മാനവികതയ്ക്ക് പ്രത്യാശ പകരുന്ന യേശുവിന്റെ പെസഹാ അനുദിനം അനുസ്മരിക്കപ്പെടുന്നു: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മാനവികതയുടെ ചരിത്രത്തിന്റെ ഇരുളടഞ്ഞ ഇടങ്ങളിൽ ക്രിസ്തുവിന്റെ പുനഃരുത്ഥാനം പ്രത്യാശ പടർത്തുന്നുണ്ടെന്നും, നമ്മുടെ ജീവിതത്തിന് അർത്ഥം പകരുന്നുണ്ടെന്നും, ലോകത്തിന് മുഴുവനും പ്രതീക്ഷ നൽകുന്നുണ്ടെന്നും ലിയോ പതിനാലാമൻ പാപ്പാ. ജൂബിലി വർഷത്തിലെ ബുധനാഴ്ചകളിൽ നടത്തി വരുന്ന പൊതുകൂടിക്കാഴ്ചാസമ്മേളനങ്ങളിലെ "നമ്മുടെ പ്രത്യാശയായ യേശു ക്രിസ്തു"വിനെക്കുറിച്ചുള്ള പ്രബോധനപരമ്പരയുടെ ഭാഗമായി, യേശുക്രിസ്തുവിന്റെ പുനരുത്ഥാനവും ആധുനികലോകത്തിലെ വെല്ലുവിളികളും എന്ന വിഷയത്തെ ആധാരമാക്കി, അനുദിനജീവിതത്തിന് പെസഹാ നൽകുന്ന പ്രത്യാശയെക്കുറിച്ച് നവംബർ അഞ്ചാം തീയതി ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പതിനായിരക്കണക്കിന് തീർത്ഥാടകരും വിശ്വാസികളുമായ ആളുകളോട് സംസാരിക്കുകയായിരുന്നു പാപ്പാ.
വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയെട്ടാം അദ്ധ്യായം പതിനെട്ടു മുതൽ ഇരുപത് വരെയുള്ള തിരുവചനങ്ങളിൽ, ഉത്ഥിതനായ ക്രിസ്തു, എല്ലാ ജനതകളെയും ശിഷ്യപ്പെടുത്താനും, പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ അവർക്ക് ജ്ഞാനസ്നാനം നൽകാനും, കൽപ്പനകൾ അനുസരിക്കാൻ പഠിപ്പിക്കാനും ആവശ്യപ്പെടുകയും, "യുഗാന്തം വരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" എന്ന് ഉറപ്പുനൽകുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ഭാഗത്തെ അധിഷ്ഠിതമാക്കിയാണ് പാപ്പാ ഈ ബുധനാഴ്ചയിലെ തന്റെ ഉദ്‌ബോധനം നടത്തിയത് (മത്തായി 28, 18-20).
ക്രിസ്തുവിന്റെ പുനരുത്ഥാനം വെറുമൊരു ആശയമോ, തത്വമോ അല്ല, മറിച്ച് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായ സംഭവമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, തങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി സഹനാനുഭവങ്ങൾക്ക് മുന്നിൽ, പെസഹാ പകരുന്ന പ്രത്യാശയുടെ പുലരിവെളിച്ചതിനായി ഇന്നത്തെ ലോകം കൊതിക്കുന്നുണ്ടെന്ന് പ്രസ്താവിച്ചു.
പുനഃരുത്ഥാനത്തിലുള്ള ആഴമേറിയ വിശ്വാസം നമ്മുടെ ജീവിതങ്ങളെ മാറ്റിമറിക്കുന്നതാണെന്ന് പറഞ്ഞ പാപ്പാ, ഇന്നത്തെ ലോകത്തിന് ക്രൈസ്തവപ്രത്യാശയുടെ മൃദുലവും എന്നാൽ ഭയലേശമില്ലാത്തത്തുമായ ശക്തി പകരാൻ ഇത് നമ്മെ സഹായിക്കുമെന്ന് ഓർമ്മിപ്പിച്ചു.
