തിരയുക

നവംബർ 19 ബുധനാഴ്ച വത്തിക്കാനിൽ ലിയോ പതിനാലാമൻ പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചയിൽനിന്നുള്ള ഒരു ദൃശ്യം നവംബർ 19 ബുധനാഴ്ച വത്തിക്കാനിൽ ലിയോ പതിനാലാമൻ പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചയിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

ക്രിസ്തുവിന്റെ തിരുവുത്ഥാനവും ക്രൈസ്തവജീവിതവും സമഗ്ര പാരിസ്ഥിതികവ്യവസ്ഥയും

നവംബർ 19 ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.
ശബ്ദരേഖ - ക്രിസ്തുവിന്റെ തിരുവുത്ഥാനവും ക്രൈസ്തവജീവിതവും സമഗ്ര പാരിസ്ഥിതികവ്യവസ്ഥയും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജൂബിലി വർഷത്തിൽ നടത്തിവരുന്ന, "നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു"വിനെക്കുറിച്ചുള്ള പ്രബോധനപരമ്പരയിൽ "ക്രിസ്തുവിന്റെ തിരുവുത്ഥാനവും ഇന്നത്തെ ലോകത്തിലെ വെല്ലുവിളികളും" എന്ന പ്രമേയത്തിൽ, "പെസഹാ ആത്മീയതയും സമഗ്ര പാരിസ്ഥിതികശാസ്‌ത്രവും" എന്ന വിഷയവുമായി ബന്ധപ്പെടുത്തി, വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഇരുപതാം അദ്ധ്യായം പതിനാല് മുതൽ പതിനാറ് വരെയുള്ള തിരുവചനങ്ങളെ ആധാരമാക്കിയാണ് നവംബർ 19 ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ തന്റെ പ്രഭാഷണം നടത്തിയത്.

പാപ്പായുടെ പ്രഭാഷണത്തിന് മുൻപായി,

"ഇത് പറഞ്ഞിട്ട് പുറകോട്ടു തിരിഞ്ഞപ്പോൾ യേശു നിൽക്കുന്നത് അവൾ കണ്ടു. എന്നാൽ, അത് യേശുവാണെന്ന് അവൾക്ക് മനസ്സിലായില്ല. യേശു അവളോട് ചോദിച്ചു; സ്ത്രീയെ, എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? അത് തോട്ടക്കാരനാണെന്ന് വിചാരിച്ച് അവൾ പറഞ്ഞു: പ്രഭോ, അങ്ങ് അവനെ എടുത്തുകൊണ്ടു പോയെങ്കിൽ എവിടെ വച്ചു എന്ന് എന്നോട് പറയുക. ഞാൻ അവനെ എടുത്തുകൊണ്ടുപൊയ്ക്കൊള്ളാം. യേശു അവളെ വിളിച്ചു: മറിയം! അവൾ തിരിഞ്ഞ് റബ്ബോനീ എന്ന് ഹെബ്രായ ഭാഷയിൽ വിളിച്ചു. ഗുരു എന്നർത്ഥം" (യോഹ. 20, 14-16)

എന്ന തിരുവചനഭാഗം വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു. തുടർന്ന് തന്റെ മുൻപിലുണ്ടായിരുന്ന പതിനായിരക്കണക്കിന് ആളുകളെ ഇറ്റാലിയൻ ഭാഷയിൽ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ ഇങ്ങനെ പറഞ്ഞു:

