ ആഗോളദിനമെന്നും വിശദീകരിച്ചു. ഈ ഡികാസ്റ്ററിയാണ് കുട്ടികളുടെ ആഗോളദിനം ഒരുക്കുന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 നവംബർ 2025, 14:29