പെസഹായുടെ പ്രത്യാശ നമ്മെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പുനൽകിയ പരിശുദ്ധ പിതാവ്, മാനവചരിത്രത്തിന്റെ ഇരുളടഞ്ഞ ഇടങ്ങളിൽപ്പോലും വിശ്വാസത്തിന്റെ ശക്തിയാൽ ഉത്ഥിതന്റെ സാക്ഷികളാകാൻ നമുക്ക് സാധിക്കുമെന്ന് ഉദ്‌ബോധിപ്പിച്ചു.
മാനവികത തങ്ങളുടെ ജീവിതത്തിന്റെ അർത്ഥം തേടുന്നയിടങ്ങളിൽ ക്രിസ്തുവിന്റെ പുനഃരുത്ഥാനം സഹായത്തിനെത്തുമെന്ന് പാപ്പാ പറഞ്ഞു. നമുക്ക് മനസ്സിലാക്കാനോ അംഗീകരിക്കാനോ പോലും സാധിക്കാത്തതും, നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നതുമായ സാഹചര്യങ്ങളിൽപ്പോലും നമുക്ക് മാർഗ്ഗനിർദ്ദേശവും ലക്ഷ്യബോധവും ക്രിസ്തുവിൽ കണ്ടെത്താൻ സാധിക്കുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. വഴികാട്ടിയായി മാറുന്ന ഒരു നക്ഷത്രത്തിലേക്കെന്ന പോലെ ക്രിസ്തുവിൽ ദൃഷ്ടിയൂന്നി നമ്മുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കണാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
മാനവികത അതിന്റെ ആഗോള തലത്തിലും, നാം നമ്മുടെ വ്യക്തിജീവിതങ്ങളിലും അഭിമുഖീകരിക്കുന്ന ഭയപ്പെടുത്തുന്ന വെല്ലുവിളികളുടെ സമയത്തെ നേരിടാൻ പെസഹാരഹസ്യം നമ്മെ സഹായിക്കുമെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, അവന്റെ തിരുവുത്ഥാനം നമ്മെ സുഖപ്പെടുത്തുന്നതും, പരിപാലിക്കുന്നതുമാണെന്ന് പറഞ്ഞു.
വേദനകളുടെയും സഹനങ്ങളുടെയും അപ്പുറം പുനഃരുത്ഥാനം കൊണ്ടുവരുന്ന ആനന്ദവുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പാ, പെസഹായുടെ പശ്ചാത്തലത്തിൽ കുരിശിന്റെ വഴി, പ്രകാശത്തിന്റെ വഴിയായി മാറുന്നതുപോലെ, ഉത്ഥാനത്തിന്റെ വെളിച്ചത്തിൽ സഹനങ്ങളെ കാണാൻ നമുക്ക് സാധിക്കണമെന്ന് ആഹ്വാനം ചെയ്തു.
വെളിപാട് പുസ്തകത്തിൽ (വെളിപാട് 1, 17) "എന്നേക്കും ജീവിക്കുന്നവനായി" ക്രിസ്തു തന്നെത്തന്നെ അവതരിപ്പിക്കുന്നത് പരാമർശിച്ച പാപ്പാ, പുനഃരുത്ഥാനത്തിന്റെ സത്യമാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് പറഞ്ഞു.
പെസഹായ്ക്ക് ശേഷമുള്ള പുനഃരുത്ഥാനം എന്നത് പഴമയുടെ മാത്രം സ്വന്തമായ ഒരു സംഭവമല്ലെന്ന് പറഞ്ഞ പാപ്പാ, സഭ ആ പെസഹാ അനുഭവത്തിന്റെ ജീവിക്കുന്ന ഓർമ്മയാണ് അനുദിനബലിയിൽ ആഘോഷിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു. സഭ ഇന്നും ഇതാണ് നമ്മെ പഠിപ്പിക്കുന്നതെന്ന് പാപ്പാ എടുത്തുപറഞ്ഞു.
പെസഹാരഹസ്യം ക്രൈസ്തവവിശ്വാസജീവിതത്തിന്റെ മൂലക്കല്ലാണെന്ന് ഉദ്ബോദിപ്പിച്ച പാപ്പാ, വിശ്വാസജീവിതം ഈ ക്രിസ്തുവിനോട് ചേർന്നാണ് ജീവിക്കേണ്ടതെന്നും, അനുദിന ബലിയുടെ പശ്ചാത്തലത്തിൽ, അനുദിനം പെസഹാ നമ്മൾ ആഘോഷിക്കുകയാണെന്നും പ്രസ്താവിച്ചു.