പ്രിയ സഹോദരീസഹോദരന്മാരെ ശുഭദിനം, സ്വാഗതം,

പ്രത്യാശ എന്ന വിഷയത്തിന് സമർപ്പിച്ചിരിക്കുന്ന ഈ ജൂബിലി വർഷത്തിൽ, നമ്മൾ ക്രിസ്തുവിന്റെ തിരുവുത്ഥാനവും സമകാലീനലോകത്തിലെ വെല്ലുവിളികളും, അതായത്, നമ്മൾ നേരിടുന്ന വെല്ലുവിളികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് വിചിന്തനം ചെയ്യുന്നത്. ജീവിച്ചിരിക്കുന്നവനായ യേശു ചിലപ്പോഴൊക്കെ നമ്മോടും ചോദിക്കുന്നുണ്ട്, എന്തിനാണ് നീ വിലപിക്കുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? വെല്ലുവിളികൾ നമുക്ക് ഒറ്റയ്ക്ക് അഭിമുഖീകരിക്കാൻ സാധിക്കില്ല. നമ്മുടെ കണ്ണീർ നമ്മുടെ കണ്ണുകളെ ശുദ്ധീകരിക്കുകയും, നമ്മുടെ കാഴ്ചയെ സ്വാതന്ത്രമാക്കുകയും ചെയ്യുന്നതിനാൽത്തന്നെ ജീവിതത്തിലെ ഒരു കൃപയാണ്.

മറ്റ് സുവിശേഷങ്ങളിൽ കാണാത്ത ഒരു വിശദാംശം നമ്മുടെ ശ്രദ്ധയ്ക്കായി യോഹന്നാൻ സുവിശേഷകൻ മുന്നോട്ടുവയ്ക്കുന്നുണ്ട്: ശൂന്യമായ കല്ലറയ്ക്കരികിലിരുന്ന് കരയുന്ന മഗ്ദലേന, ഉത്ഥിതനായ യേശുവിനെ ആദ്യമേ തിരിച്ചറിയുന്നില്ല, മറിച്ച്, അത് തോട്ടം സൂക്ഷിപ്പുകാരനാണെന്ന് കരുതുന്നു. ദുഃഖവെള്ളിയാഴ്ച വൈകുന്നേരം, യേശുവിന്റെ മൃതസംസ്കാരത്തെക്കുറിച്ചുള്ള വിവരണം വ്യക്തമായി പറയുന്നുണ്ട്: "അവൻ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ അതുവരെ ആരെയും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു. യഹൂദരുടെ ഒരുക്കത്തിന്റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവർ യേശുവിനെ അവിടെ സംസ്കരിച്ചു" (യോഹ. 19, 41-42).

ഇങ്ങനെ, ഒരു ശനിയാഴ്ചയുടെ സമാധാനത്തിലും ഒരു തോട്ടത്തിന്റെ മനോഹാരിതയിലുമാണ്, "തനിക്കു സ്വന്തമായുള്ളവരെ സ്നേഹിക്കുകയും അവസാനം വരെ സ്നേഹിക്കുകയും ചെയ്ത (യോഹ. 13, 1) ദൈവപുത്രനെ, ഒറ്റിക്കൊടുക്കലിലും ബന്ധനസ്ഥനാക്കുന്നതിലും ഉപേക്ഷിക്കലിലും ശിക്ഷാവിധിയിലും അപമാനത്തിലും കൊലപാതകത്തിലും തുടങ്ങിയ, അന്ധകാരവും പ്രകാശവും തമ്മിലുള്ള നാടകീയമായ പോരാട്ടം അവസാനിക്കുന്നത്. യേശു പൂർത്തിയാക്കിയത്, ‘തോട്ടം കൃഷി ചെയ്യാനും സംരക്ഷിക്കാനുമുള്ള യഥാർത്ഥ ചുമതലയാണ്’ (ഉൽപ്പത്തി 2, 15). "എല്ലാം പൂർത്തിയായിരിക്കുന്നു" (യോഹ. 19, 30) എന്ന കുരിശിലെ അവന്റെ അവസാന വാക്ക്, അവന്റെ അതേ ഉത്തരവാദിത്വം കണ്ടെത്താൻ നമ്മെയും ക്ഷണിക്കുന്നുണ്ട്. അതിനായാണ് "അവൻ തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചത്" (യോഹ. 19, 30).

