തിരയുക

ലിയോ പതിനാലാമൻ പാപ്പാ ഇറ്റലിയിലെ സഭാനേതൃത്വത്തോടൊപ്പം - അസ്സീസിയിൽനിന്നുള്ള ഒരു ചിത്രം ലിയോ പതിനാലാമൻ പാപ്പാ ഇറ്റലിയിലെ സഭാനേതൃത്വത്തോടൊപ്പം - അസ്സീസിയിൽനിന്നുള്ള ഒരു ചിത്രം  (ANSA)

ക്രിസ്തുകേന്ദ്രീകൃതമായ പ്രവർത്തനങ്ങൾക്ക് ഇറ്റലിയിലെ സഭാനേതൃത്വത്തെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ

തങ്ങളുടെ എൺപത്തിയൊന്നാമത് പൊതുസമ്മേളനത്തിനായി അസ്സീസിയിലെത്തിയ ഇറ്റലിയിലെ മെത്രാൻസമിതിയോട്, ക്രിസ്തുകേന്ദ്രീകൃതമായ ജീവിതത്തിനും പ്രവർത്തനങ്ങൾക്കും മുൻ‌തൂക്കം നൽകാൻ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. "സാന്ത മരിയ ദെല്ലി ആഞ്ചെലി" എന്ന ദേവാലയത്തിൽ നടന്ന സമ്മേളനത്തിന് മുൻപായി പാപ്പാ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ചിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ക്രിസ്തുകേന്ദ്രീകൃതമായ പ്രവർത്തനങ്ങൾക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന്, ഇറ്റലിയിലെ സഭാനേതൃത്വത്തെ ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. അസ്സീസിയിലെ പ്രശസ്തമായ  "സാന്ത മരിയ ദെല്ലി ആഞ്ചെലി" ബസലിക്ക ദേവാലയത്തിൽ, ഇറ്റലിയിലെ മെത്രാന്മാർ തങ്ങളുടെ എൺപത്തിയൊന്നാമത് പൊതുസമ്മേളനത്തിന്റെ ഭാഗമായി ഒരുമിച്ച് കൂടിയ അവസരത്തിൽ അവിടെയെത്തിയ പരിശുദ്ധ പിതാവ്, മുൻപെന്നത്തേതിനേയും കാൾ ക്രിസ്തുകേന്ദ്രീകൃതമായ ജീവിതത്തിന് ഇന്നത്തെ സാമൂഹികസാഹചര്യം ആവശ്യപെടുന്നുണ്ടെന്നും ഓർമ്മപ്പെടുത്തി.

വിശ്വാസത്തിനും, സാഹോദര്യത്തിനും, സമാധാനത്തിനും പ്രധാനപ്പെട്ട ഒരിടമായ അസ്സീസിയിൽ എത്താൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച പാപ്പാ, ലോകത്തിന് ഏറെ ആവശ്യമുള്ള മൂല്യങ്ങളും ഇവയാണെന്ന് ഓർമ്മിപ്പിച്ചു. വിശ്വാസം സംരക്ഷിക്കുന്നതിൽ വിശുദ്ധ ഫ്രാൻസിസിന്റെ മാതൃക പാപ്പാ മെത്രാന്മാർക്ക് മുന്നിൽ അവതരിപ്പിച്ചു.

ക്രിസ്തുവിൽ മിഴികളർപ്പിച്ച് ജീവിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അവന്റെ സ്നേഹമാണ് നമ്മെ അവനിലേക്ക് നയിക്കുന്നതെന്നും, അതേസമയം അവനിലുള്ള വിശ്വാസമാണ് നമുക്ക് സമാധാനം നൽകുന്നതെന്നും പ്രസ്താവിച്ചു.

ദേശീയ, അന്താരാഷ്ട്രതലങ്ങളിൽ അസമാധാനവും ഭിന്നതയും സംഘർഷങ്ങളും നിലനിൽക്കുന്നതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, ക്രിസ്തു നമുക്ക് നൽകുന്ന സമാധാനം ലോകത്തിന് പകരാനുള്ള കടമയെക്കുറിച്ച് മെത്രാൻസമിതിയെ ഓർമ്മിപ്പിച്ചു. അക്രമത്തിന്റെ സന്ദേശങ്ങൾ പരക്കുന്ന മേഖലകളിൽ, സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മാർത്ഥമായ ബന്ധങ്ങളുടെയും സന്ദേശമാണ് നാം നൽകേണ്ടത്. ഉത്ഥിതനായ ക്രിസ്തു തന്റെ ശിഷ്യരോട് പറയുന്ന ആദ്യ സന്ദേശവും, "സമാധാനം നിങ്ങളോടുകൂടെ" എന്നതാണെന്ന് പാപ്പാ അനുസ്മരിച്ചു.

എല്ലാ മാനവികതയോടുമുള്ള ഐക്യത്തിൽ ക്രിസ്തുവിനൊപ്പം ദൈവാരാജ്യത്തിലേക്ക് സഞ്ചരിക്കുന്നതിനാണ് സിനഡാത്മകത ക്രൈസ്തവരെ വിളിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അജപാലനവുമായി ബന്ധപ്പെട്ട് കുടുംബങ്ങളോടും, മുതിർന്നവരോടും പാവപ്പെട്ടവരോടും ചേർന്ന് നിൽക്കാനും, ജനങ്ങൾക്കിടയിലുള്ള ഒരു സഭയായി തുടരാനും പാപ്പാ മെത്രാൻസമിതിയെ ആഹ്വാനം ചെയ്‌തു.

നവംബർ 17 മുതൽ 20 വരെ തീയതികളിലായി നടന്ന ഇറ്റലിയിലെ മെത്രാൻസമിതിയുടെ ഇത്തവണത്തെ പൊതുസമ്മേളനം, അജപാലനമേഖലയിൽ നൽകേണ്ട മുൻഗണനകൾ, സഭ ഏവർക്കും സുരക്ഷിതമായ ഇടമാണെന്ന് ഉറപ്പുവരുത്തൽ, കത്തോലിക്കാ വിദ്യാഭ്യാസമേഖല തുടങ്ങിയ കാര്യങ്ങളാണ് പ്രധാന ചർച്ചാവിഷയങ്ങളായി സ്വീകരിച്ചത്.

ഹെലികോപ്റ്ററിൽ അസ്സീസിയിലെത്തിയ പാപ്പാ, മെത്രാൻസമിതിക്കൊപ്പമുള്ള സമ്മേളനത്തിന് മുൻപായി വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ കല്ലറക്കരികിലെത്തി പ്രാർത്ഥിച്ചിരുന്നു. സമ്മേളനത്തിന് ശേഷം, അഗസ്റ്റീനിയൻ സന്ന്യാസിനിമാരുടെ ആശ്രമത്തിൽ വിശുദ്ധ ബലിയർപ്പിച്ച പാപ്പാ തിരികെ വത്തിക്കാനിലേക്ക് മടങ്ങി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 നവംബർ 2025, 14:24