ജീവിതത്തിൽ നാം അനുനിമിഷം പലതരം വികാരവിചാരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് കടന്നുപോകുന്നതെന്ന് പറഞ്ഞ പാപ്പാ, എന്നാൽ മനുഷ്യമനസ്സ് പൂർണ്ണതയും ആഴമേറിയ ആനന്ദവുമാണ് ആഗ്രഹിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു. പൂർണ്ണതയ്ക്കായുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് മനുഷ്യർ ഓരോ പ്രവൃത്തികളിൽ ഏർപ്പെടുന്നതെന്ന് കുരിശിന്റെ വിശുദ്ധ തെരേസ പറഞ്ഞത് പാപ്പാ ഇത്തരുണത്തിൽ അനുസ്മരിച്ചു.
ക്രിസ്തുവിന്റെ പെസഹാരഹസ്യവുമായി ബന്ധപ്പെട്ട പുനഃരുത്ഥാനം ചരിത്രത്തിലെ ഏറ്റവും മനോഹരവും ആനന്ദദായകവും, അതിലുപരി പ്രത്യാശ പടർത്തുന്നതുമായ സത്യമാണെന്ന് പാപ്പാ പ്രസ്താവിച്ചു. പാപത്തിന്റെമേൽ സ്നേഹവും, മരണത്തിന്റെമേൽ ജീവനും വിജയം വരിക്കുന്നതിനെക്കുറിച്ചുള്ള സുവിശേഷസത്യമാണത്. അതുകൊണ്ടുതന്നെ, ജീവിതത്തിന്റെ അർത്ഥം തേടിയുള്ള നമ്മുടെ ആഗ്രഹത്തെയും അന്വേഷണത്തെയും യഥാർത്ഥത്തിൽ തൃപ്തിപ്പെടുത്താൻ സാധിക്കുന്നത് പുനഃരുത്ഥാനത്തിന്റെ സത്യത്തിന് മാത്രമാണെന്ന് പാപ്പാ പറഞ്ഞു.
വിശുദ്ധ ഫ്രാൻസിസ് അസീസി എഴുതുന്നതുപോലെ, ഒരു മനുഷ്യനും ഒഴിവാക്കാനാകാത്തതും, സഹനത്തിലൂടെയും, നഷ്ടങ്ങളിലൂടെയും, തോൽവികളിലൂടെയും മുന്നോട്ടുപോയി, മരണത്തിന്റെ അനുഭവത്തിലൂടെ കടന്നുപോകുമ്പോഴും, അതിനെല്ലാം വിപരീതമായി, അനന്തതയിലേക്കും നിത്യതയിലേക്കും കണ്ണുനട്ടുള്ള ജീവിതമാണ് മനുഷ്യർ നയിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
മാനവിക ചരിത്രത്തിന്റെ ഗതിയെത്തന്നെ മാറ്റിയെഴുതിയ സത്യമാണ് ക്രിസ്തുവിന്റെ പുനഃരുത്ഥാനം എന്ന് പാപ്പാ എടുത്തുപറഞ്ഞു. ക്രൂശിതന്റെ തിരുശരീരം ലേപനം ചെയ്യാനായി എത്തിയ സ്ത്രീകൾ അവിടെ ശൂന്യമായ കല്ലറയും, വെള്ള വസ്ത്രം ധരിച്ച നിഗൂഢതയുണർത്തുന്ന ഒരു യുവാവിനെയുമാണ് കണ്ടത്. "നിങ്ങൾ അത്ഭുതപ്പെടേണ്ട. കുരിശിൽ തറയ്ക്കപ്പെട്ട നാസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അവൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അവൻ ഇവിടെയില്ല" (മർക്കോസ് 16, 6) എന്ന വചനമാണ് അവരോട് പറയപ്പെടുന്നത്.
പെസഹാരഹസ്യം കുരിശിനെ ഇല്ലായ്മ ചെയ്യുകയല്ല, മറിച്ച് അതിന്റെമേൽ വിജയം വരിക്കുകയാണ് ചെയ്യുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ നടത്തിയ തന്റെ പ്രഭാഷണത്തെത്തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ഏവർക്കും ആശീർവാദം നല്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