പ്രിയ സഹോദരീസഹോദരങ്ങളെ, അപ്പോൾ, തോട്ടത്തിന്റെ കാവൽക്കാരനെയാണ് താൻ കണ്ടുമുട്ടിയതെന്ന് മരിയ മഗ്ദലേന വിശ്വസിച്ചത് പൂർണ്ണമായും തെറ്റല്ലായിരുന്നു. അവൾ യഥാർത്ഥത്തിൽ തന്റെ പേര് വീണ്ടും ശ്രവിക്കുകയും, "ഇതാ, സകലവും ഞാൻ നവീകരിക്കുന്നു" (വെളിപാട് 21, 5) എന്ന് യോഹന്നാന്റെ തന്നെ മറ്റൊരു വിവരണത്തിൽ പറയുന്ന, “പുതിയ മനുഷ്യനിൽനിന്ന്” തന്റെ ഉത്തരവാദിത്വം മനസ്സിലാക്കുകയും ചെയ്യേണ്ടിയിരുന്നു. “ലൗദാത്തോ സി” എന്ന ചാക്രികലേഖനത്തിലൂടെ, ഒരു ധ്യാനാത്മകമായ കാഴ്ചപ്പാടിന്റെ വലിയ ആവശ്യം ഫ്രാൻസിസ് പാപ്പാ നമുക്ക് കാണിച്ചുതരുന്നുണ്ട്: തോട്ടത്തിന്റെ കാവൽക്കാരനല്ലെങ്കിൽ, മനുഷ്യൻ അതിനെ നശിപ്പിക്കുന്നവനാകുന്നു. ഉയിർക്കാനും, ധാരാളം ഫലം പുറപ്പെടുവിക്കാനുമായി ഒരു വിത്തുപോലെ ക്രൂശിതൻ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന തോട്ടത്തിൽ നിന്നുകൊണ്ട്, മുഴുവൻ മാനവികതയും ഇന്ന് നേരിടുന്ന വെല്ലുവിളികൾക്ക്, ക്രൈസ്തവമായ പ്രത്യാശ ഉത്തരം നൽകുകയാണ്.

പറുദീസ നഷ്ടം വന്നിരിക്കുകയല്ല, വീണ്ടുകിട്ടിയിരിക്കുന്നു. അങ്ങനെ യേശുവിന്റെ മരണവും പുനരുത്ഥാനനവും സമഗ്രപരിസ്ഥിതിയുടേതായ ആദ്ധ്യാത്മികതയുടെ അടിസ്ഥാനങ്ങളാകുന്നു; ഇത്തരമൊരു സമഗ്രപരിസ്ഥിതിക്ക് പുറത്താണെങ്കിൽ, വിശ്വാസത്തിന്റെ വാക്കുകൾക്ക് യാഥാർത്ഥ്യത്തോട് ബന്ധമുണ്ടാകുകയില്ല, ശാസ്ത്രത്തിന്റെ വാക്കുകൾ ഹൃദയത്തിൽനിന്ന് വരുന്നവയാകുന്നില്ല. "പാരിസ്ഥിതിക തകർച്ച, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ കുറവ്, മലിനീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പ്രശ്നങ്ങൾക്കുള്ള അടിയന്തിരവും ഭാഗികവുമായ ഉത്തരങ്ങളുടെ ഒരു നിരയായി പാരിസ്ഥിതിക സംസ്കാരത്തെ ചുരുക്കാൻ കഴിയില്ല. അത്, വ്യത്യസ്തമായ ഒരു കാഴ്ചപ്പാടും, ചിന്തയും, നയവും, വിദ്യാഭ്യാസപദ്ധതിയും, ജീവിതശൈലിയും, പ്രതിരോധത്തിന് രൂപം നൽകുന്ന ഒരു അദ്ധ്യാത്മികതയുമായിരിക്കണം" (ലൗദാത്തോ സി, 111).

ഇക്കാരണത്താൽ, ക്രിസ്തുവിന്റെ പിന്നാലെയുള്ള യാത്ര ആവശ്യപ്പെടുന്ന യാത്രയുടെ ഗതിമാറ്റത്തിൽനിന്ന് വേർതിരിക്കാൻ ക്രൈസ്തവർക്കാകാത്ത, ഒരു പാരിസ്ഥിതിക പരിവർത്തനത്തെക്കുറിച്ച് നമുക്ക് പറയാം. ഈസ്റ്റർ ദിനത്തിലെ മരിയ മഗ്ദലേനയുടെ തിരിഞ്ഞുനോട്ടം ഇതിന്റെ ഒരു അടയാളമാണ്: തുടർച്ചയായ പരിവർത്തനത്തിലൂടെയേ, നമുക്ക് കണ്ണീരിന്റെ ആ താഴ്‌വാരത്തിൽനിന്ന് പുതിയ ജെറുസലേമിലേക്ക് കടക്കാനാകൂ. ഹൃദയത്തിൽ ആരംഭിക്കുന്നതും ആത്മീയവുമായ ഈ മാറ്റം, ചരിത്രത്തെ മാറ്റിമറിക്കുകയും, ഏവർക്കും മുന്നിൽ ഉത്തരവാദിത്വമേറ്റെടുക്കാൻ നമ്മെ നിർബന്ധിക്കുകയും, ചെന്നായ്ക്കളുടെ അത്യാഗ്രഹത്തിൽനിന്ന് വ്യക്തികളെയും സൃഷ്ടികളെയും ഇപ്പോൾ മുതലേ സംരക്ഷിക്കുന്ന ഐക്യദാർഢ്യത്തെ സജീവമാക്കുകയും ചെയ്യുന്നു.

അങ്ങനെ, ദരിദ്രരുടെയും ഭൂമിയുടെയും നിലവിളി കേൾക്കുകയും, അവയാൽ ഹൃദയത്തിൽ സ്പർശിക്കപ്പെടാൻ തങ്ങളെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്ത ദശലക്ഷക്കണക്കിന് യുവജനങ്ങളെയും സന്മനസ്സുള്ള മറ്റ് സ്ത്രീപുരുഷന്മാരെയും സഭാമക്കൾക്ക് ഇന്ന് കണ്ടുമുട്ടാൻ സാധിക്കും. സൃഷ്ടിയുമായി കൂടുതൽ നേരിട്ടുള്ള ഒരു ബന്ധത്തിലൂടെ, നിരവധി മുറിവുകൾക്കപ്പുറത്തേക്ക് നയിക്കുന്ന പുതിയൊരു ഐക്യം ആഗ്രഹിക്കുന്ന നിരവധി ആളുകളുമുണ്ട്. മറുഭാഗത്ത്, ഇപ്പോഴും, "ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു. പകൽ പകലിനോട് അവിരാമം സംസാരിക്കുന്നു; രാത്രി, രാത്രിക്ക് വിജ്ഞാനം പകരുന്നു. ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം പോലും കേൾക്കാനില്ല. എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകൾ ലോകത്തിന്റെ അതിർത്തിയോളം എത്തുന്നു" (സങ്കീ. 19, 1-4).

സ്വരമില്ലാത്തവന്റെ സ്വരം ശ്രവിക്കാനുള്ള കഴിവ് ആത്മാവ് നമുക്ക് നൽകട്ടെ. അപ്പോൾ കണ്ണുകൾ ഇനിയും കാണാത്തവ നമുക്ക് കാണാൻ സാധിക്കും: സ്വന്തം ഉത്തരവാദിത്വം സ്വീകരിച്ചും അത് പൂർത്തിയാക്കിക്കൊണ്ടും മാത്രം എത്തിച്ചേരാനാകുന്ന, ആ തോട്ടം അല്ലെങ്കിൽ പറുദീസാ.

തന്റെ പ്രഭാഷണത്തിന്റെ അവസാനം പരിശുദ്ധ പിതാവ് "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 നവംബർ 2025, 13:42

